ഈ വർഷം നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന് ഒരു ചരിത്രപ്രാധാന്യമുണ്ട്. ഞായറാഴ്ച അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബജറ്റ്. ബുദ്ധപൂർണിമ പ്രമാണിച്ചു നിയന്ത്രിത അവധിയുമാണ് ഈ ഞായറാഴ്ച. എന്നിട്ടും വാശിയോടെ ഫെബ്രുവരി ഒന്നിനുതന്നെ ബജറ്റ് അവതരിപ്പിക്കുന്നു. എന്തുവന്നാലും ബജറ്റ് അവതരണം നിർദിഷ്ട തീയതിയിൽത്തന്നെ നടത്തുമെന്ന ഉറച്ച പ്രഖ്യാപനം. സാമ്പത്തിക കാര്യങ്ങളിലെ വിപണിസൗഹൃദ നിലപാടിൽ വിട്ടുവീഴ്ചയില്ല എന്നു കാണിക്കുകയാണെന്നു കരുതാം. (ഞായർ അവധി ഇല്ലാതാക്കാനുള്ള ശ്രമമെന്ന് ആരും കുറ്റപ്പെടുത്തി കേട്ടില്ല).
തുടർച്ചയായ ഒൻപതാം ബജറ്റ് അവതരിപ്പിച്ചു റിക്കാർഡ് ബുക്കിൽ സ്ഥാനക്കാരിയാകുകയാണ് ഈ വർഷം നിർമല. (ഏറ്റവും കൂടുതൽ - പത്ത് - ബജറ്റുകളുടെ റിക്കാർഡ് മൊറാർജി ദേശായിക്കാണ്).
ഇളവ് പ്രതീക്ഷിക്കേണ്ട
മന്ത്രി റിക്കാർഡ് കുറിക്കുന്നതിന്റെ പേരിൽ നികുതിദായകർ പ്രത്യേക സമ്മാനമോ ആനുകൂല്യമോ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇക്കൊല്ലം വരുമാനം ബജറ്റിൽ കണക്കാക്കിയതിലും കുറവാകും.
കഴിഞ്ഞ വർഷം ആദായനികുതിയിൽ വലിയ ഇളവ് നൽകിയതാണ്. പുതിയ നികുതിക്രമം സ്വീകരിച്ചവർക്ക് 12 ലക്ഷം രൂപ (ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപ) വരെ നികുതി ഒഴിവാക്കി. അതിനാൽ ഇക്കൊല്ലം ഇളവ് പ്രതീക്ഷ വേണ്ട.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശയ്ക്കുള്ള നികുതിയിൽ ഒഴിവുപരിധി കൂട്ടാൻ ബാങ്കുകൾ സമ്മർദം ചെലുത്തുന്നുണ്ട്. ബാങ്കുകളിൽ നിക്ഷേപവർധന കുറയുന്ന സാഹചര്യത്തിൽ ഇതു പരിഗണിച്ചേക്കാം.
ചരക്കു-സേവന നികുതി(ജിഎസ്ടി)യിൽ വലിയ ഇളവ് ഏതാനും മാസം മുൻപാണു പ്രഖ്യാപിച്ചത്. രാജ്യാന്തര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ധന നികുതി കുറയ്ക്കലും ആലോചിച്ചെന്നു വരില്ല.
നികുതിവരവ് കുറയുന്നു
ഈ മാർച്ച് 31ന് അവസാനിക്കുന്ന ധനകാര്യവർഷം ബജറ്റിൽ പ്രതീക്ഷിച്ചത്ര നികുതിവരുമാനം ലഭിക്കാനിടയില്ല. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കാക്കിയത്ര വളരാത്തതാണു കാരണം. നടപ്പുവിലയിൽ 10.1 ശതമാനം വളരുമെന്നു കരുതി. എട്ടു ശതമാനമേ വളരൂ എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇപ്പോൾ പറയുന്നത്.
