തൃശൂർ: വാഹനനികുതിയടക്കമുള്ളവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനിടെ മണ്ഡലകാലം മുന്നിൽകണ്ട് ചെക്പോസ്റ്റുകളിൽ പരിശോധന കടുപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്നുവരുന്ന വാഹനങ്ങളിൽനിന്നു നികുതി പിരിക്കാൻ ഇന്നുമുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ ചെക്പോസ്റ്റുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഈ മാസം ഏഴിനു ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്.
നോർത്ത് സോണിൽ ഉൾപ്പെടുന്ന വയനാട്, കണ്ണൂർ, സെൻട്രൽ സോണിൽ ഉൾപ്പെടുന്ന വാളയാർ, ഗോപാലപുരം, ഗോവിന്ദാപുരം, വഴിക്കടവ് എന്നിവിടങ്ങളിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർ ക്രമീകരണം നടത്തണമെന്നും കളങ്കിതരായ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, രണ്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവരെയാണ് നിയമിക്കേണ്ടത്.
അയ്യപ്പഭക്തരെ കൊള്ളയടിക്കാനാണ് അടച്ചുപൂട്ടിയ ചെക്പോസ്റ്റുകൾ തുറക്കുന്നതെന്നും അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള ടോറസ് ടിപ്പർ അസോസിയേഷൻ മുഖ്യമന്ത്രിക്കു പരാതിനൽകി. വാഹനങ്ങളിൽനിന്നു രസീത് നൽകി നികുതി പിരിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ല.
എല്ലാ ഫീസുകളും നികുതികളും ഓണ്‍ലൈൻവഴി സ്വീകരിക്കുന്പോൾ ചെക്പോസ്റ്റുകൾ മുഴുവൻ സമയവും തുറക്കുന്നത് അഴിമതിക്കുവേണ്ടിയാണ്. സംസ്ഥാനത്തെ എല്ലാ അതിർത്തി ചെക്പോസ്റ്റുകളും അടച്ചുപൂട്ടുമെന്ന് മാർച്ച് 11 ന് നിയമസഭയിൽ ഗതാഗതമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏഴിനു പുറത്തിറക്കിയ ഉത്തരവ് ഉദ്യോഗസ്ഥരുടെ കൈക്കൂലിപ്പിരിവ് ലക്ഷ്യമിട്ടാണെന്നും അയ്യപ്പഭക്തരുടെ വാഹനം തടയുന്നത് അപമാനകരമാണെന്നും പരാതിയിൽ പറയുന്നു.
ജിഎസ്ടി നടപ്പാക്കിയതിനുപിന്നാലെ വാഹന നികുതിയടക്കമുള്ളവ ഓണ്‍ലൈനിലാണ് സ്വീകരിക്കുന്നത്. പേരിനുമാത്രമാണ് ചെക്പോസ്റ്റുകളുടെ പ്രവർത്തനം. നികുതിയടയ്ക്കാതെ എത്തുന്ന വാഹനങ്ങൾ സംസ്ഥാനത്ത് എവിടെവച്ചും തടയാനും പിഴയീടാക്കാനും കഴിയും.
Tags : tax inspection checkpoints transport commissioner Checkpost