ബംഗളൂരു: രണ്ടു മലയാളി വിദ്യാർഥികളുൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ ബംഗളുരു വാഹനാപകടം അമിതവേഗം മൂലമാണെന്നു പോലീസ്.
വെള്ളിയാഴ്ച പുലർച്ചെ ഹൊസ്കോട്ട-ദാബാസ്പേട്ട് ദേശീയപാതയിൽ ആറ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്യുവി ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംതെറ്റി ചരക്കുലോറിയിലും മറ്റൊരു കാറിലും ഇടിച്ചുകയറുകയായിരുന്നു.
വിദ്യാർഥികളുടെ വാഹനം 150 കിലോമീറ്ററിനും 160 കിലോമീറ്ററിനും ഇടയിലാണ് ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കുടുംബാംഗങ്ങളെ അറിയിക്കാതെയായിരുന്നു വിദ്യാർഥികളുടെ പുലർച്ചെയുള്ള രഹസ്യയാത്ര.
അയാൻ അലി എന്ന വിദ്യാർഥി കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അയാൻ അലി തന്നെയാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതും. അശ്വിൻ നായർ(17), അർഹാൻ ഷെരീഫ്(16), ഭരത്(17), ഫർഹാൻ(18), ഏഥൻ ജോർജ് (17) എന്നിവരും ബൈക്ക് യാത്രികനായ ഗഗനും (24) ആണ് മരിച്ചത്.
ഹൊസ്കൊട്ട എംവിജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Tags : Bengaluru accident excessive speed Police