പ്രശസ്ത ധനശാസ്ത്രജ്ഞൻ ഡോ. അരവിന്ദ് പനാഗരിയുടെ നേതൃത്വത്തിൽ തയാറാക്കി പാർലമെന്റിൽ സമർപ്പിച്ച പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലെ പുതിയ സമീപനങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026-27 ലേക്കുള്ള കേന്ദ്രബജറ്റ് അവതരിപ്പിച്ചത്. മുൻ ധനകമ്മീഷനുകളിൽനിന്നു മാറി ഘടനാപരമായി സുപ്രധാന മാറ്റങ്ങൾ പതിനാറാം ധനകമ്മീഷൻ വരുത്തി. മുൻകാലങ്ങളിലെ കോംപൻസേറ്ററി ഫിസ്കൽ ഫെഡറലിസത്തിൽനിന്നു ധൈര്യപൂർവം വഴിമാറി ചിട്ടാധിഷ്ഠിത ദിശാബോധം ചേർത്തുപിടിക്കുന്ന ഫെഡറലിസ്റ്റ് സമീപനമാണ് പുതിയ റിപ്പോർട്ടിൽ.
പല തലങ്ങളിൽ കേരളത്തിന് ദൂരവ്യാപക സാന്പത്തിക പ്രതിഫലനങ്ങൾ ഉണ്ടാകും. വലിയതോതിൽ തനത് വിഭവസമാഹരണം ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം, മുൻകാലങ്ങളിൽ ലഭ്യമായിരുന്ന സാന്പത്തിക ‘തലയണ-സംരക്ഷണം’ കുറയുകയും ചെയ്യും. ഈ മാറ്റം ഉൾക്കൊള്ളാതെയാണ് സംസ്ഥാന ധനമന്ത്രി കേരളത്തിന്റെ ബജറ്റ് തയാറാക്കിയിട്ടുള്ളത്.
ധനമന്ത്രി ബാലഗോപാലിന് കേന്ദ്രം സ്വീകരിക്കാൻ പോകുന്ന ധനനയ മാറ്റം മുൻകൂട്ടി അനുമാനിക്കാൻ കഴിയുമായിരുന്നില്ലേ? ഉടനെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിച്ചിട്ടുള്ള പല ധനവിനിയോഗങ്ങളും നടപ്പിലാക്കാൻ കഴിയാതെവരുന്ന പ്രത്യേക സാഹചര്യമാണിപ്പോഴുള്ളത്. എന്നുവച്ചാൽ, ഈ ബജറ്റിന് സമഗ്ര അഴിച്ചുപണി അനിവാര്യം.
പുതിയ ധനകമ്മീഷൻ നിർദേശങ്ങൾ പ്രകാരം കേരളത്തിന് ബാധകമായ വിഭവസ്രോതസുകളും അനുബന്ധ പണലഭ്യതകളും കണക്കാക്കേണ്ടതുണ്ട്. ഇവയെ മുൻ ധനകമ്മീഷൻ പ്രകാരം ലഭ്യമായിരുന്ന ധനവിഭവങ്ങളുമായി താരതമ്യം ചെയ്തു വിലയിരുത്തേണ്ടതുമുണ്ട്. കേരളം പതിനാറാം ധനകമ്മീഷൻ മുന്പാകെ സമർപ്പിച്ച മുഖ്യ നിർദേശങ്ങൾ ഏവ? ഇവയ്ക്കുമേൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെ? എപ്രകാരമാണ് കേന്ദ്ര ധന കമ്മീഷൻ ധനകാര്യ അച്ചടക്കം നിയമവിധേയമാക്കി പ്രവർത്തിക്കാൻ സംസ്ഥാനത്തെ നിഷ്കർഷിച്ചിരിക്കുന്നത്? അടുത്ത കേരള സർക്കാരിന് 2026-27ലേക്കുള്ള പുതുക്കിയ ബജറ്റ് തയാറാക്കുക വലിയ വെല്ലുവിളിയാകും.
മൂന്ന് പുതിയ മുഖ്യ ഇനങ്ങളിലാണ് മാറ്റം
1- സിജിപിയിലേക്ക് ലഭ്യമാക്കുന്ന വിഹിതത്തിന് 10 ശതമാനം തിരശ്ചീന വെയിറ്റേജ് നല്കും. അതായത്, സംസ്ഥാനം കൈവരിക്കുന്ന സാന്പത്തികവളർച്ചാ നിരക്ക്, ഉത്പാദനക്ഷമത എന്നിവയ്ക്ക് പ്രത്യേക പരിഗണന കണക്കാക്കും. ഇത് കേരളത്തിന് പൊതുവെ ഗുണകരം.
