തൃശൂർ: കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ആഭിമുഖ്യത്തിൽ കേരള കാർഷിക സർവകലാശാല സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ കാർഷികമേളയ്ക്ക് ഇന്നു രാവിലെ പത്തിന് വെള്ളാനിക്കര കാമ്പസിൽ തുടക്കമാകും. നാളെ ഉച്ചയ്ക്കു 12.30ന് മന്ത്രി കെ. രാജൻ മേള ഉദ്ഘാടനം ചെയ്യും.
ദക്ഷിണേന്ത്യയിലെയും ലക്ഷദ്വീപിലെയും കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലകൾ, ഐസിഎആർ ഗവേഷണസ്ഥാപനങ്ങൾ, സംസ്ഥാന കൃഷിവകുപ്പ്, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, കാർഷിക കൂട്ടായ്മകൾ തുടങ്ങി കൃഷി അനുബന്ധ മേഖലയിലുള്ള മുൻനിര സ്ഥാപനങ്ങൾ മേളയിൽ അണിനിരക്കും.
ഇരുനൂറോളം പ്രദർശന സ്റ്റാളുകൾ, സാങ്കേതികവിദ്യ തത്സമയപ്രദർശനങ്ങൾ, കർഷക - ശാസ്ത്രജ്ഞ മുഖാമുഖം, സെമിനാറുകൾ, വിവിധ മത്സരങ്ങൾ, ഫാം സന്ദർശനങ്ങൾ, പ്രദർശന വിപണന സ്റ്റാളുകൾ. പ്രകൃതിസവാരി തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരിക്കും.
‘നല്ല നാളേക്കായി സ്മാർട്ട് കൃഷി: സുസ്ഥിര, നവീന, സ്മാർട്ട് സാങ്കേതികവിദ്യകളിലൂടെ’ എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്ന മേള 22ന് സമാപിക്കും.
പത്രസമ്മേളനത്തിൽ സർവകലാശാലാ രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, ഡോ. ബിനു പി. ബോണി, ഡോ. ഒ.ആർ. സുലജ എന്നിവർ പങ്കെടുത്തു.
Tags : Southern Region Agricultural Agricultural Fair