പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ളത് ആത്മബന്ധമാണ്. അമ്മയും മക്കളും പോലെ. അമ്മയെപോലെ പ്രകൃതിയെ സ്നേഹിക്കാന്‍ നമുക്കു കടമയുണ്ട്. പ്രകൃതിയെ മനുഷ്യന് രക്ഷിക്കുകയല്ല, മറിച്ച് പ്രകൃതിയാണു മനുഷ്യന്റെ രക്ഷ. നിര്‍മിതബുദ്ധിയുടെ കാലത്തും ഭൂമിയില്‍ മനുഷ്യന്റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. സസ്യലതാദികള്‍ വായുവിനെ ശുദ്ധീകരിക്കുന്നതിലൂടെയാണു പ്രാണവായുയായ ഓക്സിജന്‍ ലഭിക്കുന്നതെന്നു മറക്കാതിരിക്കാം.
അന്തരീക്ഷവും ഭൂമിയും പരിധിവിട്ടു മലിനീകരിക്കപ്പെടുമ്പോള്‍ മനുഷ്യരുടെ ആരോഗ്യമാണു നശിക്കുന്നത്. അതുവഴി ആയുസും. പ്രകൃതിയെ പരിപാലിക്കുന്നതിനു പുറമെ, മലിനീകരണം നിയന്ത്രിക്കുന്നതിലും നമ്മുടെ പൂര്‍വികര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, വികസനത്തിന്റെ പേരിലുള്ള ക്രമാതീത ചൂഷണങ്ങളില്‍ മലിനീകരണം കൂടി. വന്‍നഗരങ്ങളുടെ പെരുപ്പവും പുതിയ കോണ്‍ക്രീറ്റ് വനങ്ങളും സ്ഥിതി മാറ്റി.
ഗ്യാസ് ചേംബറായി ഡല്‍ഹി
ദീപാവലി ആഘോഷങ്ങളുടെ പേരിലുണ്ടായ അന്തരീക്ഷ മലിനീകരണം ഉത്തരേന്ത്യയെ ഗ്യാസ് ചേംബറാക്കി മാറ്റി. നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, ഓസോണ്‍ തുടങ്ങിയ രാസ, വിഷ വസ്തുക്കളുടെ സാന്നിധ്യം കൂടുതലാണ്. അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ കച്ചി കത്തിക്കലും മരുഭൂമികളില്‍ നിന്നെത്തുന്ന പൊടിക്കാറ്റും കൂടെയാകുമ്പോള്‍ നവംബറില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വഷളാകും. വാഹനങ്ങള്‍, വ്യവസായങ്ങള്‍, കെട്ടിട- റോഡ് നിര്‍മാണങ്ങള്‍, മാലിന്യം കത്തിക്കല്‍ തുടങ്ങിയവയെല്ലാം ഹാനികരമാണ്.
കാര്യമായ നിയന്ത്രണങ്ങളില്ലാതെ രണ്ടു ദിവസത്തിലേറെ നീണ്ട ദീപാവലി വെടിക്കെട്ടുകള്‍ക്കു പിന്നാലെ ദേശീയ തലസ്ഥാനം വിഷലിപ്തമായി. ആകാശം ചാരനിറത്തിലും മൂടല്‍മഞ്ഞിലും നിറഞ്ഞു. വളരെ മോശം മുതല്‍ അതീവ ഗുരുതരം വരെയാണു വായു ഗുണനിലവാരമായ എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്). അനുവദനീയമായതിനേക്കാള്‍ 8.6 ഇരട്ടി വരെ ഉയര്‍ന്ന് എക്യുഐ 429 വരെയെത്തി. വായുവിലെ അതിസൂക്ഷ്മ വസ്തുക്കളുടെ (പിഎം2.5, പിഎം10) അളവ് അഞ്ചിരട്ടി കൂടി 353 വരെയായി. ശുദ്ധവായു കിട്ടാത്ത അപകട (ഹസാര്‍ഡസ്) നില. കണ്ണുകള്‍ക്കു ചൊറിച്ചില്‍ അനുഭവപ്പെടുന്ന നില. ആരോഗ്യമുള്ളവര്‍ക്കുപോലും അസ്വസ്ഥതത ഉണ്ടാക്കി. ആസ്ത്മ പോലുള്ള ശ്വാസകോശ രോഗമുള്ളവരാണ് ഏറ്റവും വിഷമിക്കുന്നത്. ഇതിനുപുറമെ മഞ്ഞപ്പിത്തവും ടൈഫോയിഡുമെല്ലാം വ്യാപകമായി.
