തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ ഇടതും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ യുഡിഎഫും പ്രതിരോധത്തിലാണെന്ന് എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് ദേശീയ അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. എൻഡിഎ വികസനരാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
മറ്റു വിഷയങ്ങൾ ഞങ്ങൾ തെരഞ്ഞെടുപ്പിൽ വിഷയമാക്കുന്നില്ല. അന്വേഷണം പൂർത്തിയാക്കി ശരിതെറ്റുകൾ പുറത്തുവരട്ടെ. ശബരിമലയിൽ സത്യം പുറത്തുവരണമെങ്കിൽ 30 വർഷത്തെ ഓഡിറ്റിംഗെങ്കിലും ആവശ്യമാണ്. തിരുവാഭരണം ഒറിജിനലാണോയെന്നു പരിശോധിക്കണം.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ഭൂരിഭാഗം സീറ്റുകളിലും എൻഡിഎ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. തൃശൂർ കോർപറേഷനിലും ഈ മുന്നേറ്റം കണ്ടു. തൃശൂരിലും തിരുവനന്തപുരത്തും ഇക്കുറി അനുകൂലഫലമുണ്ടാകുമെന്നും തുഷാർ പറഞ്ഞു.
സമുദായത്തിന്റെ ആവശ്യങ്ങൾക്കെതിരേ സംഘടനകളോ പാർട്ടികളോ നിന്നാൽ എതിർക്കാറുണ്ട്. നല്ല കാര്യം ചെയ്യുമ്പോൾ നല്ലതെന്നും മോശം ചെയ്യുമ്പോൾ മോശമെന്നും പറയും. എന്നാൽ രാഷ്ട്രീയപരമായി ഏതെങ്കിലും ഒരു മുന്നണിക്കു വോട്ടുചെയ്യണമെന്ന് എസ്എൻഡിപി യോഗം പറഞ്ഞിട്ടില്ല. എല്ലാ പാർട്ടിയിൽപെട്ടവരും യോഗത്തിലുണ്ട്. അവർക്കു പ്രവർത്തനസ്വാതന്ത്ര്യവുമുണ്ടെന്നും തുഷാർ പറഞ്ഞു.
Tags : thushar vellappally Sabarimala gold