Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ അധികാരത്തിലെത്തുകയെന്നും തമിഴിസൈ അവകാശപ്പെട്ടു.
"സംസ്ഥാത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് അവർ ആഗഹിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പാകണമെങ്കിൽ എൻഡിഎ തന്നെ അധികാരത്തിലെത്തണം.'-തമിഴിസൈ പറഞ്ഞു.
"സ്റ്റാലിന്റെ ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. സംസ്ഥാനത്തെ എല്ലാ മേഖലകളെയും അവർ തകർത്തു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചിലത് ചെയ്യുന്നു എന്നല്ലാതെ ഒന്നും അവർ നടപ്പാക്കുന്നില്ല.'-തമിഴിസൈ കുറ്റപ്പെടുത്തി.
"ഇന്ത്യ സഖ്യം തകർന്നിരിക്കുകയാണ്. പാർട്ടികൾ എല്ലാം സഖ്യം വിടുകയാണ്. ജയിക്കുമെന്ന് ആർക്കും ഉറപ്പില്ല. എൻഡിഎ വിജയിക്കുമെന്ന് എതിരാളികൾക്ക് പോലും ഉറപ്പാണ്.'-തമിഴിസൈ കൂട്ടിച്ചേർത്തു.
Leader Page
ഒരു മുന്നണിയെയും ഏറെക്കാലം കൂടെ നിര്‍ത്തിയ ചരിത്രമില്ല ആലപ്പുഴയ്ക്ക്. എന്നാല്‍, ഇടതു തരംഗം ആഞ്ഞുവീശിയ 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥിതി മാറുകയും ചെയ്തു.
മാറിമറിഞ്ഞ് അരൂര്‍
ഒരു മുന്നണിക്കും പിടികൊടുക്കാതെ ഇടത്തേക്കും വലത്തേക്കും ചാടുന്ന രീതിയാണ് അരൂര്‍ മണ്ഡലത്തിന്. തുടര്‍ച്ചയായി സിപിഎമ്മിലെ എ.എം. ആരിഫ് വിജയിച്ചിരുന്ന മണ്ഡലം. ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. ഒന്നരവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദെലീമയിലൂടെ എല്‍ഡിഎഫ് അരൂര്‍ തിരിച്ചുപിടിച്ചു.
പത്ത് പഞ്ചായത്തുകളുള്ള അരൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ നേട്ടമുണ്ടായെങ്കിലും സ്ഥാനാര്‍ഥി ആരെന്നറിഞ്ഞാൽ മാത്രമേ വിജയസാധ്യത കണക്കാക്കാനാകൂ. നിലവില്‍ തീരമേഖലയില്‍ വോട്ട് കുറഞ്ഞത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 75,617 വോട്ടും യുഡിഎഫിന് 68,604 വോട്ടും, എന്‍ഡിഎയ്ക്ക് 17,479 വേട്ടുമാണ് ലഭിച്ചത്. 7,013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദെലീമ വിജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎിന് 49,962 വോട്ടും യുഡിഎഫിന് 60,978 വോട്ടും എന്‍ഡിഎയ്ക്ക് 37,491 വോട്ടുമാണ് ലഭിച്ചത്.
ഇടതു ചാഞ്ഞ് ചേര്‍ത്തല
വിപ്ലവഭൂമിയായ വയലാര്‍ ഉള്‍പ്പെടുന്ന ചേര്‍ത്തല എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. മണ്ഡല പുനഃക്രമീകരണത്തോടെ സിപിഎം ശക്തികേന്ദ്രങ്ങളായ മുഹമ്മയും കഞ്ഞിക്കുഴിയും ചേര്ത്തലയിലേക്കെത്തിയതോടെ എല്‍ഡിഎഫ് ചായ്വ് കൂടി. എന്നാൽ ഇക്കുറി ശബരിമല വിവാദവും വിലക്കയറ്റവുമെല്ലാം അണികള്‍ക്കിടയില്‍തന്നെ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ജനകീയനായ മന്ത്രി പി. പ്രസാദിനെ വീണ്ടും ഇറക്കി കളംപിടിക്കാനാണ് എല്‍ഡിഎഫ് പദ്ധതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി. പ്രസാദ് 6,148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എസ്. ശരത്തിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയത് എന്‍ഡിഎയിൽ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എസ്. ജോതിസാണ്.
ആലപ്പുഴയില്‍ സമ്മിശ്ര വികാരം
യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ തുടര്‍ച്ചയായി പിന്തുണയ്ക്കാത്ത മണ്ഡലമാണ് ആലപ്പുഴ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി.പി. ചിത്തരഞ്ജന് 11,644 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ഡോ. കെ.എസ്. മനോജിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ സന്ദീപ് വാചസ്പതിക്ക് 21,650 വോട്ട് കിട്ടി. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക തലങ്ങളില്‍ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നു. ഇതിന്റെ പേരിൽ പാര്‍ട്ടി നടപടിയും എടുത്തിട്ടുണ്ട്. ഈ വിഭാഗീയത എങ്ങനെ മറനീക്കി പുറത്തുവരുമെന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മത്സ്യത്തൊഴിലാളി മേഖലയിലുള്‍പ്പെടെ ഉണ്ടായിട്ടുള്ള ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അമ്പലപ്പുഴയില്‍ കാറ്റ് വലത്തേക്കോ?
ശബരിമലയുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അമ്പലപ്പുഴയിലുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഈ വികാരം മറനീക്കി പുറത്തുവന്നത്. എല്‍ഡിഎഫ് വര്‍ഷങ്ങളോളം ഭരിച്ചിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. ആലപ്പുഴ നഗരസഭയും യുഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഏകാധിപത്യ സ്വഭാവം സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. സുധാകരനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുന്നത് സ്ഥാനാര്ഥിമാറ്റത്തിനുള്ള സൂചനകളും നല്‍കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എം. ലിജുവിനെ പരാജയപ്പെടുത്തിയത്.
കുട്ടനാട്ടില്‍ എന്തും സംഭവിക്കാം
എല്‍ഡിഎഫിലെ എന്‍സിപി അംഗം തോമസ് കെ. തോമസാണ് നിലവിലെ എംഎല്‍എ. എന്നാല്‍, എങ്ങോട്ടു വേണമെങ്കിലും ചായാമെന്ന സ്ഥിതിയിലാണ് മണ്ഡലം. തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയാല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യാനാണ് സാധ്യത. ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന തലയെടുപ്പുള്ളൊരു നേതാവിനെ ഏറെ ആഗ്രഹിക്കുന്നൊരു മണ്ഡലം കൂടിയാണ് കുട്ടനാട്. നെല്‍കൃഷി സാമ്പത്തിക അടിത്തറയായ ഈ മേഖലയിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ എപ്പോഴും തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയാകാറുണ്ട്. കേരള കോണ്‍ഗ്രസ് ഇത്തവണയും യുഡിഎഫിന്റെ സീറ്റിലെത്തുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ഈ സീറ്റിനായി ചരടു വലിക്കുന്നുണ്ട്. സുസമ്മതനായ സ്ഥാനാര്ഥിയുണ്ടെങ്കിലേ കോണ്‍ഗ്രസിനും സീറ്റില്‍ വിജയിക്കാനാകൂ. 50 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന കൈനകരി, 25 വര്‍ഷമായി കൈയിലിരിക്കുന്ന രാമങ്കരി എന്നീ പഞ്ചായത്തുകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കൈവിട്ടതും രാമങ്കരി യുഡിഎഫ് തിരിച്ചുപിടിച്ചതും ചില്ലറ പ്രതീക്ഷയല്ല യുഡിഎഫ് ക്യാമ്പിനു നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 5,516 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍സിപിയിലെ തോമസ് കെ. തോമസ് കേരള കോണ്‍ഗ്രസിലെ ജേക്കബ് ഏബ്രഹാമിനെ പരാജയപ്പെടുത്തിയത്. ബിഡിജെഎസിലെ തമ്പി മേട്ടുതറ 14,946 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഹരിപ്പാട് കാറ്റ് വലത്തേക്ക്
2021ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല 13,666 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹരിപ്പാട് വലത്തേക്ക് തന്നെയെന്നാണ് പൊതുവിലെ വിലയിരുത്തല്‍. സിപിഎമ്മിലെ ആര്. സജിലാലിനെ പരാജയപ്പെടുത്തിയാണ് ചെന്നിത്തല മണ്ഡലം പിടിച്ചത്. ബിജെപിയിലെ കെ. സോമന് 17,890 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ മേല്ക്കൈയെന്നതും യുഡിഎഫ് ക്യാമ്പിന് ആശ്വാസത്തിന് വകനല്കുന്നതാണ്.
കായംകുളത്ത് ചുവപ്പു മായുമോ
കായംകുളം സിപിഎമ്മിനെ കൈവെടിയുമോ എന്ന ആശങ്ക പരക്കെയുണ്ട്. കായംകുളത്തുകാരുടെ ആവശ്യമായ പില്ലര്‍ എലവേറ്റഡ് ഹൈവേ എന്ന ആശയത്തിന് നിലവിലെ എംഎല്‍എ യു. പ്രതിഭ ഒപ്പം നിന്നില്ലെന്ന പരാതി പരക്കെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പത്തിയൂര്‍ ഉള്‍പ്പെടെ എ.എം. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടതും എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. കായംകുളം നഗരസഭ 15 വര്‍ഷത്തിനു ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. പത്തിയൂര്‍, കണ്ടെല്ലൂര് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ ബിജെപി നടത്തിയ മുന്നേറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തിയൂരില്‍ മുന്‍പന്തിയിലെത്തിയത് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതും ഇടതുകേന്ദ്രങ്ങളിലെ ബിജെപി വേരോട്ടത്തെ സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,298 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ യു. പ്രതിഭ കോണ്‍ഗ്രസിലെ അരിതാ ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. ബിജെഡിഎസിലെ പ്രദീപ് ലാല്‍ 11,413 വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
മാവേലിക്കര ഇടതു സഹയാത്രികനാകുമോ
1991ല്‍ സിപിഎമ്മിലെ എസ്. ഗോവിന്ദക്കുറുപ്പില്നിന്നു കോണ്‍ഗ്രസിലെ എം. മുരളിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. നാലു തവണ യുഡിഎഫിനൊപ്പമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം സിപിഎമ്മിലെ ആര്. രാജേഷ് മണ്ഡലം തിരിച്ചുപിടിച്ച് രണ്ടു തവണ എംഎല്‍എ ആയി. 15 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് മാവേലിക്കര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24,717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്പിഎമ്മിലെ എം.എസ്. അരുണ്‍കുമാര്‍ കോണ്ഡഗ്രസിലെ കെ.കെ. ഷാജുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ കെ. സഞ്ജു 30,955 വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.
ചെങ്ങന്നൂര്‍ വീണ്ടും സജി ചെറിയാനെ തുണയ്ക്കുമോ?
2021ലെ തെരഞ്ഞടുപ്പില്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രികൂടിയായ സജി ചെറിയാന് കോണ്‍ഗ്രസിലെ എം. മുരളിയെ പരാജയപ്പെടുത്തിയത്. രാഷ്ട്രീയത്തിനതീതമായി സജി ചെറിയാനുള്ള സ്വീകാര്യത തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിലെ ചെന്നിത്തല, മാന്നാര്‍ ഡിവിഷനുകളില്‍ വിജയിക്കാനായതും എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ നാലെണ്ണം ബിജെപിയും രണ്ടു വീതം സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്നു. നഗരസഭാ ഭരണം കോണ്‍ഗ്രസിനു ലഭിച്ചു. ഈ അനുകൂല സാഹചര്യങ്ങള്‍ തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
Kerala
കളമശേരി: ജമാ അത്തെ ഇസ്ലാമിയോ ശബരിമല കൊള്ളക്കാരോ ആണോ നാടിന്റെ ഭാവി തീരുമാനിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കളമശേരിയിൽ എൻഡിഎയുടെ സംസ്ഥാന ശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരാൻ പോകുന്ന തെരഞ്ഞെടുപ്പു നിർണായകമാണ്. ജനങ്ങളുടെയും കുട്ടികളുടെയും ഭാവിയും നാടിന്റെ വികസനവും എങ്ങനെയാകണമെന്നു തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിത്. മാറാത്തതു മാറണമെങ്കിൽ എൻഡിഎ അധികാരത്തിൽ വരണം.
അടുത്ത 60 ദിവസം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഈ തെരഞ്ഞെടുപ്പ് കേവലം ഒന്നോ രണ്ടോ സീറ്റ് ജയിക്കാൻ അല്ല. 140 അസംബ്ലി മണ്ഡലങ്ങളിലും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികൾ മത്സരിക്കും. എൻഡിഎ ജയിക്കണം, ഭരിക്കണം, നാട് നന്നാക്കണം. ഇതാണു ഡൽഹിയിൽനിന്നുള്ള നിർദേശമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, സാബു എം. ജേക്കബ്, അഡ്വ. പേരൂർക്കട ഹരികുമാർ, എ.വി. താമരാക്ഷൻ, കുരുവിള മാത്യൂസ്, വിഷ്ണുപുരം ചന്ദ്രശേഖർ, വി.വി. രാജേന്ദ്രൻ, കെ.ടി. തോമസ്, പത്മജ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
Kerala
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് തിരിച്ചടി. ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. ജയലളിതയുടെ ജന്മദിനമായ വരുന്ന 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും.
പൊതുയോഗത്തിനായി പന്തൽ നിർമാണവും തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.
2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. എഐഡിഎംകെ നിലവിൽ എൻഡിഎ മുന്നണിയ്ക്ക് ഒപ്പമാണ്. പുതിയ പാർട്ടി രൂപീകരിച്ച് മത്സരത്തിനിറങ്ങിയാൽ എഐഡിഎംകെ വോട്ട് ബാങ്കിൽ വിള്ളലുണ്ടായേക്കും.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടത്, വലത്, എൻഡിഎ മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അർധവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറുകയാണ്. മദ്യത്തിനു പേരിടാനും ലോഗോ നിര്‍മിക്കാനും അപേക്ഷ ക്ഷണിച്ച സര്‍ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്തു പരാജയപ്പെട്ടു.
കള്ളുഷാപ്പുകള്‍ ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള്‍ മദ്യവകുപ്പിനു കീഴില്‍ നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകള്‍ വര്‍ധിക്കുന്നതിനു കാരണമെന്നു പ്രചരിപ്പിച്ചവര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതിനു മറുപടിയില്ല.
തെരഞ്ഞെടുപ്പില്‍ മദ്യനയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് വരവേല്പും നൽകി.
കമ്മീഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ആന്റണി ജേക്കബ്, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, മേരി ദീപ്തി, കെ.പി. മാത്യു, തോമസ് കോശി, റോയി മുരിക്കോലില്‍, എ.ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെഭാഗമായി ചെങ്കൽപ്പേട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടത്തും. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി.ടി.വി. ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
പൊതുയോഗത്തിന് ശേഷം വൈകുന്നേരം അഞ്ചിന് മോദി ഡൽഹിക്ക് മടങ്ങും. അതേസമയം പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ള ഇന്നു തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
Kerala
തിരുവനന്തപുരം: സാബു എം.ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎയിൽ. സാബു എം.ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ കൊച്ചിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
"ട്വന്റി 20 ഇന്ന് എന്‍ഡിഎയുടെ ഭാഗമായി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ട്വന്റി20യും സാബു ജേക്കബും ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകും. എന്‍ഡിഎ മുന്നോട്ട് വയക്കുന്ന കാഴ്ചപ്പാട്, വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നിവയാണ്. ഇത് ഞങ്ങള്‍ മുന്നോട്ടുവച്ച് നാടിന്റെ സംസ്കാരത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആദ്യമേ പറഞ്ഞതാണ്.'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിവാദങ്ങളുടെ രാഷ്ട്രീയ സംസ്കാരം നാടിനെ ബാധിക്കുന്നുണ്ട്. വികസിത കേരളം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടിയാണ് എന്‍ഡിഎ എന്ന് ജനങ്ങള്‍ക്ക് മനസിലായി. ട്വന്റി20 എന്ന പാര്‍ട്ടി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ പാര്‍ട്ടിയാണ്. അദ്ദേഹം തെലുങ്കാനയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കേരളത്തില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം, ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ട്വന്റി20 യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയാണെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
National
ചെന്നൈ: ടി.ടി.വി. ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) വീണ്ടും എൻഡിഎയിലെത്തി.
തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ദിനകരൻ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് എൻഡിഎയിൽ തിരികെയെത്തിയത്.
ദിനകരനെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി എൻഡിഎയിലേക്കു സ്വാഗതം ചെയ്തു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
"കേന്ദ്രമന്ത്രിയുടെ പ്രസ്താവന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ഫെഡറൽ സംവിധാനങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ആർആസ്എസിന്റെ ചൊൽപടിക്ക് നിർത്താനുള്ള ശ്രമമാണിത്. നിയോ ഫാസിസത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവന.'-ഗോവിന്ദൻ കുറ്റപ്പെടുത്തി.
പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും ആയിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പരാമര്‍ശം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും അത്താവലെ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ.
എൻഡിഎയിൽ ചേർന്നാൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷെ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകും. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. എന്നാൽ എത്ര സീറ്റുകൾ നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ പറഞ്ഞു.
'സംസ്ഥാനത്ത് വിജയ്യും ടിവികെയും ചലനമുണ്ടാക്കില്ല. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ല.വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും.'-ശരത് കുമാർ പറഞ്ഞു.
തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
National
ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിൽ. പാർട്ടിയിലെ മുഴുവൻ എംഎൽഎമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ആറ് എംഎൽഎമാരാണ് ബിഹാറിൽ കോൺഗ്രസിന് ആകെയുള്ളത്.
ആറ് എംഎൽഎമാരും നിതീഷ് കുമാറിന്റെ ജെഡിയു വഴി എൻഡിഎയിലേക്ക് കൂറുമാറാൻ നീക്കങ്ങൾ ശക്തമാക്കിയതായാണ് വിവരം. സംഭവത്തിൽ എഐസിസി ഇടപെട്ടെങ്കിലും അനുനയന ചര്‍ച്ചയ്ക്ക് എംഎല്‍എമാര്‍ ഇതുവരെ തയാറായിട്ടില്ല.
കോൺഗ്രസ് എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സദാഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ നിന്നും എംഎൽഎമാർ വിട്ടുനിന്നിരുന്നു.
നേരത്തേ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചർച്ച നടത്താൻ സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നിരുന്നു.
മനോഹർ പ്രസാദ് സിംഗ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ, അബിദുർ റഹ്മാൻ, മുഹമ്മദ് ഖമ്രുൽ ഹോദ, മനോജ് ബിസ്വാൻ എന്നിവരാണ് വിരുന്നിൽ നിന്ന് വിട്ടുനിന്നത്. അതേസമയം എംഎൽഎമാരുടെ കൂറുമാറ്റം തള്ളി രാജേഷ് റാം രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി ഒറ്റക്കെട്ടാണെന്നും രാഷ്ട്രീയ എതിരാളികൾ പടച്ചുവിടുന്ന കിംവദന്തികൾ മാത്രമാണിതെന്നും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് തമിഴ്നാട്ടിലെത്തും. എൻഡിഎ പ്രചാരണങ്ങൾക്ക് തുടക്കമിടാനാണ് നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം ചെന്നൈയിലോ മധുരയിലോ സംഘടിപ്പിക്കാനാണ് തീരുമാനം. മധുരയിലാണ് പൊതുയോഗമെങ്കിൽ ദീപം തെളിയിക്കൽ വിവാദത്തിന് കേന്ദ്രമായ തിരുപ്പരങ്കുന്ത്രം ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ തിരുപ്പരങ്കുന്ത്രം സന്ദർശനം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. എൻഡിഎ പൊതുയോഗത്തിന് മുൻപായി സഖ്യവിപുലീകരണം പൂർത്തിയാക്കാനാണ് ബിജെപി ശ്രമം.
നേരത്തേ വിജയ്യുടെ ടിവികെയുമായി ചർച്ച നടത്തിയിരുന്ന എഎംഎംകെ നേതാവ് ടിടിവി ദിനകരനും എൻഡിഎയിലെത്തുമെന്നാണ് വിവരം. അതേസമയം അധികാരത്തിലെത്തിയാൽ ഭരണം പങ്കിടണമെന്നാണ് ബിജെപി എഐഎഡിഎംകെയ്ക്ക് മുന്നിൽവച്ചിരിക്കുന്ന നിബന്ധന.
Leader Page
പതിനാറാം കേരള നിയമസഭയിൽ 140ൽ നൂറ് സീറ്റ് നേടണം എന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. മൂന്നാമൂഴം ഭരണം നേടും എന്നുമാത്രം പറഞ്ഞിരുന്ന ഇടതുമുന്നണിക്ക് ഇക്കുറി 110 സീറ്റ് നേടാനാകും എന്നാണു പിണറായി ഇപ്പോൾ കരുതുന്നത്.
30 സീറ്റാണ് ബിജെപിയുടെ ലക്ഷ്യമായി പുറത്തുവരുന്നത്. അവരെ സംബന്ധിച്ചിടത്തോളം വലിയ മോഹം.ഇടതുമുന്നണിയുടെ 110 ഉം ബിജെപിയുടെ 30 ചേരുന്പോൾ 140 സീറ്റാകുന്നു എന്നത് വല്ല സൂചനയുമാണോ എന്നു സംശയിക്കുന്നവരുണ്ട്. 30 സീറ്റിൽ കേന്ദ്രീകരിക്കുന്ന ബിജെപി മറ്റു സീറ്റുകളിൽ ഇടതുമുന്നണിയെ സഹായിക്കുമോ?
ഹിന്ദു വർഗീയത വോട്ടാക്കാൻ സിപിഎമ്മും ബിജെപിയും ഒരുപോലെ ശ്രമിക്കുന്നത് ഈ തെരഞ്ഞെടുപ്പിലെ സവിശേഷതയാണ്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ 105ലും ഹിന്ദുക്കളാണ് ഭൂരിപക്ഷം. വെറും 35 ഇടത്താണ് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷം എന്ന കണക്കുമുണ്ട്.
ഇടതുപക്ഷ ജനാധിപത്യമുന്നണി
തിരിച്ചടിയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന ഇടതുമുന്നണി ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അറിയുന്പോഴും ഇല്ല എന്നു മേനി നടിച്ചുകൊണ്ടാണ് പടക്കളത്തിലിറങ്ങുന്നത്.
നിയമസഭയുടെ ബജറ്റ് സമ്മേളനം 20ന് ആരംഭിക്കുകയാണ്. അവസാനത്തെ സമ്മേളനം. 29ന് ബജറ്റ്. ജനപ്രീതികരമായ ധാരാളം പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശന്പള പരിഷ്കരണം മാർച്ച് മുതൽ നടപ്പാക്കുമെന്നാണ് പ്രചാരണം. 2024 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യവുമുണ്ടാകും. കഴിഞ്ഞ തവണയുണ്ടായ 37 ശതമാനം വർധനയുടെ സ്ഥാനത്ത് ഇക്കുറി 38 ശതമാനം വർധനയുണ്ടാകും എന്നും പ്രചാരണമുണ്ട്.
ഇടതുവിരുദ്ധ വോട്ടുകൾ ഒന്നിക്കില്ല
എല്ലാ ഇടതുവിരുദ്ധ ശക്തികളും ഒന്നിച്ചല്ല എന്ന അനുകൂല ഘടകം ഇപ്പോഴും ഇടതുമുന്നണിക്കുണ്ട്. ബിജെപി പിടിക്കുന്നത് ഇടതുവിരുദ്ധ വോട്ടുകളാകും. എന്നാൽ, സിപിഎം വോട്ടുകളും അവർ ചോർത്തുന്നു എന്ന ഭീതിപ്പെടുത്തുന്ന സത്യം ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വെളിപ്പെട്ടിട്ടുണ്ട്. ജോസ് കെ. മാണിക്കൊപ്പമുള്ളതും ഇടതുവിരുദ്ധ വോട്ടായി മാറേണ്ടവയാണ്.
കമ്യൂണിസ്റ്റ് വിരുദ്ധരെ മാത്രമല്ല, കമ്യൂണിസ്റ്റുകാരെയും ആകർഷിക്കാൻ ഇപ്പോൾ ബിജെപിയുണ്ട്. ജോസ് കെ. മാണിയുടെ പാർട്ടിയും പുറത്താണ്. കോണ്‍ഗ്രസിന് ഒപ്പമുള്ളവരിൽ ലീഗ് ഒഴികെയുള്ളവരാരും അത്ര ശക്തരല്ല.
ഹിന്ദു വികാരം വോട്ടാകുമോ?
കേരളത്തിലെ ഹിന്ദു സമുദായ സംഘടനകളായ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും നേതാക്കൾ ഇപ്പോൾ പിണറായിയുടെ കൂടെയാണ്. സമസ്തയിലെ പല നേതാക്കളും പിണറായിയുടെ സ്വന്തമാണ്. അത്തരം ബന്ധം പല ബിഷപ്പുമാരുമായും പിണറായിക്കുണ്ട്. ഇതെല്ലാം വോട്ടായാലും ഇല്ലെങ്കിലും ഇടതിനെതിരാകില്ല. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് ഉണർത്താൻ ശ്രമിക്കുന്ന മുസ്ലിം വർഗീയ വികാരം ഏതു രൂപം പ്രാപിക്കുമെന്നു പറയാനാകില്ല. വെള്ളാപ്പള്ളിയുടെ നിലപാടിനെ പിന്തുണച്ച് മുതിർന്ന സിപിഎം നേതാക്കളായ എ.കെ. ബാലനും പി. ജയരാജനും രംഗത്തു വന്നത് വെള്ളാപ്പള്ളി സിപിഎം തന്ത്രമാണ് നടപ്പാക്കുന്നത് എന്നതിന്റെ സൂചനയായി.
മുസ്ലിം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയുംകുറിച്ച് വെള്ളാപ്പള്ളി ഉയർത്തുന്ന ചോദ്യങ്ങൾ ഉത്തരം കിട്ടേണ്ടവ തന്നെയാണ്. ജമാ അത്തെ ഇസ്ലാമി നടത്തിയ വിമാനത്താവള ഉപരോധത്തിൽ, ഈജിപ്തിൽ വെടിയേറ്റു മരിച്ച തീവ്രവാദികളുടെ ഫോട്ടോ ഉയർത്തിയത് എന്തിനെന്ന ജയരാജന്റെ ചോദ്യത്തിന് ഏറെ ആഴമുണ്ട്. മുസ്ലിം സമുദായത്തിന്റെ പേരിലുള്ള മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല, അങ്ങനെ പറയുന്ന വെള്ളാപ്പള്ളിയാണ് ആപത്തെന്ന് പറയുന്നവർ അതു തെളിയിക്കുകകൂടി വേണം.
ഇന്ത്യയിൽ സാമുദായിക സംവരണമുള്ള ഏക സമുദായമാണ് കേരളത്തിലെ മുസ്ലിംകൾ. ഇതെല്ലാം ഭരണംകൊണ്ടു നേടിയതാണ്. സമുദായത്തിന് വേണ്ടിയുള്ള ഭരണത്തിനൊപ്പം ഹിന്ദു സംഘടനകളായ എസ്എൻഡിപിയെയും എൻഎസ്എസിനെയും തമ്മിൽത്തല്ലിച്ചതു ലീഗാണെന്ന് വെള്ളാപ്പള്ളി പറയുന്നു.
ജെ.ബി. കോശി കമ്മീഷൻ
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് പഠിച്ച് ജെ.ബി. കോശി കമ്മീഷൻ നല്കിയ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കി എന്ന് മുഖ്യമന്ത്രി പറയുന്നതും കൃത്യമായ ലക്ഷ്യത്തോടെയാണ്.
കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചതെന്നും സർക്കാർ പറയുന്നു. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി. ഏഴു ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിച്ചു എന്നും സർക്കാർ പറയുന്നു. എന്തായിരുന്നു ഈ ശിപാർശകളെന്നു പറയുന്നില്ല എന്നതിലാണ് ബുദ്ധിമുട്ട്. എന്താണ് നടപ്പാക്കിയതെന്ന് ആർക്കുമറിയില്ല.
തിരിച്ചടിക്കുമോ?
പദവികൾ വഹിക്കുന്നതിനുള്ള 75 വയസ് പ്രായപരിധി, രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി മത്സരിക്കരുതെന്ന ചട്ടം എന്നിങ്ങനെ സിപിഎമ്മിന്റെ എല്ലാ നിബന്ധനകളും ലംഘിക്കപ്പെടും എന്നാണു പ്രചാരണം. ഇത് പരാജയഭീതിയുടെകൂടി അടയാളമായി ചിത്രീകരിക്കപ്പെടും.
സർക്കാർ സംവിധാനം ഉപയോഗിച്ചു സർക്കാർ നേട്ടങ്ങളുടെ വലിയ പരസ്യങ്ങൾ വരും. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരസ്യം ആപത്താകാനാണിട. പ്രതിപക്ഷ നേതാവിനെ കുടുക്കാൻ പുനർജനി കേസ് കുത്തിപ്പൊക്കുന്നത് ഇപ്പോൾ സതീശനെയാവും സഹായിക്കുക. പകപോക്കൽ, ഇരവാദം തുടങ്ങിയ അനുകൂല ഘടകങ്ങൾ ഉണ്ടാകും. പോറ്റിയും സ്വർണവും പാരഡിയും നേരിടൽ വല്ലാത്ത തലവേദന ഉണ്ടാക്കുന്ന യാഥാർഥ്യങ്ങളാണ്.
ജനാധിപത്യമുന്നണി
ജനാധിപത്യമുന്നണിയും കോണ്‍ഗ്രസും വലിയ വിജയപ്രതീക്ഷയിലാണ്. 140ൽ 100 സീറ്റോടെ 2026ൽ അധികാരം പിടിക്കാമെന്നാണ് ജനാധിപത്യമുന്നണിയുടെ ആശയും പ്രതീക്ഷയും. തെരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലു സുൽത്താൻ ബത്തേരിയിൽ കോണ്‍ഗ്രസ് നടത്തിയ നേതൃത്വസമ്മിറ്റായ ‘ലക്ഷ്യ- 2026’ലും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 2026ൽ ജനാധിപത്യമുന്നണിക്ക് 85 സീറ്റ് ഉറപ്പാണ്. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: കാസർഗോഡ്-മൂന്ന്, കണ്ണൂർ-നാല്, കോഴിക്കോട്-എട്ട്, വയനാട്-മൂന്ന്, മലപ്പുറം 16, പാലക്കാട് അഞ്ച്, തൃശൂർ-ആറ്, എറണാകുളം 12, ഇടുക്കി-നാല്, കോട്ടയം-അഞ്ച്, ആലപ്പുഴ-നാല്, പത്തനംതിട്ട-അഞ്ച്, കൊല്ലം-ആറ്, തിരുവനന്തപുരം-നാല്.
2023 മുതൽ കോണ്‍ഗ്രസിനെ സഹായിക്കുന്ന കനഗോലു പറയുന്നത് 90ലധികം സീറ്റ് നേടാനാകുമെന്നാണ്. ഭരണവിരുദ്ധ വികാരം അത്ര ശക്തമാണെന്നും ശബരിമലയിലെ കൊള്ള ശരിക്കും ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. അതായത്, ഹിന്ദു വികാരം ഉപയോഗപ്പെടുത്തണമെന്ന്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ന്യൂനപക്ഷം കോണ്‍ഗ്രസിനെ പിന്താങ്ങി. അവർ ഇടതുകൂടാരം വിട്ടു- അദ്ദേഹം പറയുന്നു.
