ഗാന്ധിനഗർ: ഗുജറാത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നഖത്രാന സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ സുഹൃത്ത് കിഷോറിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. നഖത്രാനയിലെ ഗ്രാമത്തിൽ നിന്നുള്ള രമേഷിനെ ഡിസംബർ രണ്ട് മുതൽ കാണാനില്ലായിരുന്നു. തുടർന്ന് രമേഷിന്റെ സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ കിഷോറിനെ പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ സംസാരത്തിൽ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നും കിഷോർ പൊലീസിനോട് പറഞ്ഞു. വിവാഹിതയായ യുവതിയുമായി ഏതാനും നാളുകളായി രമേഷ് അടുപ്പത്തിലായിരുന്നു. ഇതേ യുവതിക്ക് കിഷോർ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയയ്ക്കുകയും താനുമായി സൗഹൃദത്തിലാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇക്കാര്യം യുവതി രമേഷിനെ അറിയിച്ചതോടെ കിഷോറും രമേഷും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് കിഷോർ രമേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags : Argument girlfriend Friend murdered dismembered