2- റവന്യു ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കി. ഇത് സംസ്ഥാനത്തിന്റെ ക്രമാതീതമായി വർധിച്ചുവരുന്ന നികുതി വരവ്-ചെലവ് വിടവിനെ നിരുത്സാഹപ്പെടുത്താൻ ഉപകരിക്കും. ശന്പളം, പെൻഷൻ, ഇതര സബ്സിഡികൾ എന്നിവ വലിയ തോതിൽ നിർലോപം നൽകണമെങ്കിൽ തനത് നികുതി, റവന്യു, പൊതുമേഖലയുടെ വരുമാനം, ലാഭം എന്നിവയെ ആശ്രയിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.
3- ഗ്രാന്റുകൾ നിബന്ധനകൾക്ക് വിധേയമാക്കി. അവകാശമല്ല. പ്രത്യേക സെക്ടർ പ്രകാരവും സംസ്ഥാന അധിഷ്ഠിതവുമായിട്ടുള്ള ഗ്രാന്റുകൾ പിൻവലിച്ചു. എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങൾക്കായുള്ള ഗ്രാന്റുകൾ മാത്രം തുടരും. പക്ഷേ പ്രവർത്തനമികവ് ആസ്പദമാക്കിയാവും ഇവയുടെ ഭാവി വിതരണം.
പതിനഞ്ചാം ധനകമ്മീഷന് ഭാഗിക തുടർച്ചയുണ്ട്. പുതിയ തത്വശാസ്ത്രപരമായ മാറ്റങ്ങൾ വരുത്താതെ പതിനാറാം ധന കമ്മീഷൻ തുടരാനുറച്ച നാല് മുൻകാല മുഖ്യതലങ്ങൾ പ്രത്യേക ശ്രദ്ധയർഹിക്കുന്നു.
1- വിഭവങ്ങളുടെ ലംബ വിഭജനം 41%.
2- 2011 സെൻസസ് ജനസംഖ്യ.
3- ദുരന്തനിവാരണ ധനസഹായം.
4- എഫ്ആർബിഎം ആക്ടുകൾ അനുസരിച്ച് ധനകമ്മിയുടെ പരിധികൾ നിശ്ചയിക്കൽ; ഇവയുടെ നിർബന്ധിത തുടർ നടപ്പാക്കലുകൾ നിർവഹണം കഠിനതരമാക്കും.
ധനസഹായ താരതമ്യം
പതിനഞ്ചാം ധന കമ്മീഷൻ പ്രകാരം ലഭ്യമാക്കിയ ധനസഹായം മുഖ്യ അഞ്ച് ഇനങ്ങളലായി ഏകദേശം 1.38 മുതൽ 1.45 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, പതിനാറാം ധനകമ്മീഷൻ പ്രകാരം 1.33 മുതൽ 1.40 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പതിനഞ്ചാം ധന കമ്മീഷൻ പ്രകാരം സംസ്ഥാനത്തിന് ലഭിച്ച മൊത്ത നികുതി വിഹിതം 95000 കോടിയായിരുന്നത് പതിനാറാം കമ്മീഷൻ പ്രകാരം ഏകദേശം 1.12 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. റവന്യു ഡെഫിസിറ്റ് ഗ്രാന്റുകൾ 23,000 കോടി രൂപ ലഭിച്ചത് നിർത്തലാക്കി. അതുപോലെ സംസ്ഥാനങ്ങൾക്ക് പ്രത്യേകമായിട്ടുള്ള/സെക്ടറൽ ഗ്രാന്റുകൾ 60,00 കോടി രൂപയായിരുന്നതും നിർത്തലാക്കിയിരിക്കുന്നു. പ്രാദേശിക ഭരണസമിതികൾക്ക് ലഭിക്കുന്ന മൂന്ന് ഗ്രാന്റുകൾ 19,000 കോടിയിൽ നിന്ന് 22,000 കോടിയാക്കി. പ്രകൃതി ദുരന്ത/റിലീഫ് ഫണ്ടുകൾ 7,000 കോടിയിൽ നിന്ന് 10,000 കോടിയാക്കും.
