സീനോ സാജു
ന്യൂഡൽഹി: പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനവും കേന്ദ്രഭരണപ്രദേശവുമായ ചണ്ഡിഗഡിനെ രാഷ്ട്രപതിയുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലാക്കുന്ന കേന്ദ്രപദ്ധതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. രാഷ്ട്രപതിക്കു നേരിട്ട് കേന്ദ്രഭരണപ്രദേശത്തിൽ അധികാരം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 140ൽ ചണ്ഡിഗഡിനെ ഉൾപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനെതിരേ പഞ്ചാബിലെ രാഷ്ട്രീയനേതാക്കൾ പ്രതിഷേധമുയർത്തിയതോടെയാണു ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചണ്ഡിഗഡിനെ അനുച്ഛേദം 240ന് കീഴിലാക്കുന്ന ഭരണഘടനാ (131-ാം ഭേദഗതി) ബിൽ കേന്ദ്രം അവതരിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നായിരുന്നു ഒരു പാർലമെന്റ് ബുള്ളറ്റിൻ അറിയിച്ചിരുന്നത്.
പഞ്ചാബിന്റെയും ഹരിയാനയുടെയും അതിർത്തിയിലുള്ള ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡ് പതിറ്റാണ്ടുകളായി ഇരുകൂട്ടർക്കും തർക്കഭൂമിയാണ്. പഞ്ചാബ് ഗവർണർ ഭരണാധികാരിയായിരിക്കുന്ന കേന്ദ്രഭരണപ്രദേശത്ത് രാഷ്ട്രപതിക്കും ലഫ്. ഗവർണർക്കും അധികാരങ്ങൾ നൽകുന്ന ബിൽ കേന്ദ്രം പാർലമെന്റിൽ പാസാക്കാനൊരുങ്ങിയതോടെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) പ്രതിപക്ഷമായ കോണ്‍ഗ്രസും പഞ്ചാബിലെ ബിജെപിയും എതിർപ്പുകളുയർത്തി.
പഞ്ചാബിന്റെ തലസ്ഥാനത്തെ കേന്ദ്രസർക്കാർ തട്ടിയെടുക്കുവാൻ ശ്രമിക്കുന്നുവെന്നാണ് നീക്കത്തെ പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിംഗ് മൻ വിശേഷിപ്പിച്ചത്. പഞ്ചാബിലെ ഗ്രാമങ്ങൾ തകർത്തു നിർമിച്ച ചണ്ഡിഗഡ് പഞ്ചാബിനുമാത്രം അവകാശപ്പെട്ടതാണെന്നും ബിൽ പഞ്ചാബിന്റെ താത്പര്യങ്ങൾക്കെതിരാണെന്നും മൻ പറഞ്ഞു.
ബില്ലിനെ എഎപി, കോണ്‍ഗ്രസ്, ശിരോമണി അകാലിദൾ തുടങ്ങിയ കക്ഷികള്‍ എതിർത്തപ്പോൾ പഞ്ചാബിലെ ബിജെപിയും നിലപാടിൽ കേന്ദ്രത്തിനെതിരേ നിലകൊണ്ടു. പഞ്ചാബാണ് തനിക്ക് ആദ്യം വരുന്നതെന്നു വ്യക്തമാക്കിയ സംസ്ഥാന ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ, ചണ്ഡിഗഡ് പഞ്ചാബിന്റെ അവിഭാജ്യഘടകമാണെന്നും കേന്ദ്രസർക്കാരിനോട് ഇതുസംബന്ധിച്ച് സംസാരിക്കുമെന്നും ഉറപ്പുനൽകി.
ബില്ലിനെതിരേ രാഷ്ട്രീയഭേദമില്ലാതെ എതിർപ്പുകൾ ഉയർന്നതോടെയാണു ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെ നിയമനിർമാണ പ്രക്രിയ എളുപ്പമാക്കുന്നതിനുള്ള നിർദേശം പരിഗണനയിൽ മാത്രമാണെന്നും അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഈ നിർദേശം ചണ്ഡിഗഡിന്റെ ഭരണനിർവഹണത്തിലോ ഭരണക്രമീകരണങ്ങളിലോ ഒരുതരത്തിലും മാറ്റം വരുത്തുന്നതല്ലെന്നും കേന്ദ്രം പ്രസ്താവനയിൽ പറയുന്നു.
വരുന്ന ശൈത്യകാലസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള ഉദ്ദേശ്യം സർക്കാരിനില്ലെന്നും വിഷയത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം അറിയിച്ചു. ചണ്ഡിഗഡിനെ ആർട്ടിക്കിൾ 240നു കീഴിലാക്കുന്നതിനെ പൂർണമായും കേന്ദ്രം പ്രസ്താവനയിൽ തള്ളിയിട്ടുമില്ല.
Tags : Chandigarh under control