പരിചിതമല്ലാത്ത ഒരു സ്ഥലത്തേക്കു നിങ്ങൾ യാത്ര തിരിക്കുകയാണെന്നു വിചാരിക്കുക. വഴികൾ ഏറെക്കുറെ അവ്യക്തമാണുതാനും. എങ്കിലും ആശങ്കയുടെ നിഴൽപോലും മനസിലുണ്ടാകില്ല. നിങ്ങൾക്കൊപ്പം അദൃശ്യനായ ഒരു മാർഗദർശിയുണ്ട്. അത് പറയുന്നു; ഇടത്തോട്ട് തിരിയുക. നിങ്ങൾ തിരിയുന്നു. വലത്തോട്ടു തിരിക്കുക; അനുസരിക്കുന്നു. റൗണ്ടാനകൾ മറികടക്കുന്നു. തലച്ചോറിൽ ഓർമകൾ ചുമക്കേണ്ട. അൽഗോരിതങ്ങൾ കാട്ടിത്തരുന്ന വഴിയിലൂടെ നിങ്ങൾ (നമ്മൾ) ദൂരങ്ങളെ പിഴുതെറിഞ്ഞ് കുതിച്ചുപായുന്നു. നോട്ടിഫിക്കേഷനുകളും റിയൽ ടൈം ട്രാഫിക് അപ്ഡേറ്റും നമുക്ക് തുണയുണ്ട്.
നമ്മൾക്കു മുകളിൽ നമ്മെ നിയന്ത്രിക്കുന്ന അദൃശ്യശക്തികളുണ്ട്. ബൈനറികൾക്കിടയിൽ അത് മറഞ്ഞുകിടക്കുകയാണ്. അൽഗോരിതങ്ങൾ അത്ര നിഷ്കളങ്കരല്ല. നിങ്ങൾ ക്ലിക് ചെയ്യുന്നത്, സ്ക്രോൾ ചെയ്യുന്നത്, ലൈക്ക് ചെയ്യുന്നത്, സമയം ചെലവഴിക്കുന്നത് - ഇവയെല്ലാം ചേർന്നതാണ് ഡേറ്റ. അതിനു വിലയുണ്ട്, അത് ശേഖരിക്കപ്പെടുന്നു. വിശകലനം ചെയ്യപ്പെടുന്നു, വിൽക്കപ്പെടുന്നു; നമ്മൾപോലും അറിയാതെ. ആഗോള ഡേറ്റാ വ്യവസായത്തിന്റെ കൈയിലെ ഉപകരണങ്ങൾകൂടിയാണ് നാം.
മാറ്റത്തിന്റെ പ്രകാശവർഷങ്ങൾ
2000 മുതൽ 2025 വരെ ലോകം മാറിയതിന്റെ വേഗത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ അതിനുമുമ്പ് 250 വർഷം മാറിയതിനേക്കാൾ വേഗത്തിൽ. അമ്പരപ്പിക്കുന്ന ഈ മാറ്റത്തിനു കാരണം ഏതാനും ഡിവൈസുകളും അതിനെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ കണക്ടിവിറ്റിയുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിൽ കേരളത്തിൽ നോക്കിയ, മോട്ടോറോള ഫീച്ചർ ഫോണുകളെത്തി. മോണോടോൺ റിങ്ടോണും ഉണ്ടവിഴുങ്ങിപ്പാമ്പുകളെയും പിന്നിട്ട് അമ്പരപ്പിക്കുന്ന ആൻഡ്രോയ്ഡിലും ആപ്പിളിലുമെത്താൻ ഏതാനും വർഷം മാത്രമേയെടുത്തുള്ളൂ.
ഡിവൈസ് കൺവേർജൻസിനുവേണ്ടി കമ്പനികൾ മത്സരിച്ചു. കൂടുതൽ ഡിവൈസുകളും സാധ്യതകളും ഒറ്റയൊന്നിൽ എന്നതായിരുന്നു മുദ്രാവാക്യം. അങ്ങനെ ഉപകരണങ്ങളുടെ ഉപകരണമായി സ്മാർട്ട് ഫോണുകൾ മാറി.
പിന്നെ സോഷ്യൽ മീഡിയ യുഗം പിറന്നു. ഓർക്കൂട്ട് വന്നുപോയി. ഫേസ്ബുക്കിൽ ലൈക്കിയും റിക്വസ്റ്റ് അയച്ചും കാലം മുമ്പോട്ടു പോയി. ടെക്സ്റ്റുകളെക്കാൾ സ്ക്രോളുകളെ ഇഷ്ടപ്പെട്ട ജെൻ-സികൾ ഫേസ് ഉപേക്ഷിച്ച് ഇൻസ്റ്റയെ പ്രാപിച്ചു. മനുഷ്യർ രണ്ടായി. ഫേസ്ബുക്ക് തലമുറയും ഇൻസ്റ്റാ തലമുറയും.
