ഇന്ത്യയുടെ പുതിയ വെല്ലുവിളിയായി വെള്ളക്കോളർ ഭീകരത. ഡൽഹി ചെങ്കോട്ടയിലെ കാർ ബോംബ് സ്ഫോടനവും അതിനു തൊട്ടുമുന്പ് ഫരീദാബാദിൽനിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി ഡോക്ടർമാരുടെ അറസ്റ്റും രാജ്യത്ത് പുതിയൊരു ഭീകരതയുടെ തുടക്കമായി. വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം എന്ന വെള്ളക്കോളർ ഭീകര ആവാസവ്യവസ്ഥ സജീവമായതിന്റെ നേർചിത്രമാണു ഡൽഹി സ്ഫോടന സംഭവങ്ങൾ.
വനിതയടക്കം ചുരുങ്ങിയത് നാലു ഡോക്ടർമാർ വെള്ളക്കോളർ ഭീകരസംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഡോക്ടർമാരാണിവർ. 2019ൽ മാത്രം എംബിബിഎസ് തുടങ്ങിയ ഈ യൂണിവേഴ്സിറ്റിയിലെ 40 ശതമാനം വിദ്യാർഥികളും ജമ്മു കാഷ്മീരിൽനിന്നുള്ളവരാണ്.
അറസ്റ്റിലായ ജമ്മു കാഷ്മീരിൽനിന്നുള്ള ഏതാനും ഡോക്ടർമാർക്ക് പാക് ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദ്, അൻസർ ഗസ്വത്തുൽ ഹിന്ദ് എന്നിവയുമായി ബന്ധമുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തൽ. ജമ്മു കാഷ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന അൽ ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ഭീകര സംഘടനയാണ് അൻസർ ഗസ്വത്തുൽ ഹിന്ദ്.
ഫരീദാബാദിൽനിന്നു വൻ സ്ഫോടകവസ്തുശേഖരം കണ്ടെടുത്തില്ലായിരുന്നെങ്കിൽ ഡൽഹിയിലും പരിസരങ്ങളും അതിഭീകര ഭീകരാക്രമണ പരന്പരയ്ക്കാണു തീവ്രവാദിസംഘം തയാറെടുത്തിരുന്നതെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിനു ശക്തിയേറിയ ഐഇഡികൾ നിർമിച്ച് ഡൽഹിയെ വിറപ്പിക്കാനുള്ള ഗൂഢാലോചനയും പദ്ധതിയും പൊളിഞ്ഞ രോഷത്തിൽക്കൂടിയാണ് ഉമർ അഹമ്മദ് ചാവേറാക്രമണം നടത്തിയതെന്നാണു സൂചന.
വനിതയടക്കം അഞ്ചു ഡോക്ടർമാർ
വനിതയടക്കം അഞ്ച് എംബിബിഎസ് ഡോക്ടർമാർക്കാണു ഡൽഹി കാർ ബോംബ് സ്ഫോടനവും ഫരീദാബാദ് റെയ്ഡുമായി നേരിട്ടു ബന്ധമുള്ളത്. ഇവരിലൊരാളും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ മുഹമ്മദാണ് ചാവേറായി ഭീകരാക്രമണം നടത്തിയത്. കൊല്ലപ്പെട്ട ചാവേർ ഡോ. ഉമറാണു ഭീകരാക്രമണ പദ്ധതിയുടെ സൂത്രധാരൻ എന്നാണു പോലീസിന്റെ കണ്ടെത്തൽ.
കാഷ്മീരിലെ പുൽവാമ സ്വദേശി ഡോ. മുസാമിൽ ഗനായി (35), ജമ്മു കാഷ്മീരിലെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളജിൽനിന്നു പുറത്തായ കാഷ്മീരിലെ കുൽഗാം സ്വദേശി ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരുടെ വീട്ടിലും ലോക്കറിലും നിന്നാണ് അമോണിയം നൈട്രേറ്റ് ഉൾപ്പെടെ 2,900 കിലോ ബോംബ് നിർമാണ വസ്തുക്കളും ടൈമറുകളും വിദേശനിർമിത റൈഫിളുകളും തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.
ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ കഴിഞ്ഞ മൂന്നു വർഷമായി സീനിയർ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു ഡോ. അദീൽ അഹമ്മദ്. കാന്പസിൽത്തന്നെ താമസിച്ചിരുന്നെങ്കിലും അടുത്തുള്ള ധോജ് എന്ന സ്ഥലത്ത് മുറി വാടകയ്ക്കെടുത്തായിരുന്നു ബോംബ് നിർമാണത്തിനായി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇറ്റാലിയൻ നിർമിത ബെറെറ്റ പിസ്റ്റൾ, ഐഇഡി സ്ഫോടനത്തിനുള്ള ലഘുലേഖകൾ തുടങ്ങിയവ മുറിയിലുണ്ടായിരുന്നു. ഇതേ അൽ ഫലാ യൂണിവേഴ്സിറ്റിയിലായിരുന്നു അറസ്റ്റിലായ മറ്റു ഡോക്ടർമാരും.
