ജനാധിപത്യത്തില്‍ പരമപ്രധാനമായ ഭരണഘടനയുടെ സൂക്ഷിപ്പുകാരും സംരക്ഷകരുമാണ് ജുഡീഷറി. പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടനാപരമായ അനുരൂപത ഉറപ്പാക്കുന്നതിനുമായി നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതു നീതിപീഠമാണ്. സന്തുലിതമായ ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമായ വേര്‍തിരിവുകളുണ്ട്.
ജനാധിപത്യത്തിന്റെ പ്രധാന തൂണുകളായ നിയമനിര്‍മാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷറി എന്നിവയും സ്വതന്ത്ര മാധ്യമങ്ങളും ചേര്‍ന്നതാണ് സജീവവും ഫലവത്തുമായ സംവിധാനം. അധികാരവിഭജനത്തിലൂടെ ഇവയെല്ലാം തമ്മിലുള്ള വേര്‍തിരിവുകള്‍ വ്യക്തം. അധികാരകേന്ദ്രീകരണം ഒഴിവാക്കുകയെന്ന ദൗത്യവുമുണ്ട്. നിയമവാഴ്ച ഉറപ്പാക്കാനും അധികാര ദുര്‍വിനിയോഗം തടയാനും ജുഡീഷറിക്കു കഴിയുന്നതു ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവുമാണ്.
മാറ്റങ്ങളോടു വൈമനസ്യമരുത്
ഭരണഘടനയും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതില്‍ ജുഡീഷറിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും പരമപ്രധാനമാണ്. നീതിന്യായ സംവിധാനത്തില്‍ പ്രതീക്ഷയുള്ളവരാണു ജനങ്ങള്‍. അഭിമാനാര്‍ഹമായ വിധിപ്രസ്താവങ്ങളും നിലപാടുകളും ഇന്ത്യന്‍ ജുഡീഷറിയുടെ യശസ് ഉയര്‍ത്താറുണ്ട്; എപ്പോഴുമല്ല. യെസ് യുവറോണര്‍, രാജ്യത്തെ സാധാരണക്കാരനുപോലും ചില സംശയങ്ങളും ആശങ്കകളുമുണ്ട്.
കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെയുള്ള നീതിപീഠങ്ങളുടെ ചില നടപടികളും ഏതാനും ന്യായാധിപന്മാരുടെ പക്ഷപാത നിലപാടുകളും സംശയം വര്‍ധിപ്പിക്കുന്നു. സംശയകരമായ നിലപാടു മാറ്റങ്ങള്‍ മുതല്‍ അനിവാര്യമായ മാറ്റങ്ങളോടുള്ള വൈമനസ്യവും എതിര്‍പ്പും വരെ ഇതിലുണ്ട്. ജുഡീഷറിയില്‍ വ്യാപകമാകുന്ന അഴിമതിയും ഭരിക്കുന്നവരോടുള്ള വിധേയത്വവും പ്രശ്നമാണ്. സാധാരണക്കാരനു നീതി ലഭിക്കാനുള്ള ചെലവുകള്‍ കൂടുന്നതും വലിയ കാലതാമസവും പ്രശ്നങ്ങള്‍ വഷളാക്കുന്നു.
കാലാതീതമാണ് തിരുത്തലുകള്‍
കോടതിവിധികള്‍ മറ്റൊരു ബെഞ്ച് മറികടക്കുന്ന പ്രവണത കൂടിവരുന്നതു വേദനാജനകമാണെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ പുതിയ നിരീക്ഷണം ചര്‍ച്ചയാകുന്നത് ഈ പശ്ചാത്തലത്തിലാണ്. കോടതിയുടെ സ്വന്തം വിധികള്‍ തുടര്‍ന്നുള്ള ബെഞ്ചുകള്‍ പുനഃപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ കോടതി വേദനിക്കുന്നുവെന്നാണ് ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്തയും അഗസ്റ്റിന് ജോര്‍ജ് മസിയുമടങ്ങിയ ബെഞ്ച് കഴിഞ്ഞ ബുധനാഴ്ച നിരീക്ഷിച്ചത്.
സ്വന്തം വിധികള്‍ റദ്ദാക്കിയതില്‍ കോടതികള്‍ വിലപിക്കുകയോ ആഘോഷിക്കുകയോ അല്ല വേണ്ടത്; തിരുത്തലുകളും തിരുത്താന്‍ വിസമ്മതിക്കലുമൊക്കെ ശരിയാണോ എന്നു പരിശോധിക്കുകയാണ്. കോടതികളുടെ തിരുത്തല്‍ നടപടികള്‍ പലതും ഭരണഘടനയും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതാണെങ്കിലും, ചിലപ്പോഴെങ്കിലും രാഷ്ട്രീയവും മതവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ കോടതികളുടെ നടപടികളിൽ നിഴൽ വീഴ്ത്താറുണ്ട്.