വളർച്ച കുറഞ്ഞതുമൂലം പ്രത്യക്ഷനികുതിയിൽ കുറവ് വരും. വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതിയും ഓഹരി കൈമാറ്റ നികുതി(എസ്ടിടി)യുമാണ് പ്രത്യക്ഷ നികുതികൾ. 12.7 ശതമാനം വർധിച്ച് 25.20 ലക്ഷം കോടി രൂപ കിട്ടുമെന്നു ബജറ്റ് കണക്കാക്കി. ജനുവരി 11 വരെ കിട്ടിയത് 18.38 ലക്ഷം കോടി രൂപ. വർധന 8.82 ശതമാനം മാത്രം. മൊത്തം പിരിവ് 4.4 ശതമാനമേ വർധിച്ചിരുന്നുള്ളൂ. റീഫണ്ടുകൾ കുറച്ചതു വഴിയാണ് അറ്റ വരുമാനം ഇത്രയെങ്കിലും എത്തിയത്. ധനകാര്യ വർഷം അവസാനിക്കുമ്പോൾ നികുതിപിരിവിൽ ഒന്നരലക്ഷം കോടി രൂപയുടെ കുറവ് വരാം എന്നാണ് വിദഗ്ധരുടെ നിഗമനം. സെപ്റ്റംബറിൽ ജിഎസ്ടി വെട്ടിക്കുറച്ചതു വഴി 40,000 കോടി രൂപയെങ്കിലും നഷ്ടം വരാം. കസ്റ്റംസ് ഡ്യൂട്ടി വരുമാനവും ഗണ്യമായി കുറയും.
ലാഭവീതം കൂടി
എന്നാൽ നികുതിയിതര വരുമാനത്തിലും പെട്രോളിയത്തിന്റെ എക്സൈസ് ഡ്യൂട്ടിയിലും വർധന ഉണ്ടാകും. റിസർവ് ബാങ്കിൽനിന്നുള്ള ലാഭവീതം ഗണ്യമായി കൂടി. ഇക്കൊല്ലം 2.69 ലക്ഷം കോടി ലഭിച്ചു. ബജറ്റ് പ്രതീക്ഷയേക്കാൾ കൂടുതലാണിത്. പൊതുമേഖലാ ബാങ്കുകളുടെ ലാഭവീതവും കൂടി. കഴിഞ്ഞ ഏപ്രിലിൽ ഡ്യൂട്ടി കൂട്ടിയത് പെട്രോളിയത്തിൽനിന്നുള്ള വരുമാനം വർധിപ്പിച്ചു. എന്നാൽ, നികുതിയിലെ കുറവ് പരിഹരിക്കാൻ ഇവ മതിയാകുകയില്ല.
ഓഹരിവിൽപനയിൽ കാര്യമായ പ്രതീക്ഷ വച്ചിരുന്നതാണ്. ഐഡിബിഐ ബാങ്ക് വിറ്റ് 30,000 കോടിയിലധികം രൂപ ഉണ്ടാക്കാം എന്നു കരുതി. പക്ഷേ, വിൽപന മാർച്ചിനകം നടക്കുമെന്ന സൂചനയില്ല. വേറെ അഞ്ച് ബാങ്കുകളുടെ കുറേ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതിൽ രണ്ടെണ്ണമേ നടന്നുളളൂ.
മൊത്തത്തിൽ വരവു കുറവാകും. സ്വാഭാവികമായും ചെലവു കുറയ്ക്കേണ്ടി വരും. മൂലധനച്ചെലവ് കുറയ്ക്കുകയില്ല എന്ന് മന്ത്രി പറയുന്നു. അപ്പോൾ മറ്റു ചെലവുകളിൽ കത്തി വയ്ക്കും.
