ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന നവോത്ഥാന പ്രക്ഷോഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ദേശീയശ്രദ്ധ ആകർഷിച്ചതുമായ ഒന്നായിരുന്നു വൈക്കം സത്യഗ്രഹം. 1924 മാർച്ച് 30ന് തുടങ്ങി 1925 നവംബർ 23നു സമാപിച്ച 603 ദിവസം നീണ്ടുനിന്ന ഈ സമരം, അന്നത്തെ തിരുവിതാംകൂർ രാജ്യത്ത് നിലനിന്നിരുന്ന അയിത്തം എന്ന ദുരാചാരത്തിനെതിരേയായിരുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. സമരഭൂമിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തിച്ചേർന്നതോടെ വൈക്കം സത്യഗ്രഹം അഖിലേന്ത്യാ ശ്രദ്ധ നേടി.
1925 മാർച്ചിൽ മഹാത്മാഗാന്ധി വൈക്കത്തെത്തി അധികാരികളുമായും യാഥാസ്ഥിതികരുമായും ചർച്ചകൾ നടത്തി. ഗാന്ധിജിയുടെ ഇടപെടലുകൾ സമരത്തിന് പുതിയ ദിശാബോധം നൽകി. ഒടുവിൽ, 1925 നവംബർ 23ന് തിരുവിതാംകൂർ സർക്കാർ ഒരു ഒത്തുതീർപ്പ് പ്രഖ്യാപിച്ചു. ക്ഷേത്രത്തിലേക്കുള്ള നാല് വഴികളിൽ മൂന്നെണ്ണവും എല്ലാ വിഭാഗക്കാർക്കും തുറന്നുകൊടുത്തു. ഈ വിജയം പൂർണമല്ലായിരുന്നെങ്കിലും, കേരളത്തിലെ ജാതിവിവേചനത്തിനെതിരായ ആദ്യത്തെ ആസൂത്രിതവും വിജയകരവുമായ പ്രക്ഷോഭമായി വൈക്കം സത്യഗ്രഹം മാറി.
അന്ന് മാന്നാനം കുന്നിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദീപിക 60 കിലോമീറ്റർ അപ്പുറമുള്ള വൈക്കത്തെ സത്യഗ്രഹസമരത്തെ ജാഗ്രതയോടെ നീരിക്ഷിച്ചുകൊണ്ടിരുന്നു. സത്യഗ്രഹ പ്രസിദ്ധീകരണശാലയിൽനിന്നുള്ള വാർത്താകുറിപ്പുകൾ, ദേശീയ നേതാക്കളുടെ സന്ദർശന റിപ്പോർട്ടുകൾ, പ്രസംഗങ്ങൾ തുടങ്ങിയവ അതീവ പ്രാധാന്യത്തോടെ പ്രസീദ്ധികരിച്ചു. ഒരു ഡസനിലേറെ മുഖപ്രസംഗങ്ങിലൂടെ ദീപിക നിലപാടുകൾ ഉറക്കെപ്പറഞ്ഞു.
ചരിത്രത്തിന്റെ ഈടുവയ്പായ ആ മുഖപ്രസംഗങ്ങളിലേക്ക് ഒരു പുനർസന്ദർശനം.....
വൈക്കം ക്ഷേത്രപ്രാന്തത്തിലുള്ള ഏതാനും വഴികൾ ‘തീണ്ടൽ’ ജാതിക്കാർക്കു പ്രവേശനസ്വാതന്ത്ര്യമില്ലാതെ ദീർഘകാലത്തേക്കു വച്ചുകൊണ്ടിരുന്ന മാമൂലിനെ ഭേദിക്കാനുത്സാഹിച്ചതിൽനിന്നുൽഭൂതമാണ് ഇപ്പോൾ സുപ്രസിദ്ധമായിട്ടുള്ള സത്യാഗ്രഹ സംരംഭം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പട്ടിക്കും പന്നിക്കും പ്രവേശ്യമായ ക്ഷേത്രപരിസരങ്ങൾ സമസൃഷ്ടങ്ങൾക്കു നിരോധിച്ചിട്ടുള്ള ചേതോവികാരം തീർച്ചയായും ഗർഹണീയം തന്നെ.
