പാലക്കാട്: ലോഡ്ജ് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പനയ്ക്കിടെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് നാട്ടുകല്ലിലെ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിൽ അലനല്ലൂർ സ്വദേശികളായ പള്ളിക്കാട്ടുതൊടി ഹാഷിം, പാലക്കാഴി ചോലയിൽ വീട്ടിൽ അരുൺ എന്നിവരെയാണ് പിടിയിലായത്.
പ്രതികളുടെ കൈയ്യിൽ നിന്നും 5.670 ഗ്രാം എംഡിഎംഎ കണ്ടെത്തി. അലനല്ലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും മണ്ണാർക്കാടും ലഹരിയെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
അതേസമയം തിരൂരിൽ കാറിൽ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം കൈതപ്പുറം സ്വദേശിയായ മുഹമ്മദ് തസ്ലിം ഷാബ് (31), കണ്ണന്തളി സ്വദേശി മുഹമ്മദ് ഷഹീദ്.സി (34) എന്നിവരാണ് അഞ്ച് ഗ്രാമിലധികം മെത്താംഫിറ്റാമിനുമായി പിടിയിലായത്.
Tags : mdma arrest police case mannarkad