കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. കേശവ് പാർക്കിൽ ചൊവ്വാഴ്ച പുലർച്ചെ വ്യായാമത്തിനെത്തിയ പ്രാദേശികവാസികളാണ് സ്റ്റേജിന് സമീപം മൃതദേഹം കണ്ടത്.
ശാരീരിക വൈകല്യമുള്ള, ഏകദേശം 35 വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നിന്നും വേർപെടുത്തിയ തല കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട കത്തിയും മൂർച്ചയുള്ള മറ്റൊരു ആയുധവും ഒരു സിറിഞ്ചും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതാരാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം എൽഎൻജെപി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിക്കുന്നു.
Tags : Kurukshetra KurukshetraPolice KeshavPark HaryanaNews HaryanaCrime