വിജയേട്ടന് ഇവിടില്ലേ...
""ഇല്ലല്ലോ, വിജയേട്ടന് മീന്‍ മേടിക്കാന്‍ പോയി.
വെള്ളിയാഴ്ച പോയതാണ്...''
"ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയുടെ തുടക്കസീനുകളിലൊന്നില് ചിത്രത്തിലെ നായകന് വിജയനെ അന്വേഷിച്ചെത്തുന്ന കൂട്ടുകാരനോട് വിജയന്റെ ഭാര്യ പറയുന്ന ഉത്തരമാണിത്. ഈ ഒറ്റ ഡയലോഗിലൂടെ ആ നായകന് ആരാണെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളെന്താണെന്നും വളരെ കൃത്യമായി വരച്ചിടുകയാണ് ശ്രീനിവാസന്. കുടുംബത്തിലെ ഉത്തരവാദിത്വം നിറവേറ്റാതെ എല്ലാറ്റില്‍നിന്നും ഒളിച്ചോടുന്ന വിജയന് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഇതിലും നല്ലൊരു ഡയലോഗ് ഇല്ല- ഇതായിരുന്നു ശ്രീനിവാസന്. ഇവിടെ അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം പരാമര്ശിക്കുന്നതില് അര്‍ഥമില്ല. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എത്രയെത്ര സംഭാഷണങ്ങള്‍. ഒരുപക്ഷേ സംഭാഷണങ്ങളിലൂടെ സിനിമകള്‍ ഹിറ്റാക്കിയ അപൂര്‍വം ചലച്ചിത്രകാരന്മാരിലാരാളായിരുന്നു ശ്രീനിവാസൻ.
തിരക്കഥാകൃത്ത്, നടന്, സംവിധായകന് എന്നിങ്ങനെ ബഹുമുഖപ്രതിഭ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും തിരക്കഥയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. സംവിധായകനായി രണ്ടേ രണ്ടു ചിത്രങ്ങള്‍. അവ രണ്ടും മലയാളത്തിന്റെ മാസ്റ്റര്‍പീസുകള്‍ തന്നെ. അഭിനേതാവായി നമ്മെ ആഴത്തില്‍ സ്പര്‍ശിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍. പക്ഷേ, അതിനും മേലെയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ശ്രീനിവാസന്റെ തിരക്കഥകള്‍, അത് അദ്ദേഹത്തിനു മാത്രം സാധ്യമാകുന്ന മൗലികസൃഷ്ടികളായിരുന്നു.
ശ്രീനിവാസന്റെ രചനയുടെ സൗകുമാര്യവും ആകര്‍ഷണവും തേടിപ്പോയാല്‍ പെട്ടെന്ന് നമുക്ക് ഉത്തരം ലഭിക്കും. അതു തികച്ചും സാധാരണമായിരുന്നു. മലയാളിയുടെ വികാര-വിചാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകള്‍. ഒരുപക്ഷേ മലയാളികള്‍ക്കുവേണ്ടി മാത്രമാണ് അദ്ദേഹം തിരക്കഥകള്‍ ഒരുക്കിയതെന്നു നമുക്കു തോന്നിപ്പോകും. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമെല്ലാം മലയാളിയുടെ സ്വഭാവങ്ങളോടു ചേര്ന്നുനില്ക്കുന്നു. മറ്റുഭാഷകളില്‍ ഈ സംഭാഷണങ്ങളും കോമഡിയുമൊക്കെ ഇണങ്ങുമോയെന്ന് സംശയം തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. അത്രയ്ക്കും മലയാളി സമൂഹവുമായി ചേര്‍ന്നുനിന്നു ഈ രചനകള്‍.
ശ്രീനിവാസന് തന്റെ തിരക്കഥകളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളില്ല.കുടുംബബന്ധങ്ങള്‍, പൊങ്ങച്ചം, സുഹൃത്ബന്ധം, അസൂയ, കുന്നായ്മ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, അഴിമതി, പ്രണയം, സാമ്പത്തിക പ്രതിസന്ധി ... ഇത്തരം നിരവധി വിഷയങ്ങള്‍ മലയാളികളുടെ പൊതുസ്വഭാവവുമായി ചേര്‍ത്തുവച്ചതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. തിരശീലയില്‍ കഥാപാത്രങ്ങൾ മിന്നിമറയുന്പോൾ പ്രേക്ഷകന്റെ മനസില്‍ ഇവരിൽ ആരിലൊക്കെയോ താനുണ്ടെന്ന ഗൂഢസ്മിതം വിരിയുന്നിടത്താണ് ശ്രീനിവാസന് സിനിമകള്‍ ഉദ്ഘോഷിക്കപ്പെടുന്നത്.
