2022 മുതൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ പ്രസിഡന്റായ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാനുമാണ്.
ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, ഡെപ്യൂട്ടി എഡിറ്റർ ഡേവിസ് പൈനാടത്ത് എന്നിവർക്കു നൽകിയ അഭിമുഖത്തിൽ, സമീപകാലത്തായി രാജ്യത്തുണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും ക്രൈസ്തവ സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിശദീകരിക്കുകയാണ് മാർ ആൻഡ്രൂസ് താഴത്ത്.
►► രാജ്യത്തെ ക്രൈസ്തവർ യഥാർഥത്തിൽ ഭയത്തിലാണോ ജീവിക്കുന്നത്
ചില സംസ്ഥാനങ്ങളിലെ ക്രൈസ്തവർ പേടിച്ചാണു കഴിയുന്നത്. അടുത്തകാലത്തായി അക്രമങ്ങൾ വളരെ കൂടിയിട്ടുണ്ട്. ഓരോ വർഷം കഴിയുന്പോഴും പ്രത്യേകിച്ച് ക്രൈസ്തവർക്കു നേരേ നടക്കുന്ന ആക്രമണങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്തകാലത്ത് ഒരു പാസ്റ്ററെ ചാണകം തീറ്റിച്ച സംഭവമുണ്ടായി. ഛത്തീസ്ഗഡിൽ സിസ്റ്റേഴ്സിനു നേരേ ആക്രമണമുണ്ടായി. അപ്പോൾ ഞാൻ അവിടത്തെ ബിഷപ്പിനെയും സിസ്റ്റേഴ്സിനെയും വിളിച്ചപ്പോൾ അവരുടെ ഭയം മനസിലാക്കാൻ കഴിഞ്ഞു. മെത്രാന്മാരും വൈദികരും സിസ്റ്റേഴ്സുമെല്ലാം ഇത്തരത്തിൽ ഭയത്തോടെയാണ് കഴിയുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസിന് ഒരുപാട് സ്ഥലത്ത് ക്രിസ്മസ് കരോളുകൾക്കും പുൽക്കൂടുകൾക്കും ക്രിസ്മസ് ആചരണങ്ങൾക്കും നേരേ ആക്രമണങ്ങളുണ്ടായി. എല്ലാ വിഭാഗത്തിലുംപെട്ട ക്രൈസ്തവർ അക്രമത്തിനിരയായി.
►► പെന്തക്കോസ്തൽ സഭാ പ്രവർത്തകരുടെ പ്രവർത്തനങ്ങളാണ് പ്രകോപനമുണ്ടാക്കുന്നത് എന്ന ആരോപണമുണ്ടല്ലോ?
പെന്തക്കോസ്തുകാർ വളരെ സജീവമായ പ്രവർത്തനം ചിലപ്പോഴെങ്കിലും നടത്തുന്നുണ്ട്. പെന്തക്കോസ്തുകാരുടെ ആക്ഷനാണ് പലപ്പോഴും പ്രകോപനങ്ങൾ ഉണ്ടാക്കുന്നതെങ്കിലും അതിന്റെ പ്രതികരണങ്ങളും ആക്രമണങ്ങളും നേരിടുന്നത് കത്തോലിക്കരും എപ്പിസ്കോപ്പൽ സഭാംഗങ്ങളുമാണ്. സഭാവസ്ത്രം ധരിച്ച് യാത്രചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെടുന്നു. പള്ളികളും കുരിശ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളും അക്രമത്തിനിരയാകുന്നു. മാത്രമല്ല യാതൊരുതരത്തിലുള്ള നിയമലംഘനം നടത്താത്തവരെയും പിടിച്ച് ജയിലിലിടുന്നു.
മൂന്നു വർഷം മുമ്പ്, അലഹബാദിലെ ഫാ. ബാബു ഫ്രാൻസിസ് നേരിട്ടത് അത്തരമൊരു പീഡനമാണ്. അദ്ദേഹത്തെ 89 ദിവസമാണ് ജയിലിലിട്ടത്. അദ്ദേഹം ഒരു അഡ്വക്കറ്റുകൂടിയാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു സ്ത്രീയുടെ ഭർത്താവിനെ ജയിലിലാക്കിയെന്ന വിവരമറിഞ്ഞ് അന്വേഷിക്കാനാണ് ഫാ. ബാബു ഫ്രാൻസിസ് പോലീസ് സ്റ്റേഷനിൽ ചെന്നത്. സ്റ്റേഷനിൽ ചെന്നപ്പോൾ അച്ചനെയും അവർ അറസ്റ്റ് ചെയ്തു. അടുത്തിടെ മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികനെയും ഇതുപോലെതന്നെയാണ് പിടിച്ചുകൊണ്ടുപോയത്. ചോദിക്കാൻ ചെന്നവരെയും കേസിൽപെടുത്തി ജയിലിലടച്ചു.
