x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്‍റെ രൂപരേഖ;ആശങ്ക കുറയുന്നു, കയറ്റുമതിയിൽ പ്രതീക്ഷ

റ്റി.​​​സി. മാ​​​ത്യു
Published: February 8, 2026 12:31 AM IST | Updated: February 8, 2026 12:31 AM IST


ഇ​​​ത് ഇ​​​ന്ത്യ-അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ഉ​​​ട​​​മ്പ​​​ടി​​​യ​​​ല്ല; അ​​​തി​​​ലേ​​​ക്കു കു​​​റെ​​​യേ​​​റെ ദൂ​​​രം പോ​​​കാ​​​നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ എ​​​ത്തി പ്ര​​​സി​​​ഡന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി ഒ​​​രു ധാ​​​ര​​​ണയു​​​ണ്ടാ​​​ക്കി; ന​​​വം​​​ബ​​​റി​​​ന​​​കം ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​രു സ​​​മ​​​ഗ്ര വ്യാ​​​പാ​​​ര ഉ​​​ട​​​മ്പ​​​ടി (ബി​​​ടി​​​എ) ഉ​​​ണ്ടാ​​​ക്ക​​​ണം എ​​​ന്ന്. പ​​​ര​​​സ്പ​​​ര​​​ വ്യാ​​​പാ​​​രം 2030ൽ 50,000 ​​​കോ​​​ടി ഡോ​​​ള​​​റി​​​ൽ എ​​​ത്തി​​​ക്ക​​​ണമെ​​​ന്ന ല​​​ക്ഷ്യ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​ക്ഷേ, പി​​​ന്നീ​​​ട് ട്രം​​​പി​​​ന്‍റെ ശ്ര​​​ദ്ധ തീ​​​രു​​​വ​​​യു​​​ദ്ധ​​​ത്തി​​​ലാ​​​യി. ഇ​​​ന്ത്യ​​​യെ ഞെ​​​ട്ടി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ട്രം​​​പ് വ​​​ന്ന​​​തോ​​​ടെ ഇ​​​ന്ത്യ പ​​​ക​​​ച്ചു. ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ദ്യം 25 ഉം ​​​പി​​​ന്നീ​​​ട് 50ഉം ​​​ശ​​​ത​​​മാ​​​നം തീ​​​രു​​​വ ചു​​​മ​​​ത്തി. പ​​​ല​​​വ​​​ട്ടം ച​​​ർ​​​ച്ച ന​​​ട​​​ന്നെ​​​ങ്കി​​​ലും ക​​​രാ​​​ർ ഉ​​​ണ്ടാ​​​യി​​​ല്ല.

ഇ​​​തി​​​നി​​​ടെ, ചൈ​​​ന​​​യ​​​ട​​​ക്കം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടും കൂ​​​ട്ടു​​കൂ​​​ടാ​​​നും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ മു​​​ത​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡ് വ​​​രെ കു​​​റേ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് പെ​​​ട്ടെ​​​ന്നു സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ (എ​​​ഫ്ടി​​​എ) ഉ​​​ണ്ടാ​​​ക്കാ​​​നും ഇ​​​ന്ത്യ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച “ഞ​​​ങ്ങ​​​ൾ ക​​​രാ​​​റി​​​ലാ​​​യേ” എ​​​ന്നു ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​തി​​​ൽ എ​​​ന്താ​​​ണു​​​ള്ള​​​തെ​​​ന്ന സൂ​​​ച​​​ന​​പോ​​​ലും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം ഇ​​​ന്ന​​​ലെ​​​യാ​​​ണ് പു​​​റ​​​ത്തു​​വ​​​ന്ന​​​ത്.

