ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ 220 ശിപാർശകൾ നടപ്പിലാക്കിയെന്നും ബാക്കിയുള്ളവ പരിഹരിച്ച് വരികയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ അറിയിപ്പ് കണ്ടു. ഭരണതലത്തിൽ കാര്യങ്ങൾ ചലിക്കുന്നുണ്ടല്ലോ എന്നതിൽ ആശ്വാസമുണ്ട്. എന്നാൽ, ജനാധിപത്യപരമായ ഒരു വിയോജിപ്പ് രേഖപ്പെടുത്താതിരിക്കാൻ നിർവാഹമില്ല. ഇങ്ങനെയായിരുന്നോ ഇത് നടത്തേണ്ടിയിരുന്നത്? സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയ മാതൃകയിലാണോ കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത്? ഒന്ന് തുറന്ന പുസ്തകമാണെങ്കിൽ മറ്റൊന്ന് ഇന്നും അടഞ്ഞ പെട്ടിയാണ്.
ജസ്റ്റീസ് രജീന്ദർ സച്ചാർ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അലമാരയിൽ പൂട്ടിവയ്ക്കുകയായിരുന്നില്ല ചെയ്തത്. അത് പാർലമെന്റിൽ വച്ചു. പൊതുസമൂഹത്തിന് മുന്നിൽ അത് തുറന്നുവച്ചു. അതിലെ കണ്ടെത്തലുകൾ എന്താണെന്നും ശിപാർശകൾ എന്താണെന്നും രാജ്യത്തെ ഓരോ പൗരനും വായിക്കാൻ അവസരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനെത്തുടർന്ന് കേരളത്തിൽ പാലോളി കമ്മിറ്റി വന്നപ്പോഴും സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചപ്പോഴും ഇത് ഞങ്ങളുടെ അവകാശമാണ് എന്ന് പറയാൻ ആ സമുദായത്തിന് കൃത്യമായ രേഖകൾ കൈവശമുണ്ടായിരുന്നു. അവിടെ സുതാര്യതയായിരുന്നു സർക്കാരിന്റെ മുഖമുദ്ര.
എന്നാൽ, കോശി കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴും ഒരു ബ്ലാക്ക് ബോക്സ് ആണ്. 2023 മേയിൽ ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് സമർപ്പിച്ചിട്ട് ഇപ്പോൾ മൂന്ന് വർഷത്തോളമാകുന്നു. ഇന്നുവരെ ആ റിപ്പോർട്ടിന്റെ പൂർണരൂപം നിയമസഭയിൽ വയ്ക്കുകയോ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. ഇപ്പോൾ കേൾക്കുന്നത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അത് പഠിക്കുന്നു, 17 വകുപ്പുകളിലായി 220 കാര്യങ്ങൾ നടപ്പിലാക്കി എന്നൊക്കെയാണ്.
ഏതാണീ 220 കാര്യങ്ങൾ? ഇവിടെ സുതാര്യതയുടെ പ്രശ്നമുണ്ട്. കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ കേവലം ഭരണപരമായ ക്രമീകരണങ്ങളും ഓഫീസ് നടപടിക്രമങ്ങളും മാത്രമാണോ ഈ നടപ്പിലാക്കി എന്ന് പറയുന്ന 220 എണ്ണം? അതോ സമുദായം കാലങ്ങളായി ആവശ്യപ്പെടുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക തുടങ്ങിയ കാതലായ വിഷയങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ?
ഇതറിയാൻ ഒരേയൊരു വഴിയേ ഉള്ളൂ. റിപ്പോർട്ട് പുറത്തുവിടുക. മൂലരേഖ പരിശോധിക്കാൻ അവസരം നൽകാതെ അതിന്മേൽ സ്വീകരിച്ച നടപടികൾ മാത്രം പ്രസിദ്ധീകരിക്കുന്നത് ജനാധിപത്യ മര്യാദയല്ല. എന്താണ് ശിപാർശ ചെയ്തത് എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അതിൽ സർക്കാർ സ്വീകരിച്ച നടപടി പര്യാപ്തമാണോ എന്ന് വിലയിരുത്താൻ ഗുണഭോക്താക്കൾക്ക് കഴിയൂ.
ഒരു റിപ്പോർട്ട് രഹസ്യമായി വയ്ക്കുമ്പോൾ ഭരണകൂടത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സൗകര്യം ചെറി പിക്കിംഗ് ആണ്. തങ്ങൾക്ക് സാമ്പത്തിക ബാധ്യതയില്ലാത്തതും മറ്റു വോട്ട് ബാങ്കുകളെ പിണക്കാത്തതുമായ എളുപ്പമുള്ള നിർദേശങ്ങൾ മാത്രം നടപ്പിലാക്കാം. എന്നിട്ട് ഞങ്ങൾ റിപ്പോർട്ട് നടപ്പിലാക്കുന്നുണ്ടല്ലോ എന്ന് അവകാശപ്പെടാം. റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ പ്രധാനപ്പെട്ട ഈ ശിപാർശ നിങ്ങൾ എന്തുകൊണ്ട് തള്ളി എന്ന് ചോദിക്കാൻ സമുദായ നേതൃത്വത്തിന് കഴിയൂ.
അതുകൊണ്ടാണ് റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് പലതവണ സമുദായ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. എന്താണ് അർഹതപ്പെട്ടതെന്ന് ജസ്റ്റീസ് കോശി എഴുതിയത് വായിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് നീതികേടാണ്. ആ അവകാശം സ്ഥാപിച്ചുകിട്ടിയാൽ മാത്രമേ എന്ത് നടപ്പിലാക്കി എന്നുള്ള സർക്കാരിന്റെ കണക്കെടുപ്പിന് വിശ്വാസ്യതയുണ്ടാകൂ.
വിവരാവകാശമുള്ള ഒരു ജനാധിപത്യ രാജ്യത്ത് സ്വന്തം അവകാശങ്ങൾ എന്താണെന്നറിയാൻ പൗരൻ ഇരുട്ടിൽ തപ്പേണ്ടി വരുന്നത് ശിപാർശകൾ നടപ്പിലാക്കാത്തതിനേക്കാൾ വലിയ അനീതിയാണ്. വെളിച്ചത്തു കൊണ്ടുവരാൻ മടിക്കുന്നത് എന്തായാലും അത് ന്യൂനപക്ഷത്തിന് അനുകൂലമാകാൻ വഴിയില്ല. പ്രകാശമുള്ളിടത്തേ നീതിയുണ്ടാകൂ. ഇരുട്ടിൽ കൈമാറുന്നവ അവകാശങ്ങളല്ല, ഔദാര്യങ്ങളാണ്. കണക്കുപുസ്തകം തുറന്നുവച്ച് സംസാരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാകേണ്ടതല്ലേ?
Tags : black box Justice Koshy Commission Report