അപ്പോൾ ഇങ്ങനെ എന്തും നടക്കുന്ന ഒരുതരം വർഗീയത, മതവർഗീയത പല സംസ്ഥാനങ്ങളിലും കൂടിവരുന്നു. അതിന് ഉപോത്ബലകമായി മതപരിവർത്തന നിരോധന നിയമം ഇപ്പോൾ 12 സംസ്ഥാനങ്ങളിലായി. ഈ അടുത്തകാലത്ത് അതിന്റെപേരിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ ആക്രമണങ്ങൾ കൂടിയിട്ടുണ്ട്. മറ്റൊരുകാര്യം, പെന്തക്കോസ്തുകാർക്കും മൗലികാവകാശങ്ങളുണ്ട്. നിയം കൈയിലെടുത്ത് ആരെയും അക്രമിക്കാൻ ആർക്കും അവകാശമില്ല. പോലീസ് അതിനു കൂട്ടുനില്ക്കാനും പാടില്ല.
►► സിബിസിഐയുടെ പ്രസിഡന്റ് എന്ന നിലയിൽ ഇക്കാര്യങ്ങൾ ഭരണനേതൃത്വത്തെ അറിയിച്ചിരുന്നോ ?
ഈ വിവരം സിബിസിഐ പ്രസിഡന്റ് എന്ന നിലയ്ക്ക് രണ്ടു മൂന്നു പ്രാവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. അദ്ദേഹം സിബിസിഐ സെൻട്രലിൽ ഒരു പ്രാവശ്യം വന്നിരുന്നു. സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ പ്രധാനമന്ത്രിയെ കാണാൻ ചെന്നപ്പോൾ വലിയ സ്വീകരണമായിരുന്നു. ഞങ്ങളെ ആഘോഷമായിട്ടാണ് സ്വീകരിച്ചത്. തൃശൂരിൽനിന്ന് ജയിച്ച് മന്ത്രിയായ സുരേഷ്ഗോപിയുംകൂടി വേണമെന്നു പറഞ്ഞ് പ്രധാനമന്ത്രി സുരേഷ്ഗോപിയെയും വിളിച്ചിരുന്നു. ക്രിസ്ത്യാനികൾക്കെതിരേ ആക്രമണങ്ങൾ കൂടുന്നു എന്ന് അദ്ദേഹത്തോടു പരാതിപ്പെട്ടു. ഒരു പ്രാവശ്യം ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു. ബിജെപി നേതാക്കന്മാർ പറയുന്നത്, ഞങ്ങൾ ഇത്തരം അക്രമത്തിന് എതിരാണെന്നാണ്. ചില തീവ്രവാദ ഗ്രൂപ്പുകളാണ് പ്രശ്നമുണ്ടാക്കുന്നത്, അവർ അവിടെയും ഇവിടെയും ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ഞങ്ങളുടെ തലയിലിടുകയാണ്, ഞങ്ങളല്ല ഇതു ചെയ്യിക്കുന്നത്, ഞങ്ങൾ ഇതിനെതിരാണ്, ഞങ്ങൾ ഭരണഘടന അംഗീകരിക്കുന്നവരാണ് എന്നെല്ലാമാണ് അവർ പറയുന്നത്.
എന്നാൽ, ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുക മാത്രമല്ല, അതിശക്തമായി പ്രാവർത്തികമാക്കാൻ, അതിനെതിരേയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നേതൃത്വം കൊടുക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. മെത്രാന്മാരെ കാണുന്പോഴും സ്വകാര്യ സംഭാഷണങ്ങളിലുമൊക്കെ പറയുന്നതല്ലാതെ ബജ്റംഗ്ദൾപോലുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാക്കളും ഭരണാധികാരികളും ശക്തമായി പറയാറില്ല. ക്രൈസ്തവർക്കു നേരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഒരു പ്രസ്താവന ഇതേവരെ പാർട്ടി എന്ന നിലയിൽ ബിജെപി നേതൃത്വത്തിൽനിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യവും ഞാൻ ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് ശക്തമായ ഒരു പ്രസ്താവന നടത്തുന്നില്ല എന്ന്. എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്ന്.
►► ഇത് അക്രമത്തിനു മൗനാനുവാദം നൽകുന്ന സമീപനമല്ലേ. ബിജെപി നേതാക്കളായാലും മന്ത്രിമാരായാലും പ്രധാനമന്ത്രിയടക്കം ക്രൈസ്തവർക്ക് വലിയ പരിഗണന നൽകുന്നുവെന്നൊരു പരിവേഷം സൃഷ്ടിക്കുകയും അതേസമയം ഇത്തരം അക്രമങ്ങളെ പരസ്യമായി തള്ളിപ്പറയാതിരിക്കുകയും ചെയ്യുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു സംശയിക്കേണ്ടേ ?