ജാതിപ്പിശാചിന്റെ മാറ്റിത്തംകൊണ്ടുണ്ടായിട്ടുള്ള ഹിന്ദു സമുദായത്തിലെ ദുരാചാരങ്ങൾ നീതീകരിക്കപ്പെടാവുന്നതല്ലാ. സർവ്വഥാ സമത്വവും സഹോദരത്വവും പ്രസംഗിക്കുന്ന ക്രിസ്ത്യാനികളുടെ ഇടയിൽ പോലും ഈ ദുരാചരപടലം ഹിന്ദുക്കളിൽനിന്നു സംക്രമിച്ചു സമുദായ നഭോമണ്ഡലത്തെ ഏതാണ്ടു കാളീമേഘാച്ഛാദിതമാക്കുന്നുണ്ടെന്നുള്ള പാരമാർത്ഥ്യം ആലോചിക്കുമ്പോൾ, ജന്മഭൂമിയായ ഹിന്ദുസമുദായത്തിൽ അവ ഉത്പാദിപ്പിക്കുന്ന അനർത്ഥങ്ങൾ എത്രമാത്രമെന്നു ഊഹിക്കുക പ്രയാസമാണ്. വികാസവും കൃത്യബോധവുമില്ലാത്ത മനസ്സിന്റെ ലക്ഷണങ്ങളായേ ഈവക ആചാരങ്ങൾ പരിഗണിക്കപ്പെടേണ്ടതുള്ളൂ.
20 മേയ് 1924
വൈക്കം ക്ഷേത്രറോഡുകളിലെയും പരിതപ്രദേശങ്ങളിലെയും സ്ഥിതി ഒരാഴ്ചയായിട്ടു തീരെ അനാഥമായിത്തീർന്നിരിക്കുന്നു. അവിടെനിന്നു ഞങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാൻ പോലും നിവൃത്തിയില്ലാത്തവിധത്തിൽ അത്ര ഭയങ്കരങ്ങളായിട്ടാണ് കാണപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ സത്യാഗ്രഹികളോടുള്ള പോലീസിന്റെയും ഒരുകൂട്ടം സവർണ്ണഹിന്ദുക്കളുടെയും അനുവർത്തനം തീരേ അനഭിലഷണീയമായ ഒരു നിലയെ പ്രാപിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. രണ്ടുമൂന്നു ദിവസത്തേക്കു പോലീസുകാർ സത്യഗ്രഹ വാളന്റിയന്മാരെ അതികഠിനമായി ദേഹോപദ്രവമേല്പിക്കയും തൽഫലമായി വാളന്റിയാന്മാരിൽ ചിലർ നേരേ ശ്വാസം വിടാനും വെള്ളമിറക്കാനും കൂടി പാടില്ലാത്ത നിലയിലാകുകയും ചെയ്തു. കഴുത്തിലും നെഞ്ചത്തും ഗുഹ്യപ്രദേശങ്ങളിലും തുടരെകൊണ്ട ഇടിയും ചവിട്ടും നിമിത്തം വാളന്റിയാന്മാരിൽ ചിലർ തീരെ അവശരായി ചികിത്സയിൽ കിടക്കുന്നതായിട്ടാണറിവ്.
വൈക്കത്തെ സത്യഗ്രഹികൾ പ്രദർശിപ്പിക്കുന്ന ക്ഷമയും സഹനശീലവും അത്ഭുതകരമായിരിക്കുന്നു എന്നുകൂടിപ്പറയാതെ നിവൃത്തിയില്ല. അവരും എതിരിടുമായിരുന്നെങ്കിൽ ഇപ്പോൾ വൈക്കം ഒരു നിണക്കളമായിതന്നെ പരിണമിക്കുമായിരുന്നെതോർക്കുമ്പോൾ അവരുടെ സഹനശക്തിയെ പ്രത്യേകം ശ്ലാഘിക്കേണ്ടിയിരിക്കുന്നു.
