അ മ്മയോടൊപ്പം മണര്‍കാട് പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളിനു പോകുന്നത് ഇന്നും നല്ല ഓര്‍മയുണ്ട് നിയുക്ത ബിഷപ് മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാന്. കുഞ്ഞായിരിക്കുമ്പോള്‍ വൈദികന് കാസയും പീലാസയും ഉയര്‍ത്തി ആശീര്‍വദിക്കുന്ന സമയത്ത് അമ്മ എടുത്തുയര്ത്തിക്കാണിക്കും. കുഞ്ഞുനാളില്‍ മണര്‍കാട് പള്ളിയിലെ ആരാധനയും പാട്ടുമെല്ലാം മനസില്‍ പതിഞ്ഞിരുന്നു. അക്കാലത്തുതന്നെയാണ് അച്ചനാകണമെന്നുള്ള ആഗ്രഹം മനസിലുണ്ടായതും. ഹൈസ്കൂള്‍ കാലഘട്ടം മുതല്‍ നോമ്പെടുക്കുന്നത് ഓര്‍മയുണ്ട്. അമ്മയാണ് ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുക. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട വൈദിക ജീവിതത്തിനു ശേഷം പുതിയ നിയോഗത്തിലേക്കു കടക്കുന്ന നിയുക്ത ബിഷപ് മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാന് ദീപികയുമായി മനസു തുറക്കുന്നു.
ആത്മീയ പശ്ചാത്തലം
സ്കൂള്‍ കാലഘട്ടത്തിലാണ് വൈദികനാകണമെന്ന് ഉറപ്പിച്ചതെങ്കിലും ചെറുപ്പം മുതല്‍ ഞങ്ങളുടെ കുടുംബത്തിനു തീഷ്ണമായ ആത്മീയമായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. അന്ന് പിഒസി ബൈബിളൊന്നും ആയിട്ടില്ലെങ്കിലും ചെറുപ്പം മുതല്‍ അമ്മ ഞങ്ങളെ സത്യവേദ പുസ്തകത്തില്‍ സങ്കീര്‍ത്തനങ്ങള്‍ വായിപ്പിക്കും. പിന്നെ പാട്ടുകള്‍ പാടും. കുഞ്ഞുനാള് മുതല്‍ കുടുംബപ്രാര്‍ഥനകള്‍ ഒന്നും മുടങ്ങിയിട്ടില്ല. 10-ാം ക്ലാസ് കഴിഞ്ഞതോടെ വൈദികനാകണമെന്ന ആഗ്രഹം കലശലായി. അങ്ങനെയാണ് തിരുവല്ല മൈനര്‍ സെമിനാരിയില്‍ ചേരുന്നതും പിന്നീട് വൈദികനാകുന്നതും. ഇതിനു കുടുംബത്തിന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നു.
വൈദികനില്‍നിന്നു ബിഷപ്പിലേക്ക്
വൈദികനില്‍നിന്നും പുതിയ ശുശ്രൂഷയിലേക്കു മാറുമ്പോള്‍ ജീവിതക്രമത്തിലും മാറ്റം വരും. സൗഹൃദത്തിന്റെ പല തലങ്ങളും ശുശ്രൂഷയുടെ പുതിയ തലത്തിലേക്കു മാറും. വിശ്വാസം മാത്രമല്ല വിശ്വാസവും വിശ്വാസികളുടെ ഒരുമിപ്പിക്കലുമെല്ലാം വലിയ ഉത്തരവാദിത്വങ്ങളാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ടുപോകണം. ഒരു ശുശ്രൂഷയിലേക്ക് ദൈവം നമ്മെ വിളിക്കുമ്പോള്‍ അതു ചെയ്യാനുള്ള കൃപ കൂടി ദൈവം തരും.
പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ നിന്നുള്ള ‘എന്റെ കൃപ നിനക്കു മതി’ എന്ന ആപ്ത വാക്യമാണ് ഞാന്‍ എടുത്തിരിക്കുന്നത്. ദൈവത്തിന്റെ കൃപയിലും ദൈവാശ്രയത്തിലും മാത്രം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഒന്നാണ് ഇത്. മറ്റെല്ലാ കാര്യവും സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ചു പൂര്‍ത്തിയാക്കാം. എന്നാല്‍ ദൈവകൃപയില്ലാതെ ഇടയശുശ്രൂഷ മുന്നോട്ടു കൊണ്ടുപോകാനാകില്ല. വൈദിക ജീവിതത്തിലെ അനുഭവങ്ങളും അതാണ് പഠിപ്പിച്ചിട്ടുള്ളത്.
