“ഒരു വര്‍ഷത്തേക്ക് ഒരു വിള വളര്‍ത്തണമെങ്കില്‍, ചോളം നടുക. പതിറ്റാണ്ടുകള്‍ക്കായി ഒരു വിള വളര്‍ത്തണമെങ്കില്‍, മരങ്ങള്‍ നടുക. നൂറ്റാണ്ടുകളിലേക്കായി ഒരു വിള വളര്‍ത്തണമെങ്കില്‍, മനുഷ്യരെ വളര്‍ത്തുക. നിത്യതയ്ക്കായി ഒരു വിള നടണമെങ്കില്‍, ജനാധിപത്യങ്ങളെ വളര്‍ത്തുക.” - പ്രായോഗിക വനവത്കരണത്തിനായുള്ള അമേരിക്കയിലെ ബില്‍റ്റ്മോര്‍ ഫോറസ്റ്റ് സ്കൂളിന്റെ സ്ഥാപകനായ കാള്‍ എ ഷെങ്ക് നൂറ്റാണ്ടു മുമ്പേ പറഞ്ഞതാണിത്. ജര്‍മനിയിലെ ദറംസ്റ്റാട്ട് നഗരത്തില്‍ 1868ല്‍ ജനിച്ച ഇദ്ദേഹം അമേരിക്കയിലെത്തി അധ്യാപകനായ ആളാണ്.
ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവ് (മദര്‍ ഓഫ് ഡൊമോക്രസി) എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. സ്വാതന്ത്ര്യം, സമത്വം, നിയമവാഴ്ച എന്നീ തത്വങ്ങളില്‍ വേരൂന്നിയതും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സ്ഥിരതയുള്ള, ഊര്‍ജസ്വലമായ സംവിധാനമായാണ് ഇന്ത്യന്‍ ജനാധിപത്യം ആഘോഷിക്കപ്പെടുന്നത്. മറ്റൊരു പ്രബല ജനാധിപത്യ രാജ്യമാണ് അമേരിക്ക. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ പ്രഖ്യാപിച്ചതാണ് വലിയ വാര്‍ത്ത. എന്നാല്‍, രണ്ടു രാജ്യങ്ങളിലെയും ജനാധിപത്യം പല തരത്തിലുള്ള വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്.
► തുല്യാവസരങ്ങള് പ്രധാനം
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യാവസരങ്ങള് നല്കി ദുര്‍ബലരെ ശക്തീകരിക്കുന്ന സംവിധാനമായി മഹാത്മാഗാന്ധി ജനാധിപത്യത്തെ നിര്‍വചിച്ചിട്ടുണ്ട്. “ജനാധിപത്യത്തിനു കീഴില്‍, അഭിപ്രായസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും അസൂയയോടെ സംരക്ഷിക്കപ്പെടുന്നു” എന്നും ഗാന്ധിജി പറഞ്ഞു. ജനാധിപത്യത്തിലൂടെ രാജാക്കന്മാര് പോകുകയും അധികാരം ജനങ്ങളുടെതാകുകയും ചെയ്യുന്നുവെന്ന് സ്വാമി വിവേകാനന്ദനും ചൂണ്ടിക്കാട്ടുന്നു.
“സ്വതന്ത്രവും നീതിയുക്തവും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ പ്രവേശിക്കാവുന്നതുമായ (ആക്സസ് ചെയ്യാവുന്നത്) രീതിയില്‍ നടത്തുന്ന സമാധാനപരമായ സംഭാഷണവും പങ്കാളിത്തവുമാണ് ജനാധിപത്യത്തിന്റെ സവിശേഷത. ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയെ സത്യസന്ധമായി ജനാധിപത്യം പ്രതിഫലിപ്പിക്കുന്നു.” കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പറയുന്നതാണിത്. പക്ഷേ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥ ഫലത്തില്‍ ഇതൊന്നുമല്ല.