സോഷ്യൽ മീഡിയയുടെ ആദ്യതരംഗം പ്രൊഫൈൽ കേന്ദ്രീകൃതമായിരുന്നെങ്കിൽ രണ്ടാംഘട്ടം ഉള്ളടക്ക കേന്ദീകൃതമായിരുന്നു. ടെക്സ്റ്റ് മെസേജിംഗ് ആപ്പുകൾ, ഫുഡ് ഡെലിവറി ആപ്പുകൾ, ടാക്സി ആപ്പുകൾ, കാർ ഓട്ടം തുടങ്ങി യുദ്ധവും കൊള്ളയും വെടിവയ്പും വരെ ചെന്നെത്തുന്ന പലവിധം ഗെയിമുകൾ, വീടിനെ തിയറ്ററാക്കുന്ന ഒടിടികൾ... സംസ്കാരത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികൾ നേർത്തു. മനുഷ്യജീവിതത്തിന്റെ അർഥം, സ്നേഹം, സദാചാരം, കുടുംബം, ബന്ധങ്ങൾ എന്നിങ്ങനെ മനുഷ്യനെപ്പറ്റിയുള്ള എല്ലാ വ്യവഹാരങ്ങൾക്കും പുനർനിർവചനം ആവശ്യപ്പെടുന്ന ഒരു കാലം പിറന്നു.
കണക്കനുസരിച്ച് ആദ്യത്തെ ജെൻ-സി ജനിക്കുന്നത് 1997ലാണ്. ഏതായാലും ഈ തലമുറ കൺതുറന്നത് സാങ്കേതികവിദ്യയുടെ അമ്പരപ്പിക്കുന്ന ലോകത്തേക്കാണ്. ഡിജിറ്റലിൽ ഉണ്ടും ഉറങ്ങിയും വളർന്ന ആ തലമുറ ഡിജിറ്റൽ നേറ്റീവ്സ്. തൊട്ടുമുന്നിലുള്ള തലമുറ ഏന്തിയും മുടന്തിയും ഡിജിറ്റൽ ലോകത്തേക്കു പിച്ചവച്ചു. നിവൃത്തിയില്ലാതെ ഡിജിറ്റലായ അവർ ഡിജിറ്റൽ മൈഗ്രന്റ്സ്.
വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും ലോകമാണ് ഇന്റർനെറ്റ്. പക്ഷേ അത് ഉപരിതലത്തിൽ മാത്രമാണ്. വ്യത്യസ്തതകളെയും തനിമകളെയുമാണ് ഇന്റർനെറ്റ് ആദ്യം ആക്രമിച്ചത്. ഒരൊറ്റ സംസ്കൃതിയിലേക്ക് മനുഷ്യരെ എടുത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ് അത്.
അമേരിക്കൻ കമ്പനികളുടെ സർവാധിപത്യം ഇന്റർനെറ്റിന്റെ തുടക്കംമുതലേ ഉണ്ടായിരുന്നു. ഗൂഗിളും അതിന്റെ കീഴിലുള്ള യുട്യൂബ്, ആൻഡ്രോയ്ഡ്, ഗൂഗിൾ മാപ്സ്, ജി മെയിൽ, ഗൂഗിൾ ക്ലൗഡ് എന്നിവയും. മെറ്റയും അതിന്റെ കീഴിലുള്ള ഇൻസ്റ്റാ, ഫേസ്ബുക്ക്, വാട്സാപ്, നെറ്റ്ഫ്ലിക്സ്, ആമസോൺ, ഊബർ, ആപ്പിൾ, സ്പോട്ടിഫൈ, ട്വിറ്റർ, റെഡ്ഡിറ്റ്, ലിങ്കിഡ്ഇൻ - ആഗോള ഡേറ്റയുടെ ഒഴുക്കിന്റെ നല്ലൊരു ശതമാനം അമേരിക്കൻ കമ്പനികളിലൂടെയാണ്. ലോകത്താകമാനം പർന്നുപിടിച്ച ഹിപ് ഹോപ് സംഗീതം, റാപ് സിനിമ, ജെൻ-സി-വാക്കുകൾ, സെൻസിബിലിറ്റി ഇവയിലെയെല്ലാം അമേരിക്കൻ താത്പര്യങ്ങളും അഭിരുചികളും അടിഞ്ഞുകൂടിയിട്ടുണ്ട്. തുലാവർഷംപോലെ അത്യുഗ്രമായി പെയ്യുകയും പെട്ടെന്ന് ഒഴിയുകയും ചെയ്യുന്ന ട്രെൻഡുകൾക്കു പിന്നിൽ കൃത്യമായ ആസൂത്രണങ്ങളും താത്പര്യങ്ങളുമുണ്ട്. ലോകത്തെല്ലായിടത്തുമുള്ളതുപോലെ കേരളത്തിലെ ജെൻ-സികളും ഈ ആസൂത്രണ പദ്ധതിയുടെ അകത്താണ്.
