തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തീയതികളിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു തിരികെ വാങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ദിവസം അവസാനിക്കാൻ അഞ്ചു ദിവസം ശേഷിക്കെ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
15 ശതമാനത്തോളം എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കാനുള്ള സാഹചര്യത്തിൽ എസ്ഐആർ നടപടികളിൽ സാവകാശം അനുവദിക്കണമെന്ന് ബിജെപി ഒഴികെയുള്ള പാർട്ടികൾ ആവശ്യമുന്നയിച്ചു. എന്നാൽ, തീയതി നീട്ടില്ലെന്നും സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
യോഗത്തിൽ ഏഴ് അംഗീകൃത പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. എം.കെ. റഹ്മാൻ (കോണ്ഗ്രസ്), സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, സത്യൻ മൊകേരി (സിപിഐ), മുഹമ്മദ് ഷാ (മുസ്ലിം ലീഗ്), അഡ്വ. മാത്യു ജോർജ് (കേരള കോണ്ഗ്രസ്), പി.ജി. പ്രസന്നകുമാർ, കെ. ജയകുമാർ (ആർഎസ്പി), ജെ.ആർ. പദ്മകുമാർ (ബിജെപി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്പ് ഒരു തവണ കൂടി രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് എം. വിജയകുമാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് എസ്ഐആറിന്റെ പേരിൽ ജനങ്ങളെ സമ്മർദത്തിലാക്കുന്നതെന്ന് സത്യൻ മൊകേരി ചോദിച്ചു.
കേരളത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിറ്റമ്മ നയം കാണിക്കുകയാണെന്നും ബിഎൽഒമാർ ഫോം-6 വിതരണം ചെയ്യുന്നില്ലെന്നും മുഹമ്മദ് ഷാ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് അഭിപ്രായം കേൾക്കുന്നതല്ലാതെ കമ്മീഷന്റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് കെ. ജയകുമാറും മാത്യു ജോർജും യോഗത്തിൽ വിമർശനമുന്നയിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞ് 2026 ജനുവരി എട്ടുവരെയാണ് പരാതികൾ അറിയിക്കാനുള്ള സമയം. എന്നാൽ, ആർക്കാണ് പരാതി നൽകേണ്ടതെന്നോ എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നോ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എം.കെ. റഹ്മാൻ പറഞ്ഞു.
വിതരണം ചെയ്തെങ്കിലും തിരികെ കിട്ടാത്ത ഫോമുകൾ ‘സ്ഥലം മാറിപ്പോയവരുടെ’ പട്ടികയിലേക്കു മാറ്റാൻ ബിഎൽഒമാരോട് പല ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (ഇആർഒ) ആവശ്യപ്പെടുകയാണ്. ഇതു ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുക. നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ളവരെ ഇത്തരത്തിൽ ‘ഷിഫ്റ്റി’ലേക്കു മാറ്റുന്നതോടെ പിന്നീട് ഇവർ കണ്ടെത്താനാകാത്തവരുടെ പട്ടികയിലേക്കു മാറും. പിന്നീട് വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: എസ്ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 75.35 ശതമാനം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
2,09,85,918 ഫോമുകളാണ് ഇന്നലെ വൈകുന്നേരം ആറു വരെ ഡിജിറ്റൈസ് ചെയ്തത്. മരണം, സ്ഥലം മാറിപ്പോയത് തുടങ്ങിയ കാരണങ്ങളാൽ ഫോം വിതരണം ചെയ്യാത്തവരുടെ എണ്ണം 8,80,344 ആയി. പുതുക്കിയ വോട്ടർ പട്ടികയിൽനിന്ന് ഇത്രയും പേരുടെ പേരുകൾ നീക്കം ചെയ്യപ്പെടുമെന്ന് അർഥം.
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാന്പുകൾ ഇന്നും തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Tags : SIR Chief Electoral Officer Ratan U. Khelkar voter list