► നവകാല രാജാക്കന്മാര് വേണ്ട
ജനങ്ങളില്‍ ഒരാളായി എളിമയും ലാളിത്യവും പ്രതിബദ്ധതയും കഠിനാധ്വാനവും സമര്പ്പണവുംകൊണ്ടു ജനഹൃദയങ്ങളില്‍ കുടിയേറി ജനസേവകര്‍ ആകേണ്ടവരാണ് രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍, മിക്ക ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുതല്‍ ചില ന്യായാധിപന്മാര് വരെയുള്ളവര്‍ നവകാല രാജാക്കന്മാരായി സുരക്ഷയുടെ മറവിലാണു ജനങ്ങളെ അകറ്റുന്നത്. വ്യക്തിപൂജ, കുടുംബാധിപത്യം, മക്കള്‍ സ്നേഹം, ചങ്ങാത്ത മുതലാളിത്തം, ജാതി-മത പ്രീണനം തുടങ്ങി പലതും ജനാധിപത്യത്തിന്റെ അന്തഃസത്ത ചോര്‍ത്തുന്നു.
പൊതുജനാഭിപ്രായമാണു ജനാധിപത്യത്തിന്റെ പ്രധാന ശക്തി. ഇപ്പോഴിതു ചങ്ങാത്ത മുതലാളിമാരും ജാതി-മത നേതാക്കളുമാണെന്നതാണു ദുരന്തം. ഭരണഘടനയുടെ സാരാംശത്തിനും ആത്മാവിനും വിരുദ്ധമായ പലതും വിവിധ ജനകീയ സര്‍ക്കാരുകള്‍ ഉളുപ്പില്ലാതെ, മറയില്ലാതെ നടപ്പാക്കുന്നു. ജനാധിപത്യത്തിന്റെ പേരു പറഞ്ഞുള്ള ജനാധിപത്യ ധ്വംസനങ്ങളും വ്യാപകമായി.
► പാര്‍ലമെന്റ് ദുര്‍ബലപ്പെടരുത്
ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ ശൈലിയിലുള്ള സംവിധാനത്തിലാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം സ്ഥാപിതമായത്. ജനകീയ പരമാധികാരം, ഫെഡറലിസം, അധികാരങ്ങളുടെ വേര്‍തിരിവ്, സ്വതന്ത്ര ജുഡീഷറി എന്നിവയെല്ലാം ഇതിന്റെ അടിസ്ഥാനശിലകളാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയെല്ലാം ഭരണഘടനയിലൂടെ ഉറപ്പാക്കിയിട്ടുമുണ്ട്. ഉത്തരവാദിത്വവും സ്ഥിരതയുമുള്ള സര്‍ക്കാരും ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തിന്റെ കരുത്താണ്. ജനകീയ പരമാധികാരവും ജനാഭിലാഷവും പ്രകടമാക്കുന്നതാണു നിയമനിര്‍മാണ സഭകള്‍.
സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റ്. പാര്ലമെന്റില്നിന്നാണ് എക്സിക്യൂട്ടീവ് എന്ന ഭരണകൂടം ഉരുത്തിരിയുന്നത്. യഥാര്‍ഥ എക്സിക്യൂട്ടീവ് അധികാരം പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കുമാണ്. മന്ത്രിമാരുടെ കൗണ്‍സിലിന് (എക്സിക്യൂട്ടീവ്) ലോക്സഭയോടു കൂട്ടായി ഉത്തരവാദിത്വമാണ്. രാഷ്ട്രപതിയാണു പാര്‍ലമെന്റിന്റെയും ഭരണസംവിധാനത്തിന്റെയും തലപ്പത്ത്. നിയമനിര്‍മാണ സഭയായ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ഒരു നികുതിയും ചെലവും നടപ്പാക്കാന്‍ കഴിയില്ല.
► പരമോന്നതമാണു ഭരണഘടന
നിയമനിര്‍മാണ സഭയുടെ ഭാഗമാണ് എക്സിക്യൂട്ടീവ് എങ്കിലും, ജുഡീഷറി സ്വതന്ത്രമാണ്. ജുഡീഷല്‍ അവലോകനത്തിലൂടെ ഭരണഘടനയുടെ മേധാവിത്വവും ഉറപ്പാക്കുന്നു. നിയമവാഴ്ച ഉറപ്പാക്കുകയെന്നത് പ്രധാനമാണ്. എല്ലാ പൗരന്മാരും നിയമത്തിനു മുന്നില്‍ തുല്യരാണ്. ഏകപക്ഷീയമായ അധികാരത്തിനു പകരം നിയമപരമായ ചട്ടക്കൂടുകളാലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഏകീകൃത സവിശേഷതകളുള്ള ഫെഡറല്‍ സംവിധാനമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു കരുത്ത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണു ലക്ഷ്യം. അധികാര, സാമ്പത്തിക വിതരണത്തിലൂടെയാണു ഫെഡറല്‍ സംവിധാനം ശക്തിപ്പെടുക. മതനിരപേക്ഷതയാണു ജനാധിപത്യത്തിന്റെ പ്രധാന ശക്തി. ഒരു മതത്തോടും സര്‍ക്കാരിനു വിവേചനം പാടില്ല. എല്ലാ വിശ്വാസങ്ങളെയും തുല്യമായി പരിഗണിക്കണമെന്നു ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഭരണഘടനയാണ് പരമോന്നത നിയമം. മൗലികാവകാശങ്ങളും (അനുച്ഛേദം 14 മുതല്‍ 30 വരെ) സംസ്ഥാന നയത്തിന്റെ നിര്‍ദേശക തത്വങ്ങളും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നു.