ഇ​​​തു ക​​​രാ​​​റ​​​ല്ല‌; സ​​​മ​​​ഗ്ര​​​മാ​​​യ ക​​​രാ​​​റി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നു​​മു​​​മ്പ് ഉ​​​ണ്ടാ​​​ക്കാ​​​ൻ പോ​​​കു​​​ന്ന ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​റി​​​ന്‍റെ രൂ​​​പ​​​രേ​​​ഖ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​സ്താ​​​വ​​​ന. അ​​​ത്രമാ​​​ത്ര​​​മാ​​​ണ്. ഇ​​​തു​​​വ​​​രെ ന​​​ട​​​ന്ന പ്ര​​​ധാ​​​ന​​​ കാ​​​ര്യം ഇ​​​ന്ത്യ​​​യു​​​ടെമേ​​​ലു​​​ള്ള തീ​​​രു​​​വ 50ൽ​​നി​​​ന്ന് 25 ശ​​​ത​​​മാ​​​നം ആ​​​ക്കി​​​യ​​​താ​​​ണ്. റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള പി​​​ഴ​​​ച്ചു​​​ങ്കം (25%) പി​​​ൻ​​​വ​​​ലി​​​ച്ചു. ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ​​മേ​​​ലു​​​ള്ള ചു​​​ങ്കം 25ൽനി​​​ന്നു 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കും. അ​​​തോ​​​ടെ കാ​​​ർ​​​ഷി​​​കോ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം കു​​​റേ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​തെ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​നാ​​​കും. ഇ​​​പ്പോ​​​ൾ ഐ​​​ഫോ​​​ൺ അ​​​ട​​​ക്കം മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും പാ​​​ർ​​​ട്ടു​​​ക​​​ളും ഔ​​​ഷ​​​ധ​​​ങ്ങ​​​ളും ഡ്യൂ​​​ട്ടി​​​യി​​​ല്ലാ​​​തെ​​​യാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. യു​​​എ​​​സി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ പ​​​കു​​​തി​​​യോ​​​ളം വ​​​രും ഇ​​​വ. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വ്യാ​​​വ​​​സാ​​​യി​​​ക-കാ​​​ർ​​​ഷി​​​ക ഉത്​​​പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​തെ​​​യോ തീ​​​രെ​​​ക്കു​​​റ​​​ഞ്ഞ ഡ്യൂ​​​ട്ടി​​​യി​​​ലോ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​ണം.
ഉ​​​ട​​​മ്പ​​​ടി​​​യു​​​ടെ രൂ​​​പ​​​രേ​​​ഖ സം​​​ബ​​​ന്ധി​​​ച്ച സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ഇ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​രു​​​ടെ കു​​​റേ ആ​​​ശ​​​ങ്ക​​​ക​​​ൾ മാ​​​റ്റി. പ​​​ക്ഷേ, മു​​​ഴു​​​വ​​​ൻ ആ​​​ശ്വാ​​​സ​​​മാ​​​യി​​​ല്ല.

കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന വി​​​ല​​​ക്കു​​​ക​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല എ​​​ന്ന​​​തു​​ത​​​ന്നെ കാ​​​ര​​​ണം. ഇ​​​പ്പോ​​​ൾ അ​​​വ തു​​​ട​​​ർ​​​ന്നാ​​​ലും, വി​​​ശ​​​ദ​​​മാ​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ഴോ നി​​​ശ്ചി​​​ത കാ​​​ലാ​​​വ​​​ധി​​​ക്കു​​​ശേ​​​ഷ​​​മോ വി​​​ല​​​ക്കു​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യി​​​ല്ല എ​​​ന്ന ഉ​​​റ​​​പ്പി​​​ല്ല. വി​​​ല​​​ക്കു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ച​​​ർ​​​ച്ച തു​​​ട​​​രും എ​​​ന്നാ​​​ണ് സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഉള്ള​​​ത്. വി​​​ല​​​ക്കു​​ നീ​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം തു​​​ട​​​രും എ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​താ​​​ണ്.

