ഇന്ത്യൻ ഭരണഘടനയിലെ 73, 74 ഭേദഗതികൾക്കനുസൃതമായി 1994ലാണ് കേരള പഞ്ചായത്ത് രാജ് ആക്ട് നടപ്പിൽ വന്നത്. അന്നുമുതൽ ത്രിതല പഞ്ചായത്തുകളിൽ വനിതകൾക്ക് 33 ശതമാനമാണ് സംവരണം. 2009ൽ നിയമം ഭേദഗതി ചെയ്തതോടെ സംവരണം അൻപതു ശതമാനമായി. അതിനു ശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണു തൊട്ടുമുന്നിൽ. കഴിഞ്ഞ ഒന്നര ദശകത്തിൽ മലയാളി സ്ത്രീകളുടെ രാഷ്ട്രീയ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണു ഉണ്ടായത്? സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം അവരുടെ ക്ഷേമത്തിനും വികസനത്തിനും പരസ്പര പൂരകമാകുന്നുണ്ടോ? ആ രാഷ്ട്രീയ പങ്കാളിത്തം, നിലനിൽക്കുന്ന ലിംഗ അസമത്വങ്ങളെയും വിവേചനങ്ങളെയും വാർപ്പ് മാതൃകകളെയും മാറ്റാൻ ഉതകുന്നുണ്ടോ?
സ്ത്രീസംവരണത്തിന്റെ പ്രാധാന്യം
നീതിസമത്വത്തിലൂന്നിയ ജനാധിപത്യവും സ്ത്രീശക്തീകരണവുമാണ് ‘രാഷ്ട്രീയ സ്ത്രീ സംവരണ’ത്തിന്റെ ലക്ഷ്യം. അത്തരം സംവരണം അടിസ്ഥാനതലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമേ ഇതുവരെ നടപ്പിലായിട്ടുള്ളൂ. പ്രാദേശിക ഭരണത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. എന്നാൽ, രാഷ്ട്രീയ, രാഷ്ട്രീയേതര മേഖലകളിലെല്ലാം അധികാരപദവികളിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്നു കാണാം. അതുകൊണ്ടുതന്നെ സംവരണം അത്യന്താപേക്ഷിതമാണ്.
വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പഠനങ്ങൾ സ്ത്രീകളുടെ വർധിച്ച രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ഭാഗമായി അഴിമതി കുറയുന്നതായും അടിസ്ഥാനകാര്യങ്ങളിലെ വികസനപ്രക്രിയകളിൽ വലിയ പുരോഗതി സംഭവിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളെ ആശ്രയിക്കേണ്ടിവരുമ്പോൾ പൊതുവിടങ്ങളിലെ സ്ത്രീസാന്നിധ്യം മറ്റു സ്ത്രീകൾക്ക് ധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതായും രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടുന്ന സ്ത്രീകൾ ശക്തീകരിക്കപ്പെടുന്നുണ്ടെന്നും പറയാനാകും. ഇങ്ങനെ പറയുമ്പോഴും ഉയർന്നുകേൾക്കുന്ന ആരോപണം, സ്ത്രീയെ പേരിനു മുന്നിൽ നിർത്തി പിറകിൽ പുരുഷൻ നിയന്ത്രിക്കുന്ന റബർ സ്റ്റാമ്പ് ഭരണത്തിനു വഴിവയ്ക്കുമെന്നതാണ്.
സ്ത്രീ ജനപ്രതിനിധികൾ വീട്ടിൽത്തന്നെ ഒതുങ്ങുന്നു. അവർക്ക് പകരം ഗ്രാമസഭയിലും ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് ഭർത്താക്കന്മാരാണ്. ഭരണ കാലാവധി കഴിഞ്ഞ് വാർഡിന്റെ സംവരണക്രമം മാറുമ്പോൾ ഒരിക്കൽകൂടി മത്സരിക്കാൻ ഭൂരിപക്ഷം പേർക്കും അവസരം ലഭിക്കുന്നില്ല. അങ്ങനെ അവരുടെ പൊതുജീവിതം തുടരാനാകുന്നില്ല തുടങ്ങി നിരവധി വസ്തുതകൾ പല പഠനങ്ങളും നിരീക്ഷിക്കുന്നു.
ഇത്തരം പ്രവണതകൾ താരതമ്യേന കുറവുള്ള സംസ്ഥാനമാണു കേരളം. സജീവ രാഷ്ട്രീയ കുടുംബങ്ങളിൽനിന്നാണെങ്കിൽപോലും, വിദ്യാഭ്യാസവും സാമൂഹിക ഇടപെടലും കൂടുതലുള്ള സ്ത്രീകളാണ് സ്ഥാനാർഥികൾ. കോളജിലെ വിദ്യാർഥി സംഘടനയിൽ പ്രവർത്തിച്ചവർ മുതൽ ആശ, മഹിളാ ആരോഗ്യ സമിതി, കുടുംബശ്രീ മുതലായ സ്ത്രീകൂട്ടായ്മകളിലൂടെ പ്രവൃത്തിപരിചയം നേടിയ വീട്ടമ്മമാർ വരെ സംവരണ സംവിധാനത്തിന്റെ ഗുണഭോക്താക്കളാകുന്നു. എന്നാൽ, വനിതാ സംവരണ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ എണ്ണം തികയ്ക്കാനുള്ള പാർട്ടികളുടെ ഓട്ടപ്പാച്ചിൽ നല്ല സൂചനയല്ല തരുന്നത്. യുവതികളായ സ്ത്രീകളുടെ മുഴുവൻ സമയവും കുടുംബ, ശിശു പരിപാലനത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കുടുംബങ്ങൾക്ക് സ്ത്രീകളുടെ പൊതുജീവിതത്തോട് താത്പര്യമില്ലാത്ത അവസ്ഥയുണ്ട്. അതുമൂലം സ്ഥാനാർഥികളാകാൻ അവരെ അനുവദിക്കുന്നില്ല. നിലവിലുള്ള വിവേചനങ്ങളും ബുദ്ധിമുട്ടുകളുംകൊണ്ട് സ്ത്രീകൾതന്നെ താത്പര്യം പ്രകടിപ്പിക്കാത്ത അവസ്ഥ വേറെ.
