തിരുവനന്തപുരം: വിമർശനത്തിന് താൻ അതീതനല്ലെന്നും സമുദായ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും തന്നെ വിമർശിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ വർഗീയത ആരു പറഞ്ഞാലും എതിർക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ അവരെക്കുറിച്ചു പറയുമ്പോൾ പ്രായവും ഇരിക്കുന്ന സ്ഥാനവുമൊക്കെ നോക്കി അവർ ഉപയോഗിച്ച വാചകങ്ങളൊന്നും ഉപയോഗിക്കില്ല. പക്ഷേ വർഗീയത പറഞ്ഞാൽ വർഗീയതയെ എതിർക്കുകതന്നെ ചെയ്യും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അത് യുഡിഎഫിന്റെ നിലപാടാണ്. ആര് വർഗീയത പറഞ്ഞാലും അതിനെ എതിർക്കും. അതിന് ജനങ്ങളുടെ പിന്തുണയുമുണ്ട്. ഈ സർക്കാർ പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെ സിപിഎം പ്ലാൻ ചെയ്ത് നടത്തുന്ന ഭൂരിപക്ഷ വർഗീയവാദത്തിന്റെ തുടർച്ചയാണ് സജി ചെറിയാന്റെ വർഗീയ പരാമർശം. ഇത് ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. അതിനു മുൻപ് മുഖ്യമന്ത്രിയുടെ പിആർ ഏജൻസി ഡൽഹിയിലെ മാധ്യമങ്ങൾക്ക് ലഘുവിവരണം നൽകി. അതേകാര്യം മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. പിന്നീട് നിഷേധിച്ചു. അത് മുഖ്യമന്ത്രി നൽകിയതാണെന്ന് ആ പത്രവും വ്യക്തമാക്കിയിട്ടുണ്ട്. അതേകാര്യം കേരളത്തിൽവന്ന് ചില സമുദായ നേതാക്കളെക്കൊണ്ട് പറയിച്ചു. അതിനുശേഷം എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവന വന്നു.
അതിനും പിന്നാലെയാണ് സജി ചെറിയാന്റെ പരാമർശം. കേരളത്തിന്റെ ഭരണചരിത്രത്തിൽ ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമർശമാണ് മന്ത്രി സജി ചെറിയാൻ നടത്തിയത്. രണ്ട് ജില്ലകളിൽ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാൻ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാൻ യോഗ്യതയില്ല. ഒരു തവണ ഇറങ്ങിപ്പോയതാണ്. മന്ത്രിയെ തിരുത്തിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണ്.
മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർത്തും. സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ സിപിഎം തുടങ്ങിയ പ്ലാനിംഗാണ് ഇത്. മുഖ്യമന്ത്രി നടത്തിയ അഭിമുഖം മുതൽ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. സ്വയം പറയാൻ പറ്റാത്തത് മറ്റുള്ളവരെ കൊണ്ട് പറയിച്ചിട്ട്, പറഞ്ഞതിൽ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Tags : criticism V.D. Satheesan Udf immune Classification