ഇരുപത്തൊന്നാം നൂറ്റാണ്ടു പിറന്നിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മനുഷ്യജീവിതം എത്രമാത്രം സുരക്ഷിതമാണ് എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. മനുഷ്യൻ സൃഷ്ടിക്കാത്ത, എന്നാൽ മനുഷ്യൻ നിലനിൽക്കുന്ന ഇടങ്ങൾ, ശ്വസിക്കുന്ന വായു, സൂര്യതാപം, വെളിച്ചം, ഊർജം, ജലം, മണ്ണ് എന്നിവയെല്ലാംതന്നെ ദുർവിനിയോഗം ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം. ഈ ദുർവിനിയോഗമാണ് ഭീകരമായ വിഭവശോഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമായിക്കൊണ്ടിരിക്കുന്നത്. അനേകം ശാസ്ത്രീയ പഠനങ്ങൾ ഈ വിഷയത്തിൽ ലഭ്യമാണെങ്കിലും, പുതായി ഉരുത്തിരിഞ്ഞു വരുന്ന ഇംഗ്ലീഷ് ഭാഷയിലെ വാക്കുകൾ, മനുഷ്യൻ നേരിടാൻ പോകുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പായി മാറുന്നത് ഒരു പുതിയ രീതിയിലുള്ള പഠനത്തിന് തുടക്കം കുറിക്കുന്നു.
വാക്കുകൾ മുന്നറിയിപ്പാകുമ്പോൾ...
ബ്രിട്ടനിലെ ഡെർബി സർവകലാശാലയിലെ പ്രകൃതിബന്ധ പഠന വിഭാഗത്തിന്റെ പ്രഫസർ മിൽസ് റിച്ചാർഡ്സൺ 2020ൽ നടത്തിയ നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. എഡി 1800നും 2020നുമിടയിൽ, രണ്ടു നൂറ്റാണ്ടുകൊണ്ടു മനുഷ്യന് പ്രകൃതിയുമായുള്ള ഇഴയടുപ്പം 60 ശതമാനം കുറഞ്ഞെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. മനുഷ്യർ വായിക്കുന്ന പുസ്തകങ്ങളിൽനിന്നും അവരുടെ ദൈനംദിന സംഭാഷണങ്ങളിൽനിന്നും ഈ കാലഘട്ടത്തിൽ പ്രകൃതി, നദി, പുല്ല്, പൂക്കൾ, പായൽ, കിളികൾ തുടങ്ങിയ പദങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും, 1990കളിൽ ഈ പ്രവണത കൂടുകയും ചെയ്തു. അതായത്, 1990കളിൽ തുടങ്ങിവച്ച ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും കാലഘട്ടത്തിലാണ് മനുഷ്യൻ പ്രകൃതിയിൽനിന്ന് കൂടുതൽ അകന്നത് എന്നു ചുരുക്കം.
ഈ കാലത്തു മനുഷ്യർ കൂടുതലായുപയോഗിച്ചത് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പദങ്ങളാണ്. ഉദാഹരണത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പല പ്രധാനപ്പെട്ട പദങ്ങൾ - ടിവോ, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ഓട്ടോസജ്ജെസ്ട് , സെൽഫി, വ്ളോഗ്, അൺഫ്രണ്ട്, പോഡ്കാസ്റ്റ്, പയ്വോൾ, യുട്യൂബർ, ഹാഷ്ടാഗ് മുതലായവയെല്ലാം സമൂഹത്തിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളാണ്. കൂടാതെ ‘ഡീപ്സ്റ്റേറ്റ്’ എന്ന അമേരിക്കൻ രാഷ്ട്രീയ കുതന്ത്രത്തെ കുറിക്കുന്ന വാക്കും, ‘ബ്രോമാൻസ്’ എന്ന മനുഷ്യബന്ധത്തെ കുറിക്കുന്ന വാക്കും പുതുതായി ഉരുത്തിരിഞ്ഞു വന്നതാണ്.
ഭാഷയെന്നു പറയുന്നത് വാക്കുകളിലൂടെയുള്ള ജീവിതവൃത്തികളുടെ പ്രതിഫലനമാണ്. മനുഷ്യബുദ്ധിയൊരുക്കുന്ന നവീന ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു പുതിയ വാക്കുകളും ഭാഷാ ശൈലികളും പിറക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടൊരു ശാസ്ത്ര-സാങ്കേതിക-രാഷ്ട്രീയ-സാമ്പത്തിക യുഗമായതിനാൽ ആ രംഗങ്ങളുമായി ബന്ധപ്പെട്ട വാക്കുകൾ കൂടുതൽ ഉണ്ടാകുന്നു.