പ്രതിരോധ വാങ്ങലുകൾ വൈകുന്നു
പ്രതിരോധ മേഖലയിൽ ഉദ്ദേശിച്ചത്ര മൂലധനച്ചെലവ് ഉണ്ടാകില്ല എന്നു വ്യക്തം. പ്രഖ്യാപനങ്ങൾ നിരന്തരം നടക്കുന്നുണ്ടെങ്കിലും ആയുധങ്ങളും വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതു കുറവാണ്. കരാർ എടുത്ത കമ്പനികൾ യഥാസമയം നിർമിച്ചു നൽകാത്തത് ഒരു പ്രധാന കാരണമാണ്. ഇന്ത്യൻ കമ്പനികളും വിദേശകമ്പനികളും ഇക്കാര്യത്തിൽ ഒരുപോലെ പ്രശ്നക്കാരാണ്.
തേജസ് എംകെ1എ പോർവിമാനങ്ങൾ നൽകുന്നതിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡും അതിന് എൻജിൻ നൽകേണ്ട അമേരിക്കൻ കമ്പനി ജനറൽ ഇലക്ട്രിക്കും വീഴ്ചവരുത്തുന്നു. വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് ഇതേപ്പറ്റി ഏതാനും മാസം മുൻപ് പരസ്യമായി വിമർശനം നടത്തിയിരുന്നു. ഇസ്രയേലിൽനിന്നുള്ള ഡ്രോണുകളും റഷ്യയിൽനിന്നുള്ള മിസൈൽ പ്രതിരോധ സംവിധാനം എസ് 400 ഉം കിട്ടുന്നതിലെ താമസത്തെപ്പറ്റി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗും തുറന്നുപറയുകയുണ്ടായി. ഇസ്രയേലിൽനിന്നു കിട്ടേണ്ട ഡ്രോണുകൾ (ഹെറോൺ മാർക്ക് 2, ഹെർമസ് 900) വൈകുന്നത് മൂന്നു സേനാവിഭാഗങ്ങൾക്കും പ്രശ്നമാണ്. ഇവ അടക്കം ഓർഡർ ചെയ്ത സാധനങ്ങൾ യഥാസമയം കിട്ടാത്തതുമൂലം പ്രതിരോധ മൂലധന ബജറ്റ് മുഴുവനായി ഉപയോഗിക്കില്ല. അതു ധനമന്ത്രിക്ക് സഹായമാകാം. 1.8 ലക്ഷം കോടി രൂപയാണ് ഈ വർഷം ബജറ്റിൽ പ്രതിരോധ മൂലധനച്ചെലവായി നീക്കിവച്ചത്. ആറു മാസം പിന്നിട്ടപ്പോൾ 51 ശതമാനം തുക വിനിയോഗിച്ചിരുന്നു.
മൂലധനനിക്ഷേപം വരുന്നില്ല
ബജറ്റ് നേരിടുന്ന ഏറ്റവും വലിയ വിഷയം രാജ്യത്തെ വ്യവസായ നിക്ഷേപം വർധിപ്പിക്കലാണ്. ഫാക്ടറി ഉത്പാദനം വർധിപ്പിക്കാൻ ആരംഭിച്ച പിഎൽഐ (ഉത്പാദന ബന്ധിത പ്രോത്സാഹനം) സ്കീം പോലുള്ളവ ഉദ്ദേശിച്ചത്ര വിജയം നേടിയിട്ടില്ല. ചൈനയിൽനിന്നും മറ്റും ഇന്ത്യയിലേക്കു ഫാക്ടറികൾ പറിച്ചുനടും എന്ന പ്രതീക്ഷ ഡോണൾഡ് ട്രംപിന്റെ നയങ്ങൾ മൂലം ഇല്ലാതായി. ചൈനയിൽനിന്ന് മാറുന്ന കമ്പനികൾ വിയറ്റ്നാമിലും ഇന്തോനേഷ്യയിലും മറ്റുമാണു ചെല്ലുന്നത്. ട്രംപിന്റെ തീരുവ ആക്രമണം ഇന്ത്യയിലെ കയറ്റുമതി വ്യവസായികളുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു.