ഫാഷനുകളും ട്രെൻഡുകളും ലോകം മുഴുവൻ പടർന്നുപിടിക്കുന്നത് ഇപ്പോൾ ഒരുമിച്ചാണ്. കേരളത്തിൽ വളരെയധികം ശ്രദ്ധനേടുന്ന സീരീസോ അനിമയോ അതേസമയംതന്നെ അമേരിക്കയിലും സ്കാൻഡിനേവിയയിലും ഹിറ്റായിരിക്കും. ആഗോള ട്രെൻഡുകൾക്ക് ഒട്ടും പിറകിലല്ല കേരളക്കരയിലെ ജെൻ-സികൾ. കാരണം, നെറ്റിന് പ്രകാശവേഗമാണ്.

രാത്രിയെയും പകലിനെയും വേർതിരിക്കുന്നതു സൂര്യനല്ല, സ്ക്രീനാണ്. പകൽ ഉണർന്നിരിക്കാനും രാത്രി ഉറങ്ങാനുമുള്ളതാണെന്നാണ്. ഇതാണ് നൂറ്റാണ്ടുകളായി മനുഷ്യന്റെ ശീലം. സൂര്യൻ അസ്തമിക്കുമ്പോൾ സ്ക്രീനുകൾ ഉദിക്കും. രാത്രി വൈകി ഉറങ്ങുകയും പകൽ വൈകിയുണരുകയും ചെയ്യുന്നതാണ് ജെൻ-സികളുടെ ശീലം. ഐടി മേഖലയുടെ തൊഴിൽസംസ്കാരത്തിന്റെ ഭാഗംകൂടിയാണ് ഈ രാത്രിജീവിതം.
ഉറക്കമില്ലായ്മ പുതിയ തലമുറയ്ക്ക് ഒരു തമാശയാണ്. Relatable Insomnia Memes എന്നത് ഉറക്കമില്ലായ്മ (insomnia) എന്ന അവസ്ഥയെക്കുറിച്ച് തമാശരൂപത്തിൽ അവതരിപ്പിക്കുന്ന ഇന്റർനെറ്റ് മീമുകളാണ്. ഈ മീമുകൾ, ഉറങ്ങാൻ കഴിയാതെ കഷ്ടപ്പെടുന്ന ആളുകൾക്ക് അവരുടെ അനുഭവം പങ്കുവയ്ക്കാനും നർമം കണ്ടെത്താനുമുള്ളതാണ്. ഈ മീമുകളിൽ സാധാരണ കാണുന്നത് ഉറക്കമില്ലാത്ത രാത്രികളിലെ വിചിത്രവും അസാധാരണവുമായ അനുഭവങ്ങളും തോന്നലുകളുമാണ്. പാതിരാ വെളിപാടുകൾ അവിടെ പരസ്യമാക്കാം. 3 am മീം പോലെ രാത്രിയിൽ സജീവമാകുന്ന നിരവധി പ്ലാറ്റ്ഫോമുകൾ ഓൺലൈനിലുണ്ട്.
ഡിസ്കോഡ് അത്തരമൊരു പ്ലാറ്റ്ഫോമാണ്. രാത്രികാലങ്ങളിൽ സജീവമാകുന്ന വോയ്സ് ടെക്സ്റ്റ് ചാനലുകളിലൂടെ ഇഷ്ടവിഷയങ്ങളെപ്പറ്റി ചർച്ചചെയ്യാം, ആശയങ്ങൾ കൈമാറാം. മറ്റൊരു ചർച്ചാവേദിയാണ് റിഡ്ഡിറ്റ്. ഇവിടെയും രാത്രി ചർച്ചകളാണ് കൂടുതൽ. പാതിരാ വെളിപാടുകൾ പങ്കുവയ്ക്കാനാണ് നൈറ്റ് ഓൾ എന്ന പ്ലാറ്റ്ഫോം.
ഇനി പകൽ ഉറങ്ങാനും ചില ലൈസൻസുകളുണ്ട്. നാപ് എന്നാൽ പകലുറക്കം. രാത്രിയിലെ ഉണർച്ചയ്ക്ക് പകലിലെ പകരംവീട്ടലാണ് നാപ്. 15 മുതൽ 25 മിനിട്ടു വരെയാണ് ഈ ഉറക്കത്തിന്റെ ദൈർഘ്യം. ബെഞ്ചോ ഡെസ്കോ ക്ലാസ്മുറിയോ എവിടെയും നാപ് സാധ്യമാണ്. ഇനി ഉറക്കത്തിനും ഉണർവിനുമിടയിലുള്ള ഒരു അവസ്ഥയുണ്ട്. സൂം ഔട്ട് എന്ന് പേര്.