പ്രതീക്ഷയേകുന്ന വിധിതീര്‍പ്പുകള്‍
ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷ ദിനത്തില്‍ പരമോന്നത കോടതി നടത്തിയ നിരീക്ഷണം ചര്‍ച്ചയാകുന്നതു നല്ലതാണ്. ഭരണഘടനയാണ് ഇന്ത്യയുടെ ഏക അടിസ്ഥാനം. പരമപ്രധാനമായ രാജ്യത്തിന്റെ ഭരണഘടന ജീവനുള്ള രേഖയാണ്. ഭരണഘടനയിലും നിയമങ്ങളിലും കാലത്തിനനുസരിച്ചുള്ള ചലനാത്മക വ്യാഖ്യാനങ്ങളും ഭേദഗതികളും ആവശ്യമാണ്. തുല്യനീതിയും മതനിരപേക്ഷതയും അടക്കമുള്ള അടിസ്ഥാനതത്വങ്ങളില്നിന്നു വ്യതിചലിക്കരുതെന്നു മാത്രം.
സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പാക്കിയ സുപ്രീംകോടതി വിധി ഏറെ സ്വാഗതം ചെയ്യപ്പെട്ടു. രാജ്യദ്രോഹത്തിന്റെ (സെഡീഷന്‍ ലോ) ദുരുപയോഗം തടഞ്ഞതും സുപ്രധാനമാണ്. പൗരാവകാശങ്ങള്‍ കവരാന്‍ ഭരണകൂടങ്ങള്‍ വളഞ്ഞ വഴികള്‍ തേടിയപ്പോഴൊക്കെ കോടതികളാണു രക്ഷയായത്. പൗരാവകാശങ്ങള്‍ക്കു പരിമിതമായ അര്‍ഥം നല്കിയ 1950ലെ സുപ്രീംകോടതി ഫുള്‍ ബെഞ്ചിന്റെ, എ.കെ. ഗോപാലന് കേസിലെ വിധി പിന്നീട് 1978ല്‍ സുപ്രീംകോടതിതന്നെ തിരുത്തിയതു ചരിത്രം. പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കാനായി കോടതി കാലാകാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാജ്യത്തിന്റെ ശക്തിയാണ്.
കരിനിഴല്‍ വീഴുന്നവയുമേറെ
അതേസമയം, 1976ല്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ച വിധിയടക്കം ജനാധിപത്യവിരുദ്ധവും പൗരാവകാശവിരുദ്ധവുമായ വിധികളും സുപ്രീംകോടതിയില്നിന്നുണ്ടായിട്ടുണ്ട്. അഞ്ചംഗ ബെഞ്ചില്‍ ഒരാളൊഴികെ നാലു ജഡ്ജിമാരും ഇന്ദിരാഗാന്ധിയുടെ ജനാധിപത്വ ധ്വംസനത്തിനു കുടപിടിച്ചു. അടുത്ത കാലത്തെ അയോധ്യ കേസിലെ വിധിയിലും ചില ചോദ്യങ്ങളുയരും. ഏതു നിയമത്തിന്റെ, ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് രാമക്ഷേത്ര കേസില്‍ അന്തിമതീര്പ്പെന്നത് ഇനിയും വ്യക്തമല്ല.
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടുന്നതിനെതിരേ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് നടത്തിയ വിധി ചരിത്രം കുറിച്ചു. ഇതടക്കമുള്ള വിഷയങ്ങളെക്കുറിച്ച് രാഷ്ട്രപതി നടത്തിയ പ്രസിഡന്‍ഷല്‍ റഫറന്‍സിന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് നല്കിയ ഉപദേശവും വലിയ ചര്‍ച്ചയായി. ഗവര്‍ണര്‍മാര്‍ക്കു സമയപരിധി നിശ്ചയിക്കാന്‍ ഭരണഘടനയില്‍ സാധ്യതയില്ലെന്ന വിലയിരുത്തല്‍ രണ്ടംഗ ബെഞ്ചിന്റെ തീര്പ്പില്നിന്നുള്ള വലിയ മാറ്റമായിരുന്നു. എന്നാല്‍ അനന്തമായി തീരുമാനം നീട്ടിയാല്‍ ഗവര്‍ണര്‍മാര്‍ക്കു നിര്‍ദേശം നല്‍കാമെന്നു പറഞ്ഞതിലൂടെ ജുഡീഷല്‍ ഇടപെടലിന് ഇതേ അഞ്ചംഗ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.