മലബാറിൽ മുസ്ലിം വോട്ടുകളും കോട്ടയം, പത്തനംതിട്ട, ഇടുക്കി ക്രൈസ്തവ വോട്ടുകളും കോണ്‍ഗ്രസിനെ സഹായിച്ചു. ബിജെപിക്കു പോയ കുറേ നായർവോട്ട് തിരിച്ചുവന്നു. നായന്മാരായ നേതാക്കളെ വളർത്തി ഉപയോഗിച്ച് ആ സമുദായത്തെയാകെ കോണ്‍ഗ്രസിൽ എത്തിക്കണം- സുനിൽ കനഗോലു ഉപദേശിച്ചു. ഈഴവരുമായും അകലം നിലനിൽക്കുന്നു.
സീറ്റുവിഭജനവും സ്ഥാനാർഥിനിർണയവും ജനാധിപത്യമുന്നണിയിലും കോണ്‍ഗ്രസിലും എക്കാലത്തും വലിയ തലവേദനയുണ്ടാക്കാറുണ്ട്. എംപിമാർ വരെ സീറ്റിന് ഇടിക്കുന്നതായാണ് വാർത്ത. യുവതലമുറയ്ക്കു സീറ്റ് കൊടുക്കണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും വി.എം. സുധീരനല്ലാതെ ആരും മാറിനിന്നു മാതൃക കാട്ടാറില്ല. ഒരിക്കൽ ജയിച്ചാൽ വിജയസാധ്യത നോക്കി മരണംവരെ അവരെ ആ സീറ്റിൽ മത്സരിപ്പിക്കുന്ന രീതി മാറ്റണം. രണ്ടു തവണ മത്സരിച്ചവർ മാറിനിൽക്കണം. അതൊക്കെ ആഗ്രഹം മാത്രമായി അവശേഷിക്കാനാണിട.
ബിജെപിയുടെ തന്ത്രങ്ങൾ
ഉദ്ദേശിച്ച വിജയം നേടാനായില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട വിജയം നേടാനായി എന്ന ചിന്തയാണ് ബിജെപിക്ക്. നിയമസഭയിലേക്ക് 20 മുതൽ 30 വരെ സീറ്റുകളിൽ ശ്രദ്ധ കൊടുക്കുക. പരമാവധി വിജയം നേടുക അതാണ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെപ്പോലെ ഹൈന്ദവ വോട്ടുകൾ സമാഹരിക്കാനോ ക്രൈസ്തവ കേന്ദ്രങ്ങളിൽ ചലനമുണ്ടാക്കാനോ കഴിഞ്ഞി<
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെ. സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
തൃശൂർ, പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ സജീവമായ സാഹചര്യത്തിലാണ് കെ. സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പുറത്തുവന്ന അഭ്യൂഹങ്ങൾ സുരേന്ദ്രൻ തള്ളിയിട്ടുണ്ട്.
ഒരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ ബിജെപി അധ്യക്ഷൻ അറിയിച്ചു. ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും കപ്പിനും ചുണ്ടിനുമിടയിൽ തോറ്റിട്ടുണ്ടെന്നും പറയുന്ന പോസ്റ്റിൽ മത്സരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിലാണെന്നും കെ. സുരേന്ദ്രൻ കുറിച്ചു.
ദയവായി തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാംദാസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷ നേടിയായിരിക്കും എൻഡിഎ അധികാരത്തിലെത്തുക എന്നും അൻപുമണി പറഞ്ഞു. എൻഡിഎയിൽ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അൻപുമണി.
"ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ എതിരാളികൾ വിഘടിച്ച് നിന്നത് കൊണ്ട് മാത്രമാണ് ഡിഎംകെയ്ക്ക് വിജയിക്കാനായത്. ഇത്തവണ അവർ തകർന്നടിയും.'-അൻപുമണി പറഞ്ഞു.
"സംസ്ഥാനത്ത് എഐഎഡിഎംകെയും നേതൃത്തിലുള്ള എൻഡിഎ ശക്തമാണ്. എല്ലാവരും ഒറ്റക്കെട്ടാണ്. വിജയം അതിനാൽ തന്നെ സുനിശ്ചിതമാണ്. ഇനിയും കൂടുതൽ പാർട്ടികൾ എൻഡിഎയിലെത്തും.'-അൻപുമണി അവകാശപ്പെട്ടു.
പട്ടാളി മക്കൾ പാർട്ടിയിലെ അൻപുമണിയുടെ വിഭാഗമാണ് എൻഡിഎയിൽ തിരിച്ചെത്തിയത്. അച്ഛൻ രാംദാസ് നയിക്കുന്ന വിഭാഗം പുറത്താണ്. പാർട്ടിയിലെ അഞ്ച് എംഎൽഎമാരിൽ മൂന്ന് പേരും അൻപുമണിക്കൊപ്പം ആണ്.
Kerala
തിരുവനന്തപുരം: യുഡിഎഫും എൻഡിഎയും സ്ഥാനാർഥി നിർണയത്തിനും പ്രഖ്യാപനത്തിനുമുള്ള അവസാനഘട്ട ചർച്ചകളിലേക്ക് നീങ്ങുമ്പോൾ കീഴ്ഘടകങ്ങളുടെ വിലയിരുത്തലിനുശേഷമുള്ള അന്തിമ തയാറെടുപ്പിലാണ് എൽഡിഎഫും ഘടകകക്ഷികളും.
യുഡിഎഫും കോൺഗ്രസും ഈയാഴ്ച അവസാനത്തോടെ സ്ഥാനാർഥി പരിഗണനാ ലിസ്റ്റ് ഏറെക്കുറെ തയാറാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ വയനാട്ടിലെ ബത്തേരിയിൽ ചേരുന്ന കോൺഗ്രസ് കോൺകേവിൽ ചർച്ചയും ആദ്യഘട്ട നിർണയവും നടക്കും. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി പുനഃസംഘടന ആവശ്യമാണോയെന്നും യോഗത്തിൽ ചർച്ച ചെയ്യും.
മുസ്ലിംലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി എന്നിവരും ഉൾപാർട്ടി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനം ഇനി ചർച്ചയിലുണ്ടാകില്ല. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച 93 സീറ്റിൽ ഒന്നും കുറയാതെ നോക്കുകയാണ് പാർട്ടിയുടെ ആദ്യ കടന്പ.
ജയസാധ്യത കണക്കാക്കി മണ്ഡലങ്ങളെ എ മുതൽ ഡി വരെ പട്ടികയായി തിരിച്ച്, ജനകീയരെയും ചെറുപ്പക്കാരെയും രംഗത്തിറക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാൽ, 21 സിറ്റിംഗ് എംഎൽഎമാർക്കും സീറ്റുകൾ നിലനിർത്താനായേക്കും.
70 കൂടുതൽ സീറ്റുകൾ എന്നതായിരിക്കും കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എഐസിസിക്കു നൽകുന്ന സാധ്യത സംഖ്യ. മുൻ കെപിസിസി പ്രസിഡന്റുമാരും മുതിർന്ന എംപിമാരും മത്സരരംഗത്തിറങ്ങണോയെന്ന ചർച്ചയാണിപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്നത്.
ജയസാധ്യത നോക്കി എംപിമാരെ രംഗത്തിറക്കിയാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാനാകില്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. വി.എം. സുധീരൻ മണലൂരിൽ മത്സരിക്കണമെന്ന് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർക്കും താത്പര്യമുണ്ട്. കോൺഗ്രസിലെ സാമുദായിക പ്രാതിനിധ്യത്തിനും ഇത് ഗുണം ചെയ്യും.
സിപിഎം തീരുമാനത്തിന് കാതോർത്ത്
സിപിഎമ്മിലെ ഉന്നതാധികാര വേദികളിലെ സജീവ ചർച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായിക്ക് മൂന്നാം തവണ കൂടി അവസരം നൽകണോ, മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി മത്സര രംഗത്തിറക്കേണ്ടതുണ്ടോയെന്നും ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
മുഖ്യമന്ത്രി മത്സരിച്ചാൽ മറ്റൊരു നേതാവിനെക്കുറിച്ച് ചിന്തിക്കാനാകില്ല. ഒന്നുകിൽ മുഖ്യമന്ത്രി മാറിനിൽക്കണം അല്ലെങ്കിൽ നേതൃത്വം നൽകണം. മുഖ്യമന്ത്രിയുടെ ജനപ്രീതി സംബന്ധിച്ച് പാർട്ടി കീഴ്ഘടകങ്ങളിൽ നിന്നുയരാവുന്ന വാദങ്ങൾകൂടി പരിഗണിച്ചും സിപിഐ പോലുള്ള ഘടകകക്ഷികളുടെ നിർദേശങ്ങൾകൂടി വിലയിരുത്തിയുമാകും നടപടി.
രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കുക എന്ന കീഴ്വഴക്കം ഇത്തവണ ഉണ്ടാകാനിടയില്ല. ജയസാധ്യത മാത്രം കണക്കാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. നിലവിലുള്ള എംഎൽഎമാരെല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
എങ്കിലും കീഴ്ഘടകങ്ങളുടെ അഭിപ്രായംകൂടി വിലയിരുത്തും. ന്യൂനപക്ഷ കേന്ദ്രീകൃതമായ ജില്ലകളിൽ ഇനി ജയസാധ്യത വർധിപ്പിക്കാൻ സാധിക്കില്ലെന്നും പഴയതുപോലെ ഭൂരിപക്ഷ സമുദായത്തെ ഒപ്പം കൂട്ടുകതന്നെയാണ് നല്ലതെന്നും പാർട്ടി കരുതുന്നുണ്ട്.
അതുകൊണ്ടുതന്നെയാണ് വെള്ളാപ്പള്ളി വിഷയത്തിൽ സിപിഐ കത്തിക്കയറിയെങ്കിലും പിണറായിയോ നേതൃത്വമോ ഒന്നും മിണ്ടാത്തത്. കഴിഞ്ഞ തവണ പാർട്ടി തോറ്റ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ, തോറ്റ സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങൾ, പുതിയ സ്ഥാനാർഥിയുടെ സാധ്യതകൾ എന്നിവ പാർട്ടി ഇതിനകം വിലയിരുത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ നയപരമായ തീരുമാനങ്ങൾക്ക് കാതോർക്കുകയാണ് പാർട്ടി സംഘടനാ സംവിധാനം. പിണറായി മത്സരിച്ചില്ലെങ്കിൽ ആരെന്ന ചോദ്യത്തിനുൾപ്പെടെയുള്ള മറുപടികൾ അതിനായി വേണ്ടിവരും. പിണറായി നേതൃത്വത്തിലെങ്കിൽ ഇപ്പോൾ തന്നെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ കെട്ടുറപ്പ് തകരാറിലാകുമെന്നു പലരും പേടിക്കുന്നുണ്ട്.
ബിജെപിയിൽ അഴിച്ചുപണി; ബിഡിജെഎസ് പ്രശ്നവും
ബിഡിജെഎസ് പ്രശ്നവും സി.കെ. ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടതും ബിജെപിക്കു ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ലെങ്കിലും ബിഡിജെഎസിന്റെ പിണക്കങ്ങൾ അവർ ഗൗരവമായിട്ടെടുക്കുന്നുണ്ട്. എന്നാൽ, ഈഴവ സമുദായത്തിന്റെ പിന്തുണ ഇപ്പോൾ തന്നെ പാർട്ടിക്കുണ്ടെന്നും വെള്ളാപ്പള്ളി ഒരു ഘടകമല്ലെന്നും വിലയിരുത്തുന്നവരുമുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയിൽ സ്വാധീനമുറപ്പിക്കാനൊരുങ്ങി എൻഡിഎ. ഈ വർഷം 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭ എംപിമാരാണ് കാലാവധി പൂർത്തിയാക്കി സീറ്റുകൾ ഒഴിയാനൊരുങ്ങുന്നത്.
എംഎൽഎമാരുടെ ഭൂരിപക്ഷത്തിനനുസരിച്ചാണ് അതത് സംസ്ഥാനങ്ങളിലെ രാജ്യസഭാ എംപിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മിക്ക സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയ ഭരണമുന്നണിയായ എൻഡിഎ ഈ സീറ്റുകളിൽ നേട്ടം കൊയ്യും.
ഈ വർഷം ഒഴിവ് വരുന്ന 72 സീറ്റുകളിൽ 40 എണ്ണം എൻഡിഎയുടേതാണ്. 25 എണ്ണം ഇന്ത്യാ സഖ്യത്തിന്റേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എംഎൽഎമാരുടെ എണ്ണം വർധിച്ചതിനാൽ ഇതിൽ 50 സീറ്റെങ്കിലും എൻഡിഎയ്ക്കു ലഭിക്കും. ഇന്ത്യാ സഖ്യത്തിനാകട്ടെ ഇതിൽ അഞ്ചു സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു.
നിയമസഭയിലെ അംഗബലം കണക്കിലെടുക്കുന്പോൾ ബിജെപി 37 അല്ലെങ്കിൽ 38 സീറ്റുകൾ വിജയിക്കാനാണു സാധ്യത. കോണ്‍ഗ്രസാകട്ടെ ഈ സീറ്റുകളിൽ നിലവിലുള്ള എംപിമാരുടെ എണ്ണം എട്ടിൽനിന്ന് ഒന്‍പതായി വർധിപ്പിച്ചേക്കും.
പശ്ചിമ ബംഗാളിൽനിന്നുള്ള പാർട്ടിയുടെ ഒരേയൊരു എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ഈ വർഷം വിരമിക്കുന്നതിനാൽ സിപിഎമ്മിന്റെ രാജ്യസഭാ പ്രാതിനിധ്യം നാലിൽനിന്ന് മൂന്നായി കുറഞ്ഞ് കേരളത്തിലേക്കു മാത്രമായി ഒതുങ്ങും. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതാകുന്പോൾ എൻസിപിയുടെ ശരദ് പവാർ വിഭാഗം സ്വന്തമാക്കിയിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളും അവർക്കു നഷ്ടമായേക്കാം.
രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ബി.എൽ. വർമ, ജോർജ് കുര്യൻ, രവ്നീത് സിംഗ് ബിട്ടു, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തുടങ്ങിയവർ ഈ വർഷം സ്ഥാനമൊഴിയുന്ന 72 എംപിമാരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഈ വർഷം കാലാവധി പൂർത്തിയാക്കും.
എൻഡിഎ-135, ഇന്ത്യാ സഖ്യം-80, മറ്റുള്ളവർ-29, ഒഴിഞ്ഞുകിടക്കുന്നത്- 29 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പുകൾക്കുശേഷം എൻഡിഎയുടെ അംഗബലം 145 ആയി ഉയർന്നേക്കും. ഇന്ത്യാ സഖ്യത്തിന്റേത് 75 ആയും മറ്റുള്ളവരുടേത് 25 ആയും മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
National
പാറ്റ്ന: ബിഹാറിലെ എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയിൽ ഭിന്നത രൂക്ഷം. ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന പാർട്ടിക്ക് നാല് എംഎൽഎമാരാണുള്ളത്. ഇവരിൽ മൂന്നു പേരും കുശ്വാഹയോട് അകൽച്ചയിലാണെന്നാണു റിപ്പോർട്ട്.
കുശ്വാഹ സംഘടിപ്പിച്ച പാർട്ടിയിൽനിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നു. കുശ്വാഹയുടെ ഭാര്യ സ്നേഹലത മാത്രമാണ് പങ്കെടുത്തത്. അന്നേ ദിവസംതന്നെ എംഎൽഎമാരായ മാധവ് ആനന്ദ്, അലോക് കുമാർസിംഗ്, രാമേശ്വർ മഹാതോ എന്നിവർ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതു ശ്രദ്ധേയമായി.
