ജനാധിപത്യത്തിന്റെ നൈതിക ശക്തി ജീവിക്കുന്ന പൗരന്മാരെ അത് എങ്ങനെ സംരക്ഷിക്കുന്നു എന്നതിലൊതുങ്ങുന്നില്ല; മരിച്ചവരോടുള്ള സമീപനത്തിലൂടെയും അത് വിലയിരുത്തപ്പെടുന്നു. കുറച്ച് വര്‍ഷങ്ങളായി ചില സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് പൊതുശ്മശാനങ്ങളില്‍ മൃതദേഹസംസ്കാരം നടത്താന്‍ പ്രാദേശിക എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മതംമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക സംഘര്‍ഷങ്ങള്‍, സമൂഹത്തിലെ ഭൂരിപക്ഷ-ന്യൂനപക്ഷ ബന്ധത്തിലെ അവിശ്വാസം, ഗ്രാമീണതലത്തിലുള്ള അനൗപചാരിക സാമൂഹിക നിയന്ത്രണങ്ങള്‍ തുടങ്ങിയ പശ്ചാത്തലങ്ങളിലാണ് ഈ തര്‍ക്കങ്ങള്‍ കൂടുതലായി രൂപപ്പെട്ടത്.
മനുഷ്യന്റെ മരണാനന്തര മാന്യതയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച അടിസ്ഥാനചോദ്യങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രമാണോ? അല്ലെങ്കില്‍ മനുഷ്യന്റെ മാന്യത മരണത്തിനപ്പുറം പോലും നിയമസംരക്ഷണം ആവശ്യപ്പെടുന്ന മൂല്യമാണോ? ഈ സംഘര്‍ഷങ്ങള്‍ ഭരണഘടനാപരമായ പ്രതിബദ്ധതകളെ പുതുക്കി പരിശോധിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു.
സമീപകാല സംഭവങ്ങള്‍
ഈ മാസം, ഒഡീഷയിലെ നബരംഗ്പുര്‍ ജില്ലയില്‍ കപേന ഗ്രാമത്തില്‍ 13 വയസുള്ള ഒരു ക്രൈസ്തവ ബാലന്റെ മൃതദേഹസംസ്കാരം ഗ്രാമത്തിലെ പൊതു ശ്മശാനത്തില്‍ നടത്തുന്നതില്‍ തടസം നേരിട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നു. ഗ്രാമത്തിലെ ചില വിഭാഗങ്ങളുടെ എതിര്‍പ്പിനെ ത്തുടര്‍ന്ന്, ഏറെ വൈകി സ്വകാര്യഭൂമിയില്‍ സംസ്കാരം നടത്തുകയായിരുന്നു. ശവകുടീരത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന വ്യവസ്ഥകള്‍ വച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനു മുമ്പ്, 2026 ജനുവരിയില്‍, ബാലസോര്‍ ജില്ലയില്‍ വയോധിക ക്രൈസ്തവന്റെ സംസ്കാരം ദിവസങ്ങളോളം തടസപ്പെട്ടിരുന്നു. ഗ്രാമത്തിലെ ചിലര്‍ ക്രൈസ്തവ ശവസംസ്കാര രീതിക്കു പകരം പ്രാദേശിക പരമ്പരാഗത രീതികള്‍ പിന്തുടരണമെന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.
2024 ഒക്ടോബര്‍ മുതല്‍ 2025 ഏപ്രില്‍ വരെ, കൊറാപുട്, മല്‍ക്കാന്‍ഗിരി തുടങ്ങിയ ജില്ലകളില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പൊതുശ്മശാനങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തി. 2025ല്‍ ചില പ്രദേശങ്ങളില്‍ ശവകുടീരങ്ങള്‍ തുറന്ന് ശവങ്ങള് പുറത്തെടുത്തുവെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നു. ഇത്തരം പ്രവൃത്തികള്‍ മൃതദേഹത്തെ അപമാനിക്കല്‍, ശവസംസ്കാരത്തിന് തടസം സൃഷ്ടിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ തന്നെയാണ്.
