രാജ്യത്തെ തെരഞ്ഞെടുത്ത 14,500 പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ‘പിഎം ശ്രീ’ പദ്ധതി കേരളത്തിന് ആവശ്യമാണോ എന്ന ചര്‍ച്ച ഇപ്പോള്‍ സജീവമാണ്. പദ്ധതി നടപ്പാക്കിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയവിദ്യാലയങ്ങളും കാവിവത്കരിക്കപ്പെട്ടോ എന്നാണ് ‘പിഎം ശ്രീ’യെ അനുകൂലിക്കുന്നവരുടെ ചോദ്യം. മാറ്റങ്ങള്‍ യാതൊന്നും വേണ്ടാത്തത്ര മഹത്തരമാണോ കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസപ്രക്രിയ? ആണെങ്കിൽ എന്തുകൊണ്ട് നമ്മള് ദേശീയ ശരാശരിയില്‍നിന്ന് പിന്നാക്കം പോയി? വിവിധ സംസ്ഥാനങ്ങളില്‍ കുട്ടികളുടെ പഠനനിലവാരം സാമ്പിള്‍ അടിസ്ഥാനത്തില്‍ സര്‍വേ നടത്തിയതിനുശേഷം കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഒന്ന് പരിശോധിക്കാം.
വിവരവിനിമയ സാങ്കേതികവിദ്യയുടെ സൗകര്യങ്ങള്‍ സ്കൂള്‍ പഠനപ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഐടി @ സ്കൂള്‍ പദ്ധതിയും വിക്ടേഴ്സ് ടെലിവിഷന്‍ ചാനലും കേരളത്തില്‍ വന്നിട്ട് രണ്ടര പതിറ്റാണ്ടായിട്ടും എന്തുകൊണ്ട് പൊതുവിദ്യാലയങ്ങളിലെ ക്ലാസ്മുറികള് ഇപ്പോഴും എല്ലാ കുട്ടികളും ഒന്നിച്ച് അധ്യാപകരുടെ വായില്‍ നോക്കിയിരിക്കുന്ന ‘വായ്നോട്ട പഠന’ കേന്ദ്രങ്ങളായി നിലനില്ക്കുന്നു?
വിജയം 100 ശതമാനമാക്കുന്ന അദ്ഭുതവിദ്യ
എസ്എസ്എല്‍സിക്ക് 100 ശതമാനത്തിനെയും വിജയിപ്പിക്കുന്ന അദ്ഭുതവിദ്യ നടക്കുന്നതു മൂല്യനിര്‍ണയ ക്യാമ്പുകളിലാണ്. അടിസ്ഥാന ജീവിതശേഷികള് പോലും നേടാതെ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ 100 ശതമാനത്തിനെയും വിജയിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഗുണനിലവാരം ആര്‍ജിച്ചിട്ടുണ്ടോ എന്ന പരിശോധനയില്ലാതെ ഇങ്ങനെ ചെയ്യുന്നത് സാമൂഹ്യവഞ്ചനയല്ലേ?
മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കുന്ന കായിക-ആരോഗ്യ പരിപാടികള്‍ ബൗദ്ധികശേഷിക്കും പ്രശ്നപരിഹാര ചിന്തയ്ക്കും സാമൂഹ്യബോധത്തിനും വൈകാരിക സന്തുലനത്തിനും ഉന്മേഷത്തിനും ആരോഗ്യകരമായ മത്സരത്തിനുമെല്ലാം സഹായകരമാണെന്നു പറയേണ്ട കാര്യമുണ്ടോ? യാതൊരു നൈപുണിയും പരിശീലിക്കാതെയും പരീക്ഷിക്കാതെയും കുട്ടിയുടെ ഓര്‍മശക്തി മാത്രം എഴുത്തിലൂടെ പരീക്ഷിക്കുന്ന പരീക്ഷാരീതിയെയാണ് നാം ഇക്കാലമെല്ലാം ആശ്രയിച്ചു പോന്നതും ഇപ്പോഴും ആശ്രയിക്കുന്നതും.
