ന്യൂഡൽഹി: രാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്കു പേരുകേട്ടതെങ്കിലും സോഷ്യലിസ്റ്റുകളുടെ മണ്ണിൽ നിതീഷ് കുമാറിന്റെ ജനപ്രീതിയും റിക്കാർഡുകളും അജയ്യം. പത്താം തവണയാണ് അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
വാജ്പേയ് മന്ത്രിസഭയിൽ ആദ്യം കൃഷിമന്ത്രിയും പിന്നീട് റെയിൽവേ മന്ത്രിയുമായിരുന്ന നിതീഷ് ബിഹാറിൽ ഏറ്റവുമധികം കാലം ഭരിച്ച മുഖ്യമന്ത്രിയുമാണ്. ജനതാ പാർട്ടിയിലും പിന്നീട് ജനതാദളിലുമെത്തിയ നിതീഷ് 1985ലാണ് ആദ്യം എംഎൽഎയായത്. എന്നാൽ സമത പാർട്ടിക്കാരനായാണ് 1996ൽ ലോക്സഭാംഗമായത്. ജനതാദൾ വിട്ട് ജോർജ് ഫെർണാണ്ടസുമായി ചേർന്നു രൂപം കൊടുത്ത സമതാ പാർട്ടി എൻഡിഎയുടെ ഭാഗമായതോടെയാണ് നിതീഷും കേന്ദ്രമന്ത്രിസഭയിലെത്തിയത്.
2000 മാർച്ചിൽ ഏഴു ദിവസം മാത്രമേ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായിരുന്നുള്ളൂ. സമതാ പാർട്ടിയെ 2003ൽ ജെഡിയുവിൽ ലയിപ്പിച്ച് ബിജെപിയുമായി ചേർന്ന് 2005ൽ മുഖ്യമന്ത്രിയായ അദ്ദേഹം കാലാവധി പൂർത്തിയാക്കി. 2010ൽ എൻഡിഎ സഖ്യം 234ൽ 206 സീറ്റു നേടിയതോടെ നിതീഷ് കിരീടം വയ്ക്കാത്ത രാജാവായി. എന്നാൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് 2013ൽ നിതീഷ് ബിജെപി ബന്ധം വിച്ഛേദിച്ചു. ആർജെഡിയും കോണ്‍ഗ്രസുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ച നിതീഷ് യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനു തിരിച്ചടി നേരിട്ടതോടെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ജിതിൻ റാം മാഞ്ജിയെ പകരം മുഖ്യമന്ത്രിയാക്കിയെങ്കിലും ഒരു വർഷത്തിനകം അദ്ദേഹത്തെ മാറ്റി നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻഭൂരിപക്ഷം നേടി. എന്നാൽ 2015ൽ തന്റെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ പേരിൽ 2017ൽ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ബിജെപിയുമായി ചേർന്നു പുതിയ സർക്കാർ രൂപീകരിക്കാൻ നിതീഷിന് മണിക്കൂറുകൾ വേണ്ടി വന്നില്ല. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഷ്ടിച്ചാണു നിതീഷും എൻഡിഎയും ഭരണത്തിലെത്തിയത്. രണ്ടു വർഷം തികയും മുന്‍പ് വീണ്ടും ബിജെപിയെ വിട്ട് നിതീഷ് ആർജെഡി, കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി.
നരേന്ദ്ര മോദി കേന്ദ്രത്തിൽ കൂടുതൽ പിടിമുറുക്കുന്നുവെന്നു ബോധ്യമായതോടെ നിതീഷ് 2024ൽ വീണ്ടുമൊരിക്കൽ കൂടി മഹാസഖ്യം വിട്ട് എൻഡിഎയിലെത്തി. മൂന്നു തവണ മലക്കം മറിഞ്ഞെങ്കിലും ലാലു പ്രസാദ് യാദവിനും ഭാര്യയ്ക്കും തേജസ്വിക്കുമെതിരേയുള്ള അഴിമതി കേസുകളും കോണ്‍ഗ്രസിന്റെ തളർച്ചയും നിതീഷിനെ ബിഹാറിന്റെ മഹാരാജാവാക്കി.
പാറ്റ്നയിലെ ബിഹാർ കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് 1972ൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ നിതീഷ് ബിഹാർ ഇലക്ട്രിസിറ്റി ബോർഡിൽ ചേർന്ന ശേഷമാണു രാഷ്ട്രീയത്തിലേക്ക് കടന്നത്. സർക്കസുകാരേക്കാൾ മികച്ച ചാഞ്ചാട്ടങ്ങളിലൂടെ നിതീഷ് രാഷ്ട്രീയത്തിൽ ചാണക്യനായി തുടരുന്നു.
Tags : Bihar Election Nitish Kumar BJP NDA