ഛത്തീസ്ഗഡില്‍ നടന്ന സമാന സംഭവങ്ങളില്‍ ഈ മാസം 18ന് സുപ്രീംകോടതി ഇടപെട്ടു. ‘ഛത്തീസ്ഗഡ് അസോസിയേഷന് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് ഇക്വാലിറ്റി’യും മറ്റുള്ളവരും നല്കിയ ഹര്‍ജിയില്‍, ഗ്രാമങ്ങളില്‍ സംസ്കരിച്ച ക്രൈസ്തവ ആദിവാസികളുടെ മൃതദേഹങ്ങള്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ പുറത്തെടുത്ത് ദൂരെയുള്ള ‘നിര്‍ദിഷ്ട’ ശ്മശാനങ്ങളിലേക്ക് മാറ്റുന്നതിനെതിരേ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ 14 (സമത്വാവകാശം), 15 (മതാധിഷ്ഠിത വിവേചന നിരോധനം), 21 (ജീവിതവും മാന്യതയും), 25 (മതാചരണ സ്വാതന്ത്ര്യം) എന്നിവ ലംഘിക്കപ്പെടുന്നുവെന്ന വാദം പരിഗണിച്ചുകൊണ്ടാണ് കോടതി സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് നല്‍കുകയും, ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്പിക്കുകയും ചെയ്തത്.
മരണശേഷമുള്ള മാന്യതയും സംസ്കാരാവകാശവും ഭരണഘടനാ സംരക്ഷണത്തിന്റെ പരിധിക്കുള്ളിലാണെന്ന നിലപാട് 2002ല്‍ സുപ്രീംകോടതി ആശ്രയ അധികാര്‍ അഭിയാന് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ കേസില്‍ വ്യക്തമാക്കിയിരുന്നു. തെരുവ് നിവാസികളുടെ മൃതദേഹങ്ങള്‍ മാന്യതയോടെ സംസ്കരിക്കപ്പെടണം എന്നു കോടതി വിധിച്ചു; മരിച്ചവരോടുള്ള മാന്യത ഭരണഘടനയുടെ അനുച്ഛേദം 21-ന്റെ വ്യാപ്തിയില്പ്പെടുന്നതാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. അനുച്ഛേദം 21 ‘ജീവനും വ്യക്തിസ്വാതന്ത്ര്യവും’ സംരക്ഷിക്കുന്നു. എന്നാല്‍, സുപ്രീംകോടതി ഈ വകുപ്പിനെ ‘മാന്യതയോടെ ജീവിക്കുക’ എന്ന ആശയത്തിലേക്കു വിപുലീകരിച്ചിരിക്കുന്നു. മരണശേഷവും മാന്യത സംരക്ഷിക്കപ്പെടണം എന്ന നിലപാട് കോടതി വിവിധ കേസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
►മതസ്വാതന്ത്ര്യം: അനുച്ഛേദം 25ന്റെ പരിധിയും പ്രയോഗവും
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 25 ഓരോ വ്യക്തിക്കും ‘മതം സ്വതന്ത്രമായി ആചരിക്കാനും പ്രചരിപ്പിക്കാനും’ അവകാശം ഉറപ്പുനല്‍കുന്നു. സുപ്രീംകോടതി വ്യാഖ്യാനങ്ങളില്‍, മതാചാരങ്ങള്‍ വിശ്വാസത്തിന്റെ സ്വകാര്യ മേഖലയിലൊതുങ്ങുന്നതല്ല; അവയ്ക്ക് വ്യക്തമായ സാമൂഹികചടങ്ങ് സ്വഭാവവുമുണ്ട്. ശവസംസ്കാരം ഒരു മതചടങ്ങ് മാത്രമല്ല; അത് വ്യക്തിയുടെ ജീവിതവും വിശ്വാസവും പ്രതിഫലിപ്പിക്കുന്ന അവസാന പൊതുസാക്ഷ്യമാണ്.