ഇതുമായി ബന്ധപ്പെട്ട് ചിലരോട് ഞാൻ ചോദിച്ചപ്പോൾ, ഇതിന്റെയുള്ളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു വ്യക്തമാകുന്ന സൂചനകളാണ് കിട്ടിയത്. എന്താണെന്ന് അവർ നേരേ പറയില്ലല്ലോ. പരോക്ഷമായി പറഞ്ഞത്, ഹിന്ദു വോട്ടുകൾ ഏകീകരിച്ചു ലഭിക്കണമെങ്കിൽ വലിയ കുഴപ്പമില്ലാത്ത പൊതുശത്രുവിനെ ഉണ്ടാക്കണം. അത് ക്രിസ്ത്യാനികളാണെങ്കിൽ എളുപ്പമാണ്. ക്രിസ്ത്യാനികൾ ഒരിക്കലും തിരിച്ചടിക്കില്ല. മാത്രമല്ല ക്ഷമിക്കുന്നവരും എല്ലാവരെയും വളർത്തുന്നവരുമാണ്. അപ്പോൾ ക്രിസ്ത്യാനികളെ ശത്രുക്കളാക്കിയാൽ വലിയ കുഴപ്പമുണ്ടാവില്ല എന്നൊരു ചിന്തയുണ്ട്. അതിനാൽ പൊതുശത്രുതയുണ്ടാക്കി ഹിന്ദു വോട്ടുകൾ നേടുക. ന്യൂനപക്ഷമായ ക്രിസ്ത്യാനികളാണ് ഇപ്പോൾ കൂടുതൽ ആക്രമിക്കപ്പെടുന്നത്. മറ്റു ന്യൂനപക്ഷങ്ങളെയും പൊതുശത്രുക്കളായി കണ്ട് ഭൂരിപക്ഷത്തിന്റെ വോട്ടുകൾ ഉറപ്പാക്കുക എന്ന രാഷ്ട്രീയതന്ത്രമാണ് പയറ്റുന്നത് എന്നനുമാനിക്കാം. ഇതാരും പറഞ്ഞിട്ടില്ല, അംഗീകരിക്കുകയുമില്ല. ഇക്കാര്യം ഉറപ്പിച്ചു പറയാൻ എനിക്കു പറ്റുകയുമില്ല.
►► ചില സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിക്കൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ വിരുദ്ധതയെ കോടതിയിൽ ചോദ്യംചെയ്യുന്നതിൽ കത്തോലിക്കാ സഭയ്ക്കു വീഴ്ചയുണ്ടായിട്ടില്ലേ ?
ആദ്യംതന്നെ പറയാനുള്ളത് ക്രൈസ്തവർ നിർബന്ധ മതപരിവർത്തനത്തിന് എതിരാണ് എന്നതാണ്. നമ്മൾ ഒരിക്കലും നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നില്ല. ഇപ്പോൾ ഘർവാപസി എന്നു പറഞ്ഞ് പലേടത്തും നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട്. നമ്മുടേത് നിർബന്ധിത മതപരിവർത്തനമായിരുന്നെങ്കിൽ 2000 വർഷം പഴക്കമുള്ള ഇന്ത്യയിൽ ക്രൈസ്തവർ എന്തേ ഇത്രയും ചുരുങ്ങിയത്. യൂറോപ്പിലും മറ്റു പല രാജ്യങ്ങളിലും ക്രിസ്തുമതം വളർന്നപ്പോൾ നിർബന്ധിത മതപരിവർത്തനം നമ്മുടെ നാട്ടിൽ നടപ്പാക്കിയിരുന്നെങ്കിലോ? നിർബന്ധിത മതപരിവർത്തനത്തിന് ക്രൈസ്തവർ എതിരാണ്. അതേസമയം ക്രിസ്തു പഠിപ്പിച്ചു, ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാൻ. ഇത് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നതാണ്, ഏതൊരു മതത്തിൽ വിശ്വാസിക്കാനും അതിൽ ജീവിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്.