ഗവൺമെന്റ് മൂലധനമിറക്കി അടിസ്ഥാന സൗകര്യങ്ങൾ (റോഡ്, റെയിൽവേ, തുറമുഖങ്ങൾ) ഒരുക്കിയാൽ സ്വകാര്യമേഖല മൂലധന നിക്ഷേപം നടത്തി വ്യവസായം വളർത്തും എന്നായിരുന്നു പ്രതീക്ഷ. കോവിഡനന്തര കാലത്ത് അടിസ്ഥാനസൗകര്യ മേഖലയിൽ വലിയ നിക്ഷേപം സർക്കാർ നടത്തി. പക്ഷേ, സ്വകാര്യമേഖല ഒന്നും ചെയ്തില്ല. ജനങ്ങളുടെ ഉപഭോഗം കൂടിയാൽ കമ്പനികൾ മുതൽമുടക്കും എന്ന് പലരും പറഞ്ഞു. ഉപഭോഗം വർധിച്ചു, ജിഎസ്ടി കുറച്ചത് വീണ്ടും ഉപഭോഗം കൂട്ടി. പക്ഷേ മുലധനനിക്ഷേപം വർധിച്ചില്ല.
ഇനി നിർമല സീതാരാമൻ എന്തു ചെയ്യും? ഞായറാഴ്ച അതിനുള്ള ഉത്തരം ലഭിക്കും എന്നു കരുതാം.
(തുടരും)
സഞ്ചിത നിധി (Consolidated Fund of India): വായ്പയടക്കം സർക്കാരിൽ എത്തുന്ന എല്ലാ വരുമാനവും അടങ്ങിയതാണ് ഇന്ത്യയുടെ സഞ്ചിതനിധി. ഇതിലെ പണം ചെലവഴിക്കാൻ ലോക്സഭ ധനബില്ലിലൂടെ അനുമതി നൽകണം.
വാർഷിക ധനകാര്യ പ്രസ്താവന (Annual Financial Statement): ഒരു ധനകാര്യ വർഷം പ്രതീക്ഷിക്കുന്ന വരവും ചെലവും സംബന്ധിച്ചു വിശദമായ കണക്ക്. ഏപ്രിൽ ഒന്നു മുതൽ അടുത്ത മാർച്ച് 31 വരെയാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ള ധനകാര്യ വർഷം.
ധനകാര്യ ബിൽ (Finance Bill): ബജറ്റിലെ നികുതിനിർദേശങ്ങൾക്കു നിയമപ്രാബല്യം നൽകാനുള്ള ബിൽ.
റവന്യു (Revenue), മൂലധനം (Capital): ബജറ്റിലെ വരവുചെലവുകളെ റവന്യു, മൂലധനം എന്നു രണ്ടായി തിരിക്കുന്നു.
വരവിനങ്ങൾ: നികുതികൾ, ഫീസ്, ചാർജ്, പലിശ, പൊതുമേഖലയുടെ ലാഭവിഹിതം, സ്പെക്ട്രം വിൽപന, കൽക്കരിയുടെയും ധാതുക്കളുടെയും റോയൽറ്റി തുടങ്ങിയവ റവന്യു വരവിൽ പെടുന്നു. മൂലധനവരവിൽ പെടുന്നതു സ്വദേശിയും വിദേശിയുമായ കടങ്ങൾ, നൽകിയ കടങ്ങൾ തിരിച്ചു കിട്ടുന്നത്, പൊതുമേഖലാ ഓഹരികൾ വിറ്റു കിട്ടുന്ന തുക തുടങ്ങിയവയാണ്.