പ്രാദേശികാസൂത്രണത്തിലെ സ്ത്രീപങ്കാളിത്തം
കേരളത്തിന്റെ അടിസ്ഥാനതലത്തിലെ വികസന പരിപാടികൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മാതൃകാപരമാണ്. ജനകീയാസൂത്രണം, കുടുംബശ്രീ പോലെയുള്ള സ്വയംസഹായ സംഘങ്ങൾ, വിമൻ കംപോണന്റ് പ്ലാൻ, ജെൻഡർ ബജറ്റിംഗ് തുടങ്ങിയ പദ്ധതികൾ ഇതിന് ഉദാഹരണമായി പറയാം. എന്നാൽ, സ്ത്രീകൾക്കുവേണ്ടിയുള്ള ഇത്തരം പദ്ധതികളിൽപ്പോലും അവരുടെ പങ്കാളിത്തവും സ്ത്രീകളുടെ ആവശ്യങ്ങളും തീരുമാനങ്ങളും നിർണയാവകാശങ്ങളും പരിഗണിക്കുന്നതും അവയെ ശാസ്ത്രീയമായി, വിദഗ്ധ നിർദേശത്തോടെ സമീപിക്കുന്നതും മൂല്യനിർണയം നടത്തുന്നതും വളരെ കുറവാണെന്ന് ചില പഞ്ചായത്തുകളിൽ നടത്തിയ കേസ് സ്റ്റഡി പറയുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന ഉദ്ദേശ്യത്തെ, കുടുംബങ്ങളിലെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും ദാരിദ്ര്യനിർമാർജനത്തിനുംവേണ്ടി ചുരുക്കുമ്പോൾ സ്ത്രീയുടെ കർതൃത്വവും വ്യക്തിപരമായ ആവശ്യങ്ങളും തഴയപ്പെടുന്നുണ്ട്.
സ്ത്രീകളുടെ പൊതുപ്രവർത്തനത്തിനു വിഘാതം സൃഷ്ടിക്കുന്ന രീതിയിലുള്ള സാമൂഹിക ഘടനയും കുടുംബ സംവിധാനങ്ങളുമാണ് ഇപ്പോഴും നിലവിലുള്ളത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സ്ത്രീകൾക്ക് ഇതു കൂടുതൽ ദുഷ്കരമാണ്. ഈ പ്രതിസന്ധികളെ അതിജീവിച്ചും കഴിവു തെളിയിച്ച നിരവധി സ്ത്രീകൾ രാഷ്ട്രീയ രംഗത്തുണ്ടായിട്ടുണ്ടെങ്കിലും അവരുടെ രാഷ്ട്രീയ വളർച്ചയ്ക്കുമേൽ എക്കാലത്തും ഒരു ഗ്ലാസ്ഡ് സീലിംഗ് പ്രകടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഘടനാപരമായ മാറ്റങ്ങൾ വരാതെയുള്ള വികസനവും ശക്തീകരണവും സുസ്ഥിരമാകുന്നില്ല. സ്ത്രീകളുടെ നിഷ്ക്രിയ സാന്നിധ്യമല്ല, സമസ്ത മേഖലയിലുമുള്ള പ്രാതിനിധ്യമാണ് സംവരണത്തിന്റെ കാതൽ.
വെല്ലുവിളികൾ
ഉത്തമ സ്ത്രീസങ്കൽപ്പത്തെ മറികടക്കാൻ സ്ത്രീ രാഷ്ട്രീയ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളേറെയാണ്. വേറിട്ട ശബ്ദവും ആശയങ്ങളും വിമർശനങ്ങളും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും എതിർ ചേരിയിലുള്ളവർക്കൊപ്പം സ്വന്തം അണികൾ പോലും അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഒരു മലയാളി വനിതയായിരിക്കെ, രാജ്യാന്തര ശ്രദ്ധയും അനുമോദനങ്ങളും നേടിയ ഒരു വനിതാ ആരോഗ്യമന്ത്രിയുണ്ടായിരിക്കെ, താഴ്ന്ന സാമൂഹിക ശ്രേണിയിൽനിന്ന് ഉയർന്നു വന്ന നിരവധി സ്ത്രീ ജനപ്രതിനിധികളുണ്ടായിരിക്കെ, സമീപകാലത്തു പോലും, അവരിൽത്തന്നെ പലരും ലൈംഗിക അധിക്ഷേപത്തിനും സൈബർ അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്.
അതേസമയം മറുവശത്ത്, സ്ത്രീപീഡകരായ പുരുഷ നേതാക്കൾക്കുപോലും മുന്നണികളുടെ സംരക്ഷണം ലഭിക്കുന്നു. പുരുഷാധിപത്യത്തിന്റെ കാര്യത്തിൽ അധികാര വികേന്ദ്രീകരണം സംഭവിക്കുന്നില്ലെന്നു സാരം! ഇത്തരം ജീർണിച്ച മനഃസ്ഥിതിയും സാഹചര്യങ്ങളും മാറാതെ കേരള രാഷ്ട്രീയത്തിലെ സ്ത്രീപങ്കാളിത്തം വിജയകരമാണെന്ന് പറയാനാവില്ല.
Tags : proportional reservation women political participation