യുകെയിലെ അജപാലക ശുശ്രൂഷ
2021ലാണ് അജപാലക ശുശ്രൂഷയ്ക്കായി യുകെയിലേക്കു പോകുന്നത്. ക്രൈസ്തവ വിശ്വാസികളെ ഏകോപിപ്പിക്കുകയും അവരെ വിശ്വാസജീവിതത്തില്‍ നയിക്കുകയും ചെയ്യുക വളരെ ഉത്തരവാദിത്വപ്പെട്ട ജോലിയാണ്. എന്നാല്‍, വിശ്വാസവഴിയില്‍ ജീവിക്കുന്നതിന് ആഗ്രഹിക്കുന്ന ഒട്ടേറെപേര്‍ അവിടെയുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്കു വളരെ അകലെനിന്നെല്ലാം വിശ്വാസികളെത്തും. മലങ്കര സഭാസമൂഹം ആരാധനയോടു വലിയ താത്പര്യമുള്ളവരാണ്. വളരെ വലിയ വൈകാരികബന്ധം അവര്‍ക്കു സഭയോടും ആരാധനാ ക്രമത്തോടും ഉണ്ട്. അതു രക്തത്തില്തന്നെയുള്ളതാണ്. ക്രിസ്മസും ഈസ്റ്ററുംപോലെ പ്രാധാന്യമുള്ള സമയത്ത് അള്‍ത്താരയുടെ മുന്നില്‍വന്നു പ്രാര്‍ഥിച്ച് അനുഗ്രഹം നേടണമെന്ന ആഗ്രഹമുള്ളവരാണ് അവര്‍. പഠിക്കാനായി നാട്ടില്‍നിന്നു വരുന്ന പലരും അള്‍ത്താര ശുശ്രൂഷയ്ക്കായുള്ള കുപ്പായവുമായി വരുന്നതു കണ്ടിട്ടുണ്ട്. അവര്‍ ഞായറാഴ്ചകളില്‍ തേടിപ്പിടിച്ച് പള്ളിയില്‍ വരും. വളരെ കുറച്ചുപേര്‍ മാത്രമാണ് ആരാധനയില്‍ താത്പര്യമില്ലാത്തവരായി ഉള്ളത്. എങ്കിലും മാമ്മോദീസ, വിവാഹം പോലുള്ള അവസരങ്ങളില്‍ അവരും സഭയോടു ചേരുന്നതാണ് കണ്ടിട്ടുള്ളത്.
കേരളത്തിലേതുപോലെ വലിയ സംവിധാനങ്ങള്‍ ഇല്ലെങ്കിലും തീക്ഷ്ണമായ വിശ്വാസം പലരില്‍നിന്നും നേരിട്ടു മനസിലാക്കിയിട്ടുണ്ട്. എന്നാല്‍, വിദേശങ്ങളില്‍ യുവജനങ്ങള്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുന്ന പ്രവണതയും കണ്ടിട്ടുണ്ട്. യുവജനങ്ങളെ തിരികെയെത്തിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ അന്തഃസത്ത ബോധ്യപ്പെടുത്തിയാല്‍ മാത്രമേ യുവജനങ്ങളെ വിശ്വാസ ജീവിതത്തില്‍ നിലനിര്‍ത്താനാകൂ. യുവജനങ്ങളെ വിശ്വാസജീവിതത്തെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും ബോധ്യപ്പെടുത്തണം. ആരാധനകള്‍, നോമ്പ്, ഉപവാസം, പ്രാര്‍ഥന എല്ലാം ചേര്‍ന്ന ഒരു കാനോനിക് ഡിസിപ്ലിന്‍ ആവശ്യമാണ്. ഇതെല്ലാമാണ് വിശ്വാസം പരിപോഷിപ്പിക്കുന്നതിനു സഹായിക്കുക.
ഇംഗ്ലണ്ട് ഒരിക്കല്‍ കത്തോലിക്കാ രാജ്യമായിരുന്നു. പ്രൊട്ടസ്റ്റന്റിസം വന്നപ്പോള്‍ ക്രൈസ്തവ രാജ്യമായി. എന്നാല്‍, ഇപ്പോള്‍ ഇംഗ്ലണ്ട് ഒരു ക്രൈസ്തവ രാജ്യമെന്നു പറയാനാകില്ല. മതമില്ലാത്തവരും നിരവധിയാണ്. ക്രിസ്തീയ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സ്ഥലം. അതുകൊണ്ട് ക്രൈസ്തവര്‍ അവിടേക്കു പോകുമ്പോള്‍ വിശ്വാസമില്ലാത്തവരായിത്തീരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഈ ശുശ്രൂഷ പ്രാധാന്യമുള്ളതായി മാറുന്നത്. ഇവിടെനിന്നു യൂറോപ്പിലേക്കു പോകുന്നവര്‍ അവിടെ ജോലി ചെയ്യുന്നതിനൊപ്പം നമുക്കു ലഭിച്ചിരിക്കുന്ന ക്രിസ്തീയ വിശ്വാസം പരിപോഷിപ്പിക്കുക കൂടി ചെയ്യണം.