ഉപേന്ദ്ര കുശ്വാഹയുടെ മകൻ ദീപക് പ്രകാശിനു മന്ത്രിസ്ഥാനം നല്‍കിയതാണു പാർട്ടിയിലെ കലഹത്തിനു കാരണം.
നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗൺസിലിലോ ദീപക് അംഗമല്ല. ഈ സമയം തങ്ങൾ പാർട്ടിക്കൊപ്പമാണെന്നും ചില പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും ആർഎൽഎം നിയമസഭാ കക്ഷി നേതാവ് മാധവ് ആനന്ദ് പറഞ്ഞു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറികൂടിയാണ് ആനന്ദ്. കോയേരി വിഭാഗത്തിന്റെ പിന്തുണയുള്ള നേതാവാണ് ഉപേന്ദ്ര കുശ്വാഹ. കഴിഞ്ഞവർഷം ബിജെപിയുടെ സഹായത്തോടെയാണ് ഇദ്ദേഹം രാജ്യസഭാംഗമായത്. കാരക്കട്ട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് കുശ്വാഹയ്ക്കു രാജ്യസഭാ സീറ്റ് നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും ആറു സീറ്റാണ് ആർഎൽഎമ്മിനു മത്സരിക്കാൻ ലഭിച്ചത്.
International
കൊളംബോ: ദിത്വ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായ ശ്രീലങ്കയുടെ പുനർനിർമാണത്തിനായി ഇന്ത്യ 4,000 കോടിരൂപയുടെ സഹായം നൽകുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായാണ് ജയശങ്കർ ലങ്കയിലെത്തിയത്.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ, പ്രതിസന്ധിഘട്ടങ്ങളിൽ ലങ്കയ്ക്കൊപ്പം നിൽക്കുക എന്നത് ഇന്ത്യയുടെ പതിവാണെന്നു പറഞ്ഞു. ലങ്കയുടെ പുനരധിവാസവും റോഡ്, റെയിൽവേ, വീടുകളുടെ നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് തുക അനുവദിക്കുന്നത്.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ലങ്കയുടെ വടക്കൻ പ്രവിശ്യയിൽ നിർമിച്ച 120 അടി നീളമുള്ള ബെയ്ലി പാലം ജയശങ്കറും ലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെരാത്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചിലോയിൽ മറ്റൊരു ബെയ്ലി പാലത്തിന്റെ നിർമാണം നടന്നുവരികയാണ്. 110 കിലോഗ്രാം ഭക്ഷ്യസാമഗ്രികളും 4.5 ടൺ മരുന്ന്, വൈദ്യസഹായ സാമഗ്രികളും നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷിയായ വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് യുഡിഎഫ് വിലയിരുത്തൽ.
യുഡിഎഫ് ഘടകകക്ഷിയാകാൻ കഴിഞ്ഞ നാലു മാസമായി പലതവണ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ വിഷ്ണുപുരം യുഡിഎഫ് വിപുലീകരണം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചശേഷം കാലുവാരിയത് വഞ്ചനയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ഇനി വിഷ്ണുപുരം ചന്ദ്രശേഖരനേയും വിഎസ്ഡിപിയേയും യുഡിഎഫിന്റെ ഭാഗമാക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവരുമായി പലവട്ടം യുഡിഎഫ് പ്രവേശനം സംബന്ധിച്ചു വിഷ്ണുപുരം ചന്ദ്രശേഖരൻ സംസാരിച്ചിരുന്നു.
കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് പ്രതിപക്ഷ നേതാവിനെ കണ്ടിരുന്നത്. യുഡിഎഫ് പ്രവേശനത്തിന്റെ പേരിൽ എൻഡിഎയിൽ വിലപേശൽ നടത്താനാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ ശ്രമിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
National
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം,
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാറിലെ എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ എംപി. മുൻപ് ബിഹാറിലെ സ്ഥിതി മോശമാണെന്ന് താൻ കേട്ടിട്ടുണ്ട്. ഇന്ന് ബിഹാറിലെ സ്ഥിതി മെച്ചപ്പെട്ടു. ബിഹാറിൽ നല്ല റോഡുകൾ ഉണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ബിഹാറിൽ നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തരൂർ. 20 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം നളന്ദയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അതിന്റെ പൈതൃകത്തെക്കുറിച്ച് താൻ അത്ഭുതപ്പെട്ടു.
ഇപ്പോൾ കാമ്പസ് കാണാനും വിദ്യാർഥികളുമായി സംവദിക്കാനും സാധിച്ചത് സന്തോഷകരമായ കാര്യമാണ്. നളന്ദയെ മുന്നോട്ട് കൊണ്ടുപോകണം. അതിൽ സംശയമില്ല. സർക്കാർ പൂർണ പിന്തുണ നൽകണമെന്നും ശശി തരൂർ പറഞ്ഞു.
Kerala
ആലപ്പുഴ: ബിഡിജെഎസ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തുവർഷം എൻഡിഎയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബിഡിജെഎസ് ആലോചിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു. 300ഓളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മാത്രമാണ് ബിഡിജെഎസ് സ്ഥാനാർഥികൾക്ക് വിജയിക്കാനായത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബിഡിജെഎസിൽ സജീവമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വെള്ളാപ്പള്ളിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ബിജെപിയുടെ നിസഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. കോർപറേഷനുകളും ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുത്ത യുഡിഎഫ് പകുതിയിലേറെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ചു. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഭരണവിരുദ്ധ വികാരത്തിൽ പതിറ്റാണ്ടുകളായി എൽഡിഎഫ് കൈവശം വച്ചിരുന്ന കൊല്ലവും തൃശൂരും അടക്കമുള്ള ജില്ലകളും വലത്തേക്കു ചാഞ്ഞു.
സംസ്ഥാനത്തെ ആറു കോർപറേഷനുകളിൽ നാലെണ്ണവും യുഡിഎഫ് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ, തിരുവനന്തപുരം കോർപറേഷറേഷൻ ബിജെപി പിടിച്ചെടുത്തു. കോഴിക്കോട് കോർപറേഷൻ മാത്രമാണ് പൊരിഞ്ഞ പോരിനൊടുവിൽ എൽഡിഎഫിന് ആശ്വാസജയം സമ്മാനിച്ചത്. കോർപറേഷനുകളിൽ പലയിടത്തും സിപിഐ വലിയ പരാജയം നേരിട്ടു. കഴിഞ്ഞ തവണ കണ്ണൂർ കോർപറേഷൻ മാത്രമായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. മറ്റെല്ലായിടത്തും ഇടതു ഭരണമായിരുന്നു.
ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം വീതം യുഡിഎഫും എൽഡിഎഫും നേടി. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണവും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന് 341 എണ്ണത്തിൽ ഒതുങ്ങേണ്ടിവന്നു. 64 ഇടങ്ങളിൽ തുല്യനിലയാണ്. ബിജെപിയുടെ എൻഡിഎ സഖ്യം 26 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ചു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 514 ഗ്രാമപഞ്ചായത്തുകളാണ് ഭരിച്ചിരുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 79 എണ്ണവും യുഡിഎഫ് ഭരണത്തിലായി.
എൽഡിഎഫിന് 63 ഇടത്താണ് വിജയിക്കാനായത്. 10 ഇടത്ത് തുല്യനിലയാണ്. നഗരസഭകളിൽ എൽഡിഎഫിന് ലഭിച്ചതിന്റെ ഇരട്ടിയോളം എണ്ണം യുഡിഎഫ് ഭരണത്തിലെത്തും. എൽഡിഎഫിന് 28 നഗരസഭ ലഭിച്ചപ്പോൾ യുഡിഎഫ് 54 ഇടത്ത് ഭരണത്തിലെത്താനായി. ഒരിടത്ത് തുല്യനിലയാണ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല സ്വർണക്കൊള്ളയും സാന്പത്തികത്തകർച്ചയും വികസനമുരടിപ്പും ദേശീയപാത തകർച്ചയും ബിജെപി- സിപിഎം അവിഹിത ബന്ധവുമൊക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമാക്കാൻ യുഡിഎഫിനു കഴിഞ്ഞിരുന്നു.
പ്രാദേശികമായി തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ട് അനുവദിക്കാത്തതിനാൽ റോഡും ഓടയും അടക്കമുള്ളവ തകർന്നതും യുഡിഎഫ് പ്രചാരണവിഷയമാക്കി. ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയ തെരുവുനായ ശല്യവും തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചു.
അഴിമതിയും ഗുണ്ടായിസവും പോലീസിന്റെ പക്ഷപാത സമീപനങ്ങളും തെരഞ്ഞെടുപ്പ് വിധിയെ ഒരുപരിധിവരെ സ്വാധിനിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇടതുമുന്നണി ഇത്രയും വലിയ പതനം നേരിടുന്നത്. തെരഞ്ഞെടുപ്പു നടന്ന 17,337 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8,030 വാർഡുകളാണ് യുഡിഎഫിനു ലഭിച്ചത്. 6570 വാർഡുകളിൽ എൽഡിഎഫ് ഒതുങ്ങിയെന്ന സവിശേഷതയുമുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത് കടുത്ത ഭരണവിരുദ്ധ വികാരം. ഇടതുപക്ഷം പ്രതീക്ഷിച്ചതുപോലെയല്ല, അതിതീവ്ര വികാരം തന്നെയാണത്. പഞ്ചായത്തിരാജ്, നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ത്രിതല തദ്ദേശ സ്ഥാപനങ്ങൾ നിലവിൽ വന്നതിനു ശേഷം ഇതു വരെ ആറു തെരഞ്ഞെടുപ്പുകൾ നടന്നു. അതിൽ 2010 ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് യുഡിഎഫിന് മുൻതൂക്കം നേടാനായത്. മറ്റ് അഞ്ചു തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനു തന്നെയായിരുന്നു മുൻതൂക്കം. അതുകൊണ്ടുതന്നെ ഇത്തവണത്തെ യുഡിഎഫ് വിജയം അതിശയകരമാണ്. ഒരു പക്ഷേ യുഡിഎഫ് നേതാക്കൾ പ്രതീക്ഷിച്ചതിനേക്കാൾ ഉജ്വലം.
ഭരണവിരുദ്ധതയ്ക്കു തടയിടാൻ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഇടതു സർക്കാർ സാമൂഹിക ക്ഷേമപെൻഷൻ 2,000 രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചു. പക്ഷേ ജനരോഷം തണുപ്പിക്കാൻ ഇതൊന്നും മതിയായില്ല. തെരഞ്ഞെടുപ്പുകാലത്ത് കത്തിക്കയറി നിന്ന ശബരിമല സ്വർണപ്പാളി മോഷണ വിവാദത്തിൽനിന്നു ജനശ്രദ്ധ തിരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേയുള്ള കേസ് പരമാവധി വാർത്തകളിൽ നിറയ്ക്കാനും ശ്രമിച്ചു. അതും വേണ്ടത്ര ഫലിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. ജനം മുന്നേ തീരുമാനിച്ചുറപ്പിച്ചതുപോലെ വോട്ട് ചെയ്തു.
ആത്മവിശ്വാസമുയർന്ന് യുഡിഎഫ്
യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായിരുന്നു. ഇതിൽ തോറ്റാൽ അഞ്ചു മാസത്തിനകം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയറ്റു പോകുമായിരുന്നു. അങ്ങനെ ഒരു സാഹചര്യം വന്നാൽ പാർട്ടിയുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാകുമായിരുന്നു. ഒരു പക്ഷേ എൽഡിഎഫിനു തുടർഭരണവും ഉറപ്പിക്കാൻ സാധിക്കുമായിരുന്നു.
വ്യക്തമായ ആസൂത്രണത്തോടെയാണ് ഇത്തവണ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്ഥാനാർഥികളെ നിശ്ചയിച്ചത് താഴേത്തട്ടിൽ നിന്നാണ്. അതുകൊണ്ടു തന്നെ വിമതന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. ഗ്രൂപ്പ് പരിഗണനകളില്ലാതെ മികവു നോക്കി സ്ഥാനാർഥികളെ നിശ്ചയിക്കാൻ സാധിച്ചു. സാന്പത്തിക പരിമിതികൾക്കിടയിലും താരതമ്യേന ഭേദപ്പെട്ട നിലയിൽ പ്രചാരണം നടത്താനും യുഡിഎഫിനും കോണ്‍ഗ്രസിനും സാധിച്ചു. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളൊക്കെ തിരിച്ചുപിടിക്കാൻ സാധിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളൊക്കെ യുഡിഎഫിന് വൻപിന്തുണയാണു നൽകിയത്. മുസ്ലിംലീഗിന്റെ മേഖലകളിൽ അവർ തദ്ദേശ സ്ഥാപനങ്ങൾ തൂത്തുവാരി കരുത്തു കാട്ടി.
രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെയുള്ള എല്ലായിടത്തും യുഡിഎഫ് തകർപ്പൻ ജയം നേടിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിലെ യുവനേതാക്കളെ മുന്നിൽ നിർത്തിയായിരുന്നു ആ വിജയമെല്ലാം നേടിയത്.
ആ യുവനേതാക്കളിൽ പ്രധാനി ആരോപണവിധേയനായി കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിർത്തിയപ്പോൾ നടന്ന തെരഞ്ഞെടുപ്പിലും വിജയം കൈപ്പിടിയിലാക്കാനായത് യുഡിഎഫിന് വർധിത ആത്മവിശ്വാസം നൽകും. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കെ. സുധാകരനും കെ. മുരളീധരനും യുവനേതാക്കളുമെല്ലാമടങ്ങുന്ന ടീമായിരുന്നു കോണ്‍ഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചത്.
ഘടകകക്ഷി നേതാക്കൾ അവരുടെ മേഖലകളിൽ നേതൃത്വത്തിൽ നിന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ മതിമറന്ന് നേതാക്കൾ തമ്മിലടി തുടങ്ങിയാൽ ഇപ്പോൾ പിന്തുണച്ച ജനം കൈയൊഴിയാൻ മടിക്കില്ലെന്ന ചരിത്രം കോണ്‍ഗ്രസ് നേതാക്കൾ ഓർമിച്ചാൽ അവർക്കു കൊള്ളാം. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു എന്നത് അവർ ഓർത്തിരിക്കേണ്ട ചരിത്രമാണ്.
ഇടതിനെ ജനം കൈവിട്ടു
ലോക്സഭാ തെരഞ്ഞെടുപ്പുകൾ മാറ്റിനിർത്തിയാൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എൽഡിഎഫ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. വികസനത്തെക്കുറിച്ചു വലിയ പ്രചാരണം നടത്തിയിട്ടും ക്ഷേമപ്രഖ്യാപനങ്ങൾ ഏറെ നടത്തിയിട്ടും 2,000 രൂപ ക്ഷേമപെൻഷൻ 60 ലക്ഷം പേരുടെ കൈകളിലെത്തിച്ചിട്ടും ജനം അവരെ കൈവിട്ടു. പ്രശ്നം ഗുരുതരമാണെന്നു വ്യക്തം.
ഭരണവിരുദ്ധത മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും ശക്തമാണ്. അടുത്ത അഞ്ചു മാസത്തിനകം ജനപിന്തുണ തിരിച്ചുപിടിക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ശബരിമല പോലെയുള്ള പ്രശ്നങ്ങൾ ഉടനടി കെട്ടടങ്ങുമെന്നു പ്രതീക്ഷിക്കാനാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ സിപിഎം ന്യൂനപക്ഷ പ്രേമം അവസാനിപ്പിച്ച് ഭൂരിപക്ഷ സമുദായങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. അയ്യപ്പസംഗമം പോലെയുള്ള നീക്കങ്ങൾ ഗുണം ചെയ്യുമെന്നു തോന്നിച്ചെങ്കിലും ശബരിമല സ്വർണപ്പാളി മോഷണം പുറത്തുവന്നതോടെ കാര്യങ്ങൾ പാളി. ഫലത്തിൽ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായങ്ങളും എതിരായ സ്ഥിതി.