2024ൽ ‘ലേണിംഗ് ഇംഗ്ലീഷ് വിത്ത് ഓക്സ്ഫഡ്’ അനുസരിച്ചു പുതുതായുണ്ടായ വാക്കുകൾ വൈവിധ്യമാർന്ന രംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒന്നാമതായി കൊടുത്തിരിക്കുന്ന ‘പ്രോംപ്റ്റ്’ എഐ യുമായി ബന്ധപ്പെട്ടതാണ്. നിർമിതബുദ്ധിയെ നമ്മുടെ സഹായി ആക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചോദ്യങ്ങൾ, നിർദേശങ്ങൾ, ഉത്തരവുകൾ, അഭിപ്രായങ്ങൾ എന്നിവയാണ് പ്രോംപ്റ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
രണ്ടാമത്തെ വാക്കായ ‘ഹീറ്റ് ഡോം’ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അനിശ്ചിത കാലത്തേക്ക് ഭൂമിയുടെ ഉപരിതലത്തിൽ ചൂട് നിലനിർത്തി ഉഷ്ണതരംഗങ്ങൾ സൃഷ്ടിക്കുന്ന പ്രതിഭാസമാണ് ഹീറ്റ് ഡോം. ‘ഫ്രീറേഞ്ച്’ എന്ന മറ്റൊരു വാക്ക് മൃഗസ്നേഹവും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും ക്ഷണികവും ആധുനികവുമായ മനുഷ്യബന്ധങ്ങളെ കുറിക്കുന്നതാണ് നാനോഷിപ്, ഫ്രീക് മാച്ചിങ്, മൈക്രോമാൻസ് ‘സിറ്റുവേഷൻഷിപ്’ മുതലായവ. മറ്റൊരു വാക്ക് എഐയുമായി ബന്ധപ്പെട്ട ‘ലാർജ് ലാംഗ്വേജ് മോഡൽ’ (LLM) ആണ്. എന്നാൽ മനുഷ്യന്റെ ശാശ്വതമായ നിലനിൽപുമായി ബന്ധപ്പെട്ട സത്യം, സ്നേഹം, നീതി, ദയ, വാത്സല്യം, സമാധാനം,സന്തോഷം, പുരോഗതി, ശാന്തി എന്നീ വാക്കുകൾ നിത്യജീവിതത്തിൽ കുറയുന്നു എന്നത് ഒരു പ്രതിസന്ധിയുടെ മുന്നറിയിപ്പാണ്.
‘വാമിംഗി’ൽനിന്ന് ‘ബോയിലിംഗി’ലേക്ക്
ഇപ്പോൾ ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പുതിയ പദങ്ങൾ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. ഭൂമി മന്ദോഷ്ണാവസ്ഥയിൽ (Warming) നിന്നും താപനത്തിലേക്കും (Heating) അവിടെ നിന്നും തിളയ്ക്കുന്ന (Boiling) അവസ്ഥയിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി അന്തോണിയോസ് ഗുട്ടെരസ് ആണ് 2023ൽ ഗ്ലോബൽ ബോയിലിംഗ് എന്ന പുതിയ പദം കൊണ്ടുവന്നത്.
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂട് കൂടിയ പത്തുവർഷങ്ങൾ 2014നും 2025നും ഇടയ്ക്കാണ് ഉണ്ടായിട്ടുള്ളത്. 1880 തൊട്ട് 1910 വരെ 13.7 ഡിഗ്രി സെൽഷസ് ആയിരുന്നു ശരാശരി ചൂട്. ഇതായിരുന്നു ഭൂമിയുടെ മന്ദോഷ്ണാവസ്ഥ. 1980കൾ വരെ ലോകത്തിലെ ശരാശരി താപനില 14 ഡിഗ്രി സെൽഷസ് ആയിരുന്നു. 1980 തൊട്ട് 2010 വരെയുള്ള കാലഘട്ടം വർധിച്ച താപനിലയുള്ളതായിരുന്നു. 2010നു ശേഷമാണ് ഭൂമി തിളയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ വളരെ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. വരൾച്ചയും ജലക്ഷാമവും കൃഷിനാശവും ഭക്ഷ്യക്ഷാമവും ശാരീരിക മാനസിക രോഗാവസ്ഥകളും സംഘർഷങ്ങളും സാമ്പത്തിക നഷ്ടവുമൊക്കെയാണ് ഫലങ്ങൾ.