► പ്രതിപക്ഷമാണു കാവല്ക്കാരന്
ജനാധിപത്യത്തിന്റെ ഉപയോഗപ്രദവും അനിവാര്യവുമായ ഘടകമാണ് പ്രതിപക്ഷം. ഉത്തരവാദിത്വമുള്ളതും സുതാര്യവുമായ സര്‍ക്കാര്‍ ഉറപ്പാക്കുന്നതില്‍ പ്രതിപക്ഷത്തിനു വലിയ പങ്കുണ്ട്. ആഫ്രിക്കന്‍ പാര്‍ലമെന്റുകളിലെ ഭൂരിപക്ഷ, ന്യൂനപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് 1999ല്‍ വികസിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന്റെ ഫലപ്രദമായ സംഭാവന ഉറപ്പാക്കുന്ന നിയമങ്ങളിലേക്കുള്ള ആദ്യപടിയാണിത്. ഇന്ത്യയിലും റഫറന്‍സ് ആക്കാവുന്നതാണിത്. പ്രതിപക്ഷത്തിന്റെ പരാജയം അനിയന്ത്രിതമായ എക്സിക്യൂട്ടീവിലേക്കു നയിച്ചേക്കാം. ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ പോലുമുള്ള സാധ്യത ഇതിലുണ്ട്.
ഭരണത്തിലുള്ള സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം തടയുന്നതിനുള്ള കാവല്‍ക്കാരനായാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കേണ്ടത്. എക്സിക്യൂട്ടീവ് നടപടികള്‍, നയങ്ങള്‍, ചെലവുകള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ പ്രധാന റോളുകളില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും മന്ത്രിമാരെ ചോദ്യം ചെയ്യുകയും പൊതുതാത്പര്യം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം, മികച്ച ഭരണം പ്രോത്സാഹിപ്പിക്കുന്നതിനു രാഷ്ട്രതന്ത്രജ്ഞതയോടെ പ്രതിപക്ഷം കടമ നിറവേറ്റണം.
► ചെറുതല്ല, പ്രതിപക്ഷനേതാവ്
ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും പ്രധാന പദവിയാണ് പ്രതിപക്ഷ നേതാവ് (ലീഡര്‍ ഓഫ് ഓപ്പോസിഷന്‍-എല്‍ഒപി). നിഴല്‍ പ്രധാനമന്ത്രി (ഷാഡോ പ്രധാനമന്ത്രി) എന്നാണു വിളിക്കുക. ഓഫീസ്, സ്റ്റാഫ് സൗകര്യങ്ങള്‍, ശമ്പളം, ആനുകൂല്യങ്ങള്‍ അടക്കം കാബിനറ്റ് മന്ത്രിയുടെ പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. 1977 മുതല്‍ നിയമപരമായ പദവിയാണിത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ നേരിട്ട് അഭിമുഖീകരിച്ച് പ്രതിപക്ഷ നിരയുടെ നായകസ്ഥാനത്താണ് എല്ഒപിയുടെ സീറ്റ്. ഇന്ത്യയിലെ മുന്‍ഗണനാ ക്രമത്തില്‍ പ്രതിപക്ഷ നേതാവിന് ഏഴാം സ്ഥാനമുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുതല്‍ ലോക്പാല്‍, സിബിഐ, സിവിസി (വിജിലന്‍സ് കമ്മീഷണര്‍), മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി), ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ (സിഐസി) പോലുള്ള നിര്‍ണായക ദേശീയ തസ്തികകളിലേക്കുള്ള സ്റ്റാറ്റ്യൂട്ടറി സമിതികളുടെ തലവന്മാരെയും അംഗങ്ങളെയും നിയമിക്കുന്ന ഉന്നതാധികാര സമിതിയില്‍ പ്രധാനമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവിനും അംഗത്വമുണ്ട്. ഭരണകക്ഷി വീണാല്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ചു രാജ്യഭരണം ഏറ്റെടുക്കാന്‍പോലും പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്താവുന്നതാണ്.