ഒരു വ്യക്തിയുടെ മതപരമായ സംസ്കാരരീതി അനുഷ്ഠിക്കാന്‍ തടസം സൃഷ്ടിക്കുന്നത് അനുച്ഛേദം 25 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്നതായിരിക്കും. ഭരണഘടന ഈ അവകാശത്തിന് ‘പൊതുക്രമം, നൈതികത, പൊതു ആരോഗ്യം’ എന്നീ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നുവെങ്കിലും, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൊതുശ്മശാന പ്രവേശനം നിഷേധിക്കുന്നത് ഈ നിയന്ത്രണങ്ങളുടെ പരിധിക്കുള്ളില്‍ ന്യായീകരിക്കാന്‍ പ്രയാസമാണ്.
►സമത്വവും വിവേചന നിരോധനവും
അനുച്ഛേദം 14 നിയമത്തിനു മുമ്പിലുള്ള സമത്വവും നിയമസംരക്ഷണത്തിലെ സമാനതയും ഉറപ്പുനല്‍കുന്നു. അനുച്ഛേദം 15 മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം വ്യക്തമായി നിരോധിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രിതമോ പൊതുപയോഗത്തിനായോ നിലനില്‍ക്കുന്ന ശ്മശാനങ്ങള്‍ ഒരു മതവിഭാഗത്തിനു മാത്രം നിഷേധിക്കപ്പെടുന്നുവെങ്കില്‍, അത് ഭരണഘടനാപരമായ പരിശോധനയില്‍ നിലനില്ക്കാന് പ്രയാസമാണ്.
►ഭാരതീയ ന്യായ സംഹിത, 2023
ഇന്ത്യന്‍ ശിക്ഷാനിയമത്തിനു പകരമായി പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത, 2023 മൃതശരീരങ്ങളെ അപമാനിക്കുന്നതും ശവസംസ്കാരച്ചടങ്ങുകള്‍ തടസപ്പെടുത്തുന്നതുമായ പ്രവൃത്തികള്‍ക്കെതിരേ വ്യക്തമായ ശിക്ഷാനിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു.
ബിഎൻഎസ് വകുപ്പ് 301 (ഐപിസി 297): ശ്മശാനങ്ങളില്‍ അനധികൃത പ്രവേശനം, മൃതദേഹത്തെ അപമാനിക്കല്‍, ശവസംസ്കാരച്ചടങ്ങുകള്‍ തടസപ്പെടുത്തല്‍ എന്നിവ കുറ്റകരമാണ്.
ബിഎൻഎസ് വകുപ്പ് 299 (ഐപിസി 295 എ): മതാഭിമാനത്തെ ഉദ്ദേശ്യപൂര്‍വം വ്രണപ്പെടുത്തുന്ന പ്രവൃത്തികള്‍ക്ക് ശിക്ഷ.
ബിഎൻഎസ് വകുപ്പ് 196 (ഐപിസി 153 എ): മതവിദ്വേഷം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി.
►സംസ്ഥാനത്തിന്റെ ഭരണബാധ്യത
മരണശേഷവും മനുഷ്യന്റെ മാന്യത സംരക്ഷിക്കപ്പെടണം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മാനവിക തത്വചിന്തയുടെ അടിസ്ഥാനമാണ്. മതത്തിന്റെ പേരില്‍ സംസ്കാരാവകാശം ചോദ്യം ചെയ്യപ്പെടുന്നത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല; അതിനൊരു സാമൂഹികമാനവുമുണ്ട്.
അതിനാല്‍ സംസ്ഥാനങ്ങള്‍ ശവസംസ്കാരച്ചടങ്ങുകള്‍ സമാധാനപരമായി നടത്താന്‍ നിയമസംരക്ഷണം ഉറപ്പാക്കണം. പൊതുശ്മശാനങ്ങള്‍ ഒരു മതവിഭാഗത്തിനും വിവേചനാത്മകമായി നിഷേധിക്കാതിരിക്കണം.
