മൂന്നാര്‍: ഊബര്‍ ടാക്സി ഡ്രൈവറെയും സഞ്ചാരികളായ യാത്രക്കാരെയും ഭീഷണിപ്പെടുത്തിയതായി ആരോപണം. പ്രാദേശിക ടാക്സി ജീപ്പ് ഡ്രൈവര്‍മാരാണ് വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണി മുഴക്കിയത്. മൂന്നാറില്‍ ഊബര്‍ ഓടാന്‍ അനുവദിക്കില്ലെന്നും പ്രാദേശിക ടാക്സി ഓടിക്കാന്‍ മാത്രമേ അനുവദിക്കുകയുളളൂവെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞതായാണ് ആരോപണം.
എറണാകുളത്ത് നിന്ന് സഞ്ചാരികളുമായി വന്ന ഊബര്‍ ടാക്സി ഡ്രൈവറുടെ കാറാണ് കഴിഞ്ഞ ദിവസം ഓള്‍ഡ് മൂന്നാറില്‍ പ്രാദേശിക ജീപ്പ്, ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞ് ഭീഷണി മുഴക്കിയത്.
ഊബര്‍ ടാക്സിക്ക് മൂന്നാറില്‍ ഓടാന്‍ അനുമതി ഉണ്ടോയെന്നായിരുന്നു ഡ്രൈവര്‍മാരുടെ ചോദ്യവും ഭീഷണിയും.
രാജ്യത്ത് എവിടെയും ഓടാമെന്ന് അറിയിച്ച ഊബര്‍ ഡ്രൈവറെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ഉത്തരേന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ ഊബറില്നിന്ന് പുറത്തിറങ്ങി. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മൂന്നാറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഏതു വാഹനം വേണമെങ്കിലും യാത്രയ്ക്കായി ഉപയോഗിക്കാമെന്നും മുന്നാര്‍ പോലീസ് പറഞ്ഞു.
രണ്ടുമാസം മുമ്പ് മുംബൈയില്‍നിന്ന് ഊബറില്‍ എത്തിയ വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സംഭവം യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്നാര്‍ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും മൂന്നാര്‍ പോലീസ് പറഞ്ഞു.
Tags : Munnar Uber taxi driver tourists threatened