പരീക്ഷയ്ക്കുവേണ്ടി കാണാതെ പഠിക്കുക എന്ന സമ്പ്രദായത്തിന് ഒരു മാറ്റം വേണം എന്നു കണ്ടിട്ടാണ് 2000-ല്‍ നായനാര്‍ മന്ത്രിസഭ ഐടി @ സ്കൂള്‍ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. അതെന്ത് മാറ്റങ്ങൾ ക്ലാസ്മുറിയിൽ കൊണ്ടുവന്നു? ജി.വി. രാജ സ്കൂളിൽ വളരെ വിജയകരമായി നടന്ന ‘ഫ്ലിപ്പ്ഡ് ലേണിങ്’ പദ്ധതി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സ്വീകരിക്കുകയും അതൊരു വന്‍ വിജയമാക്കുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് ഡിപിഐയിലും എസ്സിഇആര്‍ടിയിലും ഉറങ്ങുന്നു. 100 സ്കൂളുകളില്ലെങ്കിലും തൊട്ടടുത്ത അധ്യയനവര്‍ഷം തുടങ്ങണമെന്ന് പദ്ധതിയിട്ടെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
ശരിയായതും ആധികാരികമായതുമായ വിവരങ്ങള്‍ ലഭ്യമാകുന്ന ഇന്റർനെറ്റ് സൈറ്റുകള്‍ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി അതിലേക്ക് വിദ്യാര്‍ഥികളെ തിരിച്ചുവിടുന്ന പ്രോജക്ട് ആയിരുന്നു എഡ്യുസെര്വ് അഥവാ എഡ്യുക്കേഷന്‍ സെര്‍വര്‍ പ്രോജക്ട്. പിന്നീട് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായ ഐഐഐടിഎം-കെയുടെ സഹായത്താല്‍ രൂപകല്‍പ്പന ചെയ്ത ഈ പദ്ധതിയും പിന്നീട് മുന്നോട്ടു പോയില്ല.
അങ്കണവാടിയിലൂടെ മറ്റു പല പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടിരുന്നെങ്കിലും അന്നും ഇന്നും കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്ന സ്ഥലം എന്ന നിലയില്‍നിന്നും കാതലായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, കമ്യൂണിസ്റ്റ് ചൈനയ്ക്കുപോലും വൈദേശികമായ മോണ്ടിസോറി രീതി അവലംബിക്കാന്‍ യാതൊരു മടിയുമുണ്ടായില്ല എന്നോര്‍ക്കണം. ഇന്ന് കേരളത്തിലെ സ്വകാര്യ സ്കൂളുകളില്‍ മോണ്ടിസോറി രീതിയില്‍ പരിശീലനം ലഭിച്ച അധ്യാപികമാര്‍ കൊച്ചുകുട്ടികളെ നന്നായി പരിശീലിപ്പിക്കുന്നത് നമ്മുടെ വിദ്യാഭ്യാസവകുപ്പ് കണ്ടിട്ടേയില്ല. പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി കൊണ്ടുവരാന്‍ ശ്രമിച്ച ഡിപിഇപിയെ നാം കൊന്നു കുഴിച്ചുമൂടി.
പിഎം ശ്രീ പദ്ധതി
പിഎം ശ്രീയുടെ ഏറ്റവും വലിയ നേട്ടമായി കാണുന്നത് പ്രീ-പ്രൈമറി വിദ്യാഭ്യാസം ഇനിമുതല്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകും എന്നുള്ളത് തന്നെയാണ്. അതായത്, കുത്തഴിഞ്ഞ അങ്കണവാടി/ഡേ കെയർ/ പ്രീ പ്രൈമറി സമ്പ്രദായത്തെ ഒരു പരിധിവരെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കും. അങ്കണവാടികളിലെ അടിസ്ഥാന സൗകര്യം ഉയര്‍ത്തുന്നതിനോടൊപ്പം കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസം കളികളിലൂടെ ഗുണപരമായി ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ‘പിഎം ശ്രീ സ്കൂള്‍സ്, ഫ്രെയിംവര്‍ക്ക് ഓണ്‍ സ്കൂള്‍ ട്രാന്സ്ഫര്മേഷന്’ എന്ന കൈപ്പുസ്തകത്തില്‍ പറയുന്നത് “ഇതൊരു നിര്‍ബന്ധിത ചട്ടക്കൂടല്ല, നിര്‍ദേശങ്ങള്‍ മാത്രമാണ്. ഇത് എല്ലായിടത്തും ഒരുപോലെ നടപ്പാക്കുന്നത് പ്രായോഗികമായിരിക്കില്ല” എന്നാണ്. കേന്ദ്ര പാഠ്യപദ്ധതി നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നു എന്നാണോ ഇതില്‍നിന്നു മനസിലാക്കേണ്ടത്.
