തെരഞ്ഞെടുപ്പുകാലമാകുമ്പോള്‍ വിദ്വേഷപ്രസംഗങ്ങളും പ്രചാരണങ്ങളും കൂടുകയാണ്. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഓര്‍മിപ്പിച്ചു. വിഷയം പ്രധാനമാണെന്നും രാജ്യത്തു സാഹോദര്യം വളര്‍ത്താനും ഭരണഘടനാ ധാര്‍മികത പിന്തുടരാനും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ശ്രമിക്കണമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവര്‍ നിരീക്ഷിച്ചു.
മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശര്‍മ, യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, പുഷ്കര്‍ സിംഗ് ധാമി, മുന്‍ കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെ, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എന്നീ ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ 12 പ്രമുഖര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണു പരമോന്നത കോടതിയുടെ പരാമര്‍ശം. ഏതാനും ചിലരെ മാത്രം ലക്ഷ്യംവച്ചും മറ്റു പലരെയും ഒഴിവാക്കിയുമുള്ള ഹര്‍ജിയാണിതെന്നും, തിരുത്തി പുതിയ ഹര്‍ജി നല്കിയാല് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കാന്‍ ശ്രമമുണ്ടെന്ന് ഇന്നലെ മറ്റൊരു കേസ് പരിഗണിക്കുമ്പോഴും ചീഫ് ജസ്റ്റീസ് പറഞ്ഞു.
വിഷലിപ്ത അന്തരീക്ഷം
രാജ്യത്തെ അന്തരീക്ഷം വിഷലിപ്തമായെന്നും സുപ്രീംകോടതിക്കു മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാനാകൂ എന്നുമാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദിച്ച മുതിര്‍ന്ന നിയമജ്ഞന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്. ആത്യന്തികമായി, എല്ലാവരും പ്രസംഗങ്ങളില്‍ സംയമനം പാലിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഏതൊരു മാര്‍ഗനിര്‍ദേശവും എല്ലാവര്ക്കും ബാധകമായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. ഉന്നയിച്ച ഭരണഘടനാ വിഷയങ്ങള്‍ വിശാലമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിദ്വേഷം നിയന്ത്രിക്കണം
വിവേചനപരവും വര്‍ഗീയവുമായി ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങള്‍ എല്ലാ വശങ്ങളില്‍നിന്നും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി. എങ്കിലും സംസാരത്തിന്റെ ഉത്ഭവം ചിന്തയാണെന്നും അതു നിയന്ത്രിക്കാന്‍ കോടതിക്കെങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു.
“രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സാഹോദര്യം വളര്‍ത്തിയെടുക്കണം. കോടതികള്‍ക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയും. പക്ഷേ, അതിനുള്ള പ്രതിവിധി ഭരണഘടനാ മൂല്യങ്ങളും ധാര്‍മികതയും പാലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും ജനാധിപത്യ സ്ഥാപനങ്ങളിലുമാണ്” - ജസ്റ്റീസ് നാഗരത്ന ഓര്‍മപ്പെടുത്തി.
എഴുപത്തഞ്ചു വര്‍ഷത്തെ പക്വമായ ജനാധിപത്യ പാരമ്പര്യം രാജ്യത്തിനുണ്ട്. ആളുകള്‍ ഇങ്ങനെ പെരുമാറുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. വിദ്വേഷപ്രസംഗങ്ങള്‍ നിയന്ത്രിക്കേണ്ട തിന്റെ ആവശ്യകതയെക്കുറിച്ചു പാര്‍ട്ടികളുടെ ഭരണഘടനയിലൊന്നും രേഖപ്പെടുത്തിയിട്ടില്ലേയെന്നും കോടതി ചോദിച്ചു. ഹര്‍ഷ് മന്ദര്‍, നജീബ് ജംഗ്, ജോണ്‍ ദയാല്‍, രൂപ് രേഖ വര്‍മ, മുഹമ്മദ് അദീപ് തുടങ്ങിയവരാണു ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയിലെ ഹര്‍ജിക്കാര്‍ ഏകപക്ഷീയമായി ബിജെപിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നുവെന്നതു മനസിലാക്കുമ്പോഴും ബിജെപിക്കു സംശയാസ്പദമായ ധ്രുവീകരണ റിക്കാര്ഡുണ്ടെന്നതു ഒരു വസ്തുതയാണെന്ന് ദി ടെലിഗ്രാഫ് ദിനപത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വേട്ടയാടല്‍
ഇന്ത്യയില്‍ വിദ്വേഷപ്രസംഗം വളരുന്ന ആശങ്കയാണ്. സാമൂഹിക, സാമുദായിക സൗഹാര്‍ദത്തിനും സമാധാനത്തിനും ഭീഷണിയാകുന്നതാണിത്. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള 1,318 വിദ്വേഷപരാമര്‍ശങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായെന്ന് ഇന്ത്യ ഹേറ്റ് ലാബിന്റെ പഠനം രേഖപ്പെടുത്തി. സ്ഥിരീകരിക്കപ്പെട്ടതും നേരിട്ടുള്ളതുമായവ മാത്രമാണിത്. കേരളവും ഡല്‍ഹിയുമടക്കം 22 സംസ്ഥാനങ്ങളിലാണിത്. 88 ശതമാനം വിദ്വേഷപ്രസംഗങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നു റിപ്പോര്‍ട്ടിലുണ്ട്.
