പത്തനംതിട്ട: റാന്നി വനം ഡിവിഷനില്‍ വടശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്നലെ രാവിലെ എട്ടോടെയാണ് കടുവ കൂട്ടിലായ വിവരം അറിഞ്ഞത്.
ഇന്നലെ രാവിലെ 6.30 ഓടെയാണ് ഏകദേശം 12 വയസുള്ള ആൺ കടുവ കുടുങ്ങിയതായി കണ്ടെത്തിയത്. വനാതിര്‍ത്തിയിൽ ഒരു മാസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണെന്നും ഇതിനെ തൃശൂർ മൃഗശാലയിലേക്ക് മാറ്റുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ആഴ്ചകളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു.
ഞായറാഴ്ച രാവിലെ 11.45 ഓടെ കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ ആടിനെ കടുവ പിടിച്ചിരുന്നു. ആടിനെ തീറ്റുകയായിരുന്നു ഗുജറാത്ത് സ്വദേശിയായ ശിവയുടെ (23) തലയ്ക്ക് മുകളിലൂടെ ചാടിയെത്തിയ കടുവ ആടിനെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ശിവ പിന്നാലെ ഓടിയെങ്കിലും കടുവ കാട്ടിൽ മറഞ്ഞു. പിന്നാലെ വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ വനാതിർത്തിയോടു ചേർന്നുള്ള ഭാഗത്തുനിന്നും ആടിന്റെ ജഡം കിട്ടി.
നേരത്തേ കടുവ ഇതേ ഫാമിലെ പോത്തിനെ പിടിച്ചിരുന്നു. ഇതിനുപിന്നാലെ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയും ദൃശ്യങ്ങളും ലഭിച്ചു. തുടർന്നാണ് വനാതിർത്തിയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഇതിൽ കടുവ കൊന്ന പോത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ തീറ്റയായി നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഏറെ ദിവസങ്ങളിൽ കാത്തിരുന്നെങ്കിലും കടുവ കുടുങ്ങിയില്ല.
ഇതിനിടെ കഴിഞ്ഞയാഴ്ച കടുവ വീണ്ടുമെത്തി ഒരു വളർത്തു നായയെ പിടിച്ചു കൊണ്ടുപോയിരുന്നു. പട്ടാപ്പകലാണ് അന്നും കടുവ എത്തിയത്.
ഞായറാഴ്ച പകൽ കടുവയെത്തി ആടിനെ കൊന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ആടിനെ ഭാഗികമായി ഭക്ഷിച്ചശേഷം കടുവ പോയിരുന്നു. ആടിന്റെ അവശേഷിച്ച ജഡാവശിഷ്ടങ്ങൾ ഇരയായി കൂട്ടിൽ ഇട്ടു. ഇത് ഭക്ഷിക്കാൻ എത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. പിടിയിലായ കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനം.
Tags : Tiger trapped Pathanamthitta Kunpalathamannil forest department Ranny forest division Kaduwa