ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ-നിർമിതബുദ്ധി) ടൂളുകൾ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിക്കഴിഞ്ഞു.
ചാറ്റ് ജിപിടി, ജെമിനി പോലുള്ള ചാറ്റ്ബേസ്ഡ് എഐ മോഡലുകൾ ഇമെയിൽ തയാറാക്കൽ, റിപ്പോർട്ട് എഴുതുക, സാമ്പത്തിക ആസൂത്രണം, പുതിയ വിഷയങ്ങൾ പഠിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾക്കായി നാം ദിവസവും ഉപയോഗിക്കുന്നു. ഈ പോസ്റ്റ്-ഡിജിറ്റൽ യുഗത്തിൽ എഐയുടെ സാധ്യതകൾ ഏറെയാണ്. എങ്കിലും, എഐയുടെ അനിയന്ത്രിതവും അമിതവുമായ ഉപയോഗം മനുഷ്യന്റെ സർഗാത്മകത, വിമർശനാത്മക ചിന്ത, മൗലികത എന്നിവയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. വർധിച്ചുവരുന്ന ഈ ആശ്രിതത്വം ഒരുതരം എഐ ആസക്തിക്ക് വഴിതുറന്നേക്കാം എന്ന മുന്നറിയിപ്പ് നാം ഗൗരവമായി കാണണം.
അമിതോപയോഗത്തിന്റെ വൈജ്ഞാനിക വെല്ലുവിളികൾ
2025 ജൂണിൽ ടൈം മാസിക റിപ്പോർട്ട് ചെയ്തതനുസരിച്ച് എംഐടിയിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് ചാറ്റ് ജിപിടി പോലുള്ള ഉപകരണങ്ങളുടെ പതിവായ ഉപയോഗം വിമർശനാത്മക ചിന്താശേഷിയെ ഇല്ലാതാക്കിയേക്കാം എന്നാണ്. എഐയെ അമിതമായി ആശ്രയിച്ച ആളുകൾ വൈജ്ഞാനികവും സർഗാത്മകവുമായ പ്രവർത്തങ്ങളിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
ഈ പഠനമനുസരിച്ച്, പതിവായി എഐ ഉപയോഗിക്കുന്നവർ സ്വന്തമായി ചിന്തിക്കുന്നതിന് പകരം വൈജ്ഞാനികപരമായ ജോലികൾ (കോഗ്നിറ്റീവ് ടാസ്ക്) എഐക്ക് കൈമാറുന്ന പ്രവണത കാണിക്കുന്നു. എഐയുടെ അമിതോപയോഗം ദീർഘകാലാടിസ്ഥാനത്തിൽ മാനസികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. വിവരങ്ങൾ ഓർത്തെടുക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള നമ്മുടെ മസ്തിഷ്കത്തിന്റെ കഴിവ് ദുർബലമാകാതിരിക്കാൻ നാം ശ്രദ്ധിക്കണം.
കൂടാതെ, എഐ സംവിധാനങ്ങൾ ചിലപ്പോൾ നൽകുന്ന അയഥാർഥമായ വിവരങ്ങൾ (ഹാലൂസിനേറ്റഡ് ഇൻഫർമേഷൻ) ഒരു വലിയ പ്രശ്നമാണ്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്പീരിയൻഷൽ എഐയുടെ പഠനം, സുരക്ഷാ പ്രോട്ടോക്കോളുകളെ മറികടക്കുന്ന ‘മൾട്ടി-സ്റ്റെപ്പ് പ്രോംപ്റ്റ്-ലെവൽ ജയിൽ ബ്രേക്കിംഗ്’ പോലുള്ള രീതികൾ സാധ്യമാണെന്ന് തെളിയിക്കുന്നു. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്ക്, എഐ സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ, അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാം. കുട്ടികളെയോ വൈകാരികമായി ദുർബലരായ ഉപയോക്താക്കളെയോ സംബന്ധിച്ച് എഐയുടെ പ്രവർത്തനം വലിയ ചർച്ചാവിഷയമാണ്. ഈ വിഷയങ്ങളെല്ലാം എഐ-പ്രേരിത ‘ബ്രെയിൻ ഫോഗ്’ (AI-induced brain fog) എന്ന അപകടസാധ്യത വർധിപ്പിക്കുന്നു.
