തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അഥോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമർപ്പിക്കാം.
പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായി നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും 2026 ജനുവരി 31ന് മുൻപ് http:// bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷ നൽകണം.
വാട്ടർ ചാർജ് കുടിശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31നു മുൻപ് കുടിശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഈ വർഷം മുതൽ വാടകവീടുകളിൽ താമസിക്കുന്നവർക്കും ബിപിഎൽ ആനുകൂല്യം അനുവദിക്കും.
ഈ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓണ്‍ലൈൻ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ടർ അഥോറിറ്റി സെക്ഷൻ ഓഫീസ് സന്ദർശിക്കുകയോ ടോൾഫ്രീ നന്പരായ 1916ൽ വിളിക്കുകയോ ചെയ്യാം.
Tags : free drinking water You can apply BPL Kerala Water Authority