യുപിയിലെ ലക്നോയിൽനിന്നുള്ള വനിതാ ഡോക്ടർ ഷഹീൻ സഈദിനും ബന്ധമുണ്ടെന്നു കണ്ടെത്തി. ജയ്ഷ് ഇ മുഹമ്മദിന്റെ വനിതാവിഭാഗം സ്ഥാപിക്കാനുള്ള ചുമതലക്കാരിയായ ഡോ. ഷഹീനെയും ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കാറിൽനിന്നു റഷ്യൻ നിർമിത ക്രിങ്കോവ് റൈഫിൾ പിടിച്ചെടുത്തിരുന്നു. മുസാമിലിന്റെ പെണ് സുഹൃത്തുകൂടിയാണിവർ. ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹർ പാക്കിസ്ഥാനിൽനിന്നു നയിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് വനിതാവിഭാഗമായ ജമാഅത്ത് ഉൽ മോമിനാത്തിന്റെ ഇന്ത്യാ വിഭാഗം രൂപീകരിക്കാനായിരുന്നു പദ്ധതി.
ചൈനയിൽനിന്ന് എംബിബിഎസ് പാസായി നാട്ടിലെത്തിയ ഹൈദരാബാദിലുള്ള ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സെയ്ദും ഈ സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു. ഹൈദരാബാദിലെ രാജേന്ദ്ര നഗറിൽ ഷവർമ കച്ചവടം നടത്തിയിരുന്ന ഈ ഡോക്ടറെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീനഗറിൽനിന്നുള്ള ആരിഫ് നിസാർ ദാർ, യാസിർ ഉൽ അഷ്റഫ്, മഖ്സൂദ് അഹമ്മദ് ദാർ, ഷോപ്പിയാനിൽനിന്നുള്ള മോൾവി ഇർഫാൻ അഹമ്മദ്, ഗന്ധർബലിൽനിന്നുള്ള സമീർ അഹമ്മദ് അഹാംഗർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഡോക്ടർമാരുടെ ഭീകരസംഘത്തെ സഹായിച്ചിരുന്നവരായിരുന്നു. ഫരീദാബാദിനു പുറമെ ജമ്മു കാഷ്മീരിലെ ശ്രീനഗർ, അനന്ത്നാഗ്, ഗന്ധർബാൽ, ഷോപ്പിയാൻ എന്നിവിടങ്ങളിലും സുരക്ഷാ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു.
ഭീകരവിരുദ്ധ പോരിന് വെല്ലുവിളി
സമർഥരായ ഡോക്ടർമാരാണു ഡൽഹി ചെങ്കോട്ടയിലെ ഭീകരാക്രമണത്തിനു പിന്നിലെന്നതാണ് ഗുരുതരവും സങ്കീർണവുമായ സ്ഥിതി. ഭീകരവിരുദ്ധ പോരാട്ടത്തിൽ രാജ്യത്തിനു പുതിയ വെല്ലുവിളിയാണിത്. ജമ്മു കാഷ്മീരിലെ വിദ്യാസന്പന്നരായ യുവതീ-യുവാക്കൾ പാക് ഭീകര സംഘടനകളുടെ സഹായത്തോടെ കടുത്ത തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും തിരിയുന്നതിനെ ചെറുക്കുകയാകും ഇനി പ്രധാനം.
കേരളത്തിലടക്കം വിദ്യാസന്പന്നരായ യുവതയെ സ്വാധീനിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നതു രഹസ്യമല്ല. എന്നാൽ യുവഡോക്ടർമാർ ഭീകരാക്രമണങ്ങളിൽ നേരിട്ടു പങ്കാളിയാകുന്നതാണ് ഞെട്ടിക്കുന്നത്. പുതുതലമുറയ്ക്കിടയിൽ ഭിന്നതയുടെയും തീവ്രവാദത്തിന്റെയും വിദ്വേഷം പടർത്തിയാൽ വലിയ ദുരന്തങ്ങളാകും സൃഷ്ടിക്കപ്പെടുകയെന്ന തിരിച്ചറിവുകൂടിയാകും പുതിയ സംഭവങ്ങൾ. സർക്കാരിനും സൈനിക- അർധസൈനിക വിഭാഗങ്ങൾക്കും പോലീസിനുമെല്ലാം സമീപനങ്ങളിലും തന്ത്രങ്ങളിലും മാറ്റം അനിവാര്യമാക്കുന്നതാണ് വെള്ളക്കോളർ ഭീകരത.
