കൽപ്പറ്റ: ദേശീയപാത 766ല്‍ തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യത പഠിക്കാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്ത് മുഖേന അറിയിച്ചതാണ് വിവരം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രചര്‍ ഫണ്ടില്‍നിന്ന്(സിആര്‍ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര്‍ 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഡിസംബര്‍ 19ന് എംപി നേരില്‍ക്കണ്ടപ്പോള്‍ കത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരന്നു. രാഹുൽ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുർ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.
കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്‍, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്‍ചുവട്-പത്തനാപുരം(14 കിലോമീറ്റര്‍, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്‍, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്‍, 26 കോടി)റോഡുകള്‍ക്കാണ് സിആര്‍ഐഎഫ് സ്‌കീമില്‍ അംഗീകാരം.
താമരശേരി ചുരത്തില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്‍ഘകാല പ്രവൃത്തികള്‍ സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിനു കരാര്‍ നല്‍കി.
2027 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എംപിയെ കേന്ദ്ര മന്ത്രി അറിയിച്ചു.
Tags : study National Highway tunnel