പരിസ്ഥിതി ഉത്കണ്ഠ
ഇക്കോ ആന്സയിറ്റി (Eco Anxiety) അഥവാ പരിസ്ഥിതി ഉത്കണ്ഠ എന്ന പുതിയ വാക്ക് വരുന്നത്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയത്തിൽ നിന്നാണ്. പക്ഷിപ്പനി, കോളറ, പ്ലേഗ്, ക്ഷയം, ഹൃദയത്തെയും ശ്വാസകോശത്തെയും സംബന്ധിക്കുന്ന അസുഖങ്ങൾ, കൂടാതെ ഈവക ഭയങ്ങളിൽനിന്നുണ്ടാകുന്ന മാനസിക അസ്വസ്ഥതകളും സമ്മർദങ്ങളും (Solastalgia)) ഒക്കെ കൂടി വരുന്നത് ഭൂമിയുടെ അധിക താപനം നിമിത്തമാണെന്നു ഗവേഷകർ പറയുന്നു.
‘ഗ്രീൻ വാഷിംഗ്’എന്ന പുതിയ പദം കോർപറേറ്റുകളുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി സൗഹൃദ നയങ്ങളിലെ കാപട്യത്തെയാണീ പദം സൂചിപ്പിക്കുന്നത്. ഹരിതനയങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുക്കി, പെരുമാറ്റങ്ങളിൽനിന്ന് ആരുമറിയാതെ മാറ്റിനിർത്തുന്നതാണ് ഗ്രീൻ വാഷിംഗ്. പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിസന്ധികളായി മൂർശച്ഛിക്കാനുള്ള ഒരു പ്രധാന കാരണം ഗ്രീൻ വാഷിംഗ് ആണ്. ഒരു തിരിച്ചുപോക്കിന് സാധ്യതയില്ലാത്ത സ്ഥിതിയിലേക്ക് അതിവേഗം എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥയുടെ പുതിയ ‘വാക്ക് ടിപ്പിംഗ് പോയിന്റ്’ (Tipping Point) എന്നാണ്. അതായത്, ലോകം പരിസ്ഥിതി നാശത്തിന്റെ മുനമ്പിൽ വന്നുനിൽക്കുന്നു. ഏതു നിമിഷം വേണമെങ്കിലും അഗാധമായ നാശത്തിന്റെ ഗർത്തത്തിലേക്ക് വീണുപോകാം.
ന്യൂ നോർമൽ (പുതിയ ക്രമം)
പകർച്ചവ്യാധിയോ സാമ്പത്തിക തകർച്ചയോ പോലുള്ള ഒരു വലിയ പ്രതിസന്ധിക്കുശേഷം നമ്മുടെ ജീവിതരീതികളിൽ വരുന്ന സ്ഥിരമായ മാറ്റങ്ങളെ സൂചിപ്പിക്കാനാണ് ന്യൂ നോർമൽ എന്ന പുതിയ പദം ഉപയോഗിക്കുന്നത്. പണ്ട് നമ്മൾ ‘സാധാരണ’ എന്ന് കരുതിയിരുന്ന കാര്യങ്ങൾക്ക് പകരം, പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് നമ്മൾ ശീലമാക്കിയ പുതിയ രീതികളെയാണ് ഇത് അർഥമാക്കുന്നത്. കോവിഡ് കാലമാണ് ഈ പദത്തെ വ്യാപകമാക്കിയത്. ജെൻ-ഇസെഡ്, ആൽഫ തലമുറകളെ സംബന്ധിച്ചിടത്തോളം ‘ന്യൂ നോർമൽ’ കേവലമൊരു ഒരു മാറ്റമല്ല, മറിച്ച് അവരുടെ സ്വാഭാവികമായ ജീവിതരീതി തന്നെയാണ്. മുൻതലമുറകൾക്ക് ‘മാറ്റം’ ആയി തോന്നിയ പല കാര്യങ്ങളും ഇവർക്ക് ജന്മനാ ലഭിച്ച അല്ലെങ്കിൽ വളർന്നുവന്ന സാഹചര്യങ്ങളാണ്.
അതേസമയം പുതിയ തലമുറയെ ദുരുപയോഗിക്കുന്ന അനധികൃത മയക്കുമരുന്ന് ലോബികളും മറ്റ് സ്ഥാപിത താത്പര്യക്കാരും അവരുടെ പ്രവൃത്തികളെ ‘ന്യൂ നോർമലാ’യി ചിത്രീകരിച്ച് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിലെ പ്രൈമറി വിദ്യാലയങ്ങൾ തൊട്ട് ലോകത്തിലെ വമ്പൻ നഗരങ്ങളിലെ സർവകലാശാലകളിലുള്ള കുട്ടികളിൽ വരെ പലതരം വിഷവിത്തുകൾ ആകർഷകങ്ങളായ പൊതികളിലാക്കി മധുരപലഹാരങ്ങളെന്ന വ്യാജേന വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്.
(തുടരും)
Tags : Words not tricks