കോട്ടയം: പരിസ്ഥിതിയെ സംരക്ഷിച്ചു മാത്രമേ വികസന പദ്ധതികള്‍ നടപ്പാക്കാവൂ എന്ന നിലപാടായിരുന്നു എക്കാലവും വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗിലിന്. പശ്ചിമഘട്ട സംരക്ഷണത്തിനായി ഉറച്ച നിലപാടോടെ ഏതറ്റവം വരെയും പോരാടാന്‍ അദ്ദേഹം തയാറായി. അത്തരത്തില്‍ ഗാഡ്ഗില്‍ ഏറെ വിമര്‍ശനങ്ങളും നേരിട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും അതിലെ ഓരോ വരികളും കാഴ്ചപ്പാടും ഭാവിയുടെ കരുതലിനുള്ളതായിരുന്നു. സര്‍ക്കാരുകളോട് പരിസ്ഥിതിയെ ചൊല്ലി ഏറെ കലഹിച്ച ഗാഡ്ഗില്‍ വിടപറയുമ്പോഴും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാകാതെ കിടക്കുകയാണ്. 2011ല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.
പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ അവസാനിപ്പിക്കണമെന്ന് നിരന്തരം മുന്നറിയിപ്പ് നല്കിയ അദ്ദേഹത്തെ വികസനവാദികളും രാഷ്ട്രീയക്കാരും ഒരുപോലെ പരിഹസിച്ചു. പ്രകൃതി ദുരന്തങ്ങള്‍ നാടിനു ഭീഷണിയായ ഇക്കാലത്ത് മാധവ് ഗാഡ്ഗിലിന്റെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രസക്തിയേറുന്നു.
കേരളത്തിലെ ക്വാറികള്‍ക്കും പരിസ്ഥിതി ചൂഷണത്തിനുമെതിരേ അദ്ദേഹം രംഗത്തു വന്നിരുന്നു. ക്വാറികളില്‍ നല്ലൊരു ശതമാനവും അനധികൃതമാണെന്നും ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീയെ എല്പ്പിക്കണമെന്നും പറഞ്ഞു. ഒപ്പം വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ വീതം നല്‍കുമെന്നും പ്രഖ്യാപിച്ചു.
പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന ആത്മകഥയില്‍ പുത്തുമല ദുരന്തത്തെയും അവിടുത്തെ നിസഹായരായ മനുഷ്യരെയും ചൊല്ലി വിലപിക്കുന്ന മാധവ് ഗാഡ്ഗിലിനെ കാണാം. പാറ പൊട്ടിക്കല്‍ അടക്കം ഖനനങ്ങളാണ് പ്രകൃതിയില്‍ പലതരത്തിലുള്ള ദുരന്തങ്ങള്‍ക്കു കാരണമെന്നും ഇന്ത്യയിലെ സാധാരണ ജനങ്ങളാണ് എപ്പോഴും ഇരകളാകുന്നതെന്നും ആസന്നഭാവിയില്‍ പരിസ്ഥിതി ആഘാതം വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരായിരുന്നു ഗാഡ്ഗിലിന്റെ ജീവിതത്തില്‍ ഏറിയ ഭാഗവും ഒപ്പമുണ്ടായിരുന്നത്. അവരുടെ പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിച്ചും സംവദിച്ചും ഏറെ യാത്രകള്‍ ചെയ്തു. ജനപക്ഷ ശാസ്ത്രജ്ഞനായിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. മണ്ണിനെയും പ്രകൃതിയെയും നെഞ്ചോട് ചേര്‍ത്തുപിച്ച ഗാഡ്ഗിലിന് പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വിദേശത്ത് പഠിച്ച മാധവ് ഗാഡ്ഗിലിന് ഇന്ത്യയില്‍ ജീവിക്കാനായിരുന്നു എക്കാലത്തെയും താല്പര്യം.
Tags : Madhav Gadgil western ghats