ക്രൈസ്തവ പീഡനങ്ങളുടെ കാലം
ലോകത്തിന്റെ പലയിടത്തും ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന കാലഘട്ടമാണ്. ക്രൈസ്തവ പീഡനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും എന്നും ദുരിതങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, എവിടെയൊക്കെ ക്രൈസ്തവ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ സഭയ്ക്കു വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. റോമിലാണ് ഏറ്റവും അധികം മതപീഡനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ക്രിസ്തുമത വിശ്വാസികളായതിന്റെ പേരില്‍ വിവരിക്കാനാകാത്ത വിധമുള്ള പീഡനങ്ങളാണ് അവിടെ ഉണ്ടായത്. എങ്കിലും അവിടെ സഭ വളര്‍ന്നിട്ടേയുള്ളൂ. എപ്പോഴെങ്കിലും ഇത്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമ്പോഴാണ് ക്രൈസ്തവ വിശ്വാസികള്‍ക്കു സ്വത്വബോധമുണ്ടാകുന്നത്. ഇതിന് ഉദാഹരണമാണ് കുറച്ചുനാള്‍ മുന്‍പ് യുകെയില്‍ ഉണ്ടായ ലണ്ടന്‍ ഈസ് ഫോര്‍ ക്രൈസ്റ്റ് എന്ന കൂട്ടായ്മ. വിശ്വാസത്തിലേക്കു തിരിച്ചുവരുന്നതിനായുള്ള ഒരു കൂട്ടായ്മയായിരുന്നു ഇത്. ഇവര്‍ നടത്തിയ പ്രകടനത്തില്‍ മൂന്നര ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്.
ഈശ്വര ചിന്ത പ്രധാനം
വിശ്വാസ ജീവിതത്തില്‍ ദൈവവിചാരം വളരെ പ്രധാനമാണ്. ദൈവവുമായുള്ള ബന്ധം, സഭയുമായുള്ള ബന്ധം, കുടുംബബന്ധങ്ങള്‍, ജോലി ഈ ക്രമത്തിലാണ് ഒരു രാജ്യത്തിന്റെ തന്നെ വളര്‍ച്ചയും അഭിവൃദ്ധിയും സ്ഥിതിചെയ്യുന്നത്. ദൈവവിചാരമുള്ള ഒരു രാജ്യം എന്നതും കുടുംബം എന്നതുമെല്ലാം പരമപ്രധാനമാണ്. അടിസ്ഥാന വിശ്വാസതത്വങ്ങള്‍ നഷ്ടപ്പെട്ടതാണ് ഇംഗ്ലണ്ടുകാര്‍ക്ക് പറ്റിയത്. കുടുംബബന്ധങ്ങളുടെ തകര്‍ച്ച സമൂഹത്തില്‍തന്നെ പ്രത്യാഘാതങ്ങളുണ്ടാക്കും. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ വിശ്വാസ ജീവിതം ഇല്ലാത്തവര്‍ക്കും ഒരു ക്രൈസ്തവ സംസ്കാരം ഉണ്ട്. ഇത് സഭയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.
മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാന്
കോട്ടയം അമയന്നൂര്‍ തടത്തില്‍ പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകന്. വൈദിക പരിശീലനം തിരുവല്ല ഇന്‍ഫന്റ് മേരീസ് മൈനര്‍ സെമിനാരിയിലും പ്രീഡിഗ്രി പഠനം ചങ്ങനാശേരി എസ്ബി കോളജിലും. തുടര്‍ന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍. 1987ല്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായാല്‍ തിരുവല്ല അതിരൂപതയിലെ വൈദികനായി അഭിഷിക്തനായി.
അജപാലന ശുശ്രൂഷയോടൊപ്പം തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദം നേടി. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. കേരളത്തില്‍ കാനം, നെടുമാവ്, ചുവന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂര്‍, ചെങ്ങരൂര്‍ എന്നീ ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചു. 2001 മുതല്‍ 2020 വരെ തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്ഷെപ്പേഡ് സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചു.
2017 മുതല്‍ 2020 വരെ മലങ്കര മേജര്‍ സെമിനാരിയുടെ റെക്ടര്‍. തിരുവല്ല അതിഭദ്രാസനത്തിന്റെ ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതിയുടെ അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധനക്രമ കമ്മീഷന് സെക്രട്ടറി, 2001 മുതല്‍ 2020 വരെ സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയും സേവനം. ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ അവഗാഹം ഉണ്ട്. 2021 മുതല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ സഭാതല കോ-ഓര്‍ഡിനേറ്റര്‍ ആയി ശുശ്രൂഷ ചെയ്തു വരികയാണ്.
Tags : faith was instilled Childhood Mon. Dr. Kuriakose Thadathil Ramban