പാറ്റ്ന: ബിഹാർ എംപി പപ്പു യാദവ് അറസ്റ്റിൽ. 1995ൽ വ്യാജരേഖ ചമച്ച കേസിലാണ് നടപടി. വഞ്ചനയിലൂടെ വീട് തട്ടിയെടുത്തുവെന്നും പിന്നീട് ഓഫീസ് ആയി ഉപയോഗിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്.
വിനോദ് ബിഹാരി ലാൽ ആണ് പപ്പു യാദവിനെതിരെ പരാതി നൽകിയിരുന്നത്. വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി.
അതേസമയം, തന്നെ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പപ്പു യാദവ് ആരോപിച്ചു. രാത്രി പോലീസിനൊപ്പം പോകാൻ കഴിയില്ലെന്നും പപ്പു യാദവ് അറിയിച്ചു. ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചു.
ഇക്കാര്യം താൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാലത് ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്നും ഇൻസ്പെക്ടർ റിവോൾവറുമായിട്ടാണ് എത്തിയതെന്നും പപ്പു യാദവ് ആരോപിച്ചു.
എന്നാൽ, പപ്പു യാദവിനെതിരെ കോടതി നിർദേശപ്രകാരമാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ കേസ് നടന്നു വരികയാണെന്നും പപ്പു യാദവ് കൃത്യമായി ഹാജരായിരുന്നില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.
Tags : Bihar MP Pappu Yadav arrest forgery case