കോർപറേഷൻ പിടിച്ച തിളക്കത്തിൽ ബിജെപി
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുത്തത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. കേരളത്തിൽ വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ നിർണായകമായ ചുവടുവയ്പായാണ് ബിജെപി തലസ്ഥാന കോർപറേഷൻ ഭരണത്തെ കാണുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കു കടന്നുകയറാൻ നടത്തിയ നീക്കങ്ങൾ കാര്യമായി ഫലപ്രാപ്തിയിലെത്തിയില്ലെന്നു വേണം മനസിലാക്കാൻ. തിരുവനന്തപുരത്തെ വിജയം ഒഴിച്ചുനിർത്തിയാൽ സംസ്ഥാന വ്യാപകമായി തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയൊരു കുതിച്ചുചാട്ടം നടത്താൻ ബിജെപിക്കു സാധിച്ചിട്ടില്ല.
Kerala
ശ്രീകണ്ഠപുരം: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം എന്നീ കേസുകൾ അന്വേഷിച്ച മുൻ അസി. കമ്മീഷണർ ടി.കെ. രത്നകുമാറിന് ശ്രീകണ്ഠപുരം നഗരസഭയിൽ പ്രതിപക്ഷനേതാവാകാം.
സർവീസിൽനിന്നു വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിൽ സിപിഎം ടിക്കറ്റിൽ മത്സരിച്ച ടി.കെ. രത്നകുമാർ, കോൺഗ്രസിലെ എം.കെ. ബാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്നകുമാര്‍ ജനവിധി തേടിയത്. ശ്രീകണ്ഠപുരത്ത് യുഡിഎഫ് ഭരണം നിലനിർത്തി.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല രത്നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.
ഭരണം കിട്ടിയാൽ നഗരസഭാ അധ്യക്ഷനാക്കാനാണ് എൽഡിഎഫ് ടി.കെ. രത്നകുമാറിനെ കളത്തിലിറക്കിയത്. അതിനാൽ രത്നകുമാർ പ്രതിപക്ഷനേതാവാകാനാണ് സാധ്യത.
Kerala
വൈപ്പിൻ: ഭാര്യമാർ ജയിച്ചുകയറിയപ്പോൾ ഭർത്താക്കന്മാർ പരാജയപ്പെട്ടു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ സ്വതന്ത്രനായി എം.പി. രാധാകൃഷ്ണൻ വിജയിച്ചപ്പോൾ ഈ പഞ്ചായത്തിൽത്തന്നെ നാലാം വാർഡിൽ സ്വതന്ത്രയായി മത്സരിച്ച ഭാര്യ സുജാത പരാജയപ്പെട്ടു.
കഴിഞ്ഞതവണ വാർഡ് നാലിൽ രാധാകൃഷ്ണൻ സ്വതന്ത്രനായി വിജയിച്ചതാണ്. ഈ വാർഡ് വനിതാ സംവരണമായതിനെ തുടർന്നാണു സിറ്റിംഗ് സീറ്റിൽ ഇക്കുറി ഭാര്യയെ നിർത്തി പരീക്ഷിച്ചത്.
അതുപോലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 21-ാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച അശ്വതി വിജയിച്ചപ്പോൾ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലൈറ്റ് ഹൗസ് ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ഭർത്താവ് നിധിൻ പരാജയപ്പെട്ടു.
Kerala
കൊച്ചി: വിമതഭീഷണി യുഡിഎഫിന് ഏറെക്കുറെ മറികടക്കാനായെങ്കിലും കൊച്ചി കോര്പറേഷന് ചുള്ളിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി നിലവിലെ കൗണ്‍സിലറും യുഡിഎഫ് വിമതസ്ഥാനാര്ഥിയുമായ ബാസ്റ്റിന് ബാബു.
സെബാസ്റ്റ്യൻ ആന്റണിയെയാണ് 618 വോട്ടിന് ബാസ്റ്റിന് ബാബു പരാജയപ്പെടുത്തിയത്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബാസ്റ്റിന് യുഡിഎഫ് വിമതനായി മത്സരിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ഫ്രാന്‍സിസ് 492 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Kerala
കൊച്ചി: ജയത്തിന്റെ മധുരവും തോല്‍വിയുടെ കയ്പും നുകർന്ന് കുമ്പളങ്ങി കായിപ്പുറത്ത് വീട്ടില്‍ കെ.സി. കുഞ്ഞുകുട്ടി - രാധ ദമ്പതികളുടെ മക്കൾ. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച ദിവ്യ രാജേഷ് വിജയിച്ചപ്പോള്‍ സഹോദരന് ദിപു കുഞ്ഞുകുട്ടിക്ക് 209 വോട്ടിന്റെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
അങ്കണവാടി ടീച്ചറായ ദിവ്യ കൊച്ചി കോര്പറേഷന് തമ്മനം 41-ാം ഡിവിഷനില്‍നിന്നാണു വിജയിച്ചത്. പട്ടികജാതി വനിതാസംവരണ സീറ്റായ ഇവിടെ എല്‍ഡിഎഫിലെ സുമ സുന്ദരനെ 475 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് അവർ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ദിപു കുഞ്ഞുകുട്ടി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ആഞ്ഞിലിത്തറ ഡിവിഷനില്‍നിന്നാണു മത്സരിച്ചത്. എല്‍ഡിഎഫിലെ പി.എ. പീറ്ററാണ് ഇവിടെ ജയിച്ചത്.
Kerala
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനും എന്‍ഡിഎയുടെ പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് സംസ്ഥാന ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയും താമസിക്കുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ വിജയം.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ഷൈലജ 599 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിലെ നിഷ കെ.എം 304 വോട്ടുകള്‍ നേടി.
എന്നാല്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്വന്തം വാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ജിജിമോള്‍ക്ക് ലഭിച്ചത് വെറും 93 വോട്ടുകള്‍ മാത്രം.
വെള്ളാപ്പള്ളിയുടെ സ്വന്തം തട്ടകത്തില്‍ പോലും വോട്ടുനേടാന്‍ കഴിയാതിരുന്നത് സംസ്ഥാന തലത്തില്‍ ബിജെപിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Kerala
തലശേരി: വോട്ട് എണ്ണിക്കഴിഞ്ഞു വിജയിച്ചതറിഞ്ഞപ്പോൾ വിജയി വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായി വീണു. കോൺഗ്രസിലെ ഷർമിളയാണു വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായത്.
അഞ്ചു തവണ മത്സരിച്ചു പരാജയപ്പെട്ട ഷർമിള ആറാമൂഴത്തിലാണ് വിജയിച്ചുകയറിയത്. തിരുവങ്ങാട് വാർഡിൽനിന്നാണ് ഷർമിള വിജയിച്ചത്.
സിപിഎമ്മിലെ രേഷ്മയെയാണു 83 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. ഷർമിളയ്ക്ക് 441 വോട്ടും രേഷ്മയ്ക്ക് 358 വോട്ടും ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറു വോട്ടിനായിരുന്നു ഷർമിള പരാജയപ്പെട്ടത്. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് ഷർമിള.
Kerala
മാനന്തവാടി: സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായ തിരുനെല്ലിയിൽ ബിജെപിക്ക് ചരിത്രവിജയം. ബിജെപി സ്ഥാനാർഥി സജിത ഉണ്ണികൃഷ്ണൻ ഒരു വോട്ടിന് വിജയിച്ചാണ് തിരുനെല്ലിയിൽ അക്കൗണ്ട് തുറന്നത്.
തിരുനെല്ലി ഒന്നാം വാർഡിലാണ് സിപിഎം സ്ഥാനാർഥി ആദിത്യയെ ഒരു വോട്ടിന് പരാജയപ്പെടുത്തി വാർഡ് അംഗം ആയത്. 398 വോട്ട് സജിത ഉണ്ണികൃഷ്ണന് ലഭിച്ചപ്പോൾ ആദിത്യക്ക് 397 വോട്ടാണ് ലഭിച്ചത്. തിരുനെല്ലി പഞ്ചായത്തിൽ പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരണം നടത്തി വരികയായിരുന്നു.
Kerala
പയ്യന്നൂര്‍: എൽഡിഎഫ് സ്ഥാനാർഥിയായ ശേഷം ജയിലിലായ വി.കെ. നിഷാദിന് 341 വോട്ടുകളുടെ ഭൂരിപക്ഷം. പട്രോളിംഗ് നടത്തുന്നതിനിടയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പയ്യന്നൂർ നഗരസഭ മട്ടമ്മലിൽ മത്സരിച്ച നിഷാദ് ശിക്ഷിക്കപ്പെട്ടത്.
ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവിലെ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ നിഷാദ് പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡായ മൊട്ടമ്മലില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനിടയിലായിരുന്നു വിധിയുണ്ടായത്. ഇതേത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന നിഷാദിന് വേണ്ടിയുള്ള ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ശിക്ഷാവിധി വന്നിട്ടില്ലാത്തതിനാല്‍ നിഷാദിന് മത്സരിക്കാന്‍ തടസമുണ്ടായിരുന്നില്ല. ഫലപ്രഖ്യാപനം വന്നപ്പോള്‍ 536 വോട്ടുകളാണ് നിഷാദിന് ലഭിച്ചത്.
കഴിഞ്ഞമാസം 25 നായിരുന്നു നിഷാദിനെതിരേ കോടതിയുടെ വിധിയുണ്ടായത്. 10 വര്‍ഷത്തെ കഠിനതടവും രണ്ടര ലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. കൂടെയുണ്ടായിരുന്ന ടി.സി.വി. നന്ദകുമാറിനെയും കോടതി ശിക്ഷിച്ചിരുന്നു. ഈ മാസം എട്ടിന് നല്‍കിയിരുന്ന ജാമ്യാപേക്ഷ മാറ്റിവയ്ക്കുകയും കഴിഞ്ഞ ദിവസം കോടതി പരിഗണിക്കുകയുമുണ്ടായി. എന്നാല്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ജനുവരി ഒന്‍പതിലേക്ക് കേസ് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കുമോയെന്നറിയാന്‍ അതുവരെ കാത്തിരിക്കണം.
Kerala
കോഴിക്കോട്: കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദീന്‍ (ബാബു കുടുക്കിൽ) തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം.
പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്ന സൈനുൽ ആബിദീൻ ഒളിവിലിരുന്നാണ് മത്സരിച്ചത്. താമരശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കരിങ്ങമണ്ണയിലായിരുന്നു മുസ്ലിം ലീഗ് സ്ഥാനാർഥിയായി ആബിദീന്റെ പോരാട്ടം. 225 വോട്ടിനാണ് വിജയം.
രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാർഥി നവാസ് 374 വോട്ട് നേടിയപ്പോൾ സൈനുൽ ആബിദീൻ 599 വോട്ട് നേടി. ബിജെപി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ചന്ദ്രൻ നായർ 56 വോട്ടാണ് നേടിയത്.
ആബിദീന്‍ നാമനിർദേശ പത്രിക നൽകാൻ സഹായിച്ചതിന്റെ പേരിൽ പ്രാദേശിക മുസ്ലിം ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് സൈനുൽ ആബിദീൻ ഒളിവിൽ പോയത്.
Kerala
മലപ്പുറം: വിവാദ പ്രസംഗം നടത്തി കെ.ടി. ജലീൽ എംഎൽഎ വോട്ടഭ്യർഥിച്ച വളാഞ്ചേരി നഗരസഭ ഒന്നാംവാർഡ് താണിക്കൽ ഡിവിഷനിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ അലി തങ്ങൾ തോറ്റു. മുസ്ലിം ലീഗിലെ മുജീബ് വാലാസിയാണ് ജയിച്ചത്. ഇദ്ദേഹം 494 വോട്ടുനേടിയപ്പോൾ ഫൈസൽ തങ്ങൾക്ക് 314 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി രവീന്ദ്രകുമാർ നാലുവോട്ടിലൊതുങ്ങി.
34 വാർഡുകളുള്ള വളാഞ്ചേരി നഗരസഭയിൽ കഴിഞ്ഞ തവണ 19 സീറ്റിൽ ജയിച്ചിരുന്ന യുഡിഎഫ് ഇത്തവണ 25 വാർഡുകൾ സ്വന്തമാക്കി. എൽഡിഎഫ് രണ്ടിലൊതുങ്ങി.
സ്ഥാനാർഥി ഫൈസൽ തങ്ങൾ ഇഹലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ള ഒരാളെ നിർത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി. ജലീൽ കഴിഞ്ഞ ദിവസം കുടുംബയോഗത്തിൽ പറഞ്ഞത്. ‘നമ്മക്ക് ഇഹത്തിലും പരത്തിലും ഗുണമുള്ള ആളാണ് ഫൈസൽ തങ്ങൾ’. ഈ ലോകത്തും പരലോകത്തും ഗുണമുള്ള ആളാണ്. അപ്പോൾ അങ്ങനെ ഉള്ള ഒരാളെതന്നെ ഈ ഒന്നാം വാർഡിൽ ഞങ്ങൾ നിർത്തിയത് നിങ്ങളുടെ എല്ലാവരുടെയും നിസീമമായ പിന്തുണ ഫൈസൽ തങ്ങൾക്കുണ്ടാകും എന്ന പ്രതീക്ഷയിലാണ്. അതുപോലെതന്നെ രണ്ടാംവാർഡിൽ മത്സരിക്കുന്നത് ഹാജറാ ബീരാൻകുട്ടിയാണ്’ -എന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം.
പ്രസംഗം വിവാദമായതോടെ, താൻ കളിയാക്കി പറഞ്ഞതാണ് എന്നായിരുന്നു ജലീലിന്റെ പ്രതികരണം. താനത് പറഞ്ഞപ്പോൾ സ്ഥാനാർഥി ഫൈസൽ തങ്ങളും അധ്യക്ഷയും ഉൾപ്പടെ സദസ്യരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിടർന്നിരുന്നുവെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
“എന്റെ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ മത്സരിക്കുന്ന ഫൈസൽ തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ലീഗുകാർ സാധാരണ അവരുടെ നേതാക്കളെക്കുറിച്ച് പറയുന്നതിനെ കളിയാക്കി പറഞ്ഞ വാക്കുകൾ പൊക്കിപ്പിടിച്ച് വരുന്നവരോട് സഹതപിക്കാനല്ലേ കഴിയൂ. ആ യോഗത്തിൽ ഹൈന്ദവ സുഹൃത്തുക്കളടക്കം പങ്കെടുത്തിരുന്നു. ഫൈസൽ തങ്ങളെ ഞാൻ തമാശയാക്കുകയാണെന്ന് സദസ്യരെല്ലാം മനസിലാക്കിയതുകൊണ്ടാണ് സ്ഥാനാർഥി ഫൈസൽ തങ്ങളും അധ്യക്ഷയും ഉൾപ്പടെ സദസ്യരെല്ലാം പുഞ്ചിരി വിടർത്തിയത്” -ജലീൽ പറഞ്ഞു.
Kerala
കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ എല്ലാവരും ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിന് തകര്‍പ്പന്‍ ജയം. എല്‍ഡിഎഫിലെ പി. ജയനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് വൈശാഖിന്റെ ഉജ്വല വിജയം.