സ്ക്രീനുകൾ ചിന്തയുടെ മാതൃക
നന്മ-തിന്മ, പാപം-പുണ്യം, സ്ത്രീ-പുരുഷൻ തുടങ്ങിയ ദ്വന്ദ്വഘടനയിലാണ് സംസ്കാരവും സദാചാരവും ചിന്താപദ്ധതികളും ദീർഘകാലം നിലനിന്നത്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് കൃത്യമായി നിർവചിച്ചിരുന്ന ഒരു മൂല്യക്രമം സമൂഹത്തിൽ നിലനിന്നിരുന്നു. കുടുംബം സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ദൗത്യങ്ങൾ ക്രമപ്പെടുത്തി. വിദ്യാഭ്യാസം ശരി-തെറ്റ് എന്ന ധാരണയെ ഊട്ടിയുറപ്പിച്ചു. ഇന്റർനെറ്റിന്റെ വരവോടെ ഇതെല്ലാം മാറുകയാണ്. ദ്വന്ദ്വങ്ങളെ നെറ്റ് അംഗീകരിക്കുന്നില്ല.
ഇ-ലോകം ശരി-തെറ്റ് എന്ന രണ്ടു ധ്രുവങ്ങളിലല്ല നിലനിൽക്കുന്നത്. ഇന്റർനെറ്റിൽ ഒരു കാര്യം സെർച്ച് ചെയ്യൂ. ശരിയും തെറ്റും പരസ്പരപൂരകവും വിരുദ്ധവുമായ അനേകം റിസൾട്ടുകൾ അവിടെ ലഭിക്കും. അനന്തമായ സാധ്യതകളുള്ള തുറന്ന ലോകമാണ് നെറ്റ്. ആത്യന്തിക സത്യം എന്നൊന്ന് അവിടെയില്ല; മറിച്ച്, സാധ്യതകൾ മാത്രമാണ് അവിടെയുള്ളത്.
ഇങ്ങനെ സ്ക്രീനുകൾ ഒരു പുതിയ വിചാരമാതൃക (epistemology) സൃഷ്ടിക്കുകയാണ്. ഇന്റർനെറ്റ് മുമ്പോട്ടു വയ്ക്കുന്ന സരളമായ പാഠം ഇതാണ്-ലോകം നന്മ-തിന്മകളുടേതും ആത്യന്തിക സത്യത്തിന്റേതുമല്ല; മറിച്ച്, അത് സാധ്യതകളുടേതാണ്. ആഗോള വ്യാപകമായി ജെൻ-സികളുടെ ചിന്താമാതൃകകൂടിയാണിത്. ജെൻ-സികളും പഴയ തലമുറയും മൂല്യങ്ങളിലും നിലപാടുകളിലും കണ്ണിചേരാതെ വരുന്നത് തലമുറകൾക്കിടയിലെ അഭിപ്രായങ്ങളുടെ വ്യത്യാസമല്ല. വ്യത്യസ്ത ലോകദർശനങ്ങൾ തമ്മിലുള്ള തത്ത്വചിന്താപരമായ വിടവാണ്.
പുതിയ കാലത്തെ ഡിജിറ്റൽ അനുഭവങ്ങൾ അല്പായുസാണ്. ഡിജിറ്റൽ ലോകത്ത് അനുഭവങ്ങൾ സ്ഥിരമല്ല. അനുഭവങ്ങൾ ഇവിടെ ശേഖരിക്കപ്പെടുന്നില്ല; മറിച്ച്, ഉപഭോഗം ചെയ്യുകയാണ്. പുതിയ തലമുറയുടെ ദർശനങ്ങൾ ദീർഘധ്യാനത്തിന്റെ ഫലങ്ങളല്ല, നിമിഷാനുഭവങ്ങളിൽനിന്നു ലഭിക്കുന്ന താത്കാലിക ബോധ്യങ്ങളാണ്. ഓരോ നിമിഷത്തിലെയും അനുഭവങ്ങളിലൂടെ അതു പുനർനിർണയിക്കപ്പെടുന്നു. ജീവിതം സമഗ്രമായ ഒറ്റക്കഥയല്ല. ചെറിയ അനുഭവങ്ങളുടെ എപ്പിസോഡുകളാണ്. പുതുതലമുറ സിനിമകൾ നോക്കൂ. ആദിമധ്യാന്ത പൊരുത്തമുള്ള ഒറ്റക്കഥയല്ല. പലതും എപ്പിസോഡിക്കാണ്. ഈ ഫ്ലൂയിഡിറ്റി നെറ്റിന്റെയും നെറ്റിസൺസിന്റെയും തത്വചിന്തയുടെ അടിസ്ഥാനഭാവമാണ്.