പിഎം ശ്രീ പദ്ധതി അനുസരിച്ച് 5+3+3+4 എന്ന പാറ്റേണിലാണ് വിദ്യാഭ്യാസം നടത്തേണ്ടത്. ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് ബഹുഭാഷാ പഠനം പ്രോത്സാഹിപ്പിക്കണം. അഞ്ചാം ക്ലാസ് വരെ കുട്ടികള്‍ നിര്‍ബന്ധമായും മാതൃഭാഷ അല്ലെങ്കില്‍ തദ്ദേശീയ ഭാഷ പഠിക്കണം. ഇതുകൂടാതെ ഇംഗ്ലീഷിനു പുറമേ കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകള്‍ ഒക്കെ സെക്കന്‍ഡറി സ്കൂളില്‍ പഠിപ്പിക്കണം എന്നുപോലും ശിപാര്‍ശയുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നൈപുണി നേടുന്നതിനുള്ള പരിശീലനം നല്‍കും. നൈപുണി പരിശീലന കൗണ്‍സിലുകളുമായും തദ്ദേശീയമായിട്ടുള്ള വ്യവസായങ്ങളുമായി ബന്ധിപ്പിച്ച് ഓരോ കുട്ടിയുടെയും അഭിരുചിയും തൊഴില്‍ക്ഷമതയും പരിശോധിച്ച് ഉറപ്പാക്കും.
തദ്ദേശീയരായിട്ടുള്ള ആശാരിമാരോടും തോട്ടക്കാരോടും കുശവന്മാരോടും കലാകാരന്മാരോടും ചേര്‍ന്ന് ഇന്റേണ്‍ഷിപ്പ് നടത്താനും നയം നിര്‍ദേശിക്കുന്നു. പഠനയാത്ര നിര്‍ബന്ധമായും വേണം. ഭാരതത്തെപ്പറ്റിയും ഇവിടെ ജീവിച്ചിരുന്ന മഹാന്മാരെപ്പറ്റിയും നമ്മുടെ സംസ്കാരത്തെപ്പറ്റിയും ഒക്കെ പഠിപ്പിക്കുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ എന്തെങ്കിലും എന്‍സിഇആര്‍ടി തയാറാക്കുന്ന കരിക്കുലത്തില്‍ ഉണ്ടായാൽ അത് പഠിപ്പിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശവും സംസ്ഥാന സർക്കാരിനുണ്ട്. കുട്ടികളുടെ നൈസര്‍ഗിക കഴിവും താത്പര്യവും അനുസരിച്ചിട്ടുള്ള ഒരു മൂല്യനിര്ണയമായിരിക്കണം വേണ്ടത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ പരീക്ഷ നിര്‍ബന്ധമാണ്.
പിഎം ശ്രീ പദ്ധതി 2023-24 മുതല്‍ നടപ്പാക്കിയിട്ടുള്ള ഒരു കേന്ദ്രീയ വിദ്യാലയ അധികൃതരുമായി സംസാരിച്ചതില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്, വളരെയധികം മാറ്റങ്ങളാണ് ഈ പദ്ധതി നടപ്പാക്കിയതിനുശേഷം ആ സ്കൂളില്‍ കൊണ്ടുവരാന്‍ സാധിച്ചതെന്നാണ്. പഠനരീതിതന്നെ മൊത്തത്തില്‍ മാറി എന്നാണ് അവരുടെയൊക്കെ അഭിപ്രായം. പുറമേനിന്ന് വിദഗ്ധരായ കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്ലംബര്‍മാരെയും, കൃത്രിമബുദ്ധിയില്‍ ക്ലാസെടുക്കാന്‍ പുറത്തുനിന്ന് ഐടി വിദഗ്ധരെയും കൊണ്ടുവരാൻ കേന്ദ്രം ഫണ്ട് നല്‍കിയിട്ടുണ്ട് ആ സ്കൂളിൽ.
ആശങ്കകള്‍ ഉണ്ടെങ്കിൽ, നിലവില്‍ പദ്ധതി നടപ്പിലാക്കിയ കേന്ദ്ര സ്കൂളുകളിലെ ഫലമെന്തെന്ന് മനസിലാക്കാന്‍ സർക്കാരിന് വിദ്യാഭ്യാസ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു പരിശോധിക്കാമായിരുന്നു. ഇതിനെ വിമര്‍ശിക്കേണ്ടത് തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന ഇവിടുത്തെ രക്ഷിതാക്കളാണ്. അവരാണ് നേട്ടവും കോട്ടവും അനുഭവിക്കുന്നവര്‍. പുതിയ സമ്പ്രദായങ്ങള്‍ വരട്ടെ. അത് ഏതാനും സകൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തുനോക്കാം എന്നല്ലേ നാം ചിന്തിക്കേണ്ടത്.