2023ൽ 668 വിദ്വേഷപ്രസംഗങ്ങളാണു കണ്ടെത്തിയത്. 2025ല്‍ ഇത് 1,318 ആയി. 97 ശതമാനം വര്‍ധന. ലോക്സഭാ തെരഞ്ഞെടുപ്പു നടന്ന 2024ല്‍ വിദ്വേഷപ്രസംഗങ്ങള്‍ പെട്ടെന്നു കൂടിയെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റിന്റെ മറ്റൊരു റിപ്പോര്‍ട്ട് കണ്ടെത്തി. പലപ്പോഴും മനുഷ്യത്വരഹിതമായ ഭാഷയിലാണു വിദ്വേഷപ്രചാരണം. പ്രധാനമായും മുസ്ലിംകളെയും (98 ശതമാനം കേസുകള്‍) ക്രിസ്ത്യാനികളെയും (12 ശതമാനം) ലക്ഷ്യം വച്ചുള്ളതാണിത്.
വിദ്വേഷവും തത്സമയം!
ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളും കലാപങ്ങളും വിദ്വേഷ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ്.
മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിദ്വേഷപ്രസംഗകരില് മുന്നിലുണ്ട്. മിക്ക പാര്‍ട്ടികളുടെയും നേതാക്കള്‍ പൊതുവേദികള്പോലും വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നു. 2025ല്‍ 98 ശതമാനം രാഷ്ട്രീയ റാലികളും പരിപാടികളും ഓണ്‍ലൈനില്‍ പങ്കിടുകയോ തത്സമയം സംപ്രേഷണം ചെയ്യുകയോ ചെയ്തു.
സമൂഹമാധ്യമ ഭീഷണി
2024ല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള 1,165 വ്യക്തിവിദ്വേഷ പ്രസംഗ പരിപാടികളില്‍ 995 വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലെ യഥാര്‍ഥ ഉറവിടങ്ങളില്നിന്നാണു കണ്ടെത്തിയത്. ഫേസ്ബുക്കില്‍ മാത്രം 495 വിദ്വേഷപ്രസംഗ വീഡിയോകള്‍ ഉണ്ടായിരുന്നു. 211 വീഡിയോകള്‍ യുട്യൂബില്‍ പങ്കിട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ 266 ന്യൂനപക്ഷ വിരുദ്ധ വിദ്വേഷപ്രസംഗങ്ങള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി യുട്യൂബ്, ഫേസ്ബുക്ക്, എക്സ് എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്തെന്നാണു കണ്ടെത്തല്‍.
മലയാളിക്ക് ബീഫ് പ്രിയം
രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില മത ഗ്രൂപ്പുകളുടെയും സൈബര്‍ ഗുണ്ടകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്ന വിദ്വേഷവും വലിയ വിപത്താണ്. ഫേസ്ബുക്ക് (942 സംഭവങ്ങള്‍), വാട്ട്സ്ആപ്പ്, യുട്യൂബ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണു പ്രാഥമിക ചാലകശക്തികള്‍.
കേരള സ്റ്റോറി എന്ന വിവാദ സിനിമയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പിനു മുമ്പായി കേരള സ്റ്റോറി-2 പുറത്തിറക്കുന്നതിനു പിന്നിലെ ലക്ഷ്യം വ്യക്തം. ഒരു സ്ത്രീയെ ബലമായി ബീഫ് തീറ്റിക്കുന്ന ട്രെയിലര്‍ പുറത്തിറക്കിയതോടെ, ലോകമെങ്ങുമുള്ള മലയാളികള്‍ ഇറക്കുന്ന ട്രോളുകളാണു മതനിരപേക്ഷ കേരളത്തിന്റെ കരുത്ത്. ആരെന്തു കഴിക്കണമെന്നത് ഓരോ പൗരന്റെയും ഇഷ്ടവും അവകാശവുമാണ്. ബീഫും പന്നിയും കോഴിയും മുതല്‍ ആട്ടിറച്ചിയും മത്സ്യവുമെല്ലാം മലയാളിയുടെ ഇഷ്ടവിഭവങ്ങളാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയുമാണു യഥാര്‍ഥ കേരള സ്റ്റോറി.
സുപ്രീംകോടതിയിൽ പ്രതീക്ഷ
വിദ്വേഷപ്രചാരണത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ലക്ഷക്കണക്കിനു വ്യാജ അക്കൗണ്ടുകളാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ഇവയ്ക്കെതിരേ സർക്കാരും മെറ്റയും നടപടിയെടുക്കാറില്ല. കിട്ടിയ പരാതികളില്‍പോലും തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും വിദ്വേഷ പ്രചാരകരെ രക്ഷപ്പെടുത്തുന്ന ദയനീയതയും രാജ്യത്തുണ്ട്.
Tags : cut Vazha Delhi dairy