ഓട്ടമാപ്പിളൈ
അന്ന് സ്കൂൾവരാന്തകളിൽ ആരും കാണാതെ മറച്ചുപിടിച്ച ഒറ്റപ്പെട്ട വേദനയുണ്ടായിരുന്നു. ട്രൗസറിലെയും ഉടുപ്പിലെയും കീറലുകളും തുന്നിക്കെട്ടിയ പാടുകളും. ആ ഓട്ടനിക്കറുകാർ അറിയുന്നുണ്ടോ ഓട്ട ഇന്ന് അപമാനമല്ല, അലങ്കാരമാണെന്ന്.
തുളയിട്ട റിപ്പിഡ് ജീൻസിന് വില കൂടും. ജീൻസിൽ തുന്നിക്കെട്ടിയ പാടുകളും ഒരു പടികൂടിക്കടന്ന് പഴന്തുണിപോലെ നൂലുകൾ തെളിഞ്ഞും നിന്നാൽ ട്രെൻഡ് ഐക്കണായി. നിറംമങ്ങൽ, നരച്ച കളർ, അവിടവിടെ ചളി പറ്റിയപോലുള്ള പാടുകൾ. വസ്ത്രത്തെപ്പറ്റിയുള്ള സാമ്പ്രദായിക ധാരണകൾ ഇവിടെ ശീർഷാസനത്തിലാണ്. ഇന്ന് അൺഫിറ്റ് വസ്ത്രങ്ങളാണ് ട്രെൻഡ്. ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നവ, ലൂസായി പാറിപ്പറക്കുന്നവ...
അടിവസ്ത്രം വെളിയിലെങ്ങാനും കണ്ടാൽ വാളെടുത്ത വെളിച്ചപ്പാടുകൾക്ക് ഇന്ന് മിണ്ടാട്ടം മുട്ടി. ശരീരത്തിൽ തുളകളിട്ട് റിംഗുകൾ തൂക്കുന്ന പിയേഴ്സിംഗ് ഗോത്രസമൂഹങ്ങളിലെ ആചാരങ്ങളായിരുന്നു. ഇന്ന് അത് ശൈലിയായി മാറി. കുറ്റവാളികളുടെ അടയാളമായിരുന്ന ടാറ്റൂകൾ ഫാഷൻ. ശരീരവും ടാറ്റുവും ഒരുമിച്ച് പ്രദർശിപ്പിക്കുന്നു.
ജെൻഡർ സ്പെക്ട്രം
സ്തീ-പുരുഷൻ, ബ്ലാക്ക് ആൻഡ് വൈറ്റ് വിഭജനങ്ങളിൽ തീരുന്നതല്ല മനുഷ്യന്റെ ലിംഗാവസ്ഥ. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വൂർ, ലൈംഗിക കാമനകളില്ലാത്തവർ. ജെൻഡർ മഴവില്ലുപോലെ സ്പെക്ട്രമാണെന്ന വിശ്വാസമാണ് ജെൻ-സികൾക്ക്. പണ്ട് ഇത്തരം വിമത ലൈംഗികാവസ്ഥകൾ ഒരു അപമാനമാണെങ്കിൽ ഇന്ന് അതു തുറന്നുപറയുകയും ആഘോഷിക്കുകയും ചെയ്യുന്നു.
ജെൻഡർ ഫ്ലൂയിഡായ അവസ്ഥയാണ്. ഒരാൾക്കുതന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്തമാകാം. ചിലപ്പോൾ സ്ത്രൈണം, പൗരുഷം, വീട്ടിൽ ഷൈ, ക്ലാസിൽ പൊളി ഇങ്ങനെ. ഭാവങ്ങളും വേഷങ്ങളും സാഹചര്യത്തിനുസരിച്ച്. ആണുതന്നെ ഒറ്റയൊന്നല്ല. സിഗ്മ എന്ന ഒറ്റയാനിൽ തുടങ്ങി ആൽഫ, ബീറ്റാ, ഗാമ എന്നിങ്ങനെ കൊമ്പന്മാർ പലവിധം. അത്രയും പെണ്ണുങ്ങളും. ആണിന് കരയാം. പണ്ട് കണ്ണീര് ദൗർബല്യമായിരുന്നെങ്കിൽ ജെൻ-സികൾ അതിനെ ഇമോഷണൽ ഇന്റലിജൻസായി പരിഗണിക്കും. വസ്ത്രങ്ങളിൽ യുണിസെക്സ് വിപ്ലവമാണ്. ആർക്കും ഇന്ന വേഷം എന്ന നിയമങ്ങളില്ല. കാർഗോ പാന്റും ഓവർസൈസ് ഷർട്ടും പെണ്ണിനും ചേരും.