28 ജൂൺ 1924
വൈക്കത്തെ അനാഥസ്ഥിതിയ്ക്ക് ഇനിയും വലിയ അന്തരമൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ സത്യഗ്രഹികളോടുള്ള പോലീസുകാരുടെയും സവർണ്ണ സംഘകേഡികളുടെയും അനുവർത്തനരീതിയ്ക്ക് ഏതാണ്ടു ഒരു മാറ്റം ഏതാനും ദിവസങ്ങളായി വന്നിട്ടുണ്ടെന്നു സമ്മതിക്കാം. സത്യഗ്രഹ വാളന്റിയറന്മാരുടെ മീശ വലിച്ചുപറിക്കുക, അവരെ കുനിച്ചുനിറുത്തി മുതുകത്തു ചവിട്ടുക, നെഞ്ചിനും നാഭിയ്ക്കും തൊഴിക്കുക, തലയ്ക്കടിക്കുക, പത്തൽ കൊണ്ടു കവിൾ കുത്തിക്കീറുക, അവരുടെ ഉടപ്പും തുണിയും വലിച്ചുപറിച്ചു തീകൊടുക്കുക, ഉച്ചത്തിൽ പൂരപ്പാട്ടു പാടുക മുതലായ മൃഗീയകർമ്മങ്ങൾ കുറെദിവസങ്ങളായി നടക്കുന്നില്ല. എന്നിരുന്നാലും വൈക്കത്തു പടിഞ്ഞാറേനടയിലുള്ള റോഡിൽ കേൾപ്പോരും കേൾവിയുമില്ലാത്ത ഒരു നിലയിൽ മുറയ്ക്കു പല കാര്യങ്ങൾ ഇപ്പോഴും നടന്നുവരുന്നതായി ഇവിടെ കിട്ടുന്ന റിപ്പോർട്ടുകൾ വിളിച്ചുപറയുന്നുണ്ട്.
12 ജൂലൈ 1924
വൈക്കത്തെ സത്യഗ്രഹത്തിനായി പല സ്ഥലങ്ങളിൽനിന്നും ആളുകൾ വാളന്റിയറന്മാരായി ചേർന്നുകൊണ്ടിരിക്കുന്നെങ്കിലും, എതിർകക്ഷികളും ഇതിനെതിരായി പലെവിധത്തിൽ ഊർജ്ജിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് അറിയുന്നത്. ഇങ്ങനെ രണ്ടു കക്ഷികളും അവരുടെ നിശ്ചയത്തിൽനിന്നു വ്യതിചലിക്കാതെ ഔർജ്ജിത്യത്തോടെ നടത്തുന്ന ഈ സംരംഭം, എന്തെല്ലാം അനാശാസ്യസംഭവങ്ങൾക്കു നിദാനമായിത്തീരുമെന്നു പലർക്കും ആശങ്കയുണ്ട്. ഈതരുണത്തിൽ ഗവർമ്മെണ്ടിൽനിന്നും ചെയ്യേണ്ടത്, ക്രിസ്ത്യാനികൾക്കും മുഹമ്മദീയർക്കും ഗതാഗത സ്വാതന്ത്ര്യമുള്ള വൈക്കം ക്ഷേത്രറോഡിൽക്കൂടി ഈഴവർ മുതലായ അവർണ്ണ ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയും ബന്ധനസ്ഥരാക്കിയവരെയെല്ലാം വിട്ടയക്കുകയുമാണ്, ഒരു പരിഷ്കൃത ഗവർമ്മെണ്ടിന് അനുയോജ്യമായ മഹാമനസ്കതയോടും നീതിബോധത്തോടുംകൂടി തിരുവിതാംകൂർ ഗവർമ്മെണ്ടു കഴിയുന്നതും എളുപ്പത്തിൽ ഇങ്ങനെ പ്രവർത്തിച്ചു കാണ്മാൻ ഞങ്ങൾ കാത്തിരിക്കുന്നു.
