കൊച്ചി: ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ പൊതുയാത്രാ സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണമെന്ന് നീന്തല്‍ താരവും സംസ്ഥാന യുവപ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ. കൊച്ചി ജയിന് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026ല്‍ ‘പരിധികള്‍ ഇല്ലാത്ത മനുഷ്യര്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയാത്രാ സൗകര്യത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്നും ഇതിനുള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കപ്പെടണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വേള്‍ഡ് റിക്കാര്‍ഡ് ജേതാവായ സ്കൈ ഡൈവര്‍ എസ്.എസ്. ശ്യാംകുമാര്‍ പറഞ്ഞു. ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്നു അദ്ദേഹം കൂട്ടിച്ചര്‍ത്തു.
മിഥില ജോസ് മോഡറേറ്ററായിരുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ടോം ജോസഫ് ആസിം വെളിമണ്ണയ്ക്ക് ഉപഹാരം കൈമാറി. തുടര്‍ന്നു നടന്ന സെഷനില്‍ യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി സംസാരിച്ചു.
‘റീഡിഫീനിംഗ് റിലേഷന്‍ഷിപ്പ്സ് വണ്‍ സ്വൈപ് അറ്റ് എ ടൈം’ എന്ന വിഷയത്തിലും ‘ബിയോണ്ട് ദി ഹാഷ്ടാഗ് ആക്ഷന്‍ ഫോര്‍ ചേഞ്ച്’ എന്ന വിഷയത്തിലും സംവാദം നടന്നു.
Tags : Trains friendly Asim Velimanna Jain University Kochi