മൃതശരീരത്തെ അപമാനിക്കല്‍, ശവസംസ്കാരത്തില്‍ തടസം, മതവിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരേ ഭാരതീയ ന്യായസംഹിത പ്രകാരം നടപടികള്‍ സ്വീകരിക്കണം.
►സാമൂഹിക യാഥാര്‍ഥ്യവും ഭരണഘടനാപരമായ പരമാധികാരവും
ഒഡീഷയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ആദിവാസി പ്രദേശങ്ങളില്‍ ഭൂമിയുടമസ്ഥാവകാശങ്ങളും ശ്മശാനങ്ങളുടെ ഉപയോഗരീതികളും പാരമ്പര്യ ഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശരിതന്നെ. മതപരമായ മാറ്റങ്ങള്‍ ചിലപ്പോള്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. എന്നിരുന്നാലും, ഭരണഘടനയുടെ തത്വചിന്തയില്‍ ‘സാമൂഹിക പതിവ്’ നിയമത്തിനുമീതെയുള്ള മേല്ക്കോയ്മയ്ക്ക് അര്‍ഹത നല്‍കുന്നില്ല.
മതനിരപേക്ഷത ഭരണഘടനയുടെ അന്തര്‍ഗതമായ ഭാഗമാണെന്ന് സുപ്രീംകോടതി പല വിധികളിലും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷത മതവിരുദ്ധതയല്ല; എല്ലാ മതങ്ങള്‍ക്കും സമാനമായ അംഗീകാരം നല്കുന്ന ഭരണപരമായ നിഷ്പക്ഷതയാണ്. ഒരു മതവിഭാഗത്തിന് പൊതു സൗകര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഈ അടിസ്ഥാനഘടനാ സിദ്ധാന്തത്തിനു വിരുദ്ധമാകും.
►‘സമവായ പരിഹാരം’ മതിയാകുമോ?
ചില സംഭവങ്ങളില്‍ ഭരണകൂടം ‘സമവായപരമായ’ പരിഹാരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, സമവായം സമത്വത്തെ ബലികഴിക്കുന്ന രീതിയിലായാല്‍ അത് ഭരണഘടനാപരമായ പരിഹാരമാകില്ല. ഒരു വിഭാഗത്തിന് അവരുടെ മതചിഹ്നങ്ങള്‍ ഒഴിവാക്കുകയോ സ്വകാര്യ ഭൂമിയില്‍ സംസ്കാരം നടത്തുകയോ ചെയ്യേണ്ടിവരുന്നുവെങ്കില്‍, അത് യഥാര്‍ഥ പരിഹാരമെന്നതിലുപരി അവകാശപരിമിതിയുടെ അംഗീകാരമാകും. ഭരണഘടനാപരമായ അവകാശങ്ങള്‍ പരസ്പര ചര്‍ച്ചയ്ക്കോ ഇളവുകൾക്കോ വിധേയമല്ല; അവ പ്രാബല്യത്തിലുള്ള നിയമാവകാശങ്ങളാണ്.
►ഉപസംഹാരം
മരണാനന്തര മാന്യത ഒരു സമൂഹത്തിന്റെ മാനസികവും നിയമപരവുമായ പക്വതയുടെ സൂചികയാണ്. ഒരാളുടെ ജീവിതകാലത്തെ മതപരമായ വിശ്വാസവും തെരഞ്ഞെടുപ്പും മരണത്തോടെ മായുന്നില്ല. ഒഡീഷയിലെയും മറ്റു സംസ്ഥാനങ്ങളിലെയും സംഭവങ്ങള്‍ ഒരു പ്രാദേശിക സാമൂഹിക പ്രശ്നമെന്നതിലുപരി ഭരണഘടനയുടെ ആത്മാവിന് നേരിടുന്ന വെല്ലുവിളിയാണ്.
Tags : Posthumous Dignity Controversial Constitutional Challenges