ജനങ്ങളാണു തന്നെ മത്സരിക്കാനായി ഇറക്കിയതെന്നും എന്തിനും കൂടെനിന്ന നാട്ടുകാരുടെ വിജയമാണിതെന്നും താനെന്നും നാടിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വൈശാഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഫലപ്രഖ്യാപനത്തിനുശേഷം ശക്തമായ പോലീസ് അകമ്പടിയോടെയാണു വൈശാഖ് യാത്രയായത്. ആകെയുള്ള 1390 വോട്ടില്‍ 1124 വോട്ട് പോള്‍ ചെയ്തപ്പോള്‍ അതില്‍ 708 വോട്ട് നേടിയാണ് വൈശാഖിന്റെ വിജയം. 458 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള ഈ വിജയം പയ്യന്നൂരിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരേയുള്ള വിജയമായി മാറുകയാണ്.
2024ലെ പുതുവത്സരദിനത്തില്‍ മറ്റു സ്ഥലങ്ങളില്‍നിന്നും കാരയിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയപ്പോള്‍ അതിനെതിരേ നടപടിയെടുക്കണമെന്ന കാരയില്‍ പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തോടു സിപിഎം നേതൃത്വം മുഖം തിരിച്ചപ്പോള്‍ തുടങ്ങിയതാണ് ഇവിടുത്തെ അസ്വാരസ്യങ്ങള്‍.
പയ്യന്നൂരിലെ സിപിഎമ്മിന്റെ ഔദ്യോഗിക മുഖങ്ങള്‍ അന്നത്തെ അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ മുറിപ്പാടാണ് വൈശാഖുള്പ്പെടെയുള്ള പ്രവര്‍ത്തകര്‍ സിപിഎമ്മില്‍നിന്നു രാജിവയ്ക്കുന്നതിനും വൈശാഖിനെ സ്വതന്ത്രനാക്കി മത്സരിപ്പിക്കുന്നതിനുമിടയാക്കിയത്. ഇതേത്തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ സിപിഎം അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
Kerala
കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച മുന്നേറ്റം തിരിച്ചടിയായെങ്കിലും വലിയ പരിക്കുകളില്ലാതെ പിടിച്ചുനിന്ന് എല്‍ഡിഎഫ്. വാര്‍ഡ് പുനര്‍വിഭജനമാണ് എല്‍ഡിഎഫിന് പലയിടത്തും രക്ഷയായതെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് ലീഡില്‍ എല്‍ഡിഎഫിന്റെ ഭരണത്തുടര്ച്ചയുണ്ടാകുമെന്നുറപ്പായി.
ചെങ്കള ഡിവിഷന് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ദേലംപാടി ഡിവിഷന് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫും പിടിച്ചെടുത്തു. ഇടത് അനുകൂല ബ്ലോക്ക് ഡിവിഷനുകളെല്ലാം ചേര്‍ത്ത് രൂപീകരിച്ച ബേക്കല്‍ ഡിവിഷനില്‍ മുസ്ലിം ലീഗിനോട് വിയര്‍ത്തുനേടിയ വിജയമാണ് എല്‍ഡിഎഫിന് തുണയായത്. കള്ളാര്‍ ഉള്‍പ്പെടെ പലയിടത്തും എല്‍ഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. അതേസമയം ബിജെപിക്ക് സിറ്റിംഗ് സീറ്റായ പുത്തിഗെ ഡിവിഷന് നഷ്ടമായി.
ജില്ലയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ കാഞ്ഞങ്ങാട് ഭരണം നിലനിര്‍ത്തിയെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. നീലേശ്വരത്ത് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ചില സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ ആധികാരിക വിജയം നേടാന്‍ യുഡിഎഫിനായി. ഇവിടെയും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാഞ്ഞങ്ങാട്ട് എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടായി. കഴിഞ്ഞവട്ടം മൂന്നു സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് ഏഴായി വര്‍ധിപ്പിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫ് ഇവിടെ ഭരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ വെസ്റ്റ് എളേരി, പടന്ന പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കാനായതാണ് എല്‍ഡിഎഫിന്റെ എടുത്തുപറയാനുള്ള നേട്ടം. എട്ടു പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പതിവായി മുഴുവന്‍ സീറ്റുകളും ജയിക്കുന്ന സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ ബേഡഡുക്കയില്‍ രണ്ടു സീറ്റിലും കയ്യൂര്‍- ചീമേനിയില്‍ ഒരു സീറ്റിലും അവര്‍ കോണ്‍ഗ്രസിനോട് തോറ്റു.
Kerala
കണ്ണൂർ: ഗ്രാമപഞ്ചായത്തുകളിലും കോർപറേഷനിലും യുഡിഎഫ് തേരോട്ടം. എന്നാൽ, നഗരസഭകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനു തന്നെയാണ് ആധിപത്യം. കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തി. എൻഡിഎ ഇവിടെ നാലു സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.
കണ്ണൂർ കോർപറേഷനിലും തലശേരി നഗരസഭയിലും ചില പഞ്ചായത്തുകളിലും എസ്ഡിപിഎ അക്കൗണ്ട് തുറന്നു. മലയോര മേഖലകളിലെ ഏഴ് പഞ്ചായത്തുകൾ എൽഡിഎഫിൽനിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിൽനിന്ന് കടന്പൂർ പഞ്ചായത്ത് പിടിച്ചെടുത്തതാണ് എൽഡിഎഫിന്റെ നേട്ടം.
പ്രതിപക്ഷമില്ലാതെ എട്ടു പഞ്ചായത്തുകളും ആന്തൂർ നഗരസഭയും എൽഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതിരുന്ന എരമം-കുറ്റൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചതിനാൽ പ്രതിപക്ഷമുണ്ടായി. പഞ്ചായത്തിലും കോർപറേഷനിലും നഗരസഭകളിലും ബിജെപി നില മെച്ചപ്പെടുത്തി. ബിജെപിക്ക് സീറ്റ് കൂടിയയിടങ്ങളിൽ എൽഡിഎഫിന് സീറ്റുകൾ കുറഞ്ഞു. നഗരസഭകൾ എൽഡിഎഫ് നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവാണ്. കോൺഗ്രസ്-സിപിഎം റിബൽ സ്ഥാനാർഥികൾ വിജയിക്കുകയും ഇവിടെയുള്ള പ്രധാന മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ സിപിഎം വിമതനായ മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് 419 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി ഇവിടെ മൂന്നാംസ്ഥാനത്താണ്. മുണ്ടേരി പഞ്ചായത്തിലുംഎടക്കാട് ബ്ലോക്കുകളിലും എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ തുല്യനിലയിലാണ്.
ഇരിട്ടി ബ്ലോക്ക് യുഡിഎഫിന് നഷ്ടമായപ്പോൾ പേരാവൂർ, തളിപ്പറമ്പ് ബ്ലോക്കുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽഡിഎഫിന് 57 പഞ്ചായത്തുകളും യുഡിഎഫിന് 14 പഞ്ചായത്തുകളുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഇക്കുറി 49 പഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചിരിക്കുന്നത്.
Kerala
കൽപ്പറ്റ: യുഡിഎഫിനൊപ്പമെന്ന് ഖ്യാതികേട്ട ജില്ലയാണ് വയനാട്. ഇത്തവണയും അതിനു ഭംഗം വരുത്തിയില്ല. എൽഡിഎഫിനെ നിലംപരിശാക്കിയാണ് യുഡിഎഫ് മുന്നേറിയത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.
മുൻവർഷം നറുക്കെടുപ്പിലൂടെ ലഭിച്ചതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എന്നാൽ 17 ഡിവിഷനുകളിൽ 15ലും വിജയിച്ചാണ് ഇത്തവണത്തെ മുന്നേറ്റം. നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിലും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമായിരുന്നു യുഡിഎഫ് വിജയം.
മൂന്ന് മുനിസിപ്പാലിറ്റികളിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി 10 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. എന്നാൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫിന് തെരഞ്ഞെടുപ്പ് നേട്ടം നൽകിയതും കൽപ്പറ്റ മുനിസിപ്പാലിറ്റിയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ എൻഡിഎ ആദ്യമായാണ് സീറ്റ് നേടിയത്.
രണ്ട് ഡിവിഷനുകളാണ് എൻഡിഎ വിജയിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തിൽ എക്കാലത്തെയും മികച്ച നേട്ടമാണ് യുഡിഎഫ് കൊയ്തത്. വൈത്തിരി, തൊണ്ടർനാട്, വെങ്ങപ്പള്ളി, പൊഴുതന, അമ്പലവയൽ എന്നീ അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ പുൽപ്പള്ളി, മൂപ്പൈനാട്, മുട്ടിൽ, മീനങ്ങാടി പഞ്ചായത്തുകൾ എൽഡിഎഫും പിടിച്ചെടുത്തു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം നടത്തി.
Kerala
മലപ്പുറം: മലപ്പുറത്ത് ഹരിത രാഷ്ട്രീയത്തിന്റെ വന്പൻ വിളവെടുപ്പ്. ത്രിതല പഞ്ചായത്തുകളിൽ യുഡിഎഫിന് സമഗ്രാധിപത്യം. സമസ്ത മേഖലകളിലും ഇടതുപക്ഷത്തിന് കാലിടറുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് യുഡിഎഫ് വൻകുതിപ്പാണ് നടത്തിയത്. സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കരുത്തു ലഭിച്ച ജില്ലയാണ് മലപ്പുറം. മുസ്ലിം ലീഗ് സ്വന്തം തട്ടകത്തിൽ ശക്തി കൂട്ടിയപ്പോൾ യുഡിഎഫിന്റെ അക്കൗണ്ട് നിറഞ്ഞു. ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്ത് വാർഡുകൾ വരെ ഐക്യമുന്നണിയുടെ കൈപ്പിടിയിലായി.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇടതുമുന്നണിക്ക് ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിയാത്ത ഒരേയൊരു ജില്ലയായി മലപ്പുറം മാറി. മുന്നണിക്ക് അനുകൂല തരംഗങ്ങളുണ്ടായിരുന്ന കാലത്ത് ഏഴ് സീറ്റുവരെ വിജയിച്ചിരുന്നിടത്ത് ഇത്തവണ സംപൂജ്യരായി. 33 ഡിവിഷനുകളിലും യുഡിഎഫിന് വിജയം. പ്രതിപക്ഷത്തിരിക്കാൻ ഒരാൾ പോലുമില്ലാത്ത വിധം ഇടതുമുന്നണിക്ക് ചരിത്രപരമായ തോൽവി.
12 നഗരസഭകളിൽ 11 എണ്ണത്തിലും യുഡിഎഫിനാണ് വിജയം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പൊന്നാനി നഗരസഭ മാത്രമാണ് നിലനിർത്താനായത്. പെരിന്തൽമണ്ണയിലെ തോൽവി ഇടതുപക്ഷത്തിന് കടുത്ത ആഘാതമായി. താനൂർ നഗരസഭയിൽ പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഇടതുസ്ഥാനാർഥികളാരും വിജയിച്ചില്ല. പി.വി. അൻവർ ഇഫക്ടുള്ള നിലന്പൂരിൽ ഇത്തവണ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി.
ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് സമഗ്രാധിപത്യം. 14 ബ്ലോക്കുകളിൽ മുന്നണി വിജയിച്ചു.
94 ഗ്രാമപഞ്ചായത്തുകളിൽ 80 ലേറെ പഞ്ചായത്തുകളിൽ യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം മലപ്പുറം ജില്ലയിൽ മുന്നണിക്ക് കൂടുതൽ കരുത്തു നൽകി.
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, യുഡിഎഫിന്റെ ചിട്ടയോടെയുള്ള പ്രവർത്തനം എന്നിവ മുന്നണിക്ക് മികച്ച വിജയത്തിന് വഴിയൊരുക്കി. മലപ്പുറം ജില്ലയ്ക്കെതിരേ വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന, പിഎം ശ്രീ പദ്ധതി, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ ഘടകങ്ങൾ എൽഡിഎഫിന് കനത്ത തിരിച്ചടിയായി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ കടുത്ത രീതിയിലാണ് ഇടതുപക്ഷം വിമർശിച്ചത്. വിമർശനങ്ങളോട് സംയമനം പാലിച്ചാണ് ലീഗ് നേതൃത്വം നിലകൊണ്ടത്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ജില്ലയിൽ യുഡിഎഫിന് ഗുണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
സിപിഎമ്മിന്റെ കടുത്ത ശത്രുവായ മുൻ എംഎൽഎ പി.വി. അൻവറിനോട് തന്ത്രപരമായ സമീപനമെടുത്തത് നിലന്പൂർ മേഖലയിൽ ഗുണമായി. അൻവറിനെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷ നിലനിർത്തി, വോട്ടുകൾ ഭിന്നിക്കുന്നതിന് തടയിട്ടു. ഇതോടെ നിലന്പൂർ നഗരസഭയിൽ ഭരണം പിടിച്ചെടുത്തു. ഇടതുപാളയത്തിലെ അനൈക്യം പെരിന്തൽമണ്ണ പോലുള്ള ശക്തികേന്ദ്രങ്ങളിൽ അവർക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് സൂചനകൾ.
Kerala
പാലക്കാട്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു വാതിൽ തുറക്കുന്ന തദ്ദേശപ്പോരിൽ പാലക്കാട് ജില്ലയിൽ ഇടതുപക്ഷത്തിനു പലയിടത്തും അടിപതറി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിനുതന്നെയാണു മുൻതൂക്കമെങ്കിലും യുഡിഎഫ് വലിയ മുന്നേറ്റമാണു നടത്തിയത്.
പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി തുടർച്ചയായ മൂന്നാംതവണയും ഭരണത്തിലേറാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മതേതര സ്വഭാവക്കാരെ കോർത്തിണക്കി ബിജെപിയെ ഭരണത്തിൽനിന്നു പുറത്താക്കാനുള്ള അടിയൊഴുക്കുകളും ഇവിടെ സജീവമാണ്.
ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും ഇടതുകോട്ടകൾ നിലംപരിശാക്കിയായിരുന്നു യുഡിഎഫിന്റെ മുന്നേറ്റം. കഴിഞ്ഞതവണ ജില്ലാപഞ്ചായത്തിൽ കോണ്‍ഗ്രസിന് ഒന്നും മുസ്ലിം ലീഗിന് രണ്ടും ഉൾപ്പെടെ ആകെ മൂന്നു സീറ്റിലേക്കൊതുങ്ങിയ യുഡിഎഫ് ഇത്തവണ ഗംഭീര തിരിച്ചുവരവാണു നടത്തിയത്. ആകെയുള്ള 31 സീറ്റുകളിൽ എൽഡിഎഫ് 19, യുഡിഎഫ് 12 എന്നിങ്ങനെയാണു കക്ഷിനില.
88 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 46ലേക്കു ചുരുങ്ങി. 31 പഞ്ചായത്തുകളിൽ ഭരണംനേടി യുഡിഎഫ് അവിടെയും കരുത്തു കാട്ടി. രണ്ടു ഗ്രാമപഞ്ചായത്തുകൾ പിടിച്ചടക്കി എൻഡിഎയും വരവറിയിച്ചു. അകത്തേത്തറ, അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തുകളാണ് ബിജെപി ഭരണം നേടിയത്. അവസാന റിപ്പോർട്ടു പ്രകാരം ഒന്‍പതിടങ്ങളിൽ സീറ്റുനില ഒപ്പത്തിനൊപ്പമായതിനാൽ ടോസ് നിർണായകമാകും.
ബ്ലോക്ക് പഞ്ചായത്തുകളിൽമാത്രമാണ് ഇടതുപക്ഷത്തിന് അല്പമെങ്കിലും ആശ്വാസം പകരുന്ന ജനവിധിയുണ്ടായത്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്‍പതിടത്തും ഇടതുപക്ഷം ഭരണം നിലനിർത്തി. മൂന്നിടത്ത് യുഡിഎഫും തൃത്താലയിൽ ഇരുവരും ഒപ്പത്തിനൊപ്പവും എത്തി.
