തിരുവനന്തപുരം: മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന കെ.എം. മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടി നല്ല തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആ സ്ഥലം കിട്ടാൻ യുഡിഎഫ് നിമിത്തമായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തലമുറ കെ.എം മാണിസാർ ആരായിരുന്നു എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്.
മാണിസാർ ജീവിച്ചിരിക്കുമ്പോൾ നരകത്തീയിൽ വെന്തുമരിക്കണമെന്ന് പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ കെ.എം. മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ അതേ ആളുകൾത്തന്നെ സ്ഥലം അനുവദിച്ചതിലെ സന്തോഷം പങ്കുവയ്ക്കുന്നെന്നും സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുമായുള്ള ചാറ്റ് പുറത്തുവിട്ട ഫെന്നി നൈനാന്റെ നടപടി ചൂണ്ടിക്കാട്ടിയപ്പോൾ, സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അത് അനുവദിക്കില്ല. അങ്ങനെയുള്ളവർക്ക് പാർട്ടി താക്കീത് കൊടുക്കും. ആവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.
ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നപ്പോൾ സിപിഎം നേതാക്കൾക്ക് എന്തൊരു സങ്കടമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എത്ര സിപിഎം നേതാക്കൻമാർ ബിജെപിയിലേക്ക് പോയി. അപ്പോഴൊന്നും സങ്കടമില്ല. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോഴാണ് വിഷമം.
എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്. ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുമെന്ന് വാർത്ത കൊടുത്തു. തന്നെക്കുറിച്ച് ഒരു 10 കാർഡുകൾ എല്ലാ ദിവസവും ഇടുന്നുണ്ട്.
ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവർ തനിക്കു നൽകുന്നത്. അവിടെയിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മൾക്കറിയാമെന്നും സതീശൻ വ്യക്തമാക്കി.
Tags : V.d Satheesan k m mani memorial land