കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം ക്ഷേത്രം തന്ത്രി തട്ടിക്കൊണ്ടുപോയെന്ന രീതിയില്‍ എസ്ഐടി കേസെടുത്തത് തന്ത്രിമാരെ അവഹേളിക്കാന്വേണ്ടിയാണെന്നു തന്ത്രിമാരുടെ വിവിധ കൂട്ടായ്മകള്‍.
ക്ഷേത്രാധിഷ്ഠിത ആചാരങ്ങള്‍ നിര്‍വചിക്കുന്ന തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍പ്രകാരം വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്കു വാജിവാഹനം നല്‍കിയത്.
ബോർഡിന്റെ സമ്മതത്തോടെ തന്ത്രിക്കു ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്ന് പിടിച്ചെടുത്തത് ശരിയായ നടപടിയല്ല. ചൈതന്യമുള്ള ഇത്തരം വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ ചിലര്‍ ഭയക്കുമ്പോള്‍ അതു തിരിച്ചേൽപ്പിച്ചേക്കാം. തിരിച്ചേൽപ്പിച്ചില്ലെങ്കില്‍ കുറ്റവാളിയാകില്ലെന്നും അവര്‍ പറഞ്ഞു.
വാജിവാഹനം മോഷണം പോയെന്ന് ആരും പരാതി കൊടുത്തിട്ടില്ല. കോടതിയില്‍ ഹാജരാക്കാന്‍ വാജിവാഹനം തൊണ്ടിമുതലാണോയെന്നും തന്ത്രികൂട്ടായ്മകള് ചോദിച്ചു. സ്വര്‍ണം ചെമ്പാക്കി കൊള്ളയ്ക്കു കൂട്ടുനിന്ന എല്ലാവരെയും അണിയറയില്‍ നിര്‍ത്തിയിട്ട് തന്ത്രിയിലും മേല്ശാന്തിമാരിലും കുറ്റം ആരോപിക്കുന്നതു സംശയാസ്പദമാണ്.
അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള മാത്രമല്ല അവിടെ നടക്കുന്ന ശാസ്ത്രവിരുദ്ധമായ എല്ലാപ്രവൃത്തികളും തടയാനുള്ള ഉത്തരവാദിത്വവും ക്ഷേത്രം തന്ത്രിക്കാണ്.
എന്നാല്‍, തന്ത്രിസ്വന്തം സ്ഥാനം നിലനിര്‍ത്താനോ സ്വാര്ഥലാഭത്തിനുവേണ്ടിയോ ഇതിനൊക്കെ മൗനാനുവാദം നല്കിയിട്ടുണ്ടെങ്കില് തന്ത്രിയും ശിക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി, തന്ത്രി സമാജം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനന് നമ്പൂതിരി, അഖില കേരള തന്ത്രി സമാജം പ്രതിനിധി പരമേശ്വരന് ഭട്ടതിരിപ്പാട്, രാധാകൃഷ്ണന് പോറ്റി, എസ്.പി. ശ്രീനിവാസന് പോറ്റി, രാധാകൃഷ്ണന് പുന്നശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Thantri insult controversy Vajivahanam Sabarimala Gold Case Sabarimala Gold theft Sabarimala Swarnapali