തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ല പിടിക്കാൻ തലപ്പൊക്കമുള്ള മുതിർന്ന നേതാക്കളെയും യുവനിരയെയും ഒരേ സമയം കളത്തിലിറക്കാൻ കോണ്‍ഗ്രസും യുഡിഎഫും. കെപിസിസി മുൻ പ്രസിഡന്റുമാരും മുൻ മന്ത്രിമാരും ഘടകകക്ഷി നേതാവും അടക്കമുള്ള പ്രമുഖരുടെ പേരുകളാണ് തിരുവനന്തപുരം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പറഞ്ഞു കേൾക്കുന്നത്.
ജില്ലയിലെ 14 മണ്ഡലങ്ങളിൽ കോവളം മാത്രമാണ് നിലവിൽ യുഡിഎഫിന് ഒപ്പമുള്ളത്. 13 ഇടത്തും ഇടതുമുന്നണിക്കായിരുന്നു 2021ൽ വിജയം. തിരുവനന്തപുരം ജില്ലയിലെ ഭൂരിഭാഗം സീറ്റും പിടിച്ചാൽ മാത്രമേ സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ കഴിയുകയുള്ളു വെന്നാണ് പറയപ്പെടുന്നത്. ഇതു മുന്നിൽ കണ്ടാണ് കെപിസിസി മുൻ പ്രസിന്റുമാരായ കെ. മുരളീധരനും എം.എം. ഹസനും വിവിധ മണ്ഡലങ്ങളിൽ സ്ഥാനം പിടിച്ചത്. മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചെങ്കിലും വി.എം. സുധീരന്റെ പേരും കഴക്കൂട്ടം മണ്ഡലത്തിലേക്ക് സജീവമായി പറഞ്ഞു കേൾക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ ജെ.എസ്. അഖിലാണ് ഇവിടെ സജീവമായി രംഗത്തുള്ളത്.
എന്നാൽ, ത്രികോണ പോരാട്ടത്തിനു വേദിയായ നേമത്തേക്ക് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പേര് വ്യാപകമായി പ്രചരിച്ചിരുന്നു. മത്സരരംഗത്തേക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. തരൂർ ഇല്ലെങ്കിൽ മറ്റൊരു പ്രമുഖനെ ഇവിടെയെത്തിക്കാനാണ് നീക്കം.
നഗരമണ്ഡലമായ തിരുവനന്തപുരത്ത് പ്രധാന ഘടകകക്ഷിയായ സിഎംപിയുടെ ജനറൽ സെക്രട്ടറി സി.പി. ജോണിന്റെ പേരിനാണ് ഏറെ നാളായി മുൻതൂക്കമുള്ളത്.
കോണ്‍ഗ്രസിന്റെ മണ്ഡലം സിഎംപിക്ക് കൈമാറിയില്ലെങ്കിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, മുൻ എംഎൽഎയും കോണ്‍ഗ്രസ് കോർപറേഷൻ മേയർ സ്ഥാനാർഥിയായി മത്സരിപ്പിച്ച കെ.എസ്. ശബരീനാഥനും കഴിഞ്ഞ തവണ കഴക്കൂട്ടത്തു പരാജയപ്പെട്ട ഡോ.എസ്.എസ്. ലാലും പരിഗണനാ പട്ടികയിലുണ്ട്.
വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരിനാണ് മുൻതൂക്കം. സിപിഎമ്മിലെ വി.കെ. പ്രശാന്തിനെ പരാജയപ്പെടുത്താൻ മുൻ എംഎൽഎ കൂടിയായ കെ. മുരളീധരനു മാത്രമേ കഴിയൂ എന്നാണ് വിവിധ റിപ്പോർട്ടുകൾ. ഏറെനാളായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ സജീവമാണ് മുരളീധരൻ. അദ്ദേഹം മറ്റേതെങ്കിലും മണ്ഡലത്തിലേക്കു മാറിയാൽ കെ.എസ്. ശബരീനാഥനോ, മുൻപ് ഇവിടെ മത്സരിച്ചിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ് എസ്. നായരോ സ്ഥാനാർഥിയാകും.