വിദ്യാഭ്യാസരംഗത്തെ സാധ്യതകളും ഉത്തരവാദിത്വവും
വിദ്യാഭ്യാസമേഖലയിൽ എഐ ഉപകരണങ്ങൾ ഇരുതലമൂർച്ചയുള്ള വാളാണ്. പാഠ്യപദ്ധതി എളുപ്പത്തിൽ തയാറാക്കാൻ എഐ അധ്യാപകരെ സഹായിക്കുമ്പോൾത്തന്നെ, വേണ്ടത്ര പരിശോധനയില്ലാതെ തെറ്റായ വിവരങ്ങൾ ക്ലാസ് മുറികളിലേക്ക് എത്താൻ സാധ്യതയുണ്ട്. വിദ്യാർഥികൾ എഐ ഉപയോഗിക്കുമ്പോൾ, അവർക്ക് ആശയപരമായി ആഴത്തിലുള്ള അറിവ് നേടാൻ കഴിയാതെവരികയും പഠനം ഉപരിപ്ലവമായി മാറുകയും ചെയ്യും. വിവരങ്ങൾ തൽക്ഷണം ലഭ്യമാകുമ്പോൾ, അധ്യാപകരും വിദ്യാർഥികളും എത്രത്തോളം ഉത്തരവാദിത്വത്തോടെയും ധാർമികമായും അത് ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
തൊഴിൽപരമായ ധാർമികത
തൊഴിൽപരമായ ചുറ്റുപാടുകളിൽ എഐ സഹായകമാണെങ്കിലും, ധാർമിക വെല്ലുവിളികളുണ്ട്. പ്രഫഷണലുകൾ എഐയെ ജോലിയിൽ സഹായിക്കുന്ന ഒരു ഉപകരണമായി മാത്രം കാണുക; മൗലികമായ ചിന്തയ്ക്കു പകരമായി കണക്കാക്കരുത്. വിമർശനാത്മക വിശകലനത്തിനും മനുഷ്യന്റെ യുക്തിക്കും എപ്പോഴും പ്രാധാന്യം നൽകണം.
നയങ്ങളും നമ്മുടെ ഉത്തരവാദിത്വവും
പല രാജ്യങ്ങളിലും എഐ സംബന്ധിച്ച സർക്കാർ നയങ്ങൾ ഇപ്പോഴും രൂപപ്പെട്ടുവരുന്നതേയുള്ളൂ. സാങ്കേതികവിദ്യയുടെ വളർച്ചാവേഗം നിയമനിർമാണത്തേക്കാൾ കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ വലിയ തോതിലുള്ള എഐ സാക്ഷരതാ പരിപാടികൾ തുടങ്ങേണ്ടത് അത്യാവശ്യമാണ്.
ഒരു നല്ല എഐ സംസ്കാരത്തിലേക്ക്
എഐയുടെ ലക്ഷ്യം നമ്മുടെ കഴിവുകൾക്ക് ശക്തിപകരലാണ്, മാറ്റിസ്ഥാപിക്കലല്ല. ഈ ധാർമികമായ ഉപയോഗം തുടങ്ങുന്നത് നമ്മൾ ഓരോരുത്തരുടെയും വ്യക്തിഗത ഉത്തരവാദിത്വത്തിൽനിന്നാണ്.
എഐ നൽകുന്ന വിവരങ്ങളുടെ കൃത്യത കർശനമായി പരിശോധിക്കുക. കുട്ടികളുടെ എഐ ഉപയോഗം മുതിർന്നവരുടെ മേൽനോട്ടത്തിൽ ആയിരിക്കണം. മാനസികാരോഗ്യപരമായ വെല്ലുവിളികൾ ഉള്ളവർ മാർഗനിർദേശം തേടിയ ശേഷം മാത്രം ജനറേറ്റീവ് ടൂളുകൾ ഉപയോഗിക്കുക.
എഐക്ക് ബുദ്ധിയുണ്ടാകാം, പക്ഷേ വിവേകം മനുഷ്യനു മാത്രമാണ്. വിവേകം ബുദ്ധിയെ നയിക്കണം, അതാണ് ഉത്തരവാദിത്വമുള്ള എഐ ഉപയോഗത്തിന്റെ അടിത്തറ.
കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം
കുട്ടികളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട വിഭാഗം. ചെറുപ്പത്തിലെ എഐ ഉപയോഗം അവരുടെ സ്വാഭാവികമായ പഠനശേഷി, ഭാവന എന്നിവ തടസപ്പെടുത്തിയേക്കാം. ഇത് ശ്രദ്ധ, ഓർമ, പ്രശ്നപരിഹാര ശേഷി എന്നിവ കുറയ്ക്കുന്നു. കൂടാതെ, സ്ക്രീൻ ടൈം വർധിക്കുന്നത് ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാവാം. ജനറേറ്റീവ് എഐയുടെ ഉപയോഗം തൽക്ഷണ സംതൃപ്തി നൽകുന്നത് ഡിജിറ്റൽ ആശ്രിതത്വം വർധിപ്പിക്കാൻ സാധ്യതയുണ്ട്.
സ്ലൊവേനിയയിലെ യൂണിവേഴ്സിറ്റി ഓഫ് ലുബ്ലിയാന നടത്തിയ പഠനം, വിദ്യാർഥികൾക്കിടയിലെ എഐയുടെ ഉപയോഗം ‘ബൗദ്ധിക കഴിവില്ലായ്മയ്ക്ക്’ (intellectual deskilling) കാരണമാകാമെന്നു മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ വൈജ്ഞാനിക പക്ഷപാതത്തിൽനിന്ന് സംരക്ഷിക്കാൻ സ്കൂളുകളിലും വീടുകളിലും എഐ-രഹിത പഠന ഇടങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും എഐ ടൂളുകളുടെ ഉപയോഗം ചില സന്ദർഭങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണെങ്കിൽ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
(ലീഡർഷിപ് കോച്ചും എഡ്യുക്കേഷൻ സ്ട്രാറ്റജിസ്റ്റും
ടെക്നോളജി എഡ്യുക്കേറ്ററുമാണ് ലേഖകൻ)
Tags : Artificial intelligence