ഞാനധികം യാത്ര ചെയ്തിട്ടുള്ള ഒരാളല്ല. സഹ്യനു പുറത്തേക്കുള്ള യാത്രകൾ ഇല്ല എന്നുതന്നെ പറയാം. പക്ഷേ, പൂനയിലെ ഓഷോ ഇന്റർനാഷണലിലേക്കും തിരുവണ്ണാമല രമണാശ്രമത്തിലേക്കും ഒന്നിലധികം തവണ പോയിട്ടുണ്ട്. ആ യാത്രകൾ എന്നിലെ ഉന്മാദിയുടെ യാത്രകളായിരുന്നു.എന്നാൽ, ആ യാത്രകളെ ഞാൻ ബോധോദയത്തിലേക്കുള്ള വഴിയായി കണ്ടിരുന്നില്ല. എന്നാലത് അന്വേഷണങ്ങളുമായിരുന്നില്ല. ഉള്ള് തണുപ്പിക്കാനുള്ള ചില ഇടങ്ങൾ തേടുകയായിരുന്നു ഞാൻ.
വർഷബിന്ദു ജലരാശിയിൽ പതിക്കുമ്പോഴുള്ള അതേ ഉത്സാഹം, അതേ ആനന്ദം. പ്രക്ഷുബ്ധമായ മനസിനെ നൃത്തം ചെയ്യിക്കാനുള്ള അടങ്ങാത്ത വാഞ്ഛ. സർവചരാചരങ്ങളും നിശ്ചലമായിരിക്കുമ്പോൾ ഉള്ളിൽനിന്നാളുന്ന ഒരു ശ്വാസം.അതിന്റെ പ്രസരണത്തിൽ ഞാനൊരുപാട് ദൂരം നടന്നിട്ടുണ്ട്. ദുർഗമപാതകളെ ഒരു ഭിക്ഷു മറികടക്കുംപോലെ ഞാൻ മറികടന്നു. എന്നിട്ടും എന്റെ കണ്ണുകൾ കണ്ണീരുകൊണ്ടു നിറഞ്ഞതല്ലാതെ കാഴ്ചകൾകൊണ്ടു നിറയ്ക്കാനായില്ല.
രബീന്ദ്രനാഥ ടാഗോർ ആസന്നമരണനായി കിടക്കുമ്പോൾ ഒരു സുഹൃത്ത് അദ്ദേഹത്തെ കാണാൻ ചെന്നു. ടാഗോറിന്റെ കണ്ണുകൾ സജലങ്ങളായിരുന്നു. ധാരധാരയായി കണ്ണീരു പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പ്രജ്ഞ ഉലഞ്ഞിരുന്നില്ല. “താങ്കൾ എന്തിനാണ് എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ വിതുമ്പുന്നത്? ആറായിരത്തിലധികം കാവ്യങ്ങളെഴുതിയ മഹാകവിയല്ലേ? ഭാരതത്തിന്റെ ഉത്തമപുത്രനല്ലേ? സമാദരവുകളുടെ മധ്യേ ഉദയദിവാകരനെപ്പോലെ ജ്വലിച്ചുനിന്നില്ലേ?” സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു. ടാഗോർ ചിരിച്ചു. “താങ്കളുടെ കണ്ണിലൂടെ എന്നെ നോക്കുമ്പോൾ അതെല്ലാം ശരിയായിരിക്കാം. പക്ഷേ, എന്റെ കണ്ണിൽ അതെല്ലാം വെറും ശ്രമങ്ങൾ മാത്രമായിരുന്നു.” -ടാഗോർ പറഞ്ഞു. അതൊരു കേവല മനുഷ്യന്റെ വാക്കുകളായിരുന്നില്ല. ഒരു യോഗിയുടെ വാക്കുകളായിരുന്നു. പൂർണവിരാമത്തിലേക്ക് വളർന്ന ഒരു പുരാതനവൃക്ഷത്തിന്റെ നെടുവീർപ്പായിരുന്നു അത്.
ടാഗോർ നടന്ന ദൂരങ്ങളെക്കുറിച്ച് ഓഷോ പറയുന്നുണ്ട്. തീക്ഷ്ണയൗവനത്തിലാണ് ടാഗോർ മാളിക വിട്ടിറങ്ങിയത്. എന്നാലതു ബുദ്ധനെപ്പോലെ നിർവാണത്തിലേക്കുള്ള യാനമായിരുന്നില്ല. അത് പ്രളയപയോധിയിൽ ഒരാലില ഒഴുകിപ്പോകുംപോലെയായിരുന്നു. ടാഗോറിന്റെ അകംനിറയെ ഗ്രീഷ്മവനശാഖികളായിരുന്നു.
അതിലെ ഓരോ മുകുളത്തെയും അദ്ദേഹം വസന്തമാക്കിത്തീർക്കുകയായിരുന്നു. കേട്ടതെല്ലാം അദ്ദേഹം തന്റെ രാഗമാലികയിൽ കൊരുത്തുവച്ചു. കണ്ടതെല്ലാം ചിത്രശിലാപാളികളിൽ വരഞ്ഞുവച്ചു. ടാഗോറിന്റെ യാനം അകത്തേക്കായിരുന്നു. മൗനമുദ്രിതമായ യാനം. വിശ്രാന്തികളില്ലാത്ത യാനം. അകത്തേക്കുള്ള യാത്രകൾ ആരെയും ക്ഷീണിപ്പിക്കുന്നില്ല എന്ന് ഓഷോ പറയും. നിലയ്ക്കാത്ത നിലവിളികളാണ് ഓരോ ചുവട് വയ്ക്കുമ്പോഴും കേൾക്കേണ്ടത്. മനസിൽ മതിഭ്രമങ്ങളുണ്ടാകില്ല. നോവും നിരാശയും ഏറെ കഠിനതരമാകില്ല.
