തിരുവനന്തപുരം: ശബരി റെയില്‍പാത വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കാല്നൂറ്റണ്ടിലേറെ നീണ്ട ഒരു ജനതയുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയില്‍ പാത കേരളത്തിന്റെ സമഗ്ര വികസനത്തിനും ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും സഹായകരമായ സുപ്രധാന പദ്ധതിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാതയായിരിക്കും ഇത്. ഇപ്പോള്‍ തീര്‍ഥാടകര്‍ ചെങ്ങന്നൂരില്‍ ഇറങ്ങിയാണ് ബസ് മാര്‍ഗവും മറ്റുമായി ശബരിമലയിലെത്തുന്നത്.
ശബരി പാത യാഥാര്‍ഥ്യമാകുന്നതോടെ മധ്യകേരളത്തിന്റെ മുഖച്ഛായതന്നെ മാറുമെന്നുറപ്പ്. എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ എരുമേലി വരെ 111 കിലോമീറ്ററില്‍ വിഭാവനം ചെയ്യുന്നതാണ് ശബരി റെയില്‍ പാത.
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് പാതയിലെ നിര്‍ദിഷ്ട 14 സ്റ്റേഷനുകള്‍.
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിക്കായി കഴിഞ്ഞ ദിവസം 1,900 കോടി രൂപ കിഫ്ബി വഴി നല്കാന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് ശബരി റെയില്‍ എന്ന സ്വപ്ന പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നത്. 1997-98 റെയില്‍വേ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതി തുടര്‍ നടപടികളില്ലാതെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി നാം കണ്ടത്. ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതു മുതല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങള്‍ വരെ ശബരി പാതയ്ക്കു തിരിച്ചടിയായി.
ശബരിപാത പൂര്‍ത്തിയാകുന്നതോടെ അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എരുമേലി തുടങ്ങിയ പ്രധാന പട്ടണങ്ങള്‍ ട്രെയിന്‍ മാര്‍ഗം ബന്ധിപ്പിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ വളര്‍ച്ചയിലേക്കു നയിക്കും. പദ്ധതി നാലു ജില്ലകളിലെ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും യാത്രാവേഗത്തിനും സമഗ്ര പുരോഗതിക്കും വലിയ ഊര്‍ജം പകരുകയും ചെയ്യും.
വിനോദസഞ്ചാര മേഖലയിലും വന്‍ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുക. മൂന്നാര്‍, അടിമാലി, ആനച്ചാല്‍, ഭൂതത്താന്‍കെട്ട്, രാമക്കല്‍മേട്, പാഞ്ചാലിമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, തേക്കടി, ഗവി, വാഗമണ്‍ തുടങ്ങിയ മേഖലകളിലേക്കു പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ഈ പാത ഗുണകരമാകും. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുമുള്ളവര്‍ക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അനായാസം എത്തിച്ചേരാന്‍ സാധിക്കും.
ദേശീയ പാതയും എംസി റോഡും റെയില്‍വേ സ്റ്റേഷനുമുള്ള അങ്കമാലിയില്‍ നിന്നാണ് ശബരി റെയില്‍ പാത ആരംഭിക്കുന്നത്. ഇതിനടുത്തായാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ശബരി പാത പൂര്‍ത്തിയാകുന്നതോടെ വിവിധ ഗതാഗത സൗകര്യങ്ങളുടെ ഒരു ഹബ്ബായി അങ്കമാലി മാറും. ഇത് വാണിജ്യ വ്യവസായ മേഖലകളിലും വന്‍ മുന്നേറ്റമുണ്ടാക്കും.
ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഒട്ടേറെ തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രമാണ്. അടുത്തായി മലയാറ്റൂര്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. ഈ കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടകര്‍ക്ക് അനായാസം എത്തിച്ചേരാന്‍ സാധിക്കും. പ്ലൈവുഡ് വ്യവസായ മേഖലയായ പെരുമ്പാവൂരില്‍ വികസനത്തിന് പുതിയസാധ്യതകളായിരിക്കും ശബരി പാത തുറക്കുക. ചരക്കു നീക്കം വേഗത്തിലാകുന്നതോടെ വ്യവസായത്തില്‍ വന്‍ ഉണര്‍വുണ്ടാകും.
പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലുള്ള ഓടക്കാലി വഴിയാണ് ശബരി പാത കടന്നുപോകുക. ഈ മേഖലയിലെ സാധാരണ ജനജീവിതം പാത വരുന്നതോടെ അനായാസമാകും. കോതമംഗലം ടൗണില്‍ നിന്നും രണ്ടര കിലോമീറ്ററോളം അകലെയാണ് ശബരി പദ്ധതിയില്‍ കോതമംഗലം റെയില്‍വേ സ്റ്റേഷന് വിഭാവനം ചെയ്യുന്നത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള ജനങ്ങളുടെ സാമൂഹ്യ കാര്‍ഷിക സാമ്പത്തിക മേഖലയ്ക്ക് ഈ സഞ്ചാര പാത ഉണര്‍വേകും. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങാം.