ദുഷ്ടലാക്കിനു കുടപിടിക്കലോ?
സര്‍ക്കാരുകളുടെ താത്പര്യമനുസരിച്ചുള്ള വിധികള്‍ കോടതികളില്‍നിന്നു കൂടുതലായി വരുന്നുവെന്നതു വെറും സംശയം മാത്രമാകില്ല. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) അടക്കമുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ നടപടികള്‍ക്ക് കോടതി നല്കുന്ന പരോക്ഷ അനുമതി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും ചില സംസ്ഥാന സര്‍ക്കാരുകളും എസ്ഐഐറിനെതിരേ നല്കിയ ഹര്‍ജികളില്‍ സ്റ്റേ അനുവദിക്കാന്‍ തയാറാകാതിരുന്നതു ഫലത്തില്‍ സര്‍ക്കാരിന്റെ ദുഷ്ടലാക്കിനു കുടപിടിക്കുന്നതാണ്.
ഒരു വോട്ടറുടെയെങ്കിലും അവകാശം നിഷേധിക്കാന്‍ സുപ്രീംകോടതി അനുവദിക്കരുത്. ലക്ഷക്കണക്കിനു പൗരന്മാരുടെ വോട്ടവകാശം കവർന്നെന്നും അര്‍ഹരല്ലാത്തവര്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടിയെന്നും മറ്റുമായ വ്യാപക ക്രമക്കേടുകളെക്കുറിച്ച് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാനെങ്കിലും കോടതി നിര്ദേശിക്കാതിരുന്നതു ദുരൂഹമാണ്. കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടികയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ തെളിവുകള്‍ വസ്തുനിഷ്ഠമായി അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനും കോടതിക്കും കഴിയേണ്ടതാണ്.
രാജ്യ, ജനതാത്പര്യം പ്രധാനം
ദീപാവലിക്ക് ഏര്‍പ്പെടുത്തിയിരുന്ന പടക്കനിരോധനത്തില് ഇളവുകള്‍ നല്കിയ സുപ്രീംകോടതി നടപടി വിമര്‍ശനവിധേയമായി. ഡല്‍ഹിയിലെ പുതിയ സര്‍ക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു ഇതെന്നത് അത്ര രഹസ്യമല്ല. വിഷപ്പുകയില്‍ വലയുന്ന ജനങ്ങളെ കൂടുതല്‍ വീര്‍പ്പു മുട്ടിക്കുകയും ഗുരുതര ശ്വാസകോശ രോഗികളെ കൊടിയ ദുരിതത്തിലാക്കുകയും ചെയ്ത അന്തരീക്ഷ മാലിന്യത്തില്‍നിന്നു ജനങ്ങള്‍ക്കു സംരക്ഷണമൊരുക്കാന്‍ സര്‍ക്കാരിനും കോടതിക്കും കടമയുണ്ട്. കോടതിയുടെതന്നെ മുന്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടായിരുന്നു പടക്കം പൊട്ടിക്കലിന് അനുമതി.
പദ്ധതികള്‍ക്കുള്ള മുന്‍കൂര്‍ പാരിസ്ഥിതികാനുമതി, തെരുവുനായ പ്രശ്നം തുടങ്ങി നിരവധിയായ വിഷയങ്ങളില്‍ സുപ്രീംകോടതി പഴയ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 141 പ്രകാരം നിയമപരമോ ഭരണഘടനാപരമോ ആയ വിഷയത്തില്‍ വീക്ഷണം മാറ്റുന്നതില്‍ അപാകതയില്ല. എന്നാല്‍, ഭരിക്കുന്നവരുടെയും കോര്‍പറേറ്റ് ഭീമന്മാരുടെയും, ശക്തരായ മതമേധാവികളുടെയും മറ്റും താത്പര്യത്തിനനുസരിച്ചാകരുത് കോടതികളുടെ നിലപാടു മാറ്റം. സുപ്രീംകോടതിയിടെ വിധി എല്ലാ കോടതികളെയും രാജ്യത്തെയാകെയും ബാധിക്കുമെന്നതു മറക്കരുതല്ലോ.