1 ഏപ്രിൽ 1924
ഒരു വിധത്തിലാലോചിച്ചാൽ ജനസാമാന്യത്തിന്റെയിടയിൽ സഞ്ചാരസ്വാതന്ത്ര്യത്തിൽ പ്രതിഷേധാഭിപ്രായം വച്ചുപുലർത്തുന്നതു ഗവർമ്മെണ്ടു തന്നെയാണ്. ഗവർമ്മെണ്ടുഭാഗത്തേക്കുള്ള ന്യായങ്ങൾ എത്രയും ശിഥിലങ്ങളാണെന്നു വെളിപ്പെട്ടിട്ടുണ്ടെന്നിരുന്നാലും, ഗവർമ്മെണ്ട് ഈഴവർ മുതലായ അധഃകൃതവർഗ്ഗക്കാർക്കു സഞ്ചാരസ്വാതന്ത്ര്യമനുവദിക്കുന്നതിൽ വിരോധികളാണെന്ന് ഇപ്പോഴത്തെ നിയമസഭായോഗം പ്രസ്പഷ്ടമാക്കിയിരിക്കുന്നു. മാമൂലിനെ പിടിച്ചുതൂങ്ങി കിടക്കുന്ന കൂട്ടർക്കു ഗവർമ്മെണ്ടിന്റെ ഈ നില എത്ര വലിയ ഒരു ശക്തിയായി തീർത്തിട്ടുണ്ടെന്നും മാമൂൽ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലെന്നുള്ള ബോധം ഇതു നിമിത്തം അവരിൽ എത്ര അഗാധമായി പതിഞ്ഞിട്ടുണ്ടെന്നും ഗവർമ്മെണ്ട് യഥാർത്ഥ പ്രകൃതിയിൽ മനസ്സിലാക്കിയിരിക്കയില്ല. ഒരു വലിയ ജനവിഭാഗത്തിനു നിത്യ സങ്കടകരമായ ഒരു നിലയെ അവലംബിച്ച ഗവർമ്മെണ്ടിനെ ആക്ഷേപിക്കാതിരിക്കാൻ ഞങ്ങൾ മാർഗ്ഗം കാണുന്നില്ല.
10 ഫെബ്രുവരി 1925
ഗവർമ്മെണ്ടുവക പണംകൊണ്ടു ഏർപ്പെടുത്തീട്ടുള്ളതും നന്നാക്കിവരുന്നതുമായ റോഡുകളിൽ ചിലടത്തുകൂടി ജനങ്ങളെ ജാതിയും മതവും നോക്കിയേ നടത്താൻ പാടുള്ളു എന്നുള്ള സവർണ്ണഹിന്ദുക്കളുടെ ശാഠ്യം വൈക്കത്തു സത്യാഗ്രഹസമരം തുടങ്ങുന്നതിനിടയാക്കി. ഈ സഹന സമരം അവിടെ ആരംഭിച്ചിട്ടു ഒരു സംവത്സരം പൂർത്തിയാകാറാകയും ഇതിനകം നാനാവിധങ്ങളായ കഷ്ടപ്പാടുകളും സങ്കടങ്ങളും സത്യഗ്രഹഭടന്മാർ സഹിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. മുപ്പതിനായിരം രൂപയോളം വരുന്ന ഒരു വലിയ സംഖ്യ ഇതിന്റെ നടത്തിപ്പിനായി ഇക്കാലത്തിനിടകൊണ്ട് അവിടെ ചെലവാകയും ചെയ്തു. ഏതോരുദ്ദേശ്യ സാദ്ധ്യത്തിനായി സത്യഗ്രഹമാരംഭിച്ചുവോ അത് ഇനിയും സംപ്രാപ്തമായിട്ടില്ലെങ്കിലും ഫലോദയത്തെ സമീപിപ്പിക്കുന്നതിനുപകരിക്കുന്ന ചില ഗുണങ്ങൾ ഇതുനിമിത്തമുണ്ടായിട്ടുണ്ടെന്നുള്ളതു വിസ്മരിക്കാവുന്നതല്ല. ക്ഷേത്രസാമീപ്യമെന്നുള്ള കാരണവും പറഞ്ഞുകൊണ്ട് പബ്ളിക്ക് റോഡിൽനിന്നു ചില ജാതിക്കാരെ ആട്ടി ഓടിക്കുന്ന ആ ആചാരം മഹാ കഷ്ടവും അനീതിയുമാണെന്നുള്ള ഒരു ബോധം ഇങ്ങനെ അക്രമം പ്രവർത്തിക്കുന്ന സവർണ്ണ ഹിന്ദുക്കളുടെയിടയിൽതന്നെ ഇന്നുണ്ടായി തുടങ്ങിയിട്ടുണ്ട്.