സ്കൂട്ടിപോലെ അടക്കമൊതുക്കമുള്ള വാഹനങ്ങൾ പെൺകുട്ടികൾക്ക്. ആൺകുട്ടികൾക്ക് ബൈക്ക്. ഈ റോഡ് നിയമം തെറ്റിച്ചുതുടങ്ങിയിരിക്കുന്നു. ബുളളറ്റിൽ പെൺപുലികളിറങ്ങിയിരിക്കുന്നു. സാമ്പ്രദായിക ആണധികാരത്തിന്റെ നടപ്പുദോഷങ്ങൾ ജെൻ-സികൾ അംഗീകരിക്കുന്നില്ല. കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിക്കാൻ ഇനി ഒരു കാവ്യഭാവനയും ഇങ്ങോട്ടുവരേണ്ട.
ഫ്രണ്ട്ഷിപ്പല്ല പുതിയ ഷിപ്പുകൾ
തൊണ്ണൂറുകളിൽ ഹിറ്റായ നിറം എന്ന സിനിമ നൽകുന്ന പാഠമുണ്ട്. ആണിനും പെണ്ണിനും ഒരിക്കലും ആഴമേറിയ സൗഹൃദം സാധ്യമല്ല. ഏതെങ്കിലും ഘട്ടത്തിൽ അത് പ്രണയത്തിലേക്ക് ചുവടുവയ്ക്കും. ഈ വിശ്വാസങ്ങളെ കാറ്റിൽ പറത്തുകയാണ് ജെൻ-സികൾ. പണ്ട് ആണും ആണും പെണ്ണും പെണ്ണും ഇടകലർന്നതുപോലെ ആണും പെണ്ണും ഇന്ന് ഇടകലരുകയാണ്. പ്രണയത്തിന്റെ തരിപോലുമില്ലാതെ അവർ ഇടകലരുന്നു. ജെൻഡർ കേവലം ഒരു ഇൻഫർമേഷൻ മാത്രമാണ് അവർക്ക്.
ഒരുമിച്ച് ഉണ്ണുന്നു, ഒരു ബെഞ്ചിലിരുന്നു പഠിക്കുന്നു, തോളിൽ കൈയിട്ട് സഞ്ചരിക്കുന്നു, ഒരുമിച്ചു സിനിമ കാണുന്നു - ഒരു ആകാശവും ഇടിഞ്ഞുവീണില്ല. പഴയ തലമുറ തങ്ങൾക്ക് ഇതൊന്നും കഴിഞ്ഞില്ലല്ലോയെന്നു നെടുവീർപ്പിടുന്നു. ജെൻ-സികളുടെ ഏതു ബന്ധവും നിബന്ധനകൾക്കു വിധേയമാണ്. കണ്ടീഷനുകൾ പാലിക്കപ്പെടാതെ വരുമ്പോൾ ബന്ധങ്ങൾ ബ്രേക്കപ്പാക്കാം. ബ്രേക്കപ്പ് അവസാനമല്ല. പുതിയ അധ്യായത്തിന്റെ തുടക്കമാണ്. ബന്ധങ്ങൾ ബ്രേക്കപ്പായാൽ മഴ പെയ്യണം, പാട്ടുപാടണം, താടിനീട്ടണം, പാളത്തിൽ തലവയ്ക്കണം എന്നൊന്നുമില്ല. പ്രേമം എന്ന സിനിമയാണ് പഴയ റൊമാന്റിക് ഭാവങ്ങളെ ആദ്യം തിരുത്തിയത് നായകൻ മൂന്നു പെൺകുട്ടികളെ പ്രണയിക്കുന്നു. പ്രണയം വിവാഹത്തിൽ എത്തണമെന്ന് ഒരു നിർബന്ധവുമില്ല. അല്ലെങ്കിൽ ഈ വിവാഹം എന്ത്! എന്ന് ചിന്തിക്കുന്നവരും കുറവല്ല. ജെൻ-സി പെൺകുട്ടികളിലാണ് വിവാഹവിരക്തി കൂടുതൽ. കാരണം, സ്വന്തം അമ്മയുടെ കഷ്ടപ്പാട്.
പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ അവസ്ഥാന്തരങ്ങളുണ്ട്. അതിലൊന്നാണ് സിറ്റുവേഷൻഷിപ്പ്. ബെഞ്ചിങ്ങ് ജെൻ-സികളുടെ ക്രൂരമായ വിനോദമാണ്. ഒരാളെ മെയിനായി കാണാതെ സബ്റ്റിറ്റ്യൂട്ടായി കരുതുക. നല്ല ഒരാൾ വരുന്നതുവരെ കൊണ്ടുനടക്കുക. ബ്രഡ്ക്രംബിംഗ് പ്രണയത്തിന്റെ അപ്പക്കഷണങ്ങൾ ഇട്ടുകൊടുത്ത് ഒരാളെ കൂടെക്കൂട്ടുന്ന ഏർപ്പാടാണ്. ഏതായാലും പ്രണയം ഒരു വിശുദ്ധ വസ്തുവോ കുങ്കുമംതൊട്ടുവരുന്ന ശരത്കാലസന്ധ്യയോ അല്ല. ജെൻ-സികൾക്ക് പ്രണയവും ഫ്ലൂയിഡാണ്. എവിടെയും അത് ഘനീഭവിക്കുന്നില്ല; വിവാഹവും അങ്ങനെതന്നെ.

ആഗോള ഭാവുകത്വം
കാടുകളേക്കാൾ നിഗൂഢമായ മനുഷ്യമനസിലേക്കാണ് ‘എക്കോ’ സിനിമ സഞ്ചരിക്കുന്നത്. നിഗൂഢമായ കുരുക്കുകളിലേക്കു പ്രേക്ഷകരെ എടുത്തെറിയുന്ന, തീർന്നാലും കുരുക്കഴിയാത്ത സിനിമ എന്തുകൊണ്ട് പുതിയ തലമുറ കൈനീട്ടി സ്വീകരിക്കുന്നു. പാരസൈറ്റ്, എവരിതിംഗ് എവരിവേർ, ഓൾ അറ്റ് വൺസ്, ജോക്കർ, ഓൾഡ് ബോയി ഇങ്ങനെ ലോകത്തിലെ മികച്ച സിനിമകളും അതിന്റെ ആഖ്യാനശൈലിയും ജെൻ-സികളുടെ കലാസ്വാദനശീലത്തെ പുതുക്കി. ഓപ്പൺ എന്റഡ് ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങൾ, പല ലെയറുകളിലൂടെ പുരോഗമിക്കുന്ന കഥാകഥനം ഇതൊക്കെയാണ് ജെൻ-സികൾക്ക് ഇഷ്ടം. ദൃശ്യവും ശ്രാവ്യവും ചേരുന്ന തിയറ്റർ അനുഭവം തരുന്ന സിനിമകൾ Atmospheric Cinemaക്കാണ് ജെൻ-സികൾ ഇടിക്കുന്നത്.
നായക പ്രതിനായക ദ്വന്ദ്വസംഘർഷം നിറഞ്ഞ നാടകങ്ങൾ തീരെ ദഹിക്കില്ല. സിനിമകൾ റീ-റിലീസ് ചെയ്തപ്പോൾ തൊണ്ണൂറുകളിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നു കണ്ട സീനുകൾ കണ്ട് ജെൻ-സികൾക്ക് ചിരിയടക്കാനായില്ല. അത്രമാത്രം റിയലിസ്റ്റിക്കായ സെൻസിബിലിറ്റിയിൽ യുവജനം എത്തിയിരിക്കുന്നു. പൊളിറ്റിക്കലി കറക്ടായ കലാസൃഷ്ടികൾ ആസ്വദിക്കുന്നു.
സത്യൻ അന്തിക്കാടിന്റെ ഗ്രാമങ്ങൾ ജെൻ-സികളെ കുളിരണിയിക്കാറില്ല. അനിമകളും യക്ഷിക്കഥകളും ഇഷ്ടം. പക്ഷേ, പുസ്തകങ്ങളോടും വായനയോടും ആ താത്പര്യമില്ല.
നോ വെയ്റ്റിംഗ്
കാത്തിരിക്കാൻ സമയമില്ല. ഒരു സംശയമുണ്ടായാൽ സെക്കൻഡുകൾക്കുള്ളിൽ ഉത്തരം സ്ക്രീനിലെത്തും. ജെൻ-സിയുടെ കാത്തിരിപ്പിന്റെ സമയം സ്ക്രീനിൽ റിസൾട്ട് വരാനുള്ള സമയം മാത്രമാണ്. ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ തലച്ചോറിൽ വേഗത്തിന്റെ ഒരു ക്രമംതന്നെ നിർമിക്കുന്നു. കാത്തിരിക്കാനും ക്യൂ നിൽക്കാനും ക്ഷമ കുറവാണ്. നെറ്റിൽനിന്നെന്നെപോലെ മനുഷ്യരിൽനിന്നും സമൂഹത്തിൽനിന്നും അവർ ഉടൻ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. അത് കിട്ടിയില്ലെങ്കിൽ നിരാശരാകുന്നു. ഇന്റർനെറ്റിന്റെ വേഗത്തിലാണ് പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. എടുത്തുചാട്ടങ്ങൾ അപകടങ്ങളായേക്കാം. പക്ഷ, ഒരു കാര്യം തലച്ചോറിൽ പ്രോസസ് ചെയ്യാനും പലപ്പോഴും മികച്ച തീരുമാനങ്ങളെടുക്കാനും മുൻതലമുറയെക്കാൾ പതിന്മടങ്ങ് വേഗമാണ്. അറ്റൻഷൻ സ്പാൻ ഒരു റീലുതീരാനുള്ള സെക്കൻഡുകൾ മാത്രം.