► ജനാധിപത്യത്തിനു കളങ്കം
ഭൂരിപക്ഷത്തിന്റേതു മാത്രമല്ല രാജ്യവും സര്‍ക്കാരും. ന്യൂനപക്ഷ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുകയെന്നതിനും നിയമനിര്‍മാണം അവലോകനം ചെയ്യുന്നതിനും പ്രതിപക്ഷത്തിനു വലിയ പങ്കുണ്ട്. ക്രിയാത്മക വിമര്‍ശനം പ്രതിപക്ഷ കടമയാണ്. രാജ്യത്തിനു ദോഷം വരുത്തുന്ന നടപടികളെ എതിര്‍ക്കുകയും ജനാധിപത്യ പരിശോധനകളും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനും പ്രതിപക്ഷത്തിന്റെ കടമ മുഖ്യമാണ്.
പക്ഷേ, ഇതൊന്നുമല്ല ഇന്ത്യന്‍ പാര്‍ലമെന്റില്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍പോലും അനുവദിക്കാതിരുന്ന നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിനു കളങ്കമാണ്. പ്രതിപക്ഷ വീക്ഷണങ്ങളുടെ പ്രാഥമിക പ്രതിനിധിയാണ് പ്രതിപക്ഷ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷവും തുനിഞ്ഞു. പക്ഷേ പ്രതിപക്ഷത്തെ ഭയന്നു പ്രധാനമന്ത്രി ലോക്സഭയില്‍ മറുപടി പറയാതിരുന്നതു കൂടുതല്‍ തെറ്റായി.
► തെറ്റുതിരുത്തലിന് ഒന്നിക്കുക
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ നടന്നത് ആവര്‍ത്തിക്കപ്പെടരുത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ പ്രതിപക്ഷനേതാവിനെ തടസപ്പെടുത്തിയതു ജനാധിപത്യത്തിനു ഭൂഷണമല്ല. മുതിര്‍ന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെ നിശബ്ദമാക്കിയതിനെതിരേ പ്രതിഷേധിച്ച ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടക്കം എട്ട് എംപിമാരെ ബജറ്റ് സമ്മേളനം തീരുന്ന ഏപ്രില്‍ രണ്ടു വരെ സസ്പെന്‍ഡ് ചെയ്തതും നല്ല സൂചനയല്ല.
പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത്, പ്രതിപക്ഷനേതാവിനു ന്യായവും അര്‍ഹവുമായ ബഹുമാനവും അവസരങ്ങളും ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പാര്‍ലമെന്റിനുള്ള പ്രതിപക്ഷ നേതാവിന്റെ അടക്കം എല്ലാ അംഗങ്ങളുടെയും അവകാശം പൂര്‍ണമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സഭാധ്യക്ഷന്റേതാണ്.
►വെള്ളം ചേര്‍ക്കാതെ കാക്കാം
പാര്‍ലമെന്ററി ജനാധിപത്യത്തിലെ തെറ്റുതിരുത്തലിനും തെറ്റായ പ്രവണതകള്‍ക്കു കടിഞ്ഞാണിടാനും സര്‍ക്കാരും പ്രതിപക്ഷവും പരസ്പര ബഹുമാനത്തോടെ യോജിക്കേണ്ടതുണ്ട്. ഭരണഘടനയിലും ജനാധിപത്യത്തിലും വെള്ളം ചേര്‍ത്താല്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാകും. ജനാധിപത്യത്തിന്റെ ദുരവസ്ഥ രാജ്യത്തു ചര്‍ച്ചയാകേണ്ടതും തിരുത്താനാവശ്യമായ പൊതുസമ്മര്‍ദം രൂപപ്പെടേണ്ടതുമുണ്ട്.