ഫോർട്ട്കൊച്ചി: പതിനാറുകാരനായ വിദ്യാർഥിക്കു മയക്കുമരുന്നു നല്കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ ഇരട്ടസഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളുരുത്തി മങ്കാമഠം തറേപ്പറമ്പില്‍ വീട്ടില്‍ റെന്‍ഫിന്‍ ആന്റണി(21), ആൻഫിൻ ആന്റണി (21) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മയക്കുമരുന്ന് നല്‍കുകയും പിന്നീട് ലഹരി ഉപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണത്തിനായി ഉപദ്രവിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിനു ശേഷം വീട്ടില്‍നിന്നു സ്വർണം എടുത്തുകൊണ്ടുവരണമെന്നായി ഭീഷണി. അല്ലെങ്കിൽ വിദ്യാർഥി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നും, സാമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭയപ്പെടുത്തി.
ഗത്യന്തരമില്ലാതെ വിദ്യാർഥി അമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ പാദസരം വീട്ടിൽനിന്നെടുത്ത് പ്രതികൾക്കു നൽകുകയായിരുന്നു. വിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടു ചോദ്യംചെയ്തപ്പോഴാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്.
ലഹരിക്കച്ചവടത്തിനു പണം സ്വരൂപിക്കുന്നതിനു വേണ്ടിയാകാം പ്രതികള്‍ സ്വര്‍ണം തട്ടിയെടുത്തതെന്നാണു പോലീസിന്റെ നിഗമനം.
Tags : Twin brothers arrested gold ornaments drugging