കാമറയ്ക്കു മുന്നിൽ മദ്യക്കുപ്പി ഒന്ന് തെളിയുകയും അതിലെ പേര് വായിക്കാൻ കഴിയും വിധം വ്യക്തമാവുകയും ചെയ്താൽ, അബ്കാരി നിയമപ്രകാരം അതൊരു പരസ്യമായി കണക്കാക്കപ്പെടും; അത് ഗുരുതരമായ ഒരു കുറ്റകൃത്യമാണ്. എന്നാൽ, പുതിയ മദ്യത്തിന് പേര് നിർദേശിക്കാൻ ജനങ്ങളെ ക്ഷണിക്കുന്നത് ഭരണപരമായ നടപടിയും.
ഒരേ വസ്തു, ഒരേ നിയമം, പക്ഷേ രണ്ടു നീതി. ഒരു കൈകൊണ്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുകയും മറുകൈകൊണ്ട് വിപണന തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന വിചിത്രമായ രക്ഷാകർതൃത്വമാണ് കേരളത്തിലെ മദ്യനയത്തിൽ സർക്കാർ സ്വീകരിക്കുന്നത്. നിയമം പൗരനും ഭരണകൂടത്തിനും രണ്ട് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേരള അബ്കാരി നിയമത്തിലെ 55(എച്ച്) വകുപ്പ് പ്രകാരം മദ്യത്തിന്റെ പരസ്യം നൽകുന്നതോ മദ്യപാനത്തെ ഏതെങ്കിലും രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതോ കുറ്റകരമാണ്. ‘നിയമവിരുദ്ധമായ പരസ്യം’ എന്ന ഗണത്തിൽ പെടുന്ന കുറ്റകൃത്യങ്ങൾക്ക് ആറു മാസം വരെ തടവോ 25,000 രൂപ വരെ പിഴയോ ആണ് ശിക്ഷ. ഇൻസ്റ്റാഗ്രാം റീലുകളിലോ വീഡിയോകളിലോ മദ്യക്കുപ്പിയുടെ ലേബൽ കാണിക്കുകയോ മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്താൽ അത് മദ്യപാനത്തിനുള്ള പ്രേരണയായി എക്സൈസ് വകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്തിടെ വ്ലോഗർമാർക്കും വിദ്യാർഥികൾക്കുമെതിരേ കേസുകൾ രജിസ്റ്റർ ചെയ്തത്. അതുകൊണ്ടാണ് ബെവ്കോയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്.
മലബാറിലെ കശുവണ്ടിയിൽനിന്നും മറ്റും ഉത്പാദിപ്പിക്കുന്ന പുതിയ മദ്യത്തിന് അനുയോജ്യമായ പേര് നിർദേശിക്കാൻ ബെവ്കോ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി പ്രചാരം നൽകുകയും മികച്ച പേര് നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി ഇതൊരു മത്സരമാണെന്ന് പറയാമെങ്കിലും, ഫലത്തിൽ ഇതൊരു പരസ്യപ്രചാരണം തന്നെയാണ്. ഒരു ഉത്പന്നത്തിന് പേരിടുക എന്നത് അതിന്റെ ബ്രാൻഡിംഗിന്റെ ആദ്യപടിയാണ്. ജനങ്ങളെക്കൊണ്ട് പേര് നിർദേശിപ്പിക്കുക വഴി പുതിയൊരു മദ്യം വിപണിയിൽ വരുന്നുണ്ടെന്ന വിവരം ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ സർക്കാരിനു കഴിയുന്നു.
നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ വ്ലോഗർ ചെയ്യുന്നതും സർക്കാർ ചെയ്യുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. വ്ലോഗർ റീലിൽ മദ്യക്കുപ്പി കാണിക്കുമ്പോൾ അത് കാണുന്നവരിൽ മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നു എന്നതായിരുന്നു എക്സൈസിന്റെ വാദം. അങ്ങനെയെങ്കിൽ, പുതിയ മദ്യത്തിന് ആകർഷകമായ പേര് നിർദേശിക്കാൻ ആവശ്യപ്പെടുന്നതും അതിനെക്കുറിച്ച് വാർത്തകൾ വരുന്നതും ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ, ആ ഉത്പന്നം പരീക്ഷിക്കാനുള്ള കൗതുകം ഉണർത്തില്ലേ? പൗരൻ ചെയ്യുമ്പോൾ അത് മദ്യപിക്കാനുള്ള പ്രേരണയാവുകയും സർക്കാർ ചെയ്യുമ്പോൾ അത് ജനകീയ പങ്കാളിത്തമാകുകയും ചെയ്യുന്ന യുക്തിരാഹിത്യമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മദ്യവിൽപന സുഗമമായി നടക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. എന്നാൽ അതേസമയം മദ്യപാനം സാമൂഹിക വിപത്താണെന്ന ബോധവത്കരണവും മറുവശത്ത് സർക്കാർതന്നെ നടത്തേണ്ടിവരുന്നു. ഈ രണ്ട് ഉത്തരവാദിത്വങ്ങളും തമ്മിലുള്ള സംഘർഷമാണ് ഇത്തരം വൈരുദ്ധ്യങ്ങളിൽ പ്രതിഫലിക്കുന്നത്.
മദ്യം വിൽക്കുന്നത് നിയമവിധേയമാവുകയും എന്നാൽ അത് ഉപയോഗിക്കുന്നത് കാണിക്കുന്നത് കുറ്റകൃത്യമാവുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ. ഒരേസമയം കച്ചവടക്കാരന്റെ ലാഭക്കണ്ണും സദാചാര പോലീസിന്റെ വടിയും കൈയിലേന്തുന്ന ഈ ‘ഇരട്ടവേഷം’ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങൾക്ക് വേണ്ടതു ഉപദേശങ്ങളല്ല, നീതിയാണ്.
Tags : Show the bottle get a case name get a prize alcohol policy