അശരണരായ ആദിവാസികളെയും ദളിതരെയും പാവപ്പെട്ടവരെയും ഉപയോഗപ്പെടുത്തിയാണ് മാവോയിസ്റ്റ്, നക്സൽ തീവ്രവാദവും ഭീകരതയും വളർന്നത്. വികസനമില്ലായ്മ മുതൽ വിവേചനങ്ങൾ വരെ പലതും മാവോയിസ്റ്റുകളുടെ വളർച്ചയ്ക്കു വഴിതെളിച്ചു. മാവോയിസ്റ്റുകൾക്ക് അധ്യാപകരടക്കം ചില വിദ്യാസന്പന്നരുടെ പിന്തുണയുണ്ടായിരുന്നു. എങ്കിലും വിദ്യാസന്പന്നരും പ്രഫഷണലുകളും ഭീകരാക്രമണങ്ങളിൽ നേരിട്ടു പങ്കാളികളാകാറില്ല.
മാവോയിസ്റ്റ് ഭീകരതയ്ക്കെതിരേ കർക്കശ നടപടികൾ സ്വീകരിച്ച കേന്ദ്രസർക്കാർ പക്ഷേ, ജമ്മു കാഷ്മീരിലും പുറത്തും പാക് ഭീകരസംഘടനകൾ വളർത്തിയ ഭീകരഗ്രൂപ്പുകളെ അമർച്ച ചെയ്യുന്നതിൽ വേണ്ടത്ര വിജയിച്ചില്ല. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരേയുള്ള വർഗീയ ഭിന്നതകളും അധികാരത്തിനായുള്ള വിദ്വേഷപ്രസംഗങ്ങളും ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾക്കു വളരാൻ കാരണമായെന്നതും നിഷേധിക്കാനാകില്ല.
ഭീകരാക്രമണം തെളിയാൻ വൈകി
ഇന്ത്യയിൽ മുന്പുണ്ടായ ഭീകരാക്രമണങ്ങളിൽനിന്നു വ്യത്യസ്തമായ രീതികൾ പലതും ഡൽഹി കാർ ബോംബ് സ്ഫോടനത്തിനുണ്ടായിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷനു മുന്നിലെ തിരക്കേറിയ റോഡിൽ തിങ്കളാഴ്ച വൈകുന്നേരം 6.52ന് രാജ്യത്തെയാകെ നടുക്കിയ സ്ഫോടനം ഭീകരാക്രമണം ആണോയെന്നു രാത്രി വൈകിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സൂചനകൾ പലതും ഭീകരാക്രമണ സാധ്യതയിലേക്കായിരുന്നെങ്കിലും ആശയക്കുഴപ്പമുണ്ടാക്കിയ പലതും അന്വേഷകരെ കുഴപ്പിച്ചു.
ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളുടെ ഭീകരാക്രമണ ശൈലിയിൽനിന്ന് അല്പം വ്യത്യസ്തമായിരുന്നു ചെങ്കോട്ട ഭീകരാക്രമണം. പരമാവധി പരിക്കേൽപ്പിക്കാവുന്ന തരത്തിൽ മുള്ളാണികളും ഇരുന്പുചീളുകളും നിറച്ച ബോംബാക്രമണങ്ങളാണ് മുന്പൊക്കെ നടത്തിയിരുന്നത്. ചെങ്കോട്ടയിലെ കാർ സ്ഫോടനത്തിൽ പക്ഷേ മുള്ളാണികളും ചീളുകളും ഉണ്ടായില്ല. ഐഇഡി ഉപയോഗിച്ചുള്ള ഇംപ്രൊവൈസ്ഡ് സ്ഫോടനമാണെങ്കിലും കാർ പൊട്ടിത്തെറിച്ച സ്ഥലത്തു വൻകുഴി രൂപപ്പെടാതിരുന്നതും അന്വേഷകരെ കുഴപ്പിച്ചു.
തുടക്കത്തിലെ ആശയക്കുഴപ്പങ്ങളെ മറികടക്കുന്നതായിരുന്നു സ്ഫോടനസ്ഥലത്തെ മറ്റെല്ലാ തെളിവുകളും. സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ഉണ്ടായിരുന്നുവെന്നു കണ്ടെത്തിയതോടെ ഫരീദാബാദിലെ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തതുമായുള്ള ബന്ധം മനസിലാക്കാനായി.
Tags : White collar terrorism Delhi blast Red Fort blast Chenkota blast