ജീവന്റെ സംരക്ഷണം പരമപ്രധാനം
മധ്യപ്രദേശില്‍ കാര്‍ബൈഡ് തോക്ക് ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തില്‍ 16 കുട്ടികളുടെ കാഴ്ചശക്തി നഷ്ടമായി. ഗുരുതര പരിക്കേറ്റവര്‍ നിരവധിയുള്ളതിനാല്‍ മുപ്പതോളം കുട്ടികള്‍ അന്ധരായേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. വിദിഷ ജില്ലയിലും ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലുമായി 300 കുട്ടികള്‍ക്കാണു പരിക്കേറ്റത്. പുകമാലിന്യവും ശബ്ദമാലിന്യവുമുള്ള പടക്കങ്ങള്‍ പാടില്ലെന്നു പറയുമ്പോഴാണു വെടിമരുന്നും കാല്‍സ്യം കാര്‍ബൈഡും ചേര്‍ത്തു തീപ്പെട്ടിക്കൊള്ളികള്‍ നിറച്ച തോക്കുകള്‍ മധ്യപ്രദേശിലാകെ വ്യാപകമായി വിറ്റഴിച്ചത്.
പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയും നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണം മുന്‍കാലങ്ങളില്‍ നഗ്നമായി ലംഘിക്കപ്പെട്ടു. ദീപാവലിക്കു ഹരിത പടക്കങ്ങള്‍ അനുവദിച്ച സുപ്രീംകോടതിയുടെ പുതിയ തീരുമാനം ഈ വര്‍ഷത്തെ ദീപാവലിയെ വിഷലിപ്തമാക്കി. ഉല്സവങ്ങളേക്കാള് വലുതു മനുഷ്യജീവനാണെന്ന് 2020ല്‍ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയതെങ്കിലും ഇത്തവണ സുപ്രീംകോടതി ഓര്‍ക്കേണ്ടതായിരുന്നു. ജീവന്റെ സംരക്ഷണത്തില്‍ കവിഞ്ഞു മറ്റൊന്നിനും പ്രാധാന്യം നല്‍കാനാവില്ലെന്ന് അഞ്ചു വര്‍ഷം മുമ്പു പരമോന്നത കോടതി വിധിച്ചിരുന്നു.
കൃത്രിമമഴ പരിഹാരമാകില്ല
മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഒക്ടോബര്‍ 29ന് കൃത്രിമമഴ പെയ്യിക്കാനാണു തീരുമാനം. ഇതിനായുള്ള ക്ലൗഡ് സീഡിംഗ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു. കാണ്‍പുര്‍ ഐഐടിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണു മഴ പെയ്യിക്കാന്‍ കഴിയുന്ന രാസവസ്തുക്കളായ സില്‍വര്‍ അയോഡൈഡും സോഡിയം ക്ലോറൈഡും 29ന് വിമാനത്തില്‍നിന്ന് മേഘങ്ങളില്‍ വിതറുന്നത്. ദേശീയ തലസ്ഥാനത്തെ മാരകമായ വായുമലിനീകരണം തടയാന്‍ ഒന്നോ, രണ്ടോ ദിവസത്തെ കൃത്രിമമഴയ്ക്കു കഴിയില്ലെന്നു ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് അറിയാതെയാകില്ല.
കോവിഡിനെ തുടര്‍ന്നു രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ട നീലാകാശം ആരും മറക്കാനിടയില്ല. താരതമ്യേന ശുദ്ധമായ വായു ജനങ്ങളുടെ മനം കുളിര്‍പ്പിച്ചു. സമ്പത്തിനേക്കാള്‍ ശബ്ദ, വായു മലിനീകരണത്തില്‍ നിന്നു മോചനമാണു പ്രധാനമെന്ന തോന്നല്‍ അക്കാലത്തുണ്ടായി. ജീവിതമാര്‍ഗം വഴിമുട്ടിയെങ്കിലും മലിനീകരണം കുറഞ്ഞതും കുടുംബബന്ധങ്ങള്‍ ഊഷ്മളമായതും നേട്ടങ്ങളായിരുന്നു. ഇപ്പോഴാകട്ടെ, വായു മലിനീകരണ മാനേജ്മെന്റിനായി മാത്രമൊരു കമ്മീഷന് (കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ്) ഉണ്ടായിട്ടും ഫലമില്ല.
വിഷവായുവില്‍ ശ്വാസംമുട്ടി
വായു, ജലം, ഭൂമി, ശബ്ദം തുടങ്ങിയവയെല്ലാം മലിനമാണ്. സമുദ്രങ്ങള്‍ മുതല്‍ നാട്ടുമ്പുറങ്ങൾ വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ മൂടുകയാണ്. വ്യവസായശാലകളും കല്‍ക്കരി പ്ലാന്റുകളുമെല്ലാം പ്രശ്നം വഷളാക്കുന്നു. വാഹനപുകയും കെട്ടിട നിര്‍മാണവും അന്തരീക്ഷം മലിനമാക്കുന്നു. മാലിന്യങ്ങള്‍ കത്തിക്കുന്നതിനും നിയന്ത്രണമില്ല. തുറസായ സ്ഥലത്തെ പൊടി പറക്കാതിരിക്കാൻ വികസിത രാജ്യങ്ങളിലേതു പോലെ പദ്ധതിയും നടപടിയുമില്ല. റേഡിയോ ആക്ടീവ് ഉള്‍പ്പെടെയുള്ള രാസ, ഊര്‍ജ മലിനീകരണങ്ങളും വ്യാപകമാണ്.
