കൊച്ചി: കേരള പോലീസിന് നാണക്കേടായി കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷനുകള്. പുതുവർഷത്തിന്റെ ആരംഭത്തില്‍ തന്നെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ ക്രിമിനല്‍ കേസുകളില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് 1: ലഹരിമാഫിയ ബന്ധത്തെ തുടര്‍ന്നാണ് കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുബീറിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂര്‍ ഭായി കോളനിയിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയില്‍ നിന്നും എക്സൈസ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പിന്നാലെ അറസ്റ്റിലായ സെലീന എന്ന സ്ത്രീക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസിൽ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിന് പിന്നാലെയാണ് സൂബീറിനെ സസ്പെൻഡ് ചെയ്തത്.
സസ്പെന്ഷന് 2: കഴിഞ്ഞ ബുധനാഴ്ച തന്നെയാണ് പള്ളുരുത്തി സിപിഒ വിജേഷിനെയും സസ്പെന്‍ഡ് ചെയ്യുന്നത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്ന പള്ളുരുത്തി സ്വദേശിനിയായ സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് വിജേഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച യുവതിയുടെ വീട്ടില്‍ വെരിഫിക്കേഷനായി എത്താതെ തന്നെ വന്നു കാണാന്‍ വിജേഷ് ആവശ്യപ്പെടുകയായിരുന്നു.
തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് യുവതിയോട് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാന്‍ നിര്‍ദേശിച്ചു. പിന്നാലെ കാറില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ജനുവരി അഞ്ചിനാണ് ആണ് സംഭയവം നടന്നത്. യുവതിയുടെ പരാതിയില്‍ ഹാര്‍ബര്‍ പോലീസ് വിജേഷിനെതിരേ കേസെടുത്തിരുന്നു.
സസ്പെന്ഷന് 3: ഓണ്‍ലൈന്‍ തട്ടിപ്പുകേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതാണ് ഏറ്റവും പുതിയ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും റൈറ്ററുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് റൂറല്‍ ജില്ല പോലീസ് മേധാവി കെ ഹേമലത സസ്പെന്‍ഡ് ചെയ്തത്.
കേസ് ഒതുക്കി തീര്‍ക്കാനായി പ്രതികളില്‍ നിന്നും 6.60 ലക്ഷം രൂപ വാങ്ങിയ സംഭവത്തിലെ വിജില്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പള്ളിക്കവല മൗലൂദുപുര സ്വദേശിയില്‍ നിന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്.
Tags : kerala police suspended