തിരുവനന്തപുരം: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സമയക്രമം മാറ്റി നല്‍കില്ല. എന്യൂമെറേഷന്‍ ഫോം വിതരണവും, വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും ഡിസംബര്‍ നാലിനകം പൂർത്തിയാക്കണം.
നേരത്തെ നിശ്ചയിച്ച സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ടാകണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരെ അറിയിച്ചിട്ടുള്ളത്. എസ്ഐആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. ചില ബിഎൽഒമാർ ജോലി പൂർത്തിയാക്കിയെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഫോം അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്നത് വലിയ സമ്മർദമാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെച്ച് ബിഎൽഒമാർ രംഗത്തെത്തിയിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍ തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്.
Tags : SIR Election Commission Voters List