മൂവാറ്റുപുഴ വഴിയാണ് ശബരി പാത കടന്നു പോകുന്നത്. വാഴക്കുളത്ത് കല്ലൂര്ക്കാടിനു സമീപമാണ് പാതയുടെ സ്റ്റേഷന് വിഭാവനം ചെയ്തിരിക്കുന്നത്. പൈനാപ്പിൾ കൃഷിയിലൂടെ പ്രശസ്തമായ മൂവാറ്റുപുഴയ്ക്ക് ഇത് പുതിയ സാധ്യതകള്‍ തുറക്കും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ എത്തിക്കുന്നതിന് പാത സഹായകമാകും. തുടര്‍ന്നുള്ള തൊടുപുഴ സ്റ്റേഷന് ഇടുക്കി ജില്ലയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാകും. ഇത് ജില്ലയുടെ സമഗ്ര വികസന പാതകൂടിയാകും.
കരിങ്കുന്നം, രാമപുരം, സ്റ്റേഷനുകള്‍ വരെയാണ് ഇതുവരെ സ്ഥലം അളന്ന് പാതയ്ക്കായി കല്ലിട്ടിട്ടുള്ളത്. തുടര്‍ന്നുള്ള സ്റ്റേഷനുകളായ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി സ്റ്റേഷനുകളില്‍ ഇതുവരെ സര്‍വേ നടന്നിട്ടില്ല.
തീര്‍ഥാടക ടൂറിസത്തിനു കുതിപ്പേകും
ശബരിപാത യാഥാര്‍ഥ്യമായാല്‍ തീര്‍ഥാടക ടൂറിസത്തിനാണ് ഏറ്റവും പ്രയോജനപ്പെടുന്നത്. മലയാറ്റൂര്‍ കുരിശുമല, ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം, രാമപുരത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, രാമപുരം നാലമ്പലം ഉള്‍പ്പെടെ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് യാത്രാ സൗകര്യം വര്‍ധിക്കും. ശബരിമല തീര്‍ഥാടകര്‍ക്കാണ് പാത ഏറെ പ്രയോജനപ്പെടുന്നത്. എരുമേലിയില്‍ ശബരി വിമാനത്താവളം കൂടി എത്തിയാല്‍ എയര്‍പോര്‍ട്ടുമായി കണക്്ടിറ്റിവിറ്റി ലഭിക്കും. കൊല്ലം-ചെങ്കോട്ട പാതയുമായി ശബരി പാത നീട്ടുന്നതോടെ തമിഴ്നാട്ടിലേക്കുള്ള യാത്രയും സുഗമമാകും. വേളാങ്കണ്ണിയുമായും പാത ഭാവിയില്‍ കണക്്ട് ചെയ്യാം.
കുടിയേറ്റജനതയ്ക്കും നേട്ടം
മധ്യകേരളത്തില്‍ നിന്നും പ്രത്യേകിച്ച് പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ നിന്നും മലബാറില്‍ കുടിയേറി പാര്‍ത്തവര്‍ക്ക് നാട്ടിലെത്താന്‍ വളരെയധികം പ്രയോജനപ്പെടുന്നതാണ് ശബരിപാത. മലബാര്‍ പ്രദേശങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ പാലായിലെ ബ്രില്യന്റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പഠനത്തിനായി എത്തുന്നുണ്ട്. ഇവര്‍ക്കും പാത പ്രയോജനപ്പെടും.
കാര്‍ഷികമേഖലയ്ക്ക് കരുത്താകും
റബറും കുരുമുളകും, ജാതിയും പൈനാപ്പിളുമൊക്കെയായുള്ള മധ്യ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ശബരി പാത പുത്തന്‍ കുതിപ്പേകും. മധ്യകേരളത്തില്‍ ഇപ്പോള്‍ പൈനാപ്പിള്‍ കൃഷി വ്യാപകമായിട്ടുണ്ട്. പാത കടന്നു വരുന്ന വാഴക്കുളം പൈനാപ്പിള്‍ കൃഷിയുടെ കേന്ദ്രമാണ്. പൈനാപ്പിളിന്റെ പ്രധാന വിപണി ഉത്തരേന്ത്യയാണ്. ഇപ്പോള്‍ വാഹനങ്ങളില്‍ പൈനാപ്പിള്‍ ഉത്തരേന്ത്യയിലെത്തുമ്പോല് പഴുത്തും അല്ലാതെയും നശിച്ചു പോകും. പാത യാഥാര്‍ഥ്യമായാല്‍ ശീതീകരിച്ച കണ്ടെയ്നര്‍ വഴി ഇവ അതിവേഗം വിപണന കേന്ദ്രങ്ങളിലെത്തിക്കാം. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണിക്കും പാത പ്രയോജനപ്പെടും.