മതപരിവർത്തന നിരോധന നിയമംതന്നെ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്. ഇക്കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ ഒരു സ്കൂളിൽ ക്രിസ്തു രോഗികളെ സുഖപ്പെടുത്തുന്ന രംഗം ടാബ്ലോയിൽ അവതരിപ്പിച്ചു. അതിനെ തീവ്രവാദ ഹിന്ദു ഗ്രൂപ്പ് പറഞ്ഞത് മതപരിവർത്തന ശ്രമമെന്നാണ്. ബൈബിൾ കൊണ്ടുനടക്കുന്നത് മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതിവിധി വന്നിട്ടുണ്ട്. അപ്പോൾ ഈ വിഷയത്തിൽ കോടതികളെ സമീപിക്കേണ്ടത് ആവശ്യമാണ്. ഈ അടുത്തകാലത്ത് ഞാൻ പ്രസിഡന്റായിരിക്കുന്പോൾതന്നെ ഒരു ലീഗൽ സെൽ തുടങ്ങിയിട്ടുണ്ട്. എന്നാൽ നിയമപോരാട്ടത്തിന് വൻതോതിൽ പണം ആവശ്യമാണ്. സുപ്രീംകോടതിയിൽ ഒരു കേസ് നടത്തണമെങ്കിൽ എത്ര കോടികൾ വേണം. നമുക്ക് അതിനുള്ള അംഗങ്ങളില്ല, പണമില്ല എന്നതും യാഥാർഥ്യമാണ്. എങ്കിലും ഇപ്പോൾ സുപ്രീം കോടതിയിൽ കേസുകൾ നടക്കുന്നുണ്ട്.
►► ക്രൈസ്തവമതത്തെ വിദേശമതമെന്ന് മുദ്രകുത്തുന്നത് ശരിയാണോ ?
ഇവിടെ ചരിത്രം പഠിക്കണം. ചരിത്രത്തിൽ, ഇന്ത്യയിൽ ആരംഭിച്ച മതങ്ങൾ ഏതൊക്കെയാണ്. സിക്ക് മതം ഇന്ത്യയിൽ തുടങ്ങിയതാണ്. ബുദ്ധമതം ക്രിസ്തുവിനു നൂറ്റാണ്ടുകൾക്കു മുന്പ് ഇവിടെ തുടങ്ങിയതാണ്. ജൈനമതത്തിന്റെയും തുടക്കം ഇവിടെയാണ്. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം ബുദ്ധമതക്ഷേത്രമായിരുന്നു. ശബരിമല ബുദ്ധമതകേന്ദ്രമായിരുന്നു. അപ്പോൾ ബുദ്ധമതത്തെയും ഹിന്ദുമതമെന്നു പറയുകയാണെങ്കിൽ ബുദ്ധമതവും ഹിന്ദുമതവും തമ്മിലുള്ള ബന്ധമെന്താണ്? എന്താണ് ഹിന്ദുമതം? പോർച്ചുഗീസുകാർ വന്നതിനു ശേഷമാണ് ക്രിസ്തുമതത്തെ വിദേശമതമെന്നു പറയാൻ തുടങ്ങിയത്. വാസ്തവത്തിൽ ക്രിസ്റ്റ്യാനിറ്റി ഏഷ്യൻ മതമാണ്. യൂറോപ്യൻ മതമല്ല. ഏഷ്യയിൽ തുടങ്ങിയതാണ്. ഏഷ്യയിൽനിന്നു രണ്ടു ഭാഗത്തേക്കും പോയി. ഇന്ത്യ ക്രിസ്തുവിനെ അറിഞ്ഞതിനു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഇന്നത്തെ ക്രിസ്ത്യൻ രാജ്യങ്ങളെന്നു പറയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പലതും ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടുള്ളത്.
യഥാർഥത്തിൽ ഇവിടെ ഉണ്ടായിരുന്നത് ദ്രാവിഡ മതങ്ങളാണ്. ഗോത്രമതങ്ങളാണ്. എത്ര ഗോത്രങ്ങളുണ്ടോ അത്രയും ദേവന്മാരുണ്ടായിരുന്നു. ഇതെല്ലാം സ്വാഭാവികമതങ്ങളാണ്. ഹിന്ദുമതം അടക്കം സ്വാഭാവികമതമാണ്. ചുരുക്കത്തിൽ, കേരളത്തിലടക്കം ആര്യ-ദ്രാവിഡ മതങ്ങളുണ്ടായിരുന്നു. പക്ഷേ കുറച്ചുനാളുകളായി ആളുകളെക്കൊണ്ട് പറയിക്കുന്നു, ക്രിസ്തുമതം വിദേശമതമാണ്, ഇസ്ലാം മതം വിദേശമതമാണ്, ഇന്ത്യൻ മതം ഹിന്ദുമതം മാത്രമാണ് എന്നൊക്കെ. ഹിന്ദുഇന്ത്യ എന്നുള്ള ചിന്ത ആളുകളുടെ ഉള്ളിലേക്കു പറഞ്ഞുപറഞ്ഞ് ഉറപ്പിക്കുകയാണ്.
(അഭിമുഖത്തിന്റെ അവസാന ഭാഗം നാളെ)
Tags : Christians sume states fear live