അങ്കണവാടി സമ്പ്രദായം
ഏതൊരു കുഞ്ഞിന്റെയും വളര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ആദ്യത്തെ 1,000 ദിവസങ്ങള്‍. ഗര്‍ഭകാലമായ 270 ദിവസങ്ങള്‍ ഉള്‍പ്പെടെ രണ്ട് വയസ് വരെയുള്ള സുവര്‍ണ കാലഘട്ടം. എന്നാല്‍, കേരളത്തിലെ കുട്ടികള്‍ അങ്കണവാടിയില്‍ എത്തുന്നതു മിക്കപ്പോഴും രണ്ടര വയസിനുശേഷമാണ്. അങ്കണവാടിയിൽ ഭാവിതലമുറയെ രൂപപ്പെടുത്തേണ്ട ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത വെറും പത്താംക്ലാസ് മാത്രം. പിന്നെയൊരു ഹ്രസ്വകാല പരിശീലനവും. സാമ്പത്തികഞെരുക്കം കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അങ്കണവാടി വര്‍ക്കര്‍ പരിശീലനം നടക്കുന്നുമില്ല.
വിദേശരാജങ്ങളില് മിക്കയിടത്തും ‘ഏർളി എഡ്യുക്കേഷനിൽ’ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരാണ് കുട്ടികളെ നോക്കേണ്ടത്. 2030 മുതല്‍ ഫിന്‍ലന്‍ഡില്‍ കെയര്‍ സെന്ററുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്റ്റേഴ്സ് ഡിഗ്രി നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നതായി ഇന്റര്‍നെറ്റില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഡിഎഡ് യോഗ്യത ഉള്ളവരായിരിക്കണം നമ്മുടെ ഭാവി തലമുറയ്ക്ക് അവരുടെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ അടിസ്ഥാന വിദ്യാഭ്യാസവും പരിചരണവും നല്‍കേണ്ടത്.
ഈ സാഹചര്യത്തില്‍ ഒന്നു മുതല്‍ മൂന്നുവയസ് വരെ ക്രഷുകളും, മൂന്നു മുതല്‍ ആറു വരെ അങ്കണവാടികളും വേണം. പ്രൈമറി സ്കൂളുകളോട് ചേര്‍ന്നുതന്നെ അങ്കണവാടികളെ ശാസ്ത്രീയമായി പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഗുണനിലവാരമുള്ള 10,000, അല്ലെങ്കില്‍ 15,000 സ്മാര്‍ട്ട് അങ്കണവാടികള്‍ മതി സംസ്ഥാനത്ത്. 33,000 എണ്ണമാണ് ഇപ്പോഴുള്ളത്. ഒരു യുവതി ഗര്‍ഭിണിയാകുന്നതു മുതല്‍ അവളുടെ കുഞ്ഞ് ഏറ്റവും കുറഞ്ഞത് ആറാം ക്ലാസ് എത്തുന്നതുവരെ സമൂഹത്തിന്റെ പൊതു സ്വത്താണ് എന്ന് കരുതി സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെകൂടി ഉത്തരവാദിത്വമായി കരുതണം.
പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം
പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ വരെ മിക്കവാറും സ്ഥലങ്ങളില്‍ കായികപഠനത്തിനുള്ള അധ്യാപകര്‍ ഇല്ലെന്നു മാത്രമല്ല, ഏതെങ്കിലും സ്കൂളില്‍ അതിനുവേണ്ടിയുള്ള പീരിയഡ് ഉണ്ടെങ്കില്‍പോലും മറ്റ് വിഷയങ്ങളുടെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍വേണ്ടി ഉപയോഗിക്കുകയാണ് പൊതുവേ ചെയ്യാറുള്ളത്. പഠനം വീട്ടിലും പരിശീലനം ക്ലാസ് മുറിയിലും നടക്കുന്ന ‘ഫ്ലിപ്പ്ഡ് ലേണിംഗിലൂടെ’ അവരെ സ്വതന്ത്രമായി പഠിക്കാന്‍ വിടുക. അതിനായി ക്ലാസ് മുറികളുടെ എണ്ണം കുറച്ച് ‘അനുഭവപരമായ പഠനം’ നടത്തുന്നതിനുള്ള ലാബുകള്‍ കൂടുതല്‍ ഒരുക്കുക. ചിത്രരചനയും ക്രാഫ്റ്റും സംഗീതവും സൈക്ലിംഗും നീന്തലും എല്ലാ സ്കൂളിലും പഠിപ്പിക്കുക.
ഒട്ടേറെ ന്യൂനതയുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘പിഎം ശ്രീ’ എന്ന പദ്ധതിയെ നമ്മുടെ കുട്ടികളുടെ നന്മയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നു ചിന്തിക്കേണ്ടത്.
(ലേഖകന്‍ ഐടി @ സ്കൂള്‍ - വിക്ടേഴ്സ് പദ്ധതികളുടെ ഫൗണ്ടർ ഡയറക്ടര്‍, സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍, സാമൂഹികനീതി-വനിതാ-ശിശു വകുപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്)
Tags : PM Shri