ശ്ര​​​മി​​​ച്ചാ​​​ൽ ഗ​​​ണ്യ​​​മാ​​​യ നേ​​​ട്ടമുണ്ടാ​​​ക്കാ​​​ൻ കേ​​​ര​​​ള ക​​​ർ​​​ഷ​​​ക​​​രെ ക​​​രാ​​​ർ സ​​​ഹാ​​​യി​​​ക്കും. അ​​​മേ​​​രി​​​ക്ക ചു​​​ങ്ക​​​മി​​​ല്ലാ​​​തെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്ന ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​ന്‍റെ ധാ​​​രാ​​​ളം ഇ​​​ന​​​ങ്ങ​​​ളു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ ഫൈ​​​റ്റോ സാ​​​നി​​​റ്റ​​​റി വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​പ​​​ക്ഷം സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ മു​​​ത​​​ൽ പ​​​ഴ​​​ങ്ങ​​​ൾ ​​വ​​​രെ​​​യു​​​ള്ള​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ മു​​​ന്നേ​​​റാ​​​ൻ ക​​​ഴി​​​യും.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ക്ഷീ​​​ണം വ​​​രു​​​ത്തു​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന ഇ​​​ന​​​ങ്ങ​​​ൾ പ​​​ല​​​തും. പ​​​ഴ​​​ങ്ങ​​​ളും സം​​​സ്ക​​​രി​​​ച്ച പ​​​ഴ​​​ങ്ങ​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ഓ​​​റ​​​ഞ്ച്, ആ​​​പ്പി​​​ൾ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കും. ഇ​​​പ്പോ​​​ൾ 50 ശ​​​ത​​​മാ​​​നം ഡ്യൂ​​​ട്ടി​​​യി​​​ലാ​​​ണ് ഇ​​​റാ​​​ൻ, തു​​​ർ​​​ക്കി, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ആ​​​പ്പി​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ർ​​​ഷം അ​​​ഞ്ചു​​​ല​​​ക്ഷം ട​​​ൺ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി​​​രു​​​ന്നു. വാ​​​ൾ​​​ന​​​ട്ട്, ആ​​​ൽ​​​മ​​​ണ്ട് തു​​​ട​​​ങ്ങി മ​​​ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ​​​രി​​​പ്പു​​​ക​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​യും ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ ക​​​ർ​​​ഷ​​​ക​​​രെ ബാ​​​ധി​​​ക്കും.

കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കാ​​​യി എ​​​ന്ന പേ​​​രി​​​ൽ മ​​​ദ്യ​​​നി​​​ർ​​​മാ​​​ണ ഡി​​​സ്റ്റി​​​ല​​​റി​​​ക​​​ളി​​​ലെ ധാ​​​ന്യ​​​ച​​​ണ്ടി (ഡ്രൈ​​​ഡ് ഡി​​​സ്‌​​​റ്റി​​​ലേ​​​ഴ്‌​​​സ് ഗ്രെ​​​യി​​​ൻ - ഡി​​ഡി​​ജി) ഇ​​​റ​​​ക്കു​​​മ​​​തി ചു​​​ങ്ക​​​മി​​​ല്ലാ​​​തെ ന​​​ട​​​ത്തും. ധാ​​​രാ​​​ളം ജീ​​​വ​​​ക​​​ങ്ങ​​​ളും ധാ​​​തു​​​ക്ക​​​ളും ഫൈ​​​ബ​​​റും അ​​​ട​​​ങ്ങി​​​യ പ്രോ​​​ട്ടീ​​​ൻ സ​​​മ്പ​​​ന്ന വി​​​ഭ​​​വ​​​മാ​​​ണി​​​ത്. കാ​​​ൻ​​​സ​​​റി​​​നു കാ​​​ര​​​ണ​​​മാ​​​കാ​​​വു​​​ന്ന അ​​​ഫ്ലോ ടോ​​​ക്‌​​​സി​​​നു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത ഡി​​ഡി​​​ജി മ​​​നു​​​ഷ്യ​​​ർ​​​ക്കും ഭ​​​ക്ഷി​​​ക്കാം. ഖ​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള ഇ​​​തു ചേ​​​ർ​​​ക്കു​​​മ്പോ​​​ൾ കാ​​​ലി​​​ത്തീ​​​റ്റ​​​യി​​​ൽ സോ​​​യാ പി​​​ണ്ണാ​​​ക്കും ചോ​​​ള​​​വും കു​​​റ​​​യ്ക്കാം. അ​​​തു സോ​​​യാ​​​ബീ​​​ൻ​​​സി​​​ന്‍റെ​​​യും ചോ​​​ള​​​ത്തി​​​ന്‍റെ​​​യും വി​​​ല​​​യി​​​ടി​​​ക്കും. മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, രാ​​​ജ​​​സ്ഥാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് സോ​​​യാ​​​ബീ​​​ൻ​​​ കൃ​​​ഷി കൂ​​​ടു​​​ത​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന​​​ത്.