അഭിനയം പാഷൻ, പക്ഷേ തിരക്കഥയിൽ...
അഭിനയമോഹവുമായാണ് ശ്രീനിവാസന് സിനിമയിലെത്തിയത്. അതായിരുന്നു അദ്ദേഹത്തിന്റെ പാഷനും. പക്ഷേ, തിരക്കഥാരചനയിലേക്ക് അദ്ദേഹം എത്തപ്പെടുകയായിരുന്നു. പ്രിയദര്‍ശനും സിബിമലയിലും പിന്നീട് സത്യന്അന്തിക്കാടുമൊക്കെയാണ് അതിനു കാരണക്കാരായത്. പ്രിയദര്‍ശനാണ് ആദ്യം ശ്രീനിവാസനെ നിര്‍ബന്ധിച്ച് തിരക്കഥയെഴുതിച്ചത്. തിരക്കഥയെഴുതുകയാണെങ്കിൽ അതില്‍ ഒരു റോളും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഓടരുതമ്മവാ ആളറിയാം എന്ന ഹിറ്റ് ചിത്രം പിറവിയെടുക്കുന്നത്. തുടർന്ന് സിബി മലയിൽ തന്റെ ആദ്യ സിനിമ മുത്താരംകുന്ന് പി.ഒ പ്ലാൻ ചെയ്തപ്പോഴും ശ്രീനിവാസനെയാണ് സമീപിച്ചത്.
മുത്താരം കുന്നിന്റെ തിരക്കഥ വായിച്ച സത്യന് അന്തിക്കാട് മനസില്‍ കുറിച്ചു- ഇതാണ് താന്‍ തേടിനടന്ന രചയിതാവ്. അവിടെ മറ്റൊരു ചരിത്രത്തിന് തുടക്കമാകുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് സത്യന്‍അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്നത് സന്മനസുള്ളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, ഗാന്ധിനഗര്സെക്കന്ഡ് സ്ട്രീറ്റ്, സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍. ഈ ചിത്രങ്ങളെ വെറും ഹാസ്യസിനിമകളുടെ ലേബലിലല്ല പ്രേക്ഷകര്‍ കണ്ടത്. വളരെ ഗൗരവമേറിയ പ്രമേയങ്ങള്‍ അതിലളിതമായ സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് ഹാസ്യമായെന്നു മാത്രം. അവിടെയാണ് ശ്രീനിവാസന് എന്ന രചയിതാവിന്റെ മൗലികത.
മലയാള സിനിമ അതുവരെ കണ്ട തിരക്കഥാ ഫോര്മുലകളില്നിന്ന് വ്യത്യസ്തമായിരുന്നു ശ്രീനിവാസന്റെ രചനകള്‍. നാടക- സാഹിത്യ പശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു തിരക്കഥാകൃത്തുക്കള്‍ മിക്കവരും. അവരുടെ തിരക്കഥയിലെ അച്ചടിഭാഷയും നാടകീയതയും കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക് ശ്രീനിവാസന്റെ പച്ചയായ ഭാഷയും റിയലിസ്റ്റിക്കായ അവതരണരീതിയുമെല്ലാം ഏറെ പുതുമയായി തോന്നി. പ്രമേയം, ആഖ്യാനം, സംഭാഷണം ഇവയിലൊന്നും സാഹിത്യമോ ഫാന്റസിയോ കാല്പനികതയോ സ്പര്‍ശിക്കാതെ സാധാരണക്കാരുടെ ജിവിത പ്രശനങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. അതിനായി അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സംഭാഷണങ്ങളെയായിരുന്നു. അതുവരെ കണ്ട അച്ചടിഭാഷയിലുള്ള നെടുനീളന്‍ സംഭാഷണങ്ങള്‍ക്കുപകരം നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ ഭാഷയിലൂടെ അദ്ദേഹം ആശയവിനിമയം നടത്തി.
ഇടത്തരക്കാരുടെ സ്വപ്നങ്ങൾ...