4 മാർച്ച് 1925
ന്യായമായ ഒരു സന്ധിക്കും വഴിപെടാതെ മാമൂലിന്റെ പേരും പറഞ്ഞുകൊണ്ട് മർക്കടമുഷ്ടി പിടിക്കുന്ന ഒരു കൂട്ടരെ ഏതെങ്കിലും വിധത്തിൽ അനുകൂലിക്കുന്നത് തിരുവിതാംകൂർ ഗവർമ്മെണ്ടിനെപ്പോലെയുള്ള ഒരു പരിഷ്കൃത ഗവർമ്മെണ്ടിന് ഒരിക്കലും അനുയോജ്യമല്ലെന്നു സ്പഷ്ടം തന്നെ. മഹാറാണി റീജന്റ് തിരുമനസ്സുകൊണ്ട് സകലർക്കും സഞ്ചാരസ്വാതന്ത്ര്യം കല്പിച്ചനുവദിക്കുന്ന ഒരു തിരുവെഴുത്തു വിളംബരം ഉടനെ പ്രസിദ്ധപ്പെടുത്തി നമ്മുടെ രാജ്യത്തിനു നേരിട്ടിരിക്കുന്ന ദുഷ്കീർത്തിയിൽനിന്ന് അതിനെ രക്ഷിച്ചു കാണ്മാൻ സകലരും സോൽകണ്ഠം പ്രതീക്ഷിച്ചിരിക്കുന്നു.
21 മാർച്ച് 1925
പ്രവേശന നിരോധനമുള്ള ഓരോ സ്ഥലത്തും പ്രത്യേകം പ്രത്യേകം സത്യഗ്രഹം അനുഷ്ഠിക്കാനും ഗവൺമെണ്ടു നിരോധിച്ചുള്ള കാവൽ ഏർപ്പെടുത്താനും കുറെ കഴിയുമ്പോൾ ഓരോന്നായി അവ അനുവദിച്ചു കൊടുക്കാനും ഇടയാകുന്നതു കഷ്ടംതന്നെ. നീതി നടന്നു കാണ്മാൻ ആഗ്രഹിക്കുന്ന റീജന്റു മഹാറാണി തിരുമനസ്സുകൊണ്ട്, തിരുവിതാംകൂറിലെ എല്ലാ പബ്ളിക്കു സ്ഥലങ്ങളിലും സകലർക്കും സഞ്ചാരസ്വാതന്ത്ര്യമനുവദിക്കുന്ന ഒരു തിരുവെഴുത്തു വിളംബരമോ കല്പനയോ താമസിയാതെ തന്നെ പ്രസിദ്ധീകരിച്ചു, സ്വപ്രജകളിൽ ഒരു വലിയ വിഭാഗത്തിനുള്ള മഹാസങ്കടത്തെ പരിഹരിച്ചു കാണ്മാൻ ആഗ്രഹിക്കുന്നു.
7 ജൂലൈ 1925
വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളിൽകൂടി അവർണ്ണഹിന്ദുകളെ കടത്താൻ പാടില്ലെന്നുള്ള കാര്യത്തിൽ റീജന്റു മഹാറാണി തിരുമനസ്സുകൊണ്ടു ഭരണം കൈയേൽക്കുന്നതുവരെ സവർണ്ണഹിന്ദുക്കൾ എത്ര മർക്കടമുഷ്ടിയോടുകൂടി നിന്നു, എന്തെല്ലാം അക്രമപ്രവൃത്തികൾ ചെയ്തു എന്നുള്ളത് ഒട്ടും രഹസ്യമല്ലല്ലോ. എന്നാൽ അടുത്തകാലത്തു ഗവർമ്മെണ്ടിൽനിന്നു ക്ഷേത്രത്തിന്റെ മൂന്നുവശത്തുള്ള റോഡുകളിലും സഞ്ചാര സ്വാതന്ത്ര്യം കല്പിച്ചനുവദിച്ചപ്പോൾ മാമൂലുകാരുടെ ക്ഷോഭമോ സമാധാന ലംഘനമോ ഒന്നും കണികകാണ്മാൻപോലുമുണ്ടായില്ല. ക്ഷേത്രത്തിന്റെ കിഴക്കെവശത്തുള്ള റോഡ് ഇനിയും തടഞ്ഞിട്ടിരിക്കുന്നതിനാൽ അവിടെ ഇപ്പോഴും സത്യഗ്രഹം നടന്നുകൊണ്ടിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ അവിടവും സർവജനസഞ്ചാരയോഗ്യമാകാനല്ലാതെ നിവൃത്തിയില്ല. ഏതാദൃശങ്ങളായ പൗരാസമത്വങ്ങൾ എത്രത്തോളം എളുപ്പത്തിൽ പരിഹരിക്കപ്പെടുമോ അത്രത്തോളം വേഗത്തിൽ ഈ രാജ്യത്തു സമാധാനവും യോജിപ്പും വർദ്ധിക്കുന്നതാണ്.