വായു മലിനീകരണത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ആഫ്രിക്കയിലെ ഛാഡ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്, കോംഗോ എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നിലാണ് ഇന്ത്യ. രാജ്യതലസ്ഥാനമായ ഡല്‍ഹിയാകട്ടെ ലോകത്തിലെ ഏറ്റവും മലിന (പൊള്യൂറ്റഡ്) നഗരമാണ്. എന്തൊരു നാണക്കേടാണിത്. ലോകത്താകെ കഴിഞ്ഞ വര്‍ഷം വായു മലിനീകരണം മൂലം 80.8 ലക്ഷം പേര് മരണത്തിനു കീഴടങ്ങിയെന്നാണ് ആഗോള പഠനം. അമിത മദ്യപാനത്താല്‍ ലോകത്താകെ മരിക്കുന്നവരുടെ എണ്ണം 10.81 ലക്ഷമാണ്. ജപ്പാനും അമേരിക്കയുമാണു മെച്ചപ്പെട്ട വായു ശ്വസിക്കാവുന്ന രാജ്യങ്ങള്‍. രണ്ടിടത്തും നില മെച്ചപ്പെടുത്തി.
കര്‍ഷകർക്ക് പരിരക്ഷ പ്രധാനം
പ്രശ്നപരിഹാരത്തിന് എളുപ്പവഴികളില്ല. പൊതുജന സഹകരണത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ കൂട്ടായി ആസൂത്രിത പദ്ധതികള്‍ നടപ്പാക്കിയാല്‍ സ്ഥിതി മെച്ചപ്പെടും. മലിനീകരണ നിയന്ത്രണത്തിനു ദീര്‍ഘകാല പദ്ധതികളും ആവശ്യമാണ്. പക്ഷേ, ഭരിക്കുന്നവര്‍ക്കു നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയും വേണം.
പരിസ്ഥിതി സംരക്ഷണത്തിലും ജൈവവൈവിധ്യം കാക്കുന്നതിലും മാലിന്യ സംസ്കരണത്തിലും മലിനീകരണ നിയന്ത്രണത്തിലുമെല്ലാം കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമായ ജനകീയ പദ്ധതികള്‍ ഉണ്ടാകണം. പ്രകൃതിയെ സ്നേഹിക്കുന്ന കര്‍ഷകര്‍ക്കു വേണ്ട പരിരക്ഷയും പിന്തുണയും വരുമാനവും ഉറപ്പാക്കുകയും പ്രധാനമാണ്.
സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുമടക്കം പാരമ്പര്യേതര ഊര്‍ജ മാര്ഗങ്ങളിലേക്കു കൂടുതല്‍ വേഗത്തില്‍ മാറേണ്ടത് അനിവാര്യമാണ്. അല്ലാതെ ഇനി രക്ഷയില്ല. പ്രകൃതിയുടെ മലിനീകരിക്കാത്ത ഊര്‍ജസ്രോതസുകള്‍ വരദാനങ്ങളാണ്. പൂര്‍ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം കൊച്ചിയിലാണെന്നതില് അഭിമാനിക്കാം. ചെലവുകുറഞ്ഞ ശുദ്ധ ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക പ്രധാനമാണ്.
ഇവിടെ ശ്വാസം സാധ്യമോ?
മനുഷ്യരുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിലൂടെ വരുംതലമുറകളോടു നീതി ചെയ്യാം. പ്രകൃതിയുടെ താളം തെറ്റാതെ നോക്കാം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മലിനീകരണവും നിയന്ത്രിക്കേണ്ടതുണ്ട്. കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ (ഗ്രീന്‍ഹൗസ് എമിഷന്‍സ്) ബഹിര്‍ഗമനം കുറയ്ക്കാതെ പരിഹാരമില്ലെന്നാണു ശാസ്ത്ര നിഗമനം.
ശുദ്ധവായുവും ശുദ്ധജലവും പൗരന്റെ അടിസ്ഥാന അവകാശമാണ്. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന നാടന്‍ പാട്ടിന്റെ ഈരടികള്‍ മുന്നറിയിപ്പാണ്. കവിയുടെ ആശങ്ക പോലെ, ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ശ്വാസം സാധ്യമോയെന്നു ദീപികയിലെ ഇതേ പംക്തിയില്‍ അഞ്ചു വര്‍ഷം മുമ്പെഴുതിയതു വീണ്ടും ഓര്‍മിപ്പിക്കട്ടെ.
Tags : life