നഗരസഭകളിലും യുഡിഎഫിന്റെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ആകെയുള്ള ഏഴു നഗരസഭകളിൽ മൂന്നിടത്തും യുഡിഎഫ് വിജയച്ചു. പട്ടാന്പി, ചിറ്റൂർ-തത്തമംഗലം നഗരസഭകൾ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ മണ്ണാർക്കാട് നിലനിർത്തി. കഴിഞ്ഞതവണ അഞ്ചു നഗരസഭകളിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ ഒറ്റപ്പാലത്തും ഷൊർണൂരിലും ചെർപ്പുളശേരിയിലും മാത്രമായി ഒതുങ്ങി.
പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാമതും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷം നേടാനാകാത്തതും സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുത്തിയതും ക്ഷീണമായെങ്കിലും ഭരണം നിലനിർത്താനാവുന്നതിന്റെ ആശ്വാസത്തിലാണ് ബിജെപി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങൾക്കിടയിലും പാലക്കാട് നഗരത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി. എൽഡിഎഫും കഴിഞ്ഞ തവണത്തേതിനെക്കാൾ ഒരു സീറ്റ് കൂടുതൽ നേടി.
Kerala
തൃശൂർ: കോർപറേഷനൊഴികെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തവണയും എൽഡിഎഫിനാണു മുൻതൂക്കമെങ്കിലും, കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റവുമായി താരതമ്യപ്പെടുത്തിയാൽ ഇത്തവണത്തെ ഫലം എൽഡിഎഫിനേകിയതു കടുത്ത നിരാശ.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എൽഡിഎഫിന്റെ ഭൂരിപക്ഷഗ്രാഫ് കുതിച്ചതു താഴേക്ക്. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണനേട്ടങ്ങൾ ഉയർത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ജില്ലയിൽ ഏശിയില്ല. മറിച്ച്, ചർച്ചയായതു കരുവന്നൂരും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളും തെരഞ്ഞെടുപ്പുകാലത്തെ പീഡനക്കേസ് കുതന്ത്രവും ശബരിമലക്കൊള്ളയും നേതാക്കളുടെ അനധികൃത സ്വത്തുസന്പാദനവുമൊക്കെയാണ്.
ഇത്തവണ തെരഞ്ഞെടുപ്പിൽ എതിരാളികളാരും ഇതിലൊരന്പും തൊടുത്തില്ലെങ്കിലും മുറിവേറ്റ ജനം അവസരം കിട്ടിയപ്പോൾ തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള എൽഡിഎഫിന്റെ ഭരണനേട്ട, വികസന പ്രചാരണങ്ങൾക്ക് ഊതിവീർപ്പിച്ച ബലൂണിന്റെ വിലപോലും വോട്ടർമാർ നല്‍കിയില്ല. സംസ്ഥാന സർക്കാരിനോടുള്ള അമർഷവും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പുമാണ് തൃശൂർ നല്‍കിയതെന്നാണു വിലയിരുത്തൽ.
കോർപറേഷനിൽ കഴിഞ്ഞതവണ 25 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 13ലേക്കു കൂപ്പുകുത്തിയപ്പോൾ ബിജെപി ആറിൽനിന്ന് എട്ടിലേക്കുയർന്നു. യുഡിഎഫിന്റെ 24 സീറ്റുകൾ 33 സീറ്റുകളായി. കഴിഞ്ഞതവണയും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന എൽഡിഎഫ് കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വ്യക്തിയെ മേയറാക്കിയാണ് ഭരണം പിടിച്ചത്.
കോർപറേഷനിൽ റോജി എം. ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുൻസ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പ്രചാരണം. മൊത്തം 56 ഡിവിഷനുകളുള്ളതിൽ 28 വനിതാ സംവരണ സീറ്റുകളായിരുന്നു. ഇവരെക്കൂടാതെ നാലു വനിതകളെക്കൂടി യുഡിഎഫ് ജനറൽ സീറ്റിൽ മത്സരിപ്പിച്ചു. ഇതിൽ മൂന്നുപേർ ജയിച്ചു. കഴിഞ്ഞതവണത്തേക്കാൾ രണ്ടു സീറ്റുകൾ ബിജെപിക്കു കൂടുതൽ ലഭിച്ചതോടെ കേന്ദ്രപദ്ധതികൾ ഉയർത്തിയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രചാരണതന്ത്രങ്ങൾ തെരഞ്ഞെടുപ്പിൽ ഫലംകണ്ടുവെന്നുവേണം കരുതാൻ.
ജില്ലയിലെ ഏഴു മുനിസിപ്പാലിറ്റികളിൽ ഇത്തവണയും അഞ്ചെണ്ണം എൽഡിഎഫ് നിർത്തി. എന്നാല്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് നേരിട്ടതു കടുത്ത പതനമാണ്. ജില്ലയിലെ ആകെ 86 പഞ്ചായത്തുകളിൽ എൽഡിഎഫ് നേടിയത് 45 മാത്രം.
കഴിഞ്ഞതവണ കട്ടയ്ക്കൊപ്പം നിന്ന 24 പഞ്ചായത്തുകൾ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് 35 പഞ്ചായത്തുകൾ നേടി. എൻഡിഎ ഒരു പഞ്ചായത്തും. ജില്ലാ പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളും മൂന്നു ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിനു നഷ്ടപ്പെട്ടു.
Kerala
കോഴിക്കോട്: യുഡിഎഫിന്റെയും എന്‍ഡിഎയുടെയും മുന്നേറ്റത്തില്‍ ആടിയുലഞ്ഞ് കോഴിക്കോട്ട് എല്‍ഡിഎഫ്. പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ ശക്തി ചോര്‍ന്നു. 2020 നെ അപേക്ഷിച്ച് യുഡിഎഫും എന്‍ഡിഎയും മികച്ച പ്രകടനം കാഴ്ചവച്ചു.
ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വലത്തേക്കു ചെരിഞ്ഞു. വടകര നഗരസഭയില്‍ ആദ്യമായി ആര്‍എംപിഐക്ക് പ്രതിനിധിയുണ്ടായി. വടകര നഗരസഭയില്‍ ആര്‍എംപിഐയും സിപിഎമ്മും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന 27-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.
നേരിയ ഭൂരിപക്ഷത്തിനാണ് കോഴിക്കോട് കോര്പറേഷന് എല്‍ഡിഎഫ് ഭരിക്കുക. കോര്‍പറേഷനില്‍ 2020ല്‍ എല്‍ഡിഎഫ് 48 ഡിവിഷനുകള്‍ നേടിയ സ്ഥാനത്ത് ഇപ്രാവശ്യം 35 ആയി കുറഞ്ഞു. 17 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് 28 ആക്കി. ഏഴില്‍നിന്ന് 13ലേക്കാണ് എന്‍ഡിഎയുടെ കുതിപ്പ്. കോര്‍പറേഷനില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മേയര്‍ സ്ഥാനാര്‍ഥികളെ ജനം തോൽപ്പിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് എല്‍ഡിഎഫിനെ തറപറ്റിച്ചത്. 14 സീറ്റുകള്‍ നേടിയ യുഡിഎഫിന് അഴിയൂര്‍ വാര്‍ഡില്‍ നിന്നു ജയിച്ച ആര്‍എംപിഐ പ്രതിനിധി ടി.കെ. സിബിയുടെ പിന്തുണയോടെ ഭരണത്തിലേറാം. എല്‍ഡിഎഫിന് 13 സീറ്റുകള്‍ ലഭിച്ചു.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടെണ്ണവും നേടി എല്‍ഡിഎഫ് മേല്‍ക്കൈ പുലര്‍ത്തിയപ്പോള്‍ യുഡിഎഫിന് രണ്ടു ബ്ലോക്കുകളാണ് ലഭിച്ചത്. മറ്റ് രണ്ടിടങ്ങളില്‍ സമനില. അതേസമയം എഴു മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം നേടി യുഡിഎഫിന് ആധിപത്യം പുലര്‍ത്താനായി. എല്‍ഡിഎഫ്-3.
70 പഞ്ചായത്തുകളില്‍ ഇത്തവണ 39 എണ്ണം നേടിയാണ് യുഡിഎഫ് മുന്നേറ്റം. 27 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം. നാലു പഞ്ചായത്തുകളില്‍ ഇരുമുന്നണികളും സമനിലയിലാണ്.
2020ല്‍ 43 പഞ്ചായത്തുകള്‍ നേടിയ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.
Kerala
തിരുവനന്തപുരം: തലസ്ഥാന കോർപറേഷൻ ഭരണം നഷ്ടപ്പെട്ട് നാണക്കേടിൽ നിൽക്കുമ്പോഴും നാലു മുനിസിപ്പാലിറ്റികൾ നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്തിയ യുഡിഎഫിനും അഭിമാനിക്കാൻ വകയുണ്ട്.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റ് ഇത്തവണ 13 ആയി ഉയർത്താൻ യുഡിഎഫിനു കഴിഞ്ഞു. എൽഡിഎഫിന് കഷ്ടിച്ച് ഭരണം നിലനിർത്താൻ സാധിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 11ൽ പത്തും കൈവശം വച്ചിരുന്ന ഇടതുമുന്നണിക്ക് ഇത്തവണ അഞ്ചിൽ മാത്രമേ ഭരണം ലഭിച്ചുള്ളൂ.
ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനു മുന്നേറാൻ സാധിച്ചു. കഴിഞ്ഞ തവണ 20 ഗ്രാമപഞ്ചായത്തുകൾ ഭരിച്ച സ്ഥാനത്ത് ഇക്കുറി യുഡിഎഫിന് 25 പഞ്ചായത്തുകളിൽ ഭൂരിപക്ഷമുണ്ട്. എൽഡിഎഫ് 52ൽ നിന്ന് 36ലേക്കു താഴ്ന്നു. കഴിഞ്ഞ തവണ രണ്ടു ഗ്രാമപഞ്ചായത്തുകളിൽ ഭരണം ലഭിച്ച എൻഡിഎ ആറിടത്തു ഭൂരിപക്ഷത്തിലെത്തി. ആറ് ഗ്രാമപഞ്ചായത്തുകളിൽ മുന്നണികൾക്കു തുല്യ സീറ്റുകളാണുള്ളത്.
കഴിഞ്ഞ തവണ മുനിസിപ്പാലിറ്റികളിൽ മുന്നേറ്റം നടത്തിയ ബിജെപിക്ക് അവിടെനിന്നു മുന്നോട്ടു പോകാൻ സാധിച്ചില്ല എന്നതു ശ്രദ്ധേയമാണ്.
Kerala
കൊല്ലം: കൊല്ലം കൈയൊന്നുയർത്തിയപ്പോൾ എൽഡിഎഫ് വിറച്ചു. കൊല്ലം ജില്ല ഇടതു ചെരിഞ്ഞേ നടക്കൂ എന്ന പ്രവചനമെല്ലാം പതിരായി മാറി. അങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പായ സെമിഫൈനലിൽ വിറപ്പിച്ചുതന്നെ യുഡിഎഫ് ഫൈനലിലേക്കു കടക്കുന്നു. കൊല്ലം ജില്ലയിൽ പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിനിർത്തിയാൽ നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ചുവപ്പുകൊടി പാറിയ ചരിത്രമേള്ളൂ. പക്ഷേ, ഇതെല്ലാം പഴങ്കഥയായി മാറുന്നു.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കോർപറേഷനും ഗ്രാമപഞ്ചായത്തും വൻഭൂരിപക്ഷത്തോടെ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിനു കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ജില്ലാ കൗൺസിൽ മുതൽ 30 വർഷക്കാലമായി കോർപറേഷൻ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിൽനിന്നും യുഡിഎഫ് അധികാരം പിടിച്ചെടുത്തതു ചരിത്രസംഭവമാണ്.കോർപറേഷൻ മേയർപോലും പരാജയപ്പെട്ടു. എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തി കയറി വന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണം മൂന്നെണ്ണം പിടിച്ചെടുത്തു. മുനിസിപ്പിലാറ്റിയിൽ എൽഡിഎഫ് കഴിഞ്ഞ സ്ഥിതി തുടർന്നു. നാലെണ്ണത്തിൽ മൂന്നുംഎൽഡിഎഫിന്റെ പക്കലാണ്. അതേസമയം, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായി. 68ൽ 34 എണ്ണം എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് 32 എണ്ണം നേടി. ഒരു എണ്ണം ടൈയായി മാറി.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്തായി മാറ്റിയെടുക്കാൻ യുഡിഎഫിനു സാധിച്ചു. കൊല്ലം ജില്ലയിലെ രണ്ടു പ്രബല പാർട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കം എൽഡിഎഫിനു തിരിച്ചടിയായി.
കൊല്ലം: കോർപറേഷന്റെ രൂപീകരണം മുതൽ കാൽ നൂറ്റാണ്ടു കാലം ഭരിച്ചുകൊണ്ടിരുന്ന കൊല്ലം കോർപറേഷൻ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് ചരിത്രവിജയമാണ് നേടിയത്. കോർപറേഷൻ രൂപീകരണത്തിനുമുമ്പ് അഞ്ചുവർഷകാലം ജില്ലാ കൗൺസിൽ ഭരിച്ചതും എൽഡിഎഫായിരുന്നു.
കൊല്ലം കോർപറേഷൻ എന്നു മാത്രമല്ല, ജില്ലാ ഒന്നാകെ ചുവന്നകൊടികൾ പാറിക്കളിച്ചിടത്താണ് ഇന്ന് ത്രിവർണക്കൊടികൾ പാറിക്കളിക്കുന്നത്. കോർപറേഷൻ മേയർ പോലും പരാജയപ്പെട്ടത് എൽഡിഎഫിനേറ്റ കനത്ത പ്രഹരമാണ്. കൊല്ലം മേയർ ഹണി ബെഞ്ചമിനെ 355 വോട്ടിനാണ് കോൺഗ്രിലെ കുരുവിള ജോസഫ് തോല്പിച്ചത്. 56 അംഗ ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേക്കു കയറുന്നത്. എൽഡിഎഫ് 16 സീറ്റിൽ ഒതുങ്ങി. എൻഡിഎ 12 സീറ്റ് നേടി. എസ്ഡിപിഐയ്ക്കും ഒരു സീറ്റ് കിട്ടി.
2020ൽ കോവിഡ് കാലത്തു നടന്ന തെരഞ്ഞെടുപ്പിൽ 55 സീറ്റിൽ 39 സീറ്റ് നേടി പ്രതിപക്ഷം പോലുമില്ലാതെയാണ് ഹണി ബെഞ്ചമിന്റെ നേതൃത്വത്തിൽ ഭരിച്ചത്. അന്നു യുഡിഎഫിനു ലഭിച്ചതു വെറും ഒമ്പത് സീറ്റാണ്. ആറെണ്ണമായിരുന്നു എൻഡിഎയ്ക്കു ലഭിച്ചത്. ഈ കണക്കു നോക്കുമ്പോഴേ എൽഡിഎഫിന്റെ പതനം മനസിലാക്കാൻ സാധിക്കുകയുള്ളൂ.
കോർപറേഷൻ രൂപീകരിച്ച കാലം മുതൽ ഇടതിന്റെ കൈയിൽനിന്നു പിടിച്ചെടുക്കുക മാത്രമായിരുന്നു യുഡിഎഫിന്റെ പ്രഥമ ലക്ഷ്യം. ഇക്കുറി നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് തിരിച്ചുവരവിനു തുടക്കംകുറിച്ചത്.
യുവാക്കൾക്കും സീനിയർ നേതാക്കൾക്കും സീറ്റ് നൽകി അധികാരത്തിലേക്കുള്ള വഴിയും യുഡിഎഫ് കണ്ടെത്തി. വിമത സ്ഥാനാർഥികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതും നേട്ടമായി. അറവുശാല മുതൽ മാലിന്യസംസ്കരണം വരെ 25 വർഷക്കാലമായി എൽഡിഎഫ് പറയുന്ന കാര്യങ്ങളിൽ തീരുമാനമില്ലാത്തത് അവർക്കു തിരിച്ചടിയായി.