അതായത്, കേരളത്തിന് ആകെ ലഭിച്ചുവന്നിരുന്ന ധനസഹായം പൊതുവെ കുറയും. ഇതോടെ കേരളത്തിന്റെ വിഭവലഭ്യത മൊത്തം അസ്ഥിരപ്പെടുകയും കുറയുകയും ചെയ്യും. ഇത് വലിയ തിരിച്ചടിയാണ്. സമഗ്ര അഴിച്ചുപണി വേണ്ടിവരും.
വിഭവലഭ്യത മന്ദീഭവിച്ചു
കേന്ദ്ര മൊത്തവിഭവങ്ങളുടെ സംസ്ഥാന വിഹിതം 1.92% നിന്നും 2.40% ആയി ഉയർത്തിയിരിക്കുന്നു. ഇത് സംസ്ഥാനത്തിന് ആശ്വാസകരമാണ്. എന്നാൽ, ഈ ഉയർന്ന നികുതി പങ്കുവയ്ക്കൽ നിരക്ക് ഫലത്തിൽ മൊത്തവിഭവ/തുക ലഭ്യതയെ സാരമായി ഉയർത്തുകയില്ല. കാരണം റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കിയതുതന്നെ. ഫലത്തിൽ മൊത്ത വിഭവ ലഭ്യത മന്ദീഭവിക്കുന്നതായി മനസിലാക്കാം. ഇത് മറികടക്കാൻ സംസ്ഥാനം ക്രിയാത്മക ധനസമാഹരണ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പുതിയ നികുതികൾ കടന്നുവരാതെ പ്രതിരോധിക്കേണ്ടതുണ്ട്. ഇത് സാധാരണക്കാരായ അധ്വാനവർഗത്തിന്റെ ദൈനംദിന ജീവിതഭാരം വർധിപ്പിക്കും.
കേരള ബജറ്റ് 2026-27ന് തിരുത്ത്
ധനമന്ത്രി ബജറ്റ് 2026-27 നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, പതിനാറാം കേന്ദ്ര ധന കമ്മീഷൻ റിപ്പോർട്ട് ലഭ്യമായിരുന്നില്ല. നിലവിലെ സാഹചര്യങ്ങൾ പ്രകാരം കടുത്ത ധനകാര്യ നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം ന്യായമായും പ്രതീക്ഷിച്ചിരിക്കാം. ബജറ്റിലെ വിഭവലഭ്യതയിലും പങ്കിടൽ മാനദണ്ഡങ്ങളിലും വലിയ മാറ്റങ്ങൾ കടന്നുവരുന്നത് സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും:
1- ആർഡിഎഫ് ഗ്രാന്റ് നിർത്തലാക്കിയത് പ്രതിവർഷം 5000 - 6000 കോടി രൂപയുടെ വിഭവലഭ്യതാ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ റവന്യു വരുമാനത്തിന്റെ 60 മുതൽ 70 ശതമാനത്തിനുപരി തുക ശന്പളം, പെൻഷൻ, പലിശ, എന്നീ ഇനങ്ങൾക്കായി വകയിരുത്തപ്പെടുന്നത് വികസന പ്രതിസന്ധിയുണ്ടാക്കും. വർധിച്ച തോതിൽ പുതിയ വരുമാന സ്രോതസുകൾ ഏർപ്പാടാക്കുന്നത് സാധാരണക്കാരുടെമേൽ നികുതിഭാരം, വിലക്കയറ്റം, ജോലി നഷ്ടം എന്നിവ അടിച്ചേൽപ്പിക്കും. ഇത് നിലവിലെ കടുത്ത ധന സ്ഥിതിഗതി വഷളാക്കും.
2-സെക്ടറടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിലവിലെ കേന്ദ്ര ഗ്രാന്റുകൾ, സംസ്ഥാനങ്ങൾക്കുള്ള സ്പോണ്സേഡ് സ്കീമുകൾ എന്നിവ പരിമിതപ്പെടുത്തുന്നത് ധനലഭ്യത, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെ പ്രതിസന്ധിയിലാഴ്ത്തി പാവപ്പെട്ടവരെയും ദുർബല വിഭാഗങ്ങളെയും ദുരിതത്തിലാക്കും.