വോട്ടർപട്ടികയിൽനിന്നു സിപിഎമ്മുകാർ വെട്ടിയതിനെത്തുടർന്ന് ഏറെ വാർത്താപ്രാധാന്യം നേടി കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച വൈഷ്ണ സുരേഷിനെയും പരിഗണിക്കുന്നുണ്ട്.
അരുവിക്കരയിലേക്ക് എം.എം. ഹസൻ
അരുവിക്കര നിയോജകമണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി മുൻ പ്രസിഡന്റും യുഡിഎഫ് മുൻ കണ്‍വീനറുമായ എം.എം. ഹസന്റെ പേരാണ് സജീവമായുള്ളത്. വീണാ എസ്. നായർ, തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുവനേതാക്കളായ സുധീർ ഷാ പാലോട്, ഗോപു നെയ്യാർ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.
ആറ്റിങ്ങലിൽ പന്തളം സുധാകരൻ വന്നേക്കും
ആർഎസ്പിയിൽ നിന്ന് ആറ്റിങ്ങൽ കോണ്‍ഗ്രസ് ഏറ്റെടുത്താൽ ഇവിടെ മുൻമന്ത്രി പന്തളം സുധാകരൻ മത്സര രംഗത്തു വന്നേക്കും. ഇതോടെ ഇടതുമുന്നണിയുടെ കുത്തകയായി കണക്കാക്കപ്പെടുന്ന ആറ്റിങ്ങലിൽ കടുത്ത മത്സരം വരും. സംവരണ മണ്ഡലമായ ആറ്റിങ്ങലിനു പകരം വാമനപുരമോ അരുവിക്കരയോ നൽകണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. അങ്ങനെ വന്നാൽ, ലഭിക്കുന്ന സീറ്റിൽ ആർഎസ്പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സനൽകുമാറാകും സ്ഥാനാർഥി.
കോവളത്ത് സിറ്റിംഗ് എംഎൽഎ എം. വിൻസന്റ് തന്നെയാകും മത്സര രംഗത്ത്. നെടുമങ്ങാട് മണ്ഡലത്തിൽ ബി.ആർ.എം. ഷെഫീർ, പാലോട് രവി, രമണി.പി. നായർ, സുധീർഷാ പാലോട് തുടങ്ങിയവരുമുണ്ട്. വാമനപുരത്ത് ആനാട് ജയനും പാലോട് രവിയുമാണ് പരിഗണനാ പട്ടികയിൽ.
പാറശാലയിൽ മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ പേരാണ് പരിഗണനയിൽ. നെയ്യാറ്റിൻകരയിൽ മുൻ സ്പീക്കർ എൻ. ശക്തൻ, നെയ്യാറ്റിൻകര സനൽ, സി.ആർ. പ്രാണകുമാർ തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്.
ചിറയിൻകീഴിലേക്ക് രമ്യാ ഹരിദാസ് എത്തുമോ?
മറ്റൊരു സംവരണ മണ്ഡലമായ ചിറയിൻകീഴിലേക്ക് ആലത്തൂർ മുൻ എംപിയായ രമ്യാ ഹരിദാസ് എത്തുമെന്ന പ്രചാരണം സജീവമാണ്. ഇവരെ ഇവിടെയെത്തിക്കാൻ ചില മുതിർന്ന നേതാക്കൾ സജീവമായി രംഗത്തുണ്ട്. രമ്യാ ഹരിദാസ് എത്തിയില്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ബി.എസ്. അനൂപാണ് പ്രധാന പരിഗണനയിലുള്ള മറ്റൊരാൾ.
Tags : UDF kerala assembly election UDF candidates M.M. Hassan Panthalam sudhakaran Ramya Haridas