Kerala
കോട്ടയം: കോട്ടയം ജില്ലയിൽ യുഡിഎഫിന് സമഗ്ര ആധിപത്യം. പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫില്‍ എത്തിയതാണു കഴിഞ്ഞ തദ്ദേശത്തില്‍ ത്രിതല പഞ്ചായത്തുകളില്‍ ബഹുഭൂരിപക്ഷവും വകഞ്ഞെടുക്കാന് നിമിത്തമായതെന്ന വിലയിരുത്തല്‍ ഇത്തവണ വിലപ്പോയില്ല. കേരള കോണ്‍ഗ്രസ്-എമ്മിന് അടിത്തറയുള്ള വാര്‍ഡുകളും പഞ്ചായത്തുകളും യുഡിഎഫിനെ തുണച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മേഖലയിലും പ്രകടമാക്കുന്നതായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പു ഫലം.
റബര്‍, നെല്ല് മേഖലകളിലെ കര്‍ഷകവികാരം സര്‍ക്കാരിനെതിരായിരുന്നു. നഗരവാസികളും മാറ്റം ആഗ്രഹിച്ചു. ശബരിമല സ്വര്‍ണക്കൊള്ള, കാര്‍ഷിക വിലയിടിവ് തുടങ്ങിയവ തദ്ദേശ ഫലത്തില്‍ പ്രതിഫലിച്ചു. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 സീറ്റില്‍ യുഡിഎഫ് 16 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് ഏഴു സീറ്റിലൊതുങ്ങി.
ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 11ല്‍ ഒമ്പതിടത്തും യുഡിഎഫ് ഭരണം നേടി. രണ്ടിടത്തു മാത്രമാണ് എല്‍ഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഒരിടത്തു മാത്രമാണ് യുഡിഎഫ് ഭരണം നേടിയത്. പത്തിടത്തും എല്ഡിഫിനായിരുന്നു ഭരണം. 71 പഞ്ചായത്തുകളില്‍ യുഡിഎഫ് -44, എല്‍ഡിഎഫ്-19, എന്‍ഡിഎ -മൂന്ന് എന്നിങ്ങനെയാണ് ഭരണം. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.
ജില്ലയില്‍ ബിജെപി നില മെച്ചപ്പെടുത്തുക മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഒന്നാം കക്ഷിയായി. മൂന്നു ബ്ലോക്ക് പഞ്ചായത്തുകളില്‍ ആദ്യമായി ഇടം പിടിക്കുകയും ചെയ്തു. ജില്ലയിലെ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളില്‍ താഴെയാണു പ്രാതിനിധ്യം. പത്ത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് തനിച്ചു ഭരിക്കാനാകും.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മിന്നും ജയം നേടി യുഡിഎഫ്. 2020ൽ നഷ്ടമായ കൊച്ചി കോർപറേഷൻ വൻ ആധിപത്യത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. നഗരസഭകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. നഗരസഭകളിൽ ഒന്നിൽപോലും ഭരണം പിടിക്കാൻ ഇടതുമുന്നണിക്കായില്ല.
ജില്ലയിൽ ആദ്യമായി ഒരു നഗരസഭയിൽ എൻഡിഎ കരുത്തറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിക്കുന്ന നിലയിലാണ്.
2020ൽ അസാധാരണ മുന്നേറ്റത്തോടെ നാലു പഞ്ചായത്തുകളിൽ ഭരണം നേടിയ ട്വന്റി 20ക്ക് ഇക്കുറി രണ്ടിടത്തു മാത്രമാണ് ഭരണം ഉറപ്പിക്കാനായത്. ഭരണത്തിലുണ്ടായിരുന്ന വടവുകോട് ബ്ലോക്കും ഇക്കുറി അവർക്കു നഷ്ടമായി.
ആകെയുള്ള 76 സീറ്റിൽ 47ലും വിജയിച്ചാണ് യുഡിഎഫ് കോർപറേഷനിൽ മൂവർണക്കൊടി പാറിച്ചത്. എൽഡിഎഫിന്റെ സീറ്റുനില 22ലേക്ക് ഒതുങ്ങി. ബിജെപി ഒരു സീറ്റ് അധികം നേടി (ആറ്) നില മെച്ചപ്പെടുത്തി.
ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 28ൽ 25 സീറ്റും നേടിയുഎഡിഎഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തവണത്തേക്കാൾ ഒന്‍പതു സീറ്റ് അധികമുണ്ട്. എൽഡിഎഫിന്റെ നില മൂന്നു സീറ്റിലേക്കൊതുങ്ങി. കഴിഞ്ഞ തവണത്തെ ഒമ്പതു സീറ്റിൽനിന്നാണ് വലിയ വീഴ്ചയുണ്ടായത്.
13 നഗരസഭകളിൽ 11ഉം യുഡിഎഫിനാണ്. അങ്കമാലിയിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കുന്ന സ്ഥിതിയാണ്. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഉം യുഡിഎഫിനാണ്. ചെറായിയിൽ മാത്രമാണ് ഇടതുഭരണം. വടവുകോട് ഇത്തവണ ആർക്കും കേവല ഭൂരിപക്ഷമില്ല. 82 പഞ്ചായത്തുകളിൽ 66ലും ഇനി യുഡിഎഫ് ഭരണമാണ്. ഏഴിടത്തു മാത്രമാണ് എൽഡിഎഫിന് ഭരണം.
Kerala
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ എല്‍ഡിഎഫ് നിലംപരിശായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ പുതുതായി രൂപീകരിച്ച വെള്ളത്തൂവലില്‍ അടക്കം യുഡിഎഫ് ചരിത്രവിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന് മൂന്നുഡിവിഷനുകളില് മാത്രമാണ് വിജയിക്കാനായത്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് ആധികാരിക വിജയം നേടി. കട്ടപ്പന, തൊടുപുഴ നഗരസഭകളിലും യുഡിഎഫ് വന്‍ മുന്നേറ്റമാണു നടത്തിയത്.
തൊടുപുഴയില്‍ 21 സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ഒമ്പതു സീറ്റുകള്‍ നേടി എന്‍ഡിഎ ആദ്യമായി നഗരസഭയില്‍ പ്രതിപക്ഷത്തെത്തി. എല്‍ഡിഎഫിന് ആറു സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. രണ്ടിടത്ത് യുഡിഎഫ് വിമതര്‍ക്കാണ് വിജയം. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 20 സീറ്റുകളിലും എല്‍ഡിഎഫ് 13 സീറ്റുകളിലും എന്‍ഡിഎ രണ്ടിടത്തും വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ഉജ്വലനേട്ടം കൈവരിച്ചു.
52 പഞ്ചായത്തുകളില്‍ 36 ഇടങ്ങളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് 11 പഞ്ചായത്തുകളിലേക്ക് ചുരുങ്ങി. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. മണക്കാട് പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അഞ്ചുസീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ രണ്ടിടത്ത് ട്വന്റി ട്വന്റിയും രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചു. ജില്ലയില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോഴും മുന്‍ എംഎല്‍എയും എഐസിസി അംഗവുമായ ഇ.എം. ആഗസ്തി കട്ടപ്പന നഗരസഭയില്പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി.
ഭരണവിരുദ്ധവികാരം, പാഴായ ഇടുക്കി പാക്കേജ്, ജില്ലയോടുള്ള അവഗണന, ഭൂപ്രശ്നങ്ങള്‍, വനൃമൃഗശല്യം, വികസനപ്രവര്‍ത്തനങ്ങളില്‍ വനവകുപ്പിന്റെ അനാവശ്യ തടസവാദങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ എല്‍ഡിഎഫ് പരാജയത്തിന് ആക്കംകൂട്ടി.
ഇടുക്കിയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ഭൂചട്ടം ഭേഗഗതി ചെയ്ത് ഭൂമി ക്രമവത്കരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും ഇതൊന്നും വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം യുഡിഎഫിന് നേട്ടമായി.
യുഡിഎഫില്‍ വൈകിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയായതെങ്കിലും കാര്യമായ തര്‍ക്കങ്ങളില്ലാതെ പരിഹരിക്കാനായതും നേട്ടമായി. ചുരുക്കം വാര്‍ഡുകളില്‍ മാത്രമാണ് വിമതസ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയത്. ഇവിടെ യുഡിഎഫ് പരാജയം രുചിക്കുകയും ചെയ്തു.
Kerala
പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തി. 2020ലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത്.
വിവാദ വിഷയങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന പത്തനംതിട്ടയില്‍ ശബരിമല സ്വര്‍ണക്കൊള്ള, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം തുടങ്ങിയ വിഷയങ്ങളുമായി പ്രചാരണരംഗത്തിറങ്ങിയ യുഡിഎഫിനെ വെട്ടിലാക്കാന്‍ ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് പ്രതിരോധിച്ചെങ്കിലും ഫലം കണ്ടില്ല.
ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചടക്കിയതിനൊപ്പം മൂന്ന് നഗരസഭകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അധികാരത്തിലെത്തും.
2020ല്‍ ഒരു നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും 13 ഗ്രാമപഞ്ചായത്തുകളിലുമായിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ നാല് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ഡിഎഫിന്റെ ശക്തമായ കോട്ടയെന്നു കരുതിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ പോലും വിള്ളല്‍ വീഴ്ത്തി അധികാരത്തിലെത്താന്‍ യുഡിഎഫിനു കഴിഞ്ഞിട്ടുണ്ട്.
എന്‍ഡിഎയ്ക്കും പത്തനംതിട്ടയില്‍ നില മെച്ചപ്പെടുത്താനായി. കഴിഞ്ഞ തവണ ഒരു നഗരസഭയും മൂന്ന് ഗ്രാമപഞ്ചായത്തുകളുമാണ് എന്‍ഡിഎ ഭരിച്ചത്. ഇത്തവണ നാല് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്തതിനൊപ്പം തുല്യനിലയിലുള്ള രണ്ടിടത്ത് നിര്‍ണായക ശക്തിയുമായി.
പന്തളം നഗരസഭയില്‍ കഴിഞ്ഞതവണ അധികാരത്തിലെത്തിയ എന്‍ഡിഎ ഇത്തവണ ഒമ്പത് സീറ്റില്‍ തൃപ്തിയടഞ്ഞു. പന്തളത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഇടതുമുന്നണിക്കാണ് അംഗബലം കൂടുതല്‍. അടൂര്‍, പത്തനംതിട്ട നഗരസഭകളിലും എന്‍ഡിഎയ്ക്ക് കൗണ്‍സിലര്‍മാരെ ലഭിച്ചു.
തിരുവല്ലയിലെ അംഗബലവും അതേപടി നിലനിര്‍ത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. ജില്ലയില്‍ എസ്ഡിപിഐ മുന്നിലെത്തിയ വാര്‍ഡുകളില്‍ എല്‍ഡിഎഫില്‍ വോട്ട് ചോര്‍ച്ചയും പ്രകടമാണ്.
ബിജെപി ജയിച്ച വാര്‍ഡുകളില്‍ യുഡിഎഫ് മൂന്നാമതുമായി. എന്‍ഡിഎ ഭരിച്ച കുളനട ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് തിരികെ പിടിക്കുകയായിരുന്നു. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടിയ മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍ വിജയിച്ചു.
Kerala
ആലപ്പുഴ: സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ആലപ്പുഴയിലെ ഇടതുകോട്ടയ്ക്കും വിള്ളല്‍. ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചിടത്തും യുഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകള്‍ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വന്‍ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായിരുന്നു ആലപ്പുഴ ജില്ല. 72ല്‍ 52 ഗ്രാമപഞ്ചായത്തുകള്‍. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11, ജില്ലാ പഞ്ചായത്തിലെ 23 സീറ്റില്‍ 21. ആറ് മുനിസിപ്പാലിറ്റികളില്‍ 3. എന്നാല്‍ ഇത്തവണ ഇടതു കോട്ടകളിലെല്ലാം വിള്ളല്‍ വീണു. പഞ്ചായത്തുകള്‍ 36 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ഇടത്ത് ഒതുങ്ങി. മുനിസിപ്പാലിറ്റികളില്‍ ചേര്‍ത്തല മാത്രമാണ് ഒപ്പം നിന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനായി. ഇടതു കുത്തകയായിരുന്ന ജില്ലാപഞ്ചായത്തിലും വന്‍ തിരിച്ചടി നേരിട്ടു. 16 സീറ്റില്‍ ഇടതുപക്ഷത്തിനു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 2 സീറ്റില്‍ ഒതുങ്ങിയ യുഡിഎഫ് ആകട്ടെ 8 ഡിവിഷനുകളില്‍ വിജയിച്ചു.
ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ കുതിപ്പ് എല്‍ഡിഎഫിനെ അമ്പരപ്പിലാക്കി. സിപിഐഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ ഒറ്റക്ക് മത്സരിച്ച രാമങ്കരിയിലെ എല്ലാ സീറ്റിലും തോറ്റു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. എന്‍ഡിഎ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അഞ്ച് പഞ്ചായത്തുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണയും ചില പഞ്ചായത്തുകളില്‍ ഭരണത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുനിന്ന് എന്‍ഡിഎയെ അകറ്റി നിര്‍ത്തിയിരുന്നു. ഈ തന്ത്രം ഇക്കുറിയും പ്രയോഗിച്ചാല്‍ ബിജെപിക്ക് പഞ്ചായത്തുകള്‍ ഭരിക്കുക വെല്ലവിളിയാകും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും ആ രീതിയിലുള്ള മുന്നേറ്റമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകളുമായി മുന്നോട്ടു പോകും. എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
തലസ്ഥാന നഗരത്തില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്.
വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആര്‍ജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളില്‍ കടക്കും.
എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികള്‍ക്കുള്ള ജന പിന്തുണ വര്‍ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തിയാക്കുവാൻ നമ്മുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം കാഴ്ചവയ്ക്കുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവർ എൻഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിജയം അത് തെളിയിക്കുന്നതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Kerala
തിരുവനന്തപുരം: പന്തളം നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിന് 14 സീറ്റാണ് ലഭിച്ചത്. യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് ഒന്‍പത് സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ പാലക്കാടിന് പുറമെ എൻഡിഎ അധികാരത്തിലുണ്ടായിരുന്ന മുനിസിപ്പാലിറ്റിയാണ് പന്തളം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് ബിജെപി നേതാവ് വി.വി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാന്നൂർ ഡിവിഷനിൽ നിന്നാണ് രാജേഷ് വിജയിച്ചത്.
2269 വോട്ടാണ് രാജേഷിന് ലഭിച്ചത്. എൽഡിഎഫിലെ വി. സുകുമാരനാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി എസ്. രാധാകൃഷ്ണൻ ആണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ തവണയും രാജേഷ് വിജയിച്ചിരുന്നു. പൂജപ്പുര ഡിവിഷനിലാണ് രാജേഷ് 2020ൽ വിജയിച്ചത്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം ഉറപ്പിച്ച് എൻഡിഎ. ഒരു സീറ്റിന്റെ ലീഡിലാണ് ഭരണം ഉറപ്പിച്ചത്. എൻഡിഎയ്ക്ക് 21 സീറ്റാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് 20 സീറ്റാണ് കിട്ടിയത്. മൂന്നമതുള്ള യുഡിഎഫിന് 12 സീറ്റാണുള്ളത്.
Kerala
കൊച്ചി: വഖഫ് സമരം നടന്ന മുനമ്പത്ത് ബിജെപിക്ക് ജയം. പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞുമോൻ അഗസ്റ്റിൻ ആണ് വിജയിച്ചത്.
582 വോട്ടാണ് കുഞ്ഞുമോന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 551 വോട്ടാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർഥി ഡാനിയേലിന് 304 വോട്ട് കിട്ടി.