വേണം, ജുഡീഷല്‍ കണ്ണുകള്‍
മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക, എല്ലാ പൗരന്മാര്ക്കും നിഷ്പക്ഷ നീതി ഉറപ്പാക്കുക, സാമൂഹികക്രമം സംരക്ഷിക്കുക തുടങ്ങിയ കോടതികളുടെ ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കുക പ്രധാനമാണ്. ഭരണഘടനയുടെയും വ്യക്തികളുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനും നിയമവാഴ്ച നടപ്പാക്കുന്നതിനും നിയമനിര്‍മാണ, എക്സിക്യൂട്ടീവ് ശാഖകളുടെ അധികാരങ്ങളിന്മേലുള്ള ജുഡീഷല്‍ അവലോകനം പ്രധാനമാണ്.
നിയമങ്ങളുടെ വ്യാഖ്യാനവും പ്രയോഗവുമാണ് കോടതിയുടെ മറ്റൊരു പ്രധാന കടമ. നിയമനിര്‍മാണ സഭ പാസാക്കിയ നിയമങ്ങളുടെ വ്യാപ്തി, സ്വഭാവം, അര്‍ഥം എന്നിവ നിര്‍വചിക്കേണ്ടതും കോടതിയാണ്. അതിനാല്‍ നിയമനിര്‍മാണത്തിലും പങ്കുണ്ട്. ഒരു നിയമം നിശബ്ദമോ അവ്യക്തമോ ആകുമ്പോഴും മറ്റൊരു നിയമവുമായി പൊരുത്തപ്പെടാതെ വരുമ്പോഴും കോടതിയുടെ തീര്‍പ്പാണു മുഖ്യം.
സത്യവും നീതിയും മരിക്കരുത്
ഭരണഘടന കാക്കുന്നതിലും പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ജഡ്ജിമാരുടെ നീതിബോധം, ന്യായബോധം, സത്യസന്ധത, നിഷ്പക്ഷത എന്നിവ മുതല്‍ ബുദ്ധിശക്തിയും വിവേകവും പൊതുബോധവും വരെ പലതും ഘടകങ്ങളാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ക്കും നിയമപ്രശ്നങ്ങള്‍ക്കും മധ്യസ്ഥത വഹിക്കുന്നതിലും ന്യായമായ തീര്പ്പുണ്ടാക്കുന്നതിലും കോടതിക്കു നിര്‍ണായക പങ്കുണ്ട്.
ജുഡീഷറിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനില്ല. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ശാഖകളില്‍നിന്നു സ്വതന്ത്രമായി കോടതി പ്രവര്‍ത്തിക്കുകയും അതു ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ജഡ്ജിമാര്‍ മുതല്‍ കോടതി ജീവനക്കാരുടെ വരെ നിയമനങ്ങളില്‍ സര്‍ക്കാരുകളുടെ ഇടപെടലുകളും സ്വാധീനവും വെല്ലുവിളിയാണ്. രാഷ്ട്രീയ, മത, സാമ്പത്തിക താത്പര്യങ്ങളും സ്വന്തം ഭാവിയും പദവിയും നോക്കി ജഡ്ജിമാര്‍ നിലപാടു സ്വീകരിച്ചാല്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത തകരും. സത്യവും നീതിയും മരിക്കരുത്.
ഒന്നും, ആരും പരിധി വിടരുത്
നിയമനിര്‍മാണവും എക്സിക്യൂട്ടീവ് നടപടികളും ഭരണഘടനാപരമാണോയെന്നു വിലയിരുത്താന്‍ കോടതികളെ പ്രാപ്തമാക്കുന്ന ജുഡീഷല്‍ റിവ്യു എന്നതു ജുഡീഷറിയുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്. ഭരണഘടനയുടെ പരിധിക്കുള്ളില്‍നിന്നു സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കാന്‍ സ്വതന്ത്ര ജുഡീഷറി അനിവാര്യമാണ്. സാമൂഹിക അസമത്വങ്ങളും സര്‍ക്കാര്‍ പോരായ്മകളും പരിഹരിക്കാനും കോടതിക്കു കഴിയും.
അഴിമതിയും വര്‍ഗീയതയും തടയാനും മനുഷ്യാവകാശങ്ങളും പരിസ്ഥിതിയും സംരക്ഷിക്കാനുമൊക്കെ ജുഡീഷല്‍ ആക്ടിവിസം ഒരുപരിധി വരെ സഹായകമാകും. എന്നാല്‍, കോടതിയലക്ഷ്യ അവകാശം അടക്കം ഒന്നും പരിധി വിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഉന്നത ന്യായാധിപ സമൂഹമാണ്. രാജ്യത്ത് നീതി, സമത്വം, ഉത്തരവാദിത്വം എന്നിവയുടെ മൂലക്കല്ലായി തുടരാന്‍ ആത്മപരിശോധന നടത്തി ജുഡീഷറി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നു പ്രത്യാശിക്കാം.
Tags : Yourron has doubts judiciary constitution