ചെലവുകൾ: റവന്യു ചെലവിൽ വരുന്നത് ശമ്പളം, പെൻഷൻ, അലവൻസുകൾ, ഭരണച്ചെലവുകൾ, സബ്സിഡി, വായ്പയുടെ പലിശ, ദുരിതാശ്വാസം തുടങ്ങിയവയാണ്. കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങി നാനാവിധ ആസ്തികളുടെ നിർമാണച്ചെലവും സംസ്ഥാനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നൽകുന്ന വായ്പകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപവും മൂലധനച്ചെലവിൽ വരും.
റവന്യു കമ്മി (Revenue Deficit): റവന്യു ചെലവ് റവന്യു വരുമാനത്തേക്കാൾ കൂടുമ്പോൾ വരുന്നത്.
ധനകമ്മി (Fiscal Deficit): ചെലവ് വരവിനേക്കാൾ കൂടുതലായാൽ വരുന്നത്. അധികച്ചെലവിനായി കടമെടുക്കും. കടപ്പത്രങ്ങളും ദേശീയ സമ്പാദ്യ പദ്ധതിയിലെ നിക്ഷേപങ്ങളും ഉപയോഗിച്ചാണു കമ്മി നികത്തുന്നത്. ഇവയ്ക്കെല്ലാം പലിശ നൽകണം.
ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം): രാജ്യത്ത് ഒരു വർഷം ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെയും നടക്കുന്ന സേവനങ്ങളുടെയും മൊത്തം മൂല്യം.
പ്രത്യക്ഷ നികുതി (Direct Tax): വരുമാനത്തിന്മേൽ നേരിട്ടു ചുമത്തുന്ന നികുതികൾ. വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി, ഓഹരി കൈമാറ്റ നികുതി (Securities Transaction Tax), മൂലധനനേട്ട നികുതി (Capital Gains Tax) എന്നിവ.
പരോക്ഷനികുതി (Indirect Tax): ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ചുമത്തുന്ന നികുതികൾ. ചരക്കുസേവന നികുതി (ജിഎസ്ടി), എക്സൈസ് ഡ്യൂട്ടി, ഇറക്കുമതിക്കും കയറ്റുമതിക്കും ഉള്ള കസ്റ്റംസ് ഡ്യൂട്ടി, ഉത്പന്നങ്ങൾക്കുള്ള സെസ് തുടങ്ങിയവ.
ബജറ്റ് എസ്റ്റിമേറ്റ് (Budget Estimate): ഏപ്രിൽ ഒന്നിനു തുടങ്ങുന്ന ധനകാര്യവർഷത്തെ വരവുചെലവ് അടങ്കൽ.
പുതുക്കിയ എസ്റ്റിമേറ്റ് (Revised Estimate): മാർച്ച് 31-ന് അവസാനിക്കുന്ന ധനകാര്യവർഷത്തെ വരവു ചെലവ് അടങ്കൽ പുതുക്കിയത്.
ഗിലറ്റിൻ (Guillotine): സമയക്കുറവ് മൂലം ചർച്ച ഇല്ലാതെ ധനാഭ്യർഥനകൾ പാസാക്കുന്നത്.
ധനകാര്യനയം (Fiscal policy): നികുതിയും സർക്കാർ ചെലവും സംബന്ധിച്ച നയം. എവിടെനിന്നു പിരിച്ച് എവിടെ ചെലവാക്കണം എന്ന നയം കേന്ദ്രസർക്കാർ രൂപപ്പെടുത്തി ബജറ്റിലൂടെ അവതരിപ്പിക്കുന്നു.
പണനയം (Monetary Policy): പണലഭ്യത ക്രമീകരിച്ച് വിലക്കയറ്റം നിയന്ത്രിക്കാനും വളർച്ച ഉറപ്പാക്കാനും ഉള്ള നയം. ഇതു റിസർവ് ബാങ്ക് രൂപപ്പെടുത്തുന്നു. പലിശയുടെ താക്കോൽ നിരക്കുകൾ കൂട്ടിയും കുറച്ചുമാണ് ഇതു ചെയ്യുന്നത്.
Tags : Budget 2026-27 Revenue investment decreasing nirmala sitharaman