സോ​​​യാ​​​ബീ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യും ഡ്യൂ​​​ട്ടി​​​ര​​​ഹി​​​ത​​​മാ​​​ക്കും. ഇ​​​പ്പോ​​​ൾ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ 27.5ഉം ​​​സം​​​സ്ക​​​രി​​​ച്ച എ​​​ണ്ണ 36 ഉം ​​​ശ​​​ത​​​മാ​​​നം ഡ്യൂ​​​ട്ടി ഉ​​​ള്ള​​​വ​​​യാ​​​ണ്. ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​തെ യു​​​എ​​​സ് എ​​​ണ്ണ വ​​​രു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​ൻ സ​​​സ്യ എ​​​ണ്ണ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ വി​​​ഷ​​​മ​​​ത്തി​​​ലാ​​​കും. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ദോ​​​ഷ​​​മാ​​​കും. 22 ല​​​ക്ഷം ട​​​ൺ സോ​​​യാ എ​​​ണ്ണ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്ക് ലോ​​​ക​​​ത്ത് അ​​​ഞ്ചാം സ്ഥാ​​​ന​​​മു​​​ണ്ട്. അ​​​മേ​​​രി​​​ക്ക ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്.സോ​​​യാ എ​​​ണ്ണ​​​യു​​​ടെ വി​​​ല​​യി​​​ടി​​​വ് വെ​​​ളി​​​ച്ചെ​​​ണ്ണ​​​യെ​​വ​​​രെ ബാ​​​ധി​​​ക്കും.

മ​​​ദ്യ​​​വും വൈ​​​നും കു​​​റ​​​ഞ്ഞ ഡ്യൂ​​​ട്ടി​​​യി​​​ൽ ഇ​​​ന്ത്യ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യും. അ​​​തും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണ് വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സോ​​​യാ​​​ബീ​​​ൻ, ചു​​​വ​​​ന്ന മ​​​ണി​​​ച്ചോ​​​ളം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു നേ​​​രി​​​ട്ടു പ്ര​​​യോ​​​ജ​​​നം ഉ​​​ള്ള​​​താ​​​ണ്. യു​​​കെ​​​യു​​​മാ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യും ഉ​​​ള്ള ക​​​രാ​​​റു​​​ക​​​ളി​​​ൽ മ​​​ദ്യ​​​ത്തി​​​നു തീ​​​രു​​​വ കു​​​റ​​​യ്ക്കാ​​​ൻ ഇ​​​ന്ത്യ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക തീ​​​രു​​​വ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​കോ​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ

തേ​​​യി​​​ല, കാ​​​പ്പി, കൊ​​​ക്കോ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ, വെ​​​ളി​​​ച്ചെ​​​ണ്ണ, കൊ​​​പ്ര, സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ, പ​​​ഴം, പൈ​​​നാ​​​പ്പി​​​ൾ, പ​​​പ്പാ​​​യ, മാ​​​മ്പ​​​ഴം, കൂ​​​ണു​​​ക​​​ൾ, അ​​​വ​​​ക്കാ​​​ഡോ, കി​​​വി, പേ​​​ര​​​യ്ക്ക, ജ്യൂ​​​സ്, എ​​​ള്ള്, ക​​​സ്‌​​​ക​​​സ്, ധാ​​​ന്യ​​​ങ്ങ​​​ൾ, ബാ​​​ർ​​​ലി, ബേ​​​ക്ക​​​റി ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ.

ഇ​​​ന്ത്യ ഇ​​​റ​​​ക്കു​​​മ​​​തി അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത ഇ​​​ന​​​ങ്ങ​​​ൾ

ഗോ​​​ത​​​മ്പ്, അ​​​രി, ചോ​​​ളം, മ​​​റ്റു ധാ​​​ന്യ​​​ങ്ങ​​​ൾ, ഗോ​​​ത​​​മ്പു​​​പൊ​​​ടി, പാ​​​ൽ, ചീ​​​സ്, മ​​​റ്റു ക്ഷീ​​​രോ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ, ശീ​​​തീ​​​ക​​​രി​​​ച്ച​​​തോ ഉ​​​ണ​​​ങ്ങി​​​യ​​​തോ ടി​​​ന്നി​​​ലാ​​​ക്കി​​​യ​​​തോ ആ​​​യ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും കി​​​ഴ​​​ങ്ങു​​​ക​​​ളും പ​​​യ​​​ർ ഇ​​​ന​​​ങ്ങ​​​ളും, സ്ട്രോ​​​ബെ​​​റി, മാം​​​സം, ചി​​​ക്ക​​​ൻ, പു​​​ക​​​യി​​​ല, എ​​​ഥ​​​നോ​​​ൾ.

Tags : India-US trade deal trade deal hopes exports grow

Recent News

Up