തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസ് ഒഴിയണമെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയോടെ പരാമർശത്തിൽ പ്രതികരണവുമായി വട്ടിയൂർകാവ് എംഎൽഎ വി.കെ. പ്രശാന്ത്.
കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വി.കെ. പ്രശാന്ത് പ്രതികരിച്ചു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
സമാന്യമര്യാദ കണിച്ചില്ല. സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.
ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആർ. ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും ഒഴിയുന്ന കാര്യം അതിനുശേഷം ആലോചിക്കാം എന്നുമായിരുന്നു എംഎൽഎ നേരത്തെ മറുപടി നൽകിയിരുന്നത്.
കൗൺസിൽ തീരുമാന പ്രകാരമാണ് വി.കെ. പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.
കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപ്പറേഷന്റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം.
Tags : V.K. Prashanth MLA R. Sreelekha bjp mla office