3- പ്രാദേശിക ഭരണസമിതികൾക്കുള്ള ഗ്രാന്റുകൾ തുടരുമെങ്കിലും പ്രവർത്തനമികവ്, ടാർജറ്റുകൾ എന്നിവ നടപ്പാക്കുന്പോൾ ഈയിനം തുകയുടെ ലഭ്യത കുറയുമെന്നതിലുപരി പലതല/തര തിരിമറികൾ നടത്തുവാൻ ഭരണക്കാർക്ക് അവസരം നഷ്ടപ്പെടും. ഇത് വളരെ നല്ലതുതന്നെ. ചുരുക്കത്തിൽ, വലിയ മുന്നേറ്റങ്ങൾ അവകാശപ്പെടുന്ന കേരള ബജറ്റ് 2026-27ന്റെ നടത്തിപ്പ് തുടക്കത്തിലേ ക്രമം തെറ്റിയിരിക്കുന്നു. ബജറ്റിന്റെ അടിത്തറ ദുർബലപ്പെട്ടിരിക്കുന്നു. ഈ തകർച്ച ഘടനാപരമാണ്. ഈ പുതിയ ധന പ്രതിസന്ധികൾ ശക്തി പ്രാപിച്ച് സന്പദ്ഘടന താറുമാറാക്കും. നിയമസഭാ തെരഞ്ഞെടുപ്പിനെ മോടി പിടിപ്പിക്കാനുള്ള ധനമന്ത്രിയുടെ മോഹന വാഗ്ദാനങ്ങൾ പുതുതായി വരുന്ന ധനമന്ത്രിക്കാവും വെല്ലുവിളിയുയർത്തുക.
കേന്ദ്ര ധന കമ്മീഷൻ മുന്പാകെ കേരളം നൽകിയ ആറ് മുഖ്യ സബ്മിഷനുകളിൽ രണ്ടെണ്ണം മാത്രമേ ഭാഗികമായിട്ടാണെങ്കിലും പരിഗണിക്കപ്പെടുകയുണ്ടായിട്ടുള്ളൂ.
പുതിയ ധന കമ്മീഷന്റെ നൂതന സമീപനങ്ങൾ കേരളത്തിന് മൂന്നു തലങ്ങളിൽ വർധിത ധനഞെരുക്കം സമ്മാനിക്കുന്നു.
1. ആർസിജിയുടെ നിർത്തലാക്കൽ സംസ്ഥാനത്തെ നിലവിലെ
ധന ലഭ്യതയെ പ്രതികൂലമായി ബാധിക്കും.
2. നിലവിലെ ഉയർന്ന തോതിലുള്ള കമ്മിറ്റഡ് ചിലവാക്കലുകളെ
കുറയ്ക്കുന്നു.
3. വായ്പാലഭ്യത വളരെ കർശന നിയന്ത്രണവിധേയമാക്കപ്പെടുന്നത്
വികസനം, സർക്കാർ ഭരണ നിർവഹണം എന്നിവയെ വലിയ തോതിൽ പ്രതികൂലമായി സ്വാധീനിക്കും.
ഈ പ്രതിസന്ധികൾ മറികടക്കാൻ നിലവിലെ നികുതി ശേഖരണം കാര്യക്ഷമമാക്കണം. പുതിയവ ക്രിയാത്മകമായി കണ്ടെത്തി ഏർപ്പാടാക്കണം. പൊതു സർക്കാർ സംവിധാനങ്ങൾ വരുമാനം, ലാഭം, ഉത്പാദനക്ഷമത എന്നിവയെ വിപുലമായി ആശ്രയിക്കണം. നിലവിലെ സർക്കാർ ചെലവുകൾ മുൻഗണനാക്രമം ചിട്ടപ്പെടുത്തി നിർവഹിക്കുവാൻ ആരംഭിക്കട്ടെ. സർക്കാർ പാഴ്ച്ചിലവുകൾ അവസാനിപ്പിക്കട്ടെ. അതോടൊപ്പം, അഴിമതിയും പൊതുമുതൽ നശിപ്പിക്കുന്ന പ്രവണതകളും ശിക്ഷിക്കപ്പെടട്ടെ. സർക്കാർ ഭാരം കുറയ്ക്കട്ടെ. സദ്ഭരണം ഉയരട്ടെ.
Tags : Kerala budget Comprehensive overhaul