സാധാരണക്കാരുടെ കഥകളും അവരുടെ വികാര-വിചാരങ്ങളുമായിരുന്നു മിക്ക ശ്രീനിവാസന് സിനിമകളും. അവിടെ മലയാളികളുടെ സഹജ നര്‍മബോധവും പൊങ്ങച്ചവും പാരവയ്പ്പും നന്മകളുമെല്ലാം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. ഇടത്തരക്കാരുടെ സ്വപ്നങ്ങള്‍ക്ക് പരിമിതികളില്ല. എപ്പോഴും അവര്‍ ഒരുപടി മുന്നേറാനാണ് ശ്രമിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങളില്‍ മലയാളി മിഡില്‍ ക്ലാസ് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളും വീര്പ്പുമുട്ടലുകളുമെല്ലാം വളരെ യാഥാര്‍ഥ്യബോധത്തോടെയാണ് അദ്ദേഹം വരച്ചുകാട്ടിയത്.
മിഥുനം, തലയണമന്ത്രം, കുടുംബപുരാണം, വരവേല്പ് തുടങ്ങി എത്രയെത്ര സിനിമകള്‍ ഈ ജനുസില്‍ നമ്മള് കണ്ടു. മിഥുനത്തിലും തലയണമന്ത്രത്തിലുമൊക്കെ ഉര്‍വശി അഭിനയിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച റിയലിസ്റ്റിക്ക് സ്ത്രീ കഥാപാത്രങ്ങളാണ്. തന്റെ മേഖലയായ സിനിമയെയും അദ്ദേഹം തിരക്കഥയ്ക്ക് ഉപകരണമാക്കി. സിനിമയ്ക്കുള്ളിലെ സിനിമയെ യാതൊരു സങ്കോചവുമില്ലാതെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഉദയനാണ് താരം.
സൂപ്പർതാരങ്ങളെയൊക്കെ പരിഹസിക്കുന്ന കഥാസന്ദർഭങ്ങൾ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ആക്ഷേപഹാസ്യത്തിന്റെ പരിധിയിൽനിന്ന് ആരെയും മുറിപ്പെടുത്താതെയാണ് ഈ ചിത്രമൊരുക്കിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാപട്യങ്ങളെയും ആശയപരമായ വൈരുധ്യങ്ങളെയും നിശിതമായി വിമർശിച്ച സന്ദേശം എന്ന ചിത്രത്തിന്റെ പ്രസക്തിയും വളരെ വലുതാണ്.
കാരിക്കേച്ചർ സ്വഭാവമുള്ള കഥാഖ്യാനമാണ് പൊതുവേ ശ്രീനിവാസന്റേത്. അദ്ദേഹം അഭിനയിച്ച മിക്ക കഥാപാത്രങ്ങളും അങ്ങനെതന്നെയായിരുന്നു. കഥാപാത്രങ്ങളുടെ മാനസിക ദൗർബല്യങ്ങളാണ് അദ്ദേഹം അഭിനയിച്ച സിനിമകളുടെയും ആകർഷണം.
സന്മനസുള്ളവർക്ക് സമാധാനത്തിലെ എസ്ഐ മുതൽ ഉദയനാണ് താരത്തിലെ സരോജ്കുമാർ വരെയുള്ള കഥാപാത്രങ്ങൾ അത്തരം സ്വഭാവസവിശേഷതകൾ പേറുന്നവയായിരുന്നു. ഇത്തരം കഥാപാത്രങ്ങൾക്കുമപ്പുറം വൈകാരിക മുഹൂർത്തങ്ങളിൽ തിളങ്ങുന്ന ശ്രീനിവാസനെയും നമ്മൾ കണ്ടിട്ടുണ്ട്.
കഥപറയുന്പോഴിലെ ബാർബർ ബാലൻ, മഴയെത്തും മുൻപേയിലെ മമ്മൂട്ടിയുടെ സുഹൃത്ത് റഹ്മാൻ, ചിദംബരത്തിലെ മുനിയാണ്ടി, ചിതറിയവർ എന്ന ചിത്രത്തിലെ വിശ്വനാഥൻ, തകരച്ചെണ്ടയിലെ യാചകൻ തുടങ്ങി ഉൾക്കരുത്തുള്ള ഒരു പിടി കഥാ പാത്രങ്ങളെ അവതരിപ്പിക്കാൻ അ ദ്ദേഹത്തിനായിട്ടുണ്ട്.
Tags : Cini Artist Srinivasan Director Script writer Producer Malayalam cinima