ഒരു ഭഗീരഥനെപ്പോലെ ‘ഗീതാഞ്ജലി’യെ തെളിമലയാള മനസിലേക്ക് ചാലുകീറി കൊണ്ടുവരുമ്പോൾ ഞാനിതെല്ലാം അനുഭവിച്ചതാണ്. ഒരരളിമരച്ചോട്ടിലിരുന്നാണ് അഞ്ജലികളെ ഞാൻ മലയാളമാക്കിയത്. അതൊരു വേനൽക്കാലത്തായിരുന്നു. വസന്തത്തെ വരവേൽക്കാൻ ചെടികൾ പോലും ഇലകൾ തോർത്തി നിൽക്കുന്ന കാലം. അതോർത്തിരിക്കെ, ഒരദ്ഭുതം സംഭവിക്കുന്നതുപോലെ എനിക്കു തോന്നി. ഇരുപത്തിമൂന്നാമത്തെ കാവ്യഖണ്ഡിക മൊഴിമാറ്റുമ്പോൾ പെയ്തുനിന്ന ആ വേനൽ പതിയെ ഇരുളാൻ തുടങ്ങി. The sky groans like one despair. ആശയറ്റ നഭസിതാ തേങ്ങിക്കരയുന്നതുപോലെ. എനിക്ക് കണ്ണുകൾ അടയ്ക്കാനാകുന്നില്ല. കാളിമയാർന്നൊരു നദീതീരവും പരുഷമായൊരു ആരണ്യവും ഇരുളിന്റെ ആഴത്തിലൂടെ എനിക്കു കാണാം. അതിനുള്ളിലൂടൊരു തെളിഞ്ഞ വഴി.
നീലാംബരത്തിൽനിന്നൊരു വെള്ളിനൂൽ അടർന്നുവീണ മാതിരി. അതിലൂടെ ആരോ ഒരാൾ നടന്നുവരികയാണ്. ആ വെള്ളിനൂൽ ഒന്നല്ല; ഒരായിരമുണ്ട്. അതയാൾ ശിരസിൽ ചൂടിയിരിക്കുകയാണ്. പത്മാനദിയിൽനിന്നു വരുന്ന തണുത്ത കാറ്റിൽ അതൊരു ചാമരംപോലെ ചിതറുന്നുണ്ട്. ഉലഞ്ഞ കുപ്പായത്തിന്റെ അരികുകളിൽ തുന്നിച്ചേർത്ത നക്ഷത്രപ്പൂവുകൾ മിന്നുന്നുണ്ട്. “എനിക്കു നൽകുവാൻ നിന്റെ കൈവശം എന്താണുള്ളത്?” അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ നടുങ്ങിപ്പോയി. “നീ കരം നീട്ടി ഒരു യാചകനോട് യാചിക്കുകയാണോ” എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ ചോദിച്ചില്ല. ഭിക്ഷാപാത്രത്തിൽനിന്ന് ഒരു ധാന്യമണിയെടുത്ത് ആ കരങ്ങളിൽ ഞാൻ സമർപ്പിച്ചു. അനന്തരം വിദൂരതയിൽ ഒരു നക്ഷത്രമുദിച്ചു. നോക്കിനിൽക്കേ അതൊരു തേജോഗോളമായി. കോടി ദിനകര ദ്യുതിയായി. പുലർവെട്ടം വീണപ്പോൾ എനിക്കു ചിറകുകൾ മുളച്ചു. ഞാൻ കിളികളിലൊന്നായി.
ജപ്പാനിലെ ഉദാത്തനായ കവി മത്സുവോ ബാഷോ പ്രകൃതിയിലേക്ക് യാത്ര ചെയ്യുമ്പോൾ എനിക്കിതേ അനുഭവം വീണ്ടുമുണ്ടായി. ആ യാത്ര ഒരു പർവതാരോഹണമായിരുന്നു. പർവതമുകളിലെ ദേവദാരുവിനെ ചുംബിക്കാനുള്ള യാനം. അതിനെ ദാഹം എന്നുതന്നെ ഞാൻ പരിഭാഷപ്പെടുത്തുന്നു. ഏറെ മുകളിൽ ചെന്ന് താഴ്വാരത്തേക്കു നോക്കുമ്പോൾ നെൽപ്പാടങ്ങൾ കവിതകളായിരുന്നില്ലേ എന്നു തോന്നും. ആദ്യ വേനൽപ്പെയ്ത്തിൽ തളിർത്ത തരിശുഭൂമി കവിതകളായിരുന്നില്ലേ എന്നു തോന്നും. ചെറുനാരകപ്പൂക്കൾ മണക്കുമ്പോൾ മൂക്കിന്റെ പൊത്തിൽനിന്നു പറന്നുപോയ ചിരപുരാതന സുഗന്ധങ്ങൾ ഓർമ വരും. ബാഷോയ്ക്കൊപ്പം എന്നെ മലമുകളിലേക്ക് പറഞ്ഞുവിട്ടത് കെ.ടി. സൂപ്പി മാഷാണ്. ആയിരം വയസുള്ള ആ ദേവദാരുവിനെ ആദ്യം ആലിംഗനം ചെയ്തത് സൂപ്പി മാഷാണ്. ഭൂമിയിലെ സ്നേഹത്തിന്റെ ആന്തരികശോഭ ഞാനറിഞ്ഞത് ബാഷോയ്ക്കൊപ്പം നടന്നപ്പോഴാണ്. ആ നടത്തം ഇപ്പോഴുമുണ്ട്.
Tags : Kadharsis