ഒരു ദലം മാത്രം
ജീവിതത്തെ നിമിഷത്തിന്റെ ഒരു ദലം മാത്രമായി കാണുക. ഇന്നലെകളുടെ നഷ്ടബോധമോ നാളെകളുടെ ഭാരമോ ഇല്ലാതെയാകുമ്പോൾ ശരീരവും അതു കടന്നുപോകുന്ന നിമിഷങ്ങളും പ്രധാനമാകും. ഓരോ നിമിഷത്തിലും ശരീരത്തിന് ആനന്ദം കണ്ടെത്തുന്ന വഴികളാണ് അന്വേഷിക്കുന്നത്. യുട്യൂബിലും ഇൻസ്റ്റയിലും ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കണ്ടന്റുകൾ ഇത് ശരിവയ്ക്കുന്നു- ഫുഡ്, സൗന്ദര്യവർധന, ആരോഗ്യം, യാത്രാവ്ളോഗുകൾ.
വീറും വാശിയും സാഹസികതയും മുൻതലമുറയേക്കാൾ കൂടും. 2018ൽ മലവെള്ളത്തേക്കാൾ ഉയർന്ന ജെൻ-സികളുടെ കാരുണ്യത്തിന്റെ കൈപിടിച്ചാണ് പലരും തീരമണിഞ്ഞത്. വൈറസുകളെയും അവർ പേടിച്ചില്ല.
ചുരുക്കത്തിൽ...
രണ്ടായിരത്തിനുശേഷം പിറന്നവരുടെ ജാതകമല്ല ഈ കുറിച്ചത്. മുമ്പ് സൂചിപ്പിച്ച പ്രവണതകളുടെ ഒരു സംസ്കാരം ലോകത്തെല്ലായിടത്തുമുണ്ട്. ആ മഴ നനഞ്ഞവരും നനയാത്തവരുമുണ്ട്. തുള്ളി വീണവരും കുതിർന്നവരും കുളിച്ചവരുമുണ്ട്. മഴ വന്നത് അറിയാത്തവരുമുണ്ട്. ഏതായാലും കാഴ്ചപ്പാടുകളിലും ജീവിതശൈലിയിലും പുതുമകളുമായി ജെൻ-സികൾ നമ്മെ അമ്പരപ്പിക്കുകയാണ്.
എന്താണ് ഈ തലമുറയുടെ മാറ്റത്തിന്റെ കാതൽ? ഒറ്റവാക്യത്തിൽ: അവർ വ്യാപരിക്കുന്ന മാധ്യമം; ഇന്റർനെറ്റ്. ജെൻ-സി വസന്തം പൊടിപൊടിക്കുമ്പോൾ അറിയുക ഇതിലും വലിയവർ വരുന്നുണ്ട്; ജനറേഷൻ ആൽഫ. ആദ്യത്തെ ആൽഫകൾ ഏഴാം ക്ലാസിൽ എത്തിയിട്ടുണ്ട്.
തുടങ്ങിയ യാത്രയിലേക്കു തിരിച്ചുവരാം. 25 വർഷത്തിനുശേഷം നിങ്ങൾ ഒരു യാത്രയ്ക്കിറങ്ങുകയാണെന്നു വിചാരിക്കുക. വഴിയെന്നല്ല, നിങ്ങൾക്ക് എങ്ങോട്ടു പോകണമെന്നുപോലും നിശ്ചയമില്ല. ആശങ്കയുടെ ഒരു നിഴൽപോലും ഉണ്ടാകില്ല. വഴികളും ലക്ഷ്യസ്ഥാനങ്ങളും എഐ പറഞ്ഞുതരും. ഓർമകൾ മാത്രമല്ല, ചിന്തകളും നിങ്ങൾ ചുമക്കേണ്ടതില്ല.
(ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം അസോസിയേറ്റ്
പ്രഫസറും വകുപ്പു മേധാവിയുമാണ് ലേഖകൻ)
Tags : Connectivity 25 Gen-C Years