ജിജോ പനച്ചിനാനി, സെക്രട്ടറി, ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന്
ശബരി റെയില്‍വേ സ്ഥലമെടുപ്പിന് കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷന് വരെ 70 കിലോമീറ്റര്‍ ദൂരത്തില്‍ കല്ലിട്ട് തിരിച്ചെങ്കിലും കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ രാമപുരം, കടനാട് വില്ലേജുകളിലും തൊടുപുഴ താലൂക്കിലെ കരിങ്കുന്നം, മണക്കാട്, തൊടുപുഴ വില്ലേജുകളിലും ഇനിയും സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടില്ല. സാമൂഹ്യ ആഘാത പഠനവും എസ്ഐഎഎസ് റിപ്പോര്‍ട്ടില്‍ ഹിയറിംഗ് നടത്തി 25 വര്‍ഷം മുന്‍പ് ശബരി റെയില്‍വേക്ക് വേണ്ടി കല്ലിട്ട് തിരിച്ച സ്ഥലമുടമകള്‍ക്ക് സ്ഥലവില വേഗത്തില്‍ കൊടുക്കാനും മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന ശബരി റെയില്‍വേ സ്ഥലമെടുപ്പ് ഓഫീസുകള്‍ പുനരാരംഭിക്കാനും നടപടിയെടുക്കണം .

ജയ്സന് മാന്തോട്ടം, പാലാ, ചെയര്മാന്, പാസഞ്ചേഴ്സ് അസോസിയേഷന്
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിയുടെ പുതിയ ഏരിയല്‍ സര്‍വേയില്‍ അന്തീനാട്ടില്‍ നിന്നും മേലമ്പാറയിലേക്കാണ് നിര്‍ദിഷ്ഠ ലൈന്‍. പാലാ നഗരത്തെ ഒഴിവാക്കി സ്റ്റേഷനും സൗകര്യങ്ങളും മാറ്റപ്പെട്ടാല്‍ അത് ഭാവിതലമുറയ്ക്ക് വന്‍ നഷ്ടമാകും.
നിലവിലെ കണക്കാക്കല്‍ പ്രകാരം മേലമ്പാറയില്‍ വിഭാവനം ചെയ്യുന്ന റെയില്സ്റ്റേഷന് പാലാ മേഖലയിലുള്ളവര്‍ക്ക് ഗുണം ചെയ്യില്ല. കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് ഏറ്റുമാനൂര്‍ -പാലാ 16 കി.മീ റെയില്‍ ലിങ്ക് പദ്ധതി പ്രോജക്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ട് വര്‍ഷങ്ങളായി. ശബരി റെയിലുമായി കോട്ടയം പാതയെ ബന്ധിപ്പിച്ചാല്‍ എല്ലാ ദിശയിലേക്കും പാലാക്കാര്‍ക്ക് യാത്രാമാര്‍ഗം തുറന്നുകിട്ടും. ഭൂമി വില കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ 2013-ലെ വിപണി വിലയുടെ മൂന്നിരട്ടി നല്‍കിയുള്ള ഭൂമി ഏറ്റെടുക്കല്‍ ഉടമകള്‍ക്ക് വന്‍ നേട്ടമാകും.

ടോമിച്ചന് സ്കറിയ ഐക്കര കര്‍ഷക വേദി, തിടനാട്
റബര്‍ വിലയില്‍ ഉണ്ടായ തകര്‍ച്ചയില്‍, പുതിയ വിവിധ ഇനം റംബൂട്ടാന്, ഡ്രാഗണ്‍ ഫ്രൂട്ട്, മങ്കോസ്റ്റിന് വിളകളിലേക്കു മാറിയിരിക്കുന്ന സാഹചര്യത്തിന് ഉത്പന്നങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വിപണി കണ്ടെത്തി തങ്ങളുടെ ഉത്പന്നങ്ങള്‍ എത്തിച്ചു നല്ല വില ലഭിക്കുകയും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കൊടുക്കുവാനും സാധിക്കും. മതേതരസഹോദര്യത്തിന്റെ ഭാഗമായി പ്രദേശത്തെ വിവിധ ദേവാലങ്ങള്‍, അമ്പലങ്ങള്‍, മുസ്ലിം പള്ളികള്‍ തുടങ്ങിയ ഇടങ്ങൾ സന്ദര്‍ശിയ്ക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.
Tags : Sabari Path Sabari Rail Line Railway