തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇനി എട്ട് ദിവസം സിനിമാ പൂരം. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 30-ാമത് പതിപ്പിന് ഇന്ന് തിരശീല ഉയരുന്നതോടെ തലസ്ഥാനം സിനിമാ പ്രേമികളുടെ നഗരമാകും.
വൈകിട്ട് ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിലി സംവിധായകന് പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്കാരിക മന്ത്രി സമ്മാനിക്കും. സംവിധായകന് ഷാജി എന്‍. കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ ക്യാമറ' സാംസ്കാരിക മന്ത്രി അനസൂയ ഷാജിക്ക് നല്കി പ്രകാശനം ചെയ്യും. ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നല്കി പ്രകാശിപ്പിക്കും.
ഉദ്ഘാടനശേഷം പലസ്തീന് ജനതയുടെ പ്രതിരോധവും ചരിത്രവും പറയുന്ന ആന്‍ മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36' നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളില്‍നിന്നുള്ള 206 ചലച്ചിത്രങ്ങള്‍ കാണികള്‍ക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
Tags : International Film Festival Thiruvananthapuram movie