20 ആഗസ്റ്റ് 1925
സഞ്ചാരസ്വാതന്ത്ര്യം ഒരു പൗരന്റെ പ്രാഥമികമായ അവകാശമാണെന്നും പൊതുമുതൽകൊണ്ട് ഏർപ്പെടുത്തീട്ടുള്ള ഏതു സ്ഥാനങ്ങളിലും ഏവർക്കും പ്രവേശനാവകാശമുണ്ടെന്നുമുള്ള തത്വങ്ങൾ സ്വീകാര്യങ്ങൾ തന്നെ. പ ക്ഷെ ചില ദിക്കിൽ അവയെ നടപ്പിൽ വരുത്തുന്നതിന് എത്രത്തോളം വിഷമങ്ങളുണ്ടെന്നുള്ളത് പാലക്കാട്ടു കല്പാത്തിയിൽ ഇപ്പോഴം നടന്നുകൊണ്ടിരിക്കുന്ന ബഹളങ്ങൾ തന്നെ സ്പഷ്ടീകരിക്കുന്നുണ്ട്. ബ്രിട്ടീഷിന്റെ നേരിട്ടുള്ള ആധിപത്യത്തിലിരിക്കുന്ന ഒരു സ്ഥലത്തുപോലും ഈതത്വമനുസരിച്ചു പ്രവർത്തിക്കാൻ ഗവർമ്മെണ്ടിന് ഇനിയും സാധിക്കുന്നില്ലെന്നുളളതോർക്കുമ്പോൾ, മാമൂലിനു സ്ഥിരപ്രതിഷ്ഠ സിദ്ധിച്ചിട്ടുള്ള തിരുവിതാംകൂറിനെപ്പോലെയുള്ള ഹൈന്ദവ രാജ്യത്ത് ഇത്ര നിഷ്പ്രയാസമായി ഇക്കാര്യം സാധിച്ചതു എത്രവിസ്മയകരമാണ്! സഞ്ചാരസ്വാതന്ത്ര്യത്തെ സർവ്വഥാ അനുകൂലിക്കുന്ന ഒരു പ്രമേയം നിയമസഭയിൽ ഭൂരിപക്ഷമനുസരിച്ചു പാസ്സാക്കാൻ സാധിച്ചു മദ്രാസ് സംസ്ഥാനത്താണ് ഇതു സാധിക്കാതിരിക്കുന്നതെന്നും, പ്രത്യുത താദൃശമായ ഒരു പ്രമേയം ഇവിടത്തെ നിയമനിർമ്മാണസഭയിൽ വന്നിട്ടു ഭൂരിപക്ഷത്തിന്റെ കുറുവുകൊണ്ടു തിരസ്കൃതമാകാനാണിടയായതെന്നുമുള്ളതും വിസ്മരിക്കാവുന്നതല്ല...............
അയിത്തോച്ചാടനം വാക്കു മൂലം സാധിക്കാവുന്നതല്ല. മിശ്രഭോജനമോ മിശ്രവിവാഹമോ അല്ല അതിന്റെ പ്രാരംഭഘട്ടങ്ങൾ. മനുഷ്യരെല്ലാവരും ഈശ്വരസന്താനങ്ങളാണെന്നും നിയതിയുടെ അനുഗ്രഹങ്ങൾക്ക് സമാവകാശികളാണെന്നുമുള്ള ഒരു ബോധം അയിത്തോച്ചാടനത്തിനടിസ്ഥാനമായിരിക്കേണ്ടതാണ്. തിരുവിതാംകൂറിലെ സവർണ്ണ ഹിന്ദുപ്രമാണികൾക്ക് ബോധമില്ലെന്നു വൈക്കം സത്യാഗ്രഹം സംബന്ധിച്ച അവരുടെ നില വിശദമാക്കുന്നുണ്ട്.
1925 നവംബർ 21
Tags : Vaikom Satyagraha and Deepika Vaikom Satyagraha Deepika