ഇരുപത്തിയേഴു വർഷത്തെ നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയിലെ നാസയിൽനിന്നു വിരമിച്ച സുനിത വില്യംസ് ചൊവ്വാഴ്ച ഇന്ത്യ സന്ദർശിക്കാനെത്തി. ശൂന്യാകാശ പര്യവേക്ഷണ മേഖലയിൽ നിരവധി റിക്കാർഡുകൾ സ്ഥാപിച്ച സുനിത വില്യംസ് അന്താരാഷ്ട്ര ശൂന്യാകാശ കേന്ദ്രത്തിലേക്ക് മൂന്നു ദൗത്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. യുഎസ് നേവി ക്യാപ്റ്റനും നാസയിലെ പ്രമുഖ ബഹിരാകാശ യാത്രികയുമായ സുനിത 2025 ഡിസംബറിലാണ് നാസയിൽനിന്നു വിരമിച്ചത്.
ഗുജറാത്തിലെ മെഹ്സാന ജില്ലയിൽനിന്നുള്ള ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയക്കാരിയായ ഉർസുലിൻ ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് അമേരിക്കയിലെ ഓഹിയൊയിൽ ജനിച്ചു. സുനിത ശൂന്യാകാശത്ത് 608 ദിവസങ്ങളാണ് ചെലവഴിച്ചത്. നാസാ ഗഗനചാരിയുടെ കാര്യത്തിൽ രണ്ടാംസ്ഥാനക്കാരിയായി. ഒരു ശൂന്യാകാശയാത്രയിൽ ഏറ്റവും കൂടുതൽ ദിവസം (286 ദിവസം) നാസയുടെ ബോയിംഗ് സ്റ്റാർ ലൈനർ സ്പെയ്സ് എക്സ് ദൗത്യത്തിൽ ചെലവഴിച്ച സുനിത വില്യംസ് നിരവധി ശൂന്യാകാശ യാത്രികർക്കും ശാസ്ത്രജ്ഞർക്കും പ്രചോദനം നല്‍കിയിട്ടുണ്ടെന്നാണ് നാസയുടെ പത്രക്കുറിപ്പിൽ പറയുന്നത്.
‘ഭൂതലത്തിൽ കാലുറപ്പിച്ച് നക്ഷത്രങ്ങളെ സ്വപ്നം കണ്ട വനിത’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുനിത ശൂന്യാകാശ യാത്രയുടെ ഭാഗമായി ഒന്‍പതു തവണ ശൂന്യാകാശത്തുകൂടി നടന്നിട്ടുണ്ട്. ആകെ 62 മണിക്കൂറോളം തന്റെ ‘നടത്ത’ത്തിൽ ചെലവഴിച്ച സുനിത വനിതാ യാത്രികരുടെ പട്ടികയിൽ ഒന്നാമതാണ്, ശൂന്യാകാശയാത്രാ ചരിത്രത്തിൽ നാലാമതും. ശൂന്യാകാശത്ത് ഒരു മാരത്തണ്‍ ഓട്ടം നടത്തിയ ആദ്യത്തെ വ്യക്തിയാണ് സുനിത എന്നാണ് നാസ വിശേഷിപ്പിച്ചത്.
അമേരിക്കൻ നേവൽ അക്കാദമിയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും മെൽബോണിലെ ഫ്ളോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനിയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ സുനിത 40 വ്യത്യസ്ത വിമാനങ്ങളിലായി നാലായിരത്തോളം മണിക്കൂറുകൾ നായകത്വം എടുത്തിരുന്നു.
“എന്റെ പരിചയക്കാർക്കറിയാം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ശൂന്യാകാശമാണെന്ന്” -ഒരിക്കൽ സുനിത പറഞ്ഞു. ഡിസ്കവറി സ്പെയ്സ് ഷട്ടിലിലാണ് സുനിത തന്റെ ശൂന്യാകാശയാത്രയ്ക്ക് ഹരിശ്രീ കുറിച്ചത്. ഫ്ളൈറ്റ് എൻജിനിയറായി ഡിസ്കവറിയിൽ സേവനമനുഷ്ഠിച്ച സുനിത അന്നത്തെ റിക്കാർഡായ നാല് ശൂന്യാകാശനടത്തം ചെയ്തിരുന്നു.
2012ൽ കസാക്കിസ്ഥാനിൽ ബൈക്കൗണ് കോസ്മോഡ്രോണിൽനിന്ന് വിക്ഷേപിച്ച ശൂന്യാകാശയാത്രയിൽ 127 ദിവസം ചെലവഴിച്ച സുനിത ആ ദൗത്യത്തിൽ കമാൻഡറായിരുന്നു. യാത്രയ്ക്കിടയിൽ മൂന്നു ശൂന്യാകാശ നടത്തം ചെയ്യേണ്ടതായി വന്ന സുനിത റേഡിയേറ്ററിലെ ഒരു ലീക്ക് മാറ്റാനും സോളാർ സിസ്റ്റത്തിലെ ചില ഭാഗങ്ങൾ മാറ്റിവയ്ക്കാനും സഹായിച്ചു.
2024 ജൂണിൽ നാസയുടെ ബോയിംഗ് ഫ്ളൈറ്റ് ടെസ്റ്റ് മിഷന്റെ ഭാഗമായി സ്റ്റാർ ലൈനർ ശൂന്യാകാശ പേടകത്തിൽ യാത്രികയായിരുന്ന സുനിത സ്പെയ്സ് സ്റ്റേഷന്റെ കമാൻഡർ പദവി ഏറ്റെടുത്തിരുന്നു.
യുവശാസ്ത്രജ്ഞരെയും നാസയിലെ മറ്റു സാങ്കേതിക ശാത്രജ്ഞരെയും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പ്രചോദനം നല്‍കാനുള്ള പദ്ധതികളിൽ വ്യാപൃതയാണ് സുനിത.
(കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഇന്റർനാഷണൽ
സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ വിസിറ്റിംഗ് പ്രഫസറാണ് ലേഖകന